പത്തനംതിട്ടയിൽ 2 പേർക്കും കോട്ടയത്ത് 4 പേർക്കും കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മാത്രം 6 പുതിയ രോഗികൾ

95

Dr.Manoj Vellanad

പത്തനംതിട്ടയിൽ 2 പേർക്കും കോട്ടയത്ത് 4 പേർക്കും കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മാത്രം 6 പുതിയ രോഗികൾ. ആകെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവർ 12. ഒപ്പം അതീവ ജാഗ്രതാ നിർദ്ദേശവുമുണ്ട്.  അതീവ ജാഗ്രതയെന്നാൽ ഓടിപ്പോയി ഹാൻഡ് സാനിറ്റൈസറും മാസ്കും വാങ്ങുകയല്ലാ, മറിച്ച്  കടകളിൽ നിന്ന് ഹാൻഡ് സാനിട്ടൈസർ ആവശ്യത്തിന് മാത്രം വാങ്ങുക. മറ്റുള്ളവരെ പറ്റിയും കരുതലുണ്ടാവണം. നിങ്ങളെപ്പോലെ മറ്റുള്ളവർക്കും അതുപയോഗിക്കാൻ കഴിഞ്ഞാൽ മാത്രമേ നിങ്ങളും സുരക്ഷിതരാവൂ എന്ന് തിരിച്ചറിയണം.

ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മൂക്കും വായും മൂടണം. കർച്ചീഫുകൾ, ടിഷ്യു പേപ്പർ, മടക്കിയ കൈമുട്ട് ഇവ ഉപയോഗിക്കാം. ടിഷ്യു പേപ്പറുകൾ ഉപയോഗശേഷം വലിച്ചെറിയരുത്. സുരക്ഷിതമായി നിർമാർജനം ചെയ്യണം. ചുമയ്ക്കുമ്പോൾ കൈപ്പത്തികൊണ്ട് വാ പൊത്തരുത്.
മുഖത്ത് വെറുതേ തൊട്ടോണ്ടിരിക്കരുത്.  കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കഴുകുക. യാത്രകളിലൊന്നുമല്ലെങ്കിൽ ഹാൻഡ് സാനിട്ടൈസറിനേക്കാൾ മികച്ച മാർഗമിതാണ്. ഹാൻഡ് സാനിട്ടൈസർ ഉപയോഗിച്ചാലും, ഇടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകാം.

അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ, രോഗികളെ കാണാൻ പോകൽ ഒക്കെ ഒഴിവാക്കുക.
ചെറുതും വലുതുമായ ആൾക്കൂട്ടങ്ങളുടെ ഭാഗമാകാതിരിക്കുക. കലാസാംസ്കാരിക സാഹിത്യ പരിപാടികൾ, ഒത്തുചേരലുകൾ, കുടുംബ പരിപാടികൾ, സ്കൂൾ റി യൂണിയനുകൾ ഒക്കെ മറ്റൊരവസരത്തിലേക്ക് മാറ്റി വയ്ക്കുക. ഒഴിവാക്കാവുന്ന യാത്രകൾ, ഷോപ്പിംഗ്, സിനിമകൾ ഒക്കെ ഒഴിവാക്കുക. സൗഹൃദവലയത്തിനുള്ളിൽ, രോഗബാധിത രാജ്യങ്ങളിൽ നിന്ന് വന്നവർ ഉണ്ടെങ്കിൽ അവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടെന്ന് ഉറപ്പിക്കുക. ഇല്ലെങ്കിൽ അധികൃതർക്ക് വിവരങ്ങൾ കൈ മാറുക.

വീടുകളിലും മറ്റും ഐസൊലേഷനിൽ കഴിയുന്നവർക്ക് ഫോണിലൂടെയും സാമൂഹ്യമാധ്യമങ്ങൾ വഴിയും മാനസികമായ പിന്തുണ നൽകുക. അവർ ചെയ്യുന്നത് വളരെവലിയ കാര്യമാണെന്ന ബോധ്യം അവർക്കും നമുക്കും ഉണ്ടാവണം. ഒരു കാരണവശാലും നേരിട്ട് സന്ദർശിച്ച് പിന്തുണ പ്രഖ്യാപിക്കരുത്.
വ്യാജ സന്ദേശങ്ങളെയും അതിൻ്റെ പ്രചാരകരെയും അവഗണിക്കുക. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക. ശരിയായ അറിവിന് WHO യുടെ വെബ്സൈറ്റും ഇൻഫോ ക്ലിനിക് പേജും വായിക്കുക.