എങ്ങനെയാണ് ഇക്കിളി (Tickle ) അനുഭവപ്പെടുന്നത്?
ഡോ. മനോജ്
ഒരിക്കലെങ്കിലും ഇക്കിളി അനുഭവപ്പെടാത്തവർ കുറവായിരിക്കും . ശരീരത്തിന്റെ ഒരു ഭാഗം സ്പർശിച്ച് അനിയന്ത്രിതമായ ചിരി ഉളവാക്കുന്ന ഒരു പ്രവർത്തനമാണ് ഇത്. നമ്മുടെ ശരീരത്തിൽ വളരെ സെൻസിറ്റീവ് ആയിട്ടുള്ള ചില പ്രദേശങ്ങൾ ഉണ്ട് .അവിടെയുള്ള സ്പർശനം നമ്മളെ ഇക്കിളിപ്പെടുത്തുന്നു. നമ്മളെ സ്പർശിക്കുമ്പോൾ ചർമ്മത്തിന് താഴെയുള്ള ചെറിയ നാഡികളുടെ അറ്റം (nerve endings) ലഘുവായി ഉത്തേജിപ്പിക്കപ്പെടുകയും അവ നാഡീവ്യവസ്ഥയിലൂടെ തലച്ചോറിലേക്ക് ഒരു സന്ദേശം അയയ്ക്കുകയും ചെയ്യുന്നു.
എവൊല്യൂഷനറി ബയോളജിസ്റ്റുകളും , ന്യൂറോ സയന്റിസ്റ്റുകളും വിശ്വസിച്ചിരുന്നത് ഇക്കിളിപ്പെടുത്തുമ്പോൾ നമ്മൾ ചിരിക്കുന്നതിന് കാരണം ഹൈപ്പോതലാമസ് ആണെന്നാണ് . ഒരു നേരിയ സ്പർശനം അനുഭവപ്പെടുമ്പോൾ ചിരിക്കാൻ പറയുന്നത് തലച്ചോറിന്റെ ഈ ഭാഗമാണെന്ന് വിശ്വസിക്കുന്നു. എന്നാൽ ഫംഗ്ഷണൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് മെഷീനുകൾ (എഫ്എംആർഐ) ഉപയോഗിച്ച് നടത്തിയ ഗവേഷണങ്ങളിൽ ഒരു മൃദുവായ സ്പർശനം മൂലം തലച്ചോറിന്റെ രണ്ട് മേഖലകൾ ഇക്കിളി സംവേദനം സൃഷ്ടിക്കുന്നുവെന്ന് ഗവേഷകർ നിർണ്ണയിച്ചു. സ്പർശനം വിശകലനം ചെയ്തന്ന സോമാറ്റോസെൻസറി കോർട്ടെക്സ്,
ആനന്ദകരമായ വികാരങ്ങൾ സൃഷ്ടിക്കുന്ന ആന്റീരിയർ സിംഗുലേറ്റഡ് കോർട്ടെക്സ് എന്നീ പ്രദേശങ്ങളാണ് ഈ വികാരം സൃഷ്ടിക്കുന്നത്. വ്യക്തിപരമായി പരീക്ഷിക്കാൻ കഴിയുന്ന ഏറ്റവും ആശ്ചര്യകരമായ സവിശേഷത, ഒരാൾ സ്വയം ഇക്കിളിപ്പെടുത്തുകയാണെങ്കിൽ, അത്തരം ഉത്തേജനമോ ,ചിരിയോ ഉണ്ടാവുന്നില്ല എന്നതാണ് .കാരണം നിങ്ങളുടെ തലച്ചോറിന് നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് അറിയാം. രണ്ട് തരത്തിലുള്ള ഇക്കിളി പ്രതിഭാസങ്ങളുണ്ട്:
⚡ഗർഗാലെസിസ് (Gargalesis):ചിരി ഉളവാക്കുന്ന കനത്ത ഇക്കിളിയാണിത്. പ്രത്യേകിച്ച് കക്ഷങ്ങളും , വയറും പോലുള്ള സെൻസിറ്റീവ് പ്രദേശങ്ങളിലെ സ്പർശനങ്ങൾ ഇതിന് കാരണമാവുന്നു.
⚡ചെറിയ ചലനം മൂലമുണ്ടാകുന്ന നിസ്മെസിസ് (knismesis) :ഇത് ചിരിയേക്കാൾ ഒരുതരം ചൊറിച്ചിൽ അനുഭവം സൃഷ്ടിക്കുന്നു.
രസകരമായ ഒരു കാര്യം പുരാതന റോമാക്കാരും , ഹാൻ രാജവംശ കാലത്ത് ചൈനയിലും ഇക്കിളി ഒരു പീഡന മുറയായി ഉപയോഗിച്ചിരുന്നു എന്നതാണ്. മാത്രമല്ല കുറ്റവാളികളിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നതിന് ലോകത്തിന്റെ പല ഭാഗത്തും ഇക്കിളി ഒരു അംഗീകൃത പീഡന മുറയായി ഉപയോഗിച്ചിരുന്നു .
നമ്മുടെ കക്ഷത്തിൽ ഉള്ള രോമങ്ങൾ കൊണ്ട് എന്താണ് പ്രയോജനം?
കക്ഷ രോമങ്ങൾ ഡിഓറെന്റ് സ്പ്രേ വാങ്ങാൻ മാത്രം കാരണമാകുന്ന ഒന്നാണ് എന്ന ഒരു തമാശ ഉണ്ടെങ്കിലും കാരണം പലതാണ്. കക്ഷ രോമങ്ങൾ ഉത്പാദിപ്പിക്കുന്ന ഒഡോറുകൾ ഇണകളെ ആകർഷിച്ചു നിർത്താനും , സെക്സ് ഉണർത്താനും പര്യാപ്തമാണ് എന്ന് പഠനങ്ങളിൽ പറയുന്നു . ഒഡോറുകൾ കൂടുതൽ ഉത്തേജകകാരിയായി ഉത്പാദിപ്പിക്കപ്പെടുകയും അത് വൈകാരിക തീഷ്ണത കൂട്ടുകയും ചെയ്യുന്നു എന്നു തന്നെയാണ് പഠനങ്ങൾ പറയുന്നത് .
ലൈംഗികതയ്ക്ക് അപ്പുറത്തു ഇടുങ്ങിയ കക്ഷസ്ഥലരോമങ്ങൾ വേഗത്തിൽ കൈകൾ ചലിപ്പിക്കുമ്പോഴും , നടക്കുമ്പോഴും ഓടുമ്പോഴും ഒക്കെ ആംപിറ്റിലെ (Armpit ) തൊലികൾ ചേർന്നുരഞ്ഞു റാഷസ് ഉണ്ടാകാതെ സഹായിക്കുന്നു . അത്തരം അദ്ധ്വാന വേളകളിൽ ധാരാളമായി വിയർപ്പ് ഇറിഗേറ്റ് ചെയ്തു സ്നിഗ്ദ്ധത സാധ്യമാക്കുന്നു . കക്ഷ രോമങ്ങൾ വടിച്ചു കളയുക എന്നതിനേക്കാൾ നില നിർത്തിക്കൊണ്ട് വൃത്തിയായി സൂക്ഷിക്കുകയാണ് വേണ്ടതെന്ന് ശാസ്ത്രീയ വിശകലനം . റേസർ ബേൺ , കക്ഷത്തിലെ കരുക്കൾ , സ്കിൻ ഇറിറ്റേഷൻ ഒക്കെ ഒഴിവാക്കാൻ ആംപിറ്റ് രോമങ്ങൾ നിർത്തുക ആണ് നല്ലത് .
💢 വാൽ കഷ്ണം 💢
ഷേവ് ചെയ്യാതെ കക്ഷത്തിലെ രോമം പോസ്റ്റ് ചെയ്യുന്ന ചലഞ്ച് ആണ് ജനുഹെയറി ചലഞ്ച് . ലോകത്താകമാനമുള്ള സ്ത്രീശാക്തീകരണം ലക്ഷ്യം വെച്ചാണ് ജനുഹെയറി ചലഞ്ച് സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചത്. നാടക വിദ്യാര്‍ത്ഥിനിയായ ലോറ ജാക്സനാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ ആശയം ആദ്യമായി പങ്കുവെച്ച് രംഗത്തെത്തിയത്. ലോകത്തെമ്പാടുമുള്ള സ്ത്രീകളോട് അവരുടെ കക്ഷത്തിലെ രോമത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാനാണ് ലോറ ആഹ്വാനം ചെയ്തത്. സ്ത്രീശാക്തീകരണവും , അതോടൊപ്പം തന്നെ ശരീരത്തോടുള്ള പൊതു കാഴ്ചപ്പാടില്‍ മാറ്റം വരുത്തുകയെന്നതുമാണ് ഈ ചലഞ്ചിലൂടെ ലക്ഷ്യം വെക്കുന്നത്.ഈ കാംപെയ്ന് ഏറ്റെടുത്ത് ഷേവും , വാക്സും ചെയ്യാതെയും , യൂണികോണ്‍ നിറത്തില്‍ കക്ഷത്തിലെ മുടികള്‍ക്ക് നിറം നല്‍കിയും ഉള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്ത് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. നോ ഷേവ് നവംബറിന് ശേഷം കൂടുതല്‍ പ്രചാരം ലഭിച്ച മറ്റൊരു ചലഞ്ച് ആയിരുന്നു ഇത്.