കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർ രണ്ടുമാസം മദ്യപിക്കരുത്, വാർത്തയുടെ സത്യാവസ്ഥ എന്ത് ?

71

ഡോ .മനോജ് വെള്ളനാട്

മദ്യവും വാക്സിനും – ഏതു തെരെഞ്ഞെടുക്കും?

റഷ്യയുടെ Sputnik-V വാക്സിൻ സ്വീകരിക്കുന്നവർ 2 മാസത്തേക്ക് മദ്യപിക്കാനേ പാടില്ലാന്ന് അവിടുത്തെ കൺസ്യൂമർ ഹെൽത്ത് തലൈവി അന്നാ പൊപ്പോവ പറഞ്ഞതാണല്ലോ ഇന്നത്തെ ചർച്ച. യഥാർത്ഥത്തിൽ എന്താ സംഭവം?

യഥാർത്ഥത്തിൽ എന്താ കാര്യമെന്നാർക്കുമറിയില്ല. മദ്യപിച്ചാൽ ഇമ്മ്യൂണിറ്റി കുറയും, അതിനാൽ വാക്സിനെടുത്താലും ഗുണമുണ്ടാവില്ലാ എന്നാണവർ പറഞ്ഞത്. ആ പറഞ്ഞതിൽ ശരിയുണ്ട്. പക്ഷെ, വാക്സിനേഷന് രണ്ടാഴ്ച മുമ്പേയും വാക്സിനെടുത്തു തുടങ്ങിയാൽ അടുത്ത 42 ദിവസത്തേക്കും (ആകെ 2 മാസം) മദ്യപിക്കാൻ പാടില്ലാന്നാണവർ പറഞ്ഞത്. അതെന്തിനാണെന്ന് മനസിലായില്ല.
അത് മനസിലാവാത്തത് എനിക്കു മാത്രമല്ല, ആ വാക്സിൻ വികസിപ്പിച്ച അലക്സാണ്ടർ ഗിറ്റ്സ്ബർഗിനും മനസിലായില്ല. അതിൻ്റെ ആവശ്യമൊന്നുമില്ലെന്ന് പുള്ളി ട്വീറ്റ് ചെയ്തിട്ടുണ്ട്. വാക്സിനെടുക്കുന്നതിന് 3 ദിവസം മുമ്പും എടുത്ത് അടുത്ത 3 ദിവസവും മദ്യപിക്കാതിരുന്നാ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. അത്, Sputnik-ന് മാത്രമല്ലാ, എല്ലാ വാക്സിനും ബാധകമാണ്.

FDA (Food and Drug Administration)-യുടെ അഭിപ്രായപ്രകാരം വാക്സിനും മദ്യവും തമ്മിൽ വലിയ ഇൻററാക്ഷൻസൊന്നുമില്ല. പക്ഷെ, സ്ഥിരമായി അല്ലെങ്കിൽ അമിതമായി മദ്യപിക്കുന്നവരിൽ ഇമ്മ്യൂണിറ്റി പൊതുവേ കുറവായിരിക്കും. അത് വാക്സിൻ്റെ ഗുണം പൂർണമായും കിട്ടുന്നതിന് തടസമാകും. അമിതമദ്യപാനം പൊതുവേ ആരോഗ്യം ക്ഷയിപ്പിക്കുമല്ലോ.ഇനി വല്ലപ്പോഴും മദ്യപിക്കുന്നവരുടെ കാര്യമെടുത്താൽ, വാക്സിനും മദ്യവും തമ്മിൽ വലിയ ഇൻ്ററാക്ഷനില്ലെങ്കിലും വാക്സിനെടുക്കുന്നതിന് മുമ്പും ശേഷവുമുള്ള ദിവസങ്ങൾ മദ്യപിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം, എല്ലാ വാക്സിനുകൾക്കും ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു സ്വഭാവമുണ്ട്. ചെറിയ പനി, തലവേദന, ശരീരവേദന, ചിലപ്പോൾ ക്ഷീണം ഒക്കെ.

ഇതേ ബുദ്ധിമുട്ടുകൾ തന്നെ മദ്യപിച്ചാലും ഉണ്ടാവും. ഇവിടെയുള്ള പ്രശ്നങ്ങളെന്താന്ന് വച്ചാൽ, വാക്സിനൊപ്പം മദ്യവും കൂടി വരുമ്പോൾ ഒന്ന്, വാക്സിൻ്റെ സൈഡ് എഫക്റ്റ് തിരിച്ചറിയപ്പെടാതെ പോകാം. രണ്ട്, ഇവ രണ്ടും കാരണമുണ്ടാവുന്ന ഈ അസുഖങ്ങൾ ഇവ ഏതെങ്കിലും ഒന്നുകാരണമുണ്ടാവുന്നതിനേക്കാൾ അസഹ്യമാവാം. ചിലപ്പോൾ ചികിത്സ പോലും വേണ്ടി വരാം. അത് വാക്സിൻ്റെ ഗുരുതരമായ പ്രശ്നമായി വ്യാഖ്യാനിക്കപ്പെടും. അതത്ര അഭിലഷണീയമല്ലാ.മദ്യപാനികൾക്കിടയിൽ സംസാരവിഷയമായ ഈ സ്പുട്നിക് വാക്സിൻ ഇന്ത്യ ഓർഡർ ചെയ്ത് കാത്തിരിക്കുന്ന ഒന്നാണ്. ഇന്ത്യ വാങ്ങുന്ന 160 കോടിയിൽ 10 കോടി ഈ റഷ്യൻ വാക്സിനാണ്.

എന്നാലും അതോർത്ത് ടെൻഷനാവണ്ടാ എന്നാണ് പറയാനുള്ളത്. കാരണം, നിലവിലത്തെ അറിവുകൾ വച്ചിട്ട് മറ്റൊരു വാക്സിനുമില്ലാത്ത എന്തെങ്കിലും പ്രത്യേകത ഈ വാക്സിനും ഇല്ല. അതുണ്ടാക്കിയ ആൾ തന്നെ അത് പറയുന്നുണ്ട്. പഠനങ്ങളുടെ പിൻബലവുമില്ല. അതുകൊണ്ട്, മദ്യവും വാക്സിനും 🤔 ഏതു തെരെഞ്ഞെടുക്കും എന്നൊരു കൺഫ്യൂഷൻ എപ്പോഴെങ്കിലുമുണ്ടായാൽ, മേൽപ്പറഞ്ഞ പോലെ, വാക്സിനേഷന് ചുറ്റുമുള്ള ദിവസങ്ങൾ മദ്യമൊഴിവാക്കി വാക്സിൻ തന്നെ തെരെഞ്ഞെടുക്കണം.. സിമ്പിൾ ബട്ട് പവർഫുൾ ☺️