Health
മോഹനനും വടക്കാഞ്ചേരിയും പോലെ ദന്തചികിത്സയ്ക്ക് ആരേലും ഉണ്ടോ എന്ന അന്വേഷണത്തിന് അവസാനമായി
മോഹനനും വടക്കാഞ്ചേരിയും പോലെ ദന്തചികിത്സയ്ക്ക് ആരേലും ഉണ്ടോ എന്ന അന്വേഷണത്തിന് അവസാനമായി. ഉഷ എന്ന നാട്ടുവൈദ്യചികിത്സകയുടെ അഭിമുഖ വീഡിയോ കണ്ടു.കുടുംബത്തോടെ പല്ല് വേദനയുള്ളവരുടെ
141 total views

മോഹനനും വടക്കാഞ്ചേരിയും പോലെ ദന്തചികിത്സയ്ക്ക് ആരേലും ഉണ്ടോ എന്ന അന്വേഷണത്തിന് അവസാനമായി. ഉഷ എന്ന നാട്ടുവൈദ്യചികിത്സകയുടെ അഭിമുഖ വീഡിയോ കണ്ടു.കുടുംബത്തോടെ പല്ല് വേദനയുള്ളവരുടെ അനുഭവസാക്ഷ്യങ്ങളും കണ്ടു. സൂര്യാസ്തമനത്തിന് ശേഷവും സൂര്യോദയത്തിന് മുൻപും ചെയ്താലേ ഫലം വരുളളൂ. കവിളിൽ പച്ചമരുന്ന് അരച്ച് പുരട്ടും.എന്നിട്ട് വേണമെങ്കിൽ ഒരു ചായ കുടിച്ചിട്ട് വരാം.കല്യാണരാമൻ സിനിമയിൽ മദ്യത്തിൻ്റെ മണം പോഞ്ഞിക്കരയെ ഉറക്കത്തിൽ നിന്നുണർത്തുന്നതു പോലെ ഈ മരുന്നിൻ്റെ മണം ശ്വസിക്കുന്ന പല്ലിനുള്ളിലെ പുഴുക്കൾ ഗതികെട്ട് പല്ലിൽ നിന്നും പുറത്തു ചാടും. വലിയൊരു വായുണ്ടെങ്കിലും പുഴു അതു വഴി വരില്ല.(ലെ പുഴു: അതിലൊരു ത്രില്ലില്ല) … കവിളു തുരന്ന് പുറത്തു വരും ( പുഴു ചിലപ്പോ ബാഹുബലിയിലെ പന വളയ്ക്കൽ സീൻ ഒക്കെ കണ്ടു കാണും).. അങ്ങനെ ഷമ്മി ഹീറോയാടാ എന്നു പറഞ്ഞ് കവിളും തുരന്നു വരുന്ന പുഴുക്കളെ കാത്തിരിക്കുകയാണ് നല്ല കിടിലൻ instrument. മറ്റൊന്നുമല്ല നമ്മുടെ blade…
ഇനിയാണ് ചികിത്സയുടെ അടുത്ത ഘട്ടം.. സ്ത്രീകളെ അപമാനിച്ചവൻ്റെ കൈയല്ല വെട്ടേണ്ടത് കുമാരീ എന്നു പറഞ്ഞത് പോലെ പല്ലിനെ നശിപ്പിച്ച പുഴുവിൻ്റെ തലയാണ് വെട്ടേണ്ടത്. ഷമ്മി വാതിലിനടുത്ത് നിന്ന് തലയിട്ട് നോക്കുന്നത് പോലെ പുഴുക്കൾ കവിളിന് പുറത്തേയ്ക്ക് തലയിട്ട് നോക്കും… അപ്പോ attack ചെയ്യണം.blade എടുത്ത് ഒരു പൂ പറിക്കുന്ന ലാഘവത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നാലഞ്ച് വട്ടം ഉരയ്ക്കണം. ഷേവിംഗ് വൃത്തിയായി ചെയ്യുന്നവരാണെങ്കിൽ ഇതും നിസ്സാരം… ഇത്രയും ചെയ്താൽ തലയില്ലാ പുഴുക്കൾ അവിടെ തീരും.പിന്നെ അന്ന് വെളിച്ചെണ്ണ തേച്ച് കുളിക്കണ്ട.(അതെന്താ :കഥയിൽ ചോദ്യമില്ല) മെഡിക്കൽ കോളേജിലും മറ്റ് പല സ്ഥലത്തും പോയിട്ടും ശരിയാവാത്ത അവസാനത്തെ പല്ലിൻ്റെ വേദന വരെ മാറും. അനുഭവസ്ഥർ സാക്ഷ്യം.ക്യപാസനം പേപ്പർ വല്ലതും പച്ചമരുന്നിൻ്റെ കൂടെ അരച്ചു ചേർക്കുന്നുണ്ടോ… അല്ലാതെ ഈ ദിവ്യപ്രവർത്തി എങ്ങനെ സംഭവിക്കും… മോഹനനെ പോലെ വലിയ ദക്ഷിണയൊന്നും വാങ്ങുന്നില്ല എന്ന് വീഡിയോയിൽ പറയപ്പെടുന്നു. ഏറ്റവും അവസാനം വീഡിയോ അവതരിപ്പിക്കുന്ന അവതാരകയുടെ മുൻകൂർ ജാമ്യവും. അത്ര ശാസ്ത്രീയമായി വിശദീകരിക്കാൻ പറ്റിയില്ലെങ്കിലും ഇതും ഗംഭീര ചികിത്സയാണെന്ന്. അശാസ്ത്രീയമാണെന്ന് പറയാതെ പറയുകയാണ്. പല്ലുവേദന ഒരു ലക്ഷണം മാത്രമാണ്. അതിൻ്റെ യഥാർത്ഥ കാരണം കണ്ടെത്തി ചികിത്സ തേടുന്നതാണ് ശാസ്ത്രീയത. ചില പൊടിക്കൈ വീഡിയോകൾ കണ്ട് പല്ലിൽ വിടവ് മാറാൻ റബർ ബാൻ്റും നിറം കൂടാൻ ഇഞ്ചിയും ചുണ്ണാമ്പും ഒക്കെ ഇട്ടവർക്ക് ഇതും പരീക്ഷിക്കാം.പക്ഷെ പരീക്ഷിക്കുമ്പോ ഒരു പകുതിയോളം പല്ലെങ്കിലും ബാക്കി വയ്ക്കണം. പരീക്ഷണം കഴിയുമ്പോൾ ചവയ്ക്കാൻ അത്രയെങ്കിലും ഉപകാരപ്പെടും. 😊😊
142 total views, 1 views today