Manoj Vellanad എഴുതുന്നു
‘വൃക്കരോഗവുമായി വന്ന രോഗിക്ക് കരൾരോഗത്തിന്റെ ചികിത്സ നൽകിയ വ്യാജവൈദ്യൻ”
ഇതിപ്പൊ സർക്കുലേറ്റ് ചെയ്യപ്പെടുന്ന ഒരു മെസേജിന്റെ തലക്കെട്ടാണ്. ഇതാരെ പറ്റിയാണെന്ന് പ്രത്യേകം പറയണ്ടല്ലോ. തലക്കെട്ട് വായിച്ചപ്പൊ പെട്ടന്ന് ഓർമ്മ വന്നത് പണ്ടത്തെ ഒരു മലയാളം ചോദ്യപ്പേപ്പറാണ്.
തെറ്റു തിരുത്തുക – ”കാക്ക ഒരു ചിറകുള്ള പക്ഷിയാണ്”

ചോദ്യം വായിച്ച കുട്ടികളെല്ലാം ആദ്യമൊന്ന് കൺഫ്യൂസ്ഡായി. ഇതിലിപ്പോ എന്താ തെറ്റ്?! കുറച്ചൊന്ന് ആലോചിച്ചപ്പൊ കിട്ടി, യൂറേക്കാ.. കാക്കയ്ക്ക് ചിറക് രണ്ടുണ്ടല്ലോ.. എല്ലാരും എഴുതി,
‘കാക്ക രണ്ടു ചിറകുള്ള പക്ഷിയാണ്’
പക്ഷെ ആ ഉത്തരം ആദ്യത്തേതിലും വലിയ തെറ്റായിരുന്നു. ഈ ഉത്തരമെഴുതുന്ന കുട്ടികളെ പോലായിരിക്കും മേലത്തെ തലക്കെട്ട് വായിക്കുന്ന ജനങ്ങളും ചിന്തിക്കുന്നത്. വൃക്ക രോഗവുമായി വന്ന ആൾക്ക് കരൾരോഗത്തിന്റെ ചികിത്സ നൽകിയതാണ് അവിടുത്തെ തെറ്റെന്ന് എല്ലാവരും കരുതും. ബാക്കിയെല്ലാം ശരിയെന്നും. യഥാർത്ഥ രോഗം മാറിപ്പോയിയെന്നത് ഈ സന്ദർഭത്തിൽ ഏറ്റവും നിസാരമായ കാര്യമാണെന്നതാണ് യാഥാർത്ഥ്യം.
ചികിത്സ എന്ന വാക്കു തന്നെ അവിടെ ചേരാത്തതാണ്. ‘ചികിത്സ’ എന്നാൽ രോഗത്തിനെതിരെയുള്ള അറിവുകളുടെ പ്രയോഗമാണ് (Practice with knowledge). ഒരു ‘വ്യാജവൈദ്യൻ’ വൃക്കരോഗിയെ കരൾ രോഗമെന്ന് പറഞ്ഞ് എന്തെങ്കിലും കലക്കിക്കൊടുത്താൽ അത് രോഗം മാറിയുള്ള ‘ചികിത്സ’ അല്ല. അതൊരു ക്രിമിനൽ കുറ്റമാണ്. വൃക്കരോഗവും കരൾ രോഗവും തിരിച്ചറിയാനുള്ള അറിവയാൾക്കില്ല. ഒരു രോഗവും ചികിത്സിക്കാനുള്ള അറിവോ യോഗ്യതയോ അയാൾക്കില്ല. രോഗി അതുമൂലം മരിച്ചാൽ അത് കൊലപാതകമാണ്. ചികിത്സാ പിഴവുമല്ലാ. ചികിത്സിക്കാൻ അറിയാവുന്നവർക്ക് തെറ്റുപറ്റുന്നതാണ് ചികിത്സാ പിഴവ്. ഇവിടെ അത് അസൽ കൊലപാതകമാണ്. കൂടാതെ, സാധാരണക്കാരുടെ അറിവില്ലായ്മയെ മുതലെടുക്കുന്നത് വിശ്വാസവഞ്ചനയുമാണ്.
ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ മാത്രമുള്ള നിയമസംവിധാനം നമുക്കില്ലാത്തതാണ് ഏറ്റവും സങ്കടകരം. ആക്ഷനെടുക്കേണ്ട സർക്കാർ സംവിധാനങ്ങൾ മൗനത്തിലും. അതുകൊണ്ടാണ് വീണ്ടും വീണ്ടും ഇങ്ങനെ എഴുതിക്കൊണ്ടിരിക്കുന്നത്. വായിക്കുന്ന ഒരാളെങ്കിലും മാറിച്ചിന്തിക്കുന്നെങ്കിലോ എന്ന് കരുതിയിട്ട് മാത്രം.
ശരിയുത്തരങ്ങൾ:
1.ചികിത്സിക്കാൻ യോഗ്യതയില്ലാത്തയാൾ ചികിത്സ എന്ന പേരിൽ തട്ടിപ്പ് നടത്തുന്നതാണ് തെറ്റ്. രോഗം മാറിയതല്ല. അയാൾക്ക് നിങ്ങളുടെ ശരീരത്തിലിരിക്കുന്ന കരളും വൃക്കയും ഹൃദയവുമൊക്കെ 7000 രൂപയ്ക്ക് രണ്ടാഴ്ചത്തെ വ്യാജമരുന്ന് വിൽക്കാനുള്ള ഉപാധിമാത്രമാണ്. ആരോഗ്യം, ജീവൻ, പണം ഒക്കെ നിങ്ങളുടേതാണ്. സൂക്ഷിക്കേണ്ട ഉത്തരവാദിത്തവും നിങ്ങളുടേത് തന്നെ.
2.പക്ഷം അഥവാ ചിറകുള്ളതിനെയാണ് പക്ഷിയെന്ന് വിളിക്കുന്നത്. അവിടുത്തെ ശരിയുത്തരം ‘കാക്ക ഒരു പക്ഷിയാണ്’ എന്നാണ്.
സോ, എവരിബഡി ഗോ റ്റു യുവർ ക്ലാസസ്..
മനോജ് വെള്ളനാട്