കേസിൽ വാവ സുരേഷിനെ സാക്ഷിയാക്കിയാൽ ആ വൈദഗ്ദ്യം വളരെ ഈസിയായി പൊളിക്കാൻ പ്രതിഭാഗം വക്കീലിന് കഴിയും

0
486

Dr Manoj Vellanad

വാവ സുരേഷിനെ പറ്റി ഇനി ഒരിക്കലും എഴുതില്ലാന്ന് അന്നത്തെ ഏഷ്യാനെറ്റ് പരിപാടി കഴിഞ്ഞപ്പൊഴേ തീരുമാനിച്ചതാണ്. അതുകൊണ്ട് തന്നെ ഇതദ്ദേഹത്തെ പറ്റിയല്ലാ. കേരള പോലീസിനെ പറ്റിയാണ്, പ്രത്യേകിച്ചും ഉത്ര വധക്കേസ് അന്വേഷിക്കുന്നവരെ പറ്റി. അവർ ആ കേസിൽ സാക്ഷിയായി വാവ സുരേഷിനെ കൂടി ചേർത്തെന്ന വാർത്ത കണ്ടത് കൊണ്ട് എഴുതുന്നത്. ശാസ്ത്രീയമല്ലാത്ത പാമ്പു പിടിത്തരീതി എങ്ങനെയെന്ന് വിശദീകരിക്കാൻ പ്രധാനപ്പെട്ട പല യൂട്യൂബ് ചാനലുകളും ഉപയോഗിക്കുന്നത് വാവ സുരേഷിൻ്റെ വീഡിയോകളാണ്. 300-ഓളം തവണ പാമ്പുകടിയേറ്റ വ്യക്തിയാണ്. നിയമവിരുദ്ധമായി പാമ്പുകളെ പ്രദർശിപ്പിച്ച് ഷോകൾ നടത്തുന്നയാളാണ്. അങ്ങനൊരാളെ വളരെ പ്രമാദമായ ഒരു കേസിൽ പ്രോസിക്യൂഷൻ ഭാഗത്തെ സാക്ഷിയാക്കുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാവാത്തത് കൊണ്ടുകൂടിയാണിതെഴുന്നത്.

കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൽ വിദഗ്ദരായ പാമ്പ് പിടിത്തക്കാരുണ്ടാവുമെന്നാണ് എൻ്റെ അറിവ്. വിദഗ്ദാഭിപ്രായം നൽകാൻ കഴിവുള്ള വെറ്റിനറി ഡോക്ടർമാരുണ്ട് കേരളത്തിൽ. രണ്ട് വെറ്റിനറി മെഡിക്കൽ കോളേജുള്ള സംസ്ഥാനമല്ലേ ഇത്. ഇനിയങ്ങനൊരാളെ ഈ കേസിൽ സാക്ഷിയാക്കണമെങ്കിൽ തന്നെ അവരെയൊക്കെ അല്ലെ യഥാർത്ഥത്തിൽ സമീപിക്കേണ്ടത്, എൻ്റെ സംശയമാണ്.

ശാസ്ത്രീയമായ തെളിവുകളില്ലെങ്കിൽ പ്രോസിക്യൂഷൻ കോടതിയിൽ ഒട്ടും വിയർക്കാതെ തന്നെ തോൽക്കാൻ സാധ്യതയുള്ള കേസാണീ പാമ്പിനെ കൊണ്ട് കടിപ്പിച്ചുള്ള കൊലപാതകം. പ്രതിയുടെ കുറ്റസമ്മതവും മീഡിയ ആഘോഷവുമൊക്കെ നാളെ ഇല്ലാതാവാം. അന്ന് കൃത്യമായ, വസ്തുനിഷ്ഠമായ തെളിവുകളും സാക്ഷികളും തന്നെ വേണ്ടിവരും മരിച്ചവർക്ക് നീതി വാങ്ങി കൊടുക്കാൻ.
2010-ൽ നാഗ്പൂരിൽ സമാനമായൊരു കേസ് ഉണ്ടായിട്ടുണ്ട്. ദമ്പതികളായ ഗണപത്‌ റാവുവും സരിത ബല്ലേവറും പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട കേസ്. മുഖ്യപ്രതി അവരുടെ മകൻ നിർഭയ്‌.

സ്വത്ത്‌ കൈക്കലാക്കാൻ വേണ്ടി ചെയ്തതാണ്. പ്രതിയും കൂട്ടുകാരും, ഒരു പാമ്പാട്ടിക്ക് അഞ്ചുലക്ഷം രൂപ നൽകി, അയാളുടെ പാമ്പുകളെ കൊണ്ട് അച്ഛനമ്മമാരുടെ കൈയിൽ കൊത്തിച്ചു കൊലപ്പെടുത്തി എന്നതായിരുന്നു പ്രോസിക്യൂഷൻ വാദം. വൃദ്ധരായ മാതാപിതാക്കളെ അപൂർവ രീതിയിൽ കൊന്നു എന്ന കേസിന്റെ സാമൂഹിക തലം പരിഗണിച്ചു വിചാരണക്കിടയിൽ പ്രതികൾക്ക് ജാമ്യം നൽകാൻ പോലും ബഹു.ഹൈകോടതി തയ്യാറായില്ല.ഈ കേസിലെ സാഹചര്യത്തെളിവുകളുടെ അഭാവത്തിൽ സാങ്കേതികവും ശാസ്ത്രീയവുമായ തെളിവുകളിലൂടെ മാത്രമേ കോടതിയിൽ കുറ്റം അസന്നിഗ്ദ്ധമായി തെളിയിക്കാൻ സാധിക്കുമായിരുന്നുള്ളൂ. സർക്കാർ മെഡിക്കൽ കോളേജിൽ ചെയ്ത പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണപ്പെട്ട രണ്ടുപേരുടെയും കൈയുടെ മധ്യഭാഗത്തായി പാമ്പ് കടിച്ചതിന്റെ പാടുകളും വിഷം തീണ്ടിയതിന്റെ നീരും ഉണ്ടായിരുന്നത് രേഖപ്പെടുത്തിയിരുന്നു.

ഫോറൻസിക് സർജൻമാർ ഈ മരണങ്ങൾ പാമ്പുകടി മൂലമാണെന്ന് തന്നെയാണ് മനസ്സിലാക്കിയതെങ്കിലും അന്തിമ അഭിപ്രായം അവർ റിപ്പോർട്ടിൽ രേഖപ്പെടുത്തിയില്ല. അത് കെമിക്കൽ ലാബ് അനലിസ്റ്റുകൾക്ക് വിട്ടു.അതുകൊണ്ട് തന്നെ ഫോറൻസിക് വിദഗ്ദരുടെ അഭിപ്രായം ഒരു ഉറച്ച അഭിപ്രായമായി കോടതി കണക്കിലെടുത്തില്ല. മാത്രമല്ല ഈ രണ്ടുപേരെയും ഒരേ പാമ്പ് തന്നെയാണോ കടിച്ചത്, അതോ രണ്ടു വ്യത്യസ്ത പാമ്പുകളാണോ എന്നത് സംബന്ധിച്ച് ഒരു വിദഗ്ദ്ധ അഭിപ്രായം പോലീസ് തേടിയിരുന്നില്ല. അതും കോടതിയിലെ പ്രോസിക്യൂഷന്റെ വാദത്തെ പ്രതികൂലമായി ബാധിച്ചു.

ശാസ്ത്രീയമായ തെളിവുകൾ അവതരിപ്പിക്കുന്നതിൽ വന്ന പാളിച്ചകൾക്ക് പുറമേ സാങ്കേതികമായ പാളിച്ചകളും ഈ കേസിലെ പ്രോസിക്യൂഷൻ വാദത്തെ ദുർബലപ്പെടുത്തി. ബല്ലേവർ ദമ്പതിമാരുടെ ഡ്രൈവർ ആയിരുന്ന സുരേഷ് നായ്ക്ക് വിചാരണവേളയിൽ കൂറുമാറുക കൂടി ചെയ്തപ്പോൾ കേസിൽ ഒരു തീരുമാനമായി.ബല്ലേവർ ദമ്പതികളുടെ ഇരട്ടക്കൊലപാതകം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. വിചാരണാ കോടതി കുറ്റാരോപിതരെ വെറുതെ വിടുകയാണ് ചെയ്തത്.ഇത്തരമൊരു കേസിൽ ശാസ്ത്രീയമായ തെളിവുകളുടെയും വിദഗ്ദാഭിപ്രായത്തിൻ്റെയും പ്രാധാന്യം സൂചിപ്പിക്കാനാണ് നാഗ്പൂർ കഥ പറഞ്ഞത്.

വിദഗ്ദാഭിപ്രായമെന്നാൽ ആ മേഖലയിലെ വിദഗ്ദരുടെ അഭിപ്രായമെന്നാണ് അർത്ഥം. അഭിപ്രായം പറയുന്നയാളിൻ്റെ വൈദഗ്ദ്യത്തിന് വലിയ വിലയുണ്ട് കോടതിയിൽ. ഈ കേസിൽ ഇദ്ദേഹത്തെ സാക്ഷിയാക്കിയാൽ ആ വൈദഗ്ദ്യം വളരെ ഈസിയായി പൊളിക്കാൻ പ്രതിഭാഗം വക്കീലിന് കഴിയും.ഈ പറഞ്ഞതൊക്കെ വ്യക്തിപരമായ അഭിപ്രായമാണ്. കേരള പോലീസിൽ വിശ്വാസവുമാണ്. പക്ഷെ സമാനതകളില്ലാത്ത ക്രൂരത നിറഞ്ഞ ഒരു കൊലപാതകത്തിൽ ഏതെങ്കിലും ഭാഗം ദുർബലമാകുന്നത് കാരണം, പ്രതിയ്ക്ക് ലഭിക്കുന്ന ശിക്ഷയിൽ ഒരു ദിവസത്തെ ഇളവ് പോലും ലഭിക്കരുതെന്ന് ആഗ്രഹമുണ്ട്.