മൂന്ന് അശ്ലീലങ്ങൾ

870

Manoj Vellanad

മൂന്ന് അശ്ലീലങ്ങൾ

1
‘എനിക്ക് സ്വവർഗരതി ഇഷ്ടമല്ലാ. അതോണ്ട് ഞാൻ മുഴുവൻ കാണാൻ നിൽക്കാതെയിറങ്ങി. അബദ്ധത്തിൽ പോലും ആരും കുട്ടികളെയും കൊണ്ട് ഈ സിനിമയ്ക്ക് പോകരുത് ‘

എഴുത്തുകാരനായ ഒരധ്യാപകൻ തന്റെ ഫേസ്ബുക്ക് ചുമരിൽ എഴുതിയതാണ്. തനിക്ക് പൊറോട്ട ഇഷ്ടമല്ലാ എന്ന് പറയുന്ന അത്രയും ലാഘവത്തോടെ ഒരാൾക്ക് സ്വവർഗരതി ഇഷ്ടമല്ലാന്ന് പറയാൻ കഴിയുന്നതിനോട് വിവരക്കേടാണെന്ന് കരുതി ക്ഷമിക്കാം. സ്വവർഗ പ്രണയമെന്നാൽ, സാധാരണ മനുഷ്യർക്കിടയിലെ ഒരു നോർമൽ വേരിയന്റ് മാത്രമാണെന്നും അതിനെ ആ രീതിയിൽ അംഗീകരിക്കുകയാണ് വേണ്ടതെന്നും മനസിലാക്കാനുള്ള കഴിവില്ലാത്ത ഒരാൾ എഴുത്തുകാരനായും അധ്യാപകനായും തുടരുന്നതിലെ അപകടം പക്ഷെ കാണാതിരിക്കുന്നതെങ്ങനെ.
അബദ്ധത്തിൽ പോലും കുട്ടികൾ കാണാൻ പാടില്ലാത്തതാണാ ചിത്രമെന്നയാൾ പറഞ്ഞുവയ്ക്കുമ്പോൾ അയാൾ പഠിപ്പിക്കുന്ന കുട്ടികളെപ്പറ്റിയും ചിന്തിക്കണം. ഹോമോഫോബിയ ഇക്കാലത്തത്ര നിഷ്കളങ്കമായി കാണാവുന്നതല്ല.

കേരളത്തിലെ സ്കൂളുകളിൽ സെക്സ് എഡ്യൂക്കേഷൻ കൊണ്ടുവരാനുള്ള ചർച്ചകൾ നടക്കുന്ന സമയമാണ്. അത്തരം സെഷനുകളിൽ എന്തുകൊണ്ട് മെഡിക്കൽ മേഖലയിൽ നിന്നോ മറ്റോ ഉള്ള ജൻഡർ സെൻസിറ്റൈസ്ഡായിട്ടുള്ള എക്സ്പർട്ടുകൾ തന്നെ വേണമെന്ന് പറയുന്നതെന്ന് ഇതിൽ നിന്നൊക്കെ തന്നെ മനസിലാക്കാം. കുഞ്ഞുങ്ങളെ ഓപ്പൺ മൈൻഡോടെ എല്ലാം മനസിലാക്കാനും അക്സപ്റ്റ് ചെയ്യാനുമാണ് പഠിപ്പിക്കേണ്ടത്. അല്ലാതെ, അബദ്ധത്തിൽ പോലും അവരിതൊന്നും അറിയരുതെന്ന് കരുതുന്നവരൊക്കെ ഇനിയെത്ര നൂറ്റാണ്ടുകളെടുക്കും 2019-ലെത്താൻ! അവരെയൊന്നും അടുപ്പിക്കരുത്, ഇത്തരം പദ്ധതികളിൽ.

പിന്നെ, മൂത്തോനിൽ എവിടെയാണ് സ്വവർഗരതിയെന്നും എനിക്കറിയില്ല. സ്വവർഗപ്രണയം മാത്രമേ ഞാൻ കണ്ടുള്ളൂ.

2

ഇന്നിപ്പൊ വായിച്ച മറ്റൊരു വാർത്തയാണ്, സ്കൂൾ യുവജനോത്സവത്തിൽ നാലാം ക്ലാസിലെ ഒരു കുട്ടി അനിൽ പനച്ചൂരാന്റെ ‘അനാഥൻ’ എന്ന കവിത ചൊല്ലി. പക്ഷേ, മാർക്കിടാൻ വന്ന വിധികർത്താവിനത് ഒരു അശ്ലീലകവിതയായിരുന്നത്രേ. കുട്ടികൾ ചൊല്ലാൻ പാടില്ലാത്തത്! അയാളത് മൈക്കിലൂടെ വിളിച്ച് പറഞ്ഞ് ആ കുട്ടിയെക്കൂടി അപമാനിക്കുകയും ചെയ്തു.

അനാഥൻ കവിത പരിചയമില്ലാത്തവർ കുറവായിരിക്കും. തെരുവിലലയുന്ന ഭ്രാന്തിയായ ഒരു സ്ത്രീ ആരോ കാരണം ഗർഭിണിയായി, തെരുവിൽ പ്രസവിക്കുമ്പോൾ മരിക്കുന്നതും കുഞ്ഞ് അനാഥനാകുന്നതുമാണ് ആ കവിത. ആ കവിതയിലൊക്കെ അശ്ലീലം കണ്ടെത്തുകയും അതൊക്കെ പബ്ലിക്കായി നാലാം ക്ലാസിലെ കുട്ടിയെ അപമാനിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നതിൽ പരം എന്തൊരു അശ്ലീലമാണുള്ളത്? ആ കുട്ടിയുടെ ആത്മവിശ്വാസത്തെയല്ലേ അയാൾ തകർക്കുന്നത്. മിക്കവാറും അയാളേതെങ്കിലും സ്കൂളിലെ ഭാഷാധ്യാപകനായിരിക്കും. 

3

‘ഫാത്തിമ എന്ന പേര് തന്നെ വലിയ പ്രശ്നമാണ് വാപ്പച്ചീ..’

എന്നൊരു പെൺകുട്ടി അവളുടെ അച്ഛനോട് പറഞ്ഞിരുന്നു. അവൾ ചെന്നൈ IIT- യിലെ സ്റ്റുഡന്റായിരുന്നു. ബ്രില്യന്റായിരുന്നു. ഒടുവിൽ ഒരധ്യാപകന്റെ പേരും ടൈപ്പ് ചെയ്ത് വച്ചിട്ട് അവൾ ആത്മഹത്യ ചെയ്തു കളഞ്ഞു. കാരണം, അവളുടെ പേര് ആതിരയെന്നോ ശാരികയെന്നോ അല്ലാത്തതിനാൽ, മുസ്ലീമായതിനാൽ.. മനോജെന്ന പേരിന്റെ പ്രിവിലേജിന് പിന്നിൽ നിന്നുകൊണ്ട് ഫാത്തിമയനുഭവിച്ച ബുദ്ധിമുട്ടുകൾ മനസിലാക്കാൻ എനിക്ക് ഒരിക്കലും പറ്റില്ല. സഹതപിക്കാനല്ലാതെ.

എനിക്കേറ്റവും ഇഷ്ടപ്പെട്ട പേരുകളിലൊന്നാണ് ഫാത്തിമ. ആ ഇഷ്ടം കൊണ്ട് എന്റെ അനിയത്തിക്ക് (കുഞ്ഞമ്മയുടെ മോൾ) അവൾ ജനിച്ചപ്പൊ ഞാനിട്ട പേരാണത്. ഇപ്പൊ 10-ആം ക്ലാസിൽ പഠിക്കുന്ന അവളെ എന്റെ ഫ്രണ്ട്സുൾപ്പടെ പലരും ഇപ്പോഴും ഫാത്തിമാന്നും പാത്തൂന്നുമാണ് വിളിക്കുന്നത്. അതുപോലെ വീട്ടിലൊരു ഇമ്മാനുവേലുമുണ്ട്. ഇമ്മൂന്ന് വിളിക്കും. എന്റെ സ്വന്തം മോൻ. ഇതൊന്നും മതസൗഹാർദ്ദമുണ്ടാക്കാനിടുന്നതല്ല. പേരുകൾക്കൊന്നും മതമില്ലാന്ന് കരുതുന്നത് കൊണ്ടാണ്. അതിലെ ആ സൗന്ദര്യം കൊണ്ട് വിളിക്കുന്നതാണ്.

ഒന്നുമില്ലാ, ഫാത്തിമയെന്ന പേര് തന്നെ പ്രശ്നമാണെന്ന് ഒരു പെൺകുട്ടി പറഞ്ഞശേഷം ആത്മഹത്യ ചെയ്തത് വായിച്ചപ്പൊ ഓർത്തതാണ്. നല്ല നല്ല പേരുകളും ചിലർക്കെങ്ങനെയാണ് കഴുത്തിലെ കുരുക്കാവുന്നതെന്ന് ചിന്തിച്ചതാണ്. ഫാത്തിമയും ആ വാക്കിലെ മതവും അശ്ലീലമാകുന്നതെങ്ങനെ എന്നോർത്തതാണ്.


നോക്കൂ, ദിവസവും എന്തുമാത്രം അശ്ലീലങ്ങളാല്ലേ നമ്മുടെ തൊലിപ്പുറത്തും തലച്ചോറിലും വന്ന് വീഴുന്നത്. സ്വവർഗപ്രണയമെന്ന അശ്ലീലം, കുട്ടി ചൊല്ലിയ കവിതയിലെ പ്രസവം അശ്ലീലം, ഒരാൾക്ക് ഭ്രാന്തുണ്ടാകുന്നതും അനാഥനാകുന്നതും അശ്ലീലം, മറ്റൊരു മതക്കാരനായിരിക്കുന്നത് അതിലും വലിയ അശ്ലീലം.

ചുരുക്കിപ്പറഞ്ഞാൽ, പ്രിവിലേജില്ലായ്മയെന്നാൽ അശ്ലീലമാണ്. ജീവനോടിരിക്കാൻ എല്ലാ അർത്ഥത്തിലും സവർണനായിരിക്കേണ്ടി വരുന്നത്ര അശ്ലീലം.

മനോജ് വെള്ളനാട്