Manoj Vellanad എഴുതുന്നു
ഒരുപാട് അത്ഭുതങ്ങൾ പ്രവർത്തിച്ച് ഭക്തരുടെ കണ്ണിലുണ്ണിയായി മാറിയ ദൈവമായിരുന്നു, സത്യസായി ബാബ. ഏതാണ്ട് 8 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന് സ്ട്രോക്ക് വന്നു. കുറേ ദിവസം ഏറ്റവും സൗകര്യങ്ങളുള്ള ഒരു മോഡേൺ മെഡിസിൻ ആശുപത്രിയിലെ ICU വിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തി. ആ അവസാന നാളുകളിൽ അത്ഭുതപ്രവർത്തകനായ അദ്ദേഹത്തിന്റെ കാര്യത്തിൽ രണ്ട് അത്ഭുതങ്ങൾ സംഭവിച്ചു.
1. അദ്ദേഹം മരിച്ചുപോയി, ഏതൊരു മനുഷ്യനെയും പോലെ!
2. തനിക്ക് രോഗം വന്നപ്പോൾ ‘അത്ഭുത ഒറ്റമൂലികൾ’ തേടി പോയില്ല !! ശരിയായ ചികിത്സ തേടി.

ഇദ്ദേഹം ചെയ്തിട്ടുള്ളതിലും വലിയ അത്ഭുതങ്ങൾ അതിലും ഭംഗിയായി ചെയ്യുന്ന ഗോപിനാഥ് മുതുകാട് രോഗം വരുമ്പോഴും മോഡേൺ മെഡിസിൻ ആശുപത്രിയെ ആണ് ആശ്രയിക്കാറ്. രോഗങ്ങൾ മാജിക് വഴി മാറില്ലാന്ന തിരിച്ചറിവുള്ള അദ്ദേഹം ഒരു ശാസ്ത്ര പ്രചാരകൻ കൂടിയാണ്.
പതഞ്ചലി ഉടമ ബാലകൃഷ്ണയ്ക്ക് കഴിഞ്ഞ ദിവസം രോഗം വന്നപ്പോൾ AllMS ലാണ് അഡ്മിറ്റായത്. ഇപ്പോഴും ചികിത്സയിലാണ്.
കൃപാസനം ഡയറക്ടർ രോഗം വന്നപ്പോഴും അത്ഭുതം പ്രവർത്തിക്കുന്ന കൃപാസനം പത്രം അരച്ചു തിന്നില്ല. ആശുപത്രിയിൽ പോയി.
മോഡേൺ മെഡിസിൻ മരുന്നുകൾ കടലിലെറിയാൻ പറഞ്ഞ ശ്രീനിവാസൻ ഇന്ന് ജീവനോടിരിക്കുന്നത് ആ മരുന്നുകൾ ഡെയ്ലി കഴിക്കുന്നത് കൊണ്ടാണ്.
നോക്കൂ, ഇവരാരും സ്വയം രോഗം വന്നപ്പോ അത്ഭുതം പ്രവർത്തിപ്പിക്കാൻ പോയില്ല. ഒറ്റമൂലികൾ തേടി മോഹനനെ പോലുള്ള വ്യാജന്മാരുടെ അടുത്ത് പോകാൻ ധൈര്യപ്പെട്ടില്ല. പകരം കൃത്യമായി രോഗനിർണയവും ജീവൻ രക്ഷപ്പെടാൻ സാധ്യതയുമുണ്ടെന്ന് മനസിലാക്കിയ മോഡേൺ മെഡിസിൻ ചികിത്സ തേടി.

ഇവരുടെയൊക്കെ വാചകമടിയിൽ വീണവരുടെ കാര്യത്തിലും അത്ഭുതമൊന്നും സംഭവിച്ചില്ല. ഫലം ദുരിതങ്ങളും ദുരന്തങ്ങളും മാത്രമായിരുന്നു.
ഒന്നര വയസുള്ള കുട്ടിയെ മോഹനന്റെ അടുത്തേക്ക് പറഞ്ഞുവിട്ട സുപ്രസിദ്ധ നന്മമരത്തിന്റെ ന്യായീകരണ വീഡിയോ കണ്ടു. സങ്കടമുണ്ട്. ആർപ്പുവിളിക്കാൻ ലക്ഷങ്ങൾ കൂടെയുണ്ടെന്ന് കരുതിയാലോ പലതവണ ആവർത്തിച്ചാലോ അശാസ്ത്രീയത സത്യമാവില്ലല്ലോ. മോഹനൻ കള്ളനല്ലാതാവില്ലല്ലോ. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ നഷ്ടം നികത്താനുമാവില്ല. എന്തായാലും അദ്ദേഹത്തിനോ സ്വന്തം കുട്ടികൾക്കോ രോഗം വന്നപ്പോൾ ചികിത്സയ്ക്ക് മോഹനന്റെ അടുത്തു പോകാതെ ലേക് ഷോറിൽ പോകാനുള്ള ബുദ്ധി കാണിച്ചതിൽ സന്തോഷം.
അതിനാൽ ഒരാളെങ്കിലും കേൾക്കാനുളളിടത്തോളം, അല്ലെങ്കിൽ ഇതൊക്കെ കണ്ടിട്ട് ജീവിതം മടുക്കുന്നത് വരെ ഇങ്ങനെ പറഞ്ഞോണ്ടിരിക്കും. രോഗവുമായി വരുന്നവരെ ചികിത്സിക്കുന്നത് മാത്രമല്ല, ഇതും കടമയാണ്. നന്മമരങ്ങൾ വരും പോകും. അദ്ദേഹമല്ല, ഇവിടെ വിഷയവും. മോഹനനെ പോലുള്ള വ്യാജ ചികിത്സകരാണ്. ഇവന്മാരുടെ കയ്യിൽ നിന്ന് ഒരാളെയെങ്കിലും രക്ഷിക്കാനായാൽ ഈ എഴുത്തൊക്കെ സാധകമാണ്.
വേദവാക്യം: യഥാർത്ഥ ഒറ്റമൂലി, ശരിയായ അറിവും ശരിയല്ലാത്തത് തിരിച്ചറിയാനുള്ള വക തിരിവുമാണ്.
മനോജ് വെള്ളനാട്