പച്ചില കാണിച്ച് പാമ്പിൻ വിഷത്തിനുള്ള ഒറ്റമൂലിയാണെന്ന് തള്ളുന്നവർക്കൊക്കെ പത്മശ്രീ കൊടുക്കുമ്പോ, ഇതു പോലുള്ള ജീവനുകളാണ് അതിന്റെ പ്രതിഫലം

314

Dr Manoj Vellanad

പാമ്പു കടിച്ചാൽ യാതൊരു സൈഡെഫക്റ്റുമില്ലാത്ത ചികിത്സയാണ് വിഷവൈദ്യന്മാരുടേത്. പിന്നെ കടിച്ചത് ഒറിജിനൽ പാമ്പാണെങ്കിൽ രോഗി മരിക്കുമെന്ന് മാത്രം. അത് വിഷത്തിന്റെ എഫക്റ്റാണ്, ഒറ്റമൂലിയുടെ ദോഷമല്ലാ.ഈ 2019-ലും ഏതെങ്കിലും പച്ചില കാണിച്ച് പാമ്പിൻ വിഷത്തിനുള്ള ഒറ്റമൂലിയാണെന്ന് തള്ളുന്നവർക്കൊക്കെ പത്മശ്രീയും നാടുനീളെ സ്വീകരണവും കൊടുക്കുമ്പോ, ഇതു പോലുള്ള ജീവനുകളാണ് അതിന്റെ പ്രതിഫലമെന്ന് നമ്മളോർക്കില്ല. പാമ്പുകടിക്ക് ചികിത്സിക്കാതെ വിഷഹാരിയുടെ അടുത്തുകൊണ്ടുപോയി മരിക്കുന്ന ഓരോ വാർത്ത വരുമ്പോഴും എത്രയെത്ര ഡോക്ടർമാർ എന്തുമാത്രം അതിനെ പറ്റി എഴുതി. എന്തുമാത്രം സംസാരിച്ചു. എന്നിട്ടും ഗതി ഇതുതന്നെ.

നമ്മൾ പോണ വഴി ആ ബൈക്കൊന്ന് പഞ്ചറായാൽ അടുത്ത വർക് ഷോപ്പിൽ കാണിക്കും. കറണ്ടുപോയാ KSEB -ല് വിളിക്കും. വണ്ടീന്ന് വീണ് പരിക്കേറ്റാ അടുത്തുള്ള ആശുപത്രീ പോകും. മുടി വളർന്നാ ബാർബർ ഷോപ്പിൽ പോവും. അതൊക്കെയാണ് വേണ്ടതെന്ന് നമുക്കറിയാം. പക്ഷെ, പാമ്പു കടിച്ചാൽ 200 വർഷം മുമ്പത്തെപ്പോലെ ഏതെങ്കിലും വൈദ്യന്റടുത്തേ പോവൂ.. കടിച്ചത് വിഷമില്ലാത്ത ജീവിയോ മറ്റോ ആണെങ്കിൽ വൈദ്യന് ദൈവമാവാനുള്ള അവസരമാണ്. കാലക്കേടിന്, ഈ വാർത്തയിലെ പോലെ വിഷമുള്ളതാണെങ്കിൽ കടി കൊണ്ടവന്റെയും കുടുംബത്തിന്റെയും വിധി! പ്രിയപ്പെട്ടവരേ, ഇന്നത്തെ കാലത്ത് പാമ്പു കടിയേറ്റൊരാളെ, കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചാൽ രോഗി മരിക്കാനാണ് പ്രയാസം. ലോകമൊക്കെ മാറി. അതറിയണം. അതിന് കൈയിൽ വൺ പ്ലസിന്റെ ഫോണുണ്ടായാ പോരാ, തലച്ചോറ് പത്താം നൂറ്റാണ്ടീന്ന് പ്രസൻറ് ടെൻസിലേക്ക് പറിച്ചു നടണം. 😠

മരിച്ച കുഞ്ഞിന് ആദരാഞ്ജലികൾ.

മനോജ് വെള്ളനാട്