കൊറോണ ഭീതി ലോകമെങ്ങുമുണ്ട്. UAE യിൽ കൂടി രോഗം സ്ഥിരീകരിച്ച സ്ഥിതിയ്ക്ക് ഇന്ത്യയിലും പടരാൻ സാധ്യതയുണ്ട്. നിപായെ പോലെ മുമ്പുണ്ടായിട്ടുള്ള വൈറൽ രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അത്രയധികം പേടിക്കേണ്ട ഒന്നല്ലാ ഈ കൊറോണ. അതുകൊണ്ട് ജാഗ്രതയോടെ ഇരുന്നാ മാത്രം മതി. ബി കൂൾ.
ഇവിടെ രോഗമുണ്ടായാലും അതിനെ നേരിടാൻ നമ്മുടെ ആരോഗ്യമേഖല സുസജ്ജമാണ്. ഇതിനെ പറ്റി ശരിയായ അറിവുകൾ തന്നെയാണ് ഇതുവരെയും ആരോഗ്യവകുപ്പിന്റെ പോർട്ടലുകൾ വഴി പങ്കുവച്ചിരുന്നത്. ഇനിയും അതങ്ങനെ തന്നെ ആയിരിക്കുമെന്ന് കരുതാം.
അതിനിടയിൽ സ്ഥിരം കുളം കലങ്ങുമ്പോ മീൻ പിടിക്കാനിറങ്ങുന്ന ടീംസും ഇറങ്ങീട്ടുണ്ട്. ആയുഷ് മന്ത്രാലയം ഹോമിയോയിൽ ഇതിന് പ്രതിരോധ മരുന്നുണ്ടെന്നും പറഞ്ഞ് വന്നിട്ടുണ്ട്. ജനിതകപരമായി ഏറ്റവും പുതിയ വൈറസാണ്, ഈ 2019 nCoV. അപ്പോൾ എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദമെന്ന് മാത്രം മനസിലാവുന്നില്ല.
പണ്ടാരോ പറഞ്ഞ പോലെ, ബുള്ളറ്റ് പ്രൂഫാണെന്ന് കരുതി ടിഷ്യു പേപ്പറെടുത്തുടുത്ത് നെഞ്ചും വിരിച്ച്, വയ്ക്കെടാ വെടീ എന്നും പറഞ്ഞ് നിൽക്കുന്ന പോലായിരിക്കും ഈ പ്രതിരോധ ഗുളികകൾ കഴിച്ച് കൊറോണയെ നേരിടാൻ പോണത്. ഇതിനെന്തെങ്കിലും ഗുണമില്ല എന്നതിനേക്കാൾ ദോഷം, ഇതൊക്കെ വിശ്വസിച്ച് വാങ്ങി കഴിക്കുന്നവർ യഥാർത്ഥ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ മടിക്കുകയോ വിസമ്മതിക്കുകയോ ചെയ്യുന്നതാണ്. ഇവയൊക്കെ എരിതീയിലൊഴിക്കുന്ന എണ്ണയാവാനാണ് സാധ്യത.
ആയുഷിന് അവർ പറയുന്നതിൽ അത്രയ്ക്കും വിശ്വാസമുണ്ടെങ്കിൽ, ലോകാരോഗ്യ സംഘടന അവിടെ നട്ടം തിരിയുവാണ്. വൈറസ് പടരുന്നത് തടയാൻ അവർക്കിതു വരെയും കഴിഞ്ഞിട്ടില്ല. അവരെ ഒന്ന് സഹായിക്കൂ. തന്റേടത്തോടെ അഭിപ്രായം പറയുന്ന പെണ്ണുങ്ങളെ ചിലർ സ്ലട്ട് ഷെയിമിംഗ് ചെയ്ത് ഒതുക്കാൻ നോക്കുന്ന പോലെ, പുതിയ വൈറസ് വരുമ്പോ ഉടനെ ഹോമിയോ പ്രതിരോധഗുളികയുമായി വന്ന് നാണം കെടുത്തിയാലോ അവഹേളിച്ചാലോ ഒന്നും ഈ വൈറസുകൾ പേടിക്കില്ല സുഹൃത്തുക്കളെ. അവരെ പ്രതിരോധിക്കാൻ ശാസ്ത്രീയമായ രീതികൾ തന്നെ സ്വീകരിക്കണം.
പ്രിയപ്പെട്ടവരെ, നിങ്ങൾ ആരോഗ്യവകുപ്പിന്റെ പേജുകൾ മാത്രം ഫോളോ ചെയ്യുക. കൊറോണയെ സംബന്ധിച്ച ഏറ്റവും കൃത്യമായ വിവരങ്ങൾക്ക് WHO യുടെ പേജും സൈറ്റും നോക്കുക.
**