വാക്സിൻ വിരുദ്ധർക്ക് പഴകിയതും ചീഞ്ഞതുമായ ആ വ്യാജവാർത്ത ഇപ്പോഴും രുചിയുള്ള അപ്പക്കഷ്ണമാണ്

29

മനോജ് വെള്ളനാട്

‘ബിൽ ഗേറ്റ്സ് തൻ്റെ മക്കൾക്ക് ഒരു വാക്സിനുമെടുത്തിട്ടില്ല. എന്നിട്ട് ലോകത്തുള്ള സകലരെയും വാക്സിനെടുപ്പിക്കാൻ നടക്കുന്നുമുണ്ട്. അപ്പൊ തന്നെ അറിയാല്ലോ വാക്സിൻ ഗുണമാണോ ദോഷമാണോ എന്ന്..’

കൊവിഡ് വാക്സിൻ വാർത്തകളിൽ നിറയുമ്പോൾ വാക്സിൻ വിരുദ്ധരും മാളത്തിൽ നിന്നും തലനീട്ടിത്തുടങ്ങീട്ടൊണ്ട്. അതിൻ്റെ തുടക്കമാണ് ബിൽ ഗേറ്റ്സിൻ്റെ മക്കളുടെ വാക്സിനേഷൻ സ്റ്റാറ്റസിനെ പറ്റിയുള്ള ഈ വേവലാതികൾ.പത്തുവർഷങ്ങൾക്ക് മുമ്പ്, ലോകം പോളിയോ നിർമ്മാർജനത്തിന്റെ വക്കിലെത്തി നിന്ന സമയത്ത്, ലോകത്ത് നാലുരാജ്യങ്ങളിൽ മാത്രമാണ് ആ രോഗം ബാക്കിയുണ്ടായിരുന്നത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നൈജീരിയ പിന്നെ നമ്മുടെ ഇന്ത്യയും. അന്ന് ലോകത്തുണ്ടാവുന്ന പോളിയോ രോഗങ്ങളുടെ പകുതിയിലധികവും ഇന്ത്യയിൽ നിന്നായിരുന്നു. എന്നുവച്ചാൽ പോളിയോ നിർമ്മാർജ്ജനമെന്ന കടമ്പയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി ഇന്ത്യയായിരുന്നു.

ആ അവസ്ഥയിൽ നിന്നും ഇന്ത്യ, ആറുവർഷം മുമ്പേ തന്നെ പോളിയോയെ നിർമ്മാർജ്ജനം ചെയ്തു. 2014-ന് ശേഷം ഒരു പോളിയോ കേസ് പോലും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതൊരു മിറക്കിൾ പോലെ അങ്ങ് സംഭവിച്ചതല്ല. കാടും മലകളും ചാടിക്കടന്നും അഴുക്കുചാലുകൾ നീന്തിക്കടന്നും ആരോഗ്യപ്രവർത്തകർ സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിൽ പോലും പോളിയോ വാക്സിൻ എത്തിച്ചതിലൂടെ സാധ്യമായതാണ്. ഇതിനൊക്കെ വലിയ രീതിയിൽ ഫണ്ട് ചെയ്തത് ബിൽ ഗേറ്റ്സിൻ്റെ ഗേറ്റ്സ്- മെലിൻഡ ഫൗണ്ടേഷനായിരുന്നു.

പോളിയോ വാക്സിൻ അമേരിക്കൻ അജണ്ടയാണെന്ന് കേശവൻ മാമന്മാർ പാടി നടന്നതിന് പിന്നിൽ ആ ഉദ്യമത്തിന് പിന്നണിയിലെ ബിൽ ഗേറ്റ്സിന്റെ സാന്നിധ്യമായിരുന്നല്ലോ. ഇന്ത്യൻ കുട്ടികളിൽ വന്ധ്യതയുണ്ടാക്കി നമ്മുടെ ജനസംഖ്യ കുറയ്ക്കാൻ വന്ന ‘ചിരിക്കുന്ന ഭീകര’നായിരുന്നു പല കഥകളിലും അദ്ദേഹം. വാക്സിൻ വിരുദ്ധർ ലോകത്തെമ്പാടുമുണ്ട്. ഇത്തരം കേശവൻ മാമന്മാരുടെ തള്ളുകൾക്കിടയിൽ ഞെങ്ങിഞെരുങ്ങി, 1988 ൽ 3,50,000 പോളിയോ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട അവസ്ഥയിൽ നിന്ന് 2017 ൽ വെറും 21-ലേക്ക് ലോകമെത്തി. വന്ധ്യതയുണ്ടാക്കുമെന്ന് പാണന്മാർ പാടി നടന്ന പോളിയോ വാക്സിനെടുത്ത കുഞ്ഞുങ്ങളുടെ അടുത്ത തലമുറകൾ വഴി ലോകജനസംഖ്യ ഇരട്ടിയോളമുയർന്നു.

ഇപ്പോൾ വീണ്ടും വില്ലനായി ബിൽ ഗേറ്റ്സിനെ അവതരിപ്പിക്കുന്നത് കൊവിഡ് വാക്സിൻ വരുന്ന സമയവും മറ്റൊരു സുവർണാവസരമായി അവർക്ക് തോന്നിയത് കൊണ്ടാണ്. യഥാർത്ഥത്തിൽ ബിൽ ഗേറ്റ്സിൻ്റെ മക്കളെ പറ്റിയുള്ള മേൽ സൂചിപ്പിച്ച വാർത്ത പുതിയതല്ല.

2018-ൽ YourNewsWire എന്ന ഓൺലൈൻ പത്രത്തിൽ വന്ന വാർത്തയാണത്. Boxtor Dmitry എന്ന വ്യാജപ്പേരിൽ വ്യാജവാർത്തകൾ എഴുതി കുപ്രസിദ്ധനായ വ്യക്തിയാണത് എഴുതിയത് തന്നെ. YourNewsWire പിന്നെയാ വാർത്ത തെറ്റാണെന്ന് പറയുകയും പിൻവലിക്കുകയും ചെയ്തു. 2019 -ൽ മെലിൻഡ ഗേറ്റ്സ്, തൻ്റെ മൂന്ന് മക്കൾക്കും എല്ലാ വാക്സിനുകളും എടുത്തിട്ടുണ്ടെന്ന് ഈ വ്യാജവാർത്തകൾക്ക് മറുപടിയായി പറയുകയും ചെയ്തു.

പക്ഷെ, വാക്സിൻ വിരുദ്ധർക്ക് പഴകിയതും ചീഞ്ഞതുമായ ആ വ്യാജവാർത്ത ഇപ്പോഴും രുചിയുള്ള അപ്പക്കഷ്ണമാണ്. സ്വാഭാവികമാണ്. അവരത് ഫോർവേഡ് ചെയ്ത് തകർക്കുന്നുണ്ട്. അത്തരം വാദങ്ങളും വാർത്തകളും നിങ്ങടെ വാട്സാപ്പിലും ടൈം ലൈനിലും കണ്ടാൽ മൈൻഡാക്കരുതെന്ന് മാത്രമാണ് പറയാനുള്ളത്.. 🙂