ചർച്ചുകളും ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പള്ളികളിലൂടെ കൊറോണ പകരാനുള്ള സാദ്ധ്യത തീർച്ചയായും കൂടുതലാണ്

44

Dr MOHAMAD ISMAIL K
Associate Professor of Pediatrics
MES Medical College.

പള്ളികൾ തുറക്കാൻ തിരക്ക് കൂട്ടുന്നവരോട്..,ചർച്ചുകളും ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പള്ളികളിലൂടെ കൊറോണ പകരാനുള്ള സാദ്ധ്യത തീർച്ചയായും കൂടുതലാണ്.

  1. ചർച്ചുകളിലും ക്ഷേത്രങ്ങളിലും ആഴ്ചയിൽ ഒരു പ്രാവശ്യം മാത്രം ആളുകൾ ആരാധനക്കായി ഒരുമിച്ചു കൂടുമ്പോൾ മുസ്ലിം പള്ളികളിൽ ദിവസം അഞ്ച് നേരമാണ് സമൂഹ പ്രാർത്ഥന.
  2. ചർച്ചുകളിലും ക്ഷേത്രങ്ങളിലും നിന്നോ ഇരുന്നോ മാത്രം പ്രാർത്ഥന നടക്കുമ്പോൾ പള്ളികളിൽ കുനിഞ്ഞും മുഖം നിലത്ത് പതിച്ച് സാഷ്ടാംഗം ചെയ്തും പ്രാർത്ഥന ചെയ്യണം. കൂടാതെ പ്രാർത്ഥനക്ക് മുമ്പുള്ള അംഗ സ്നാനത്തോടൊപ്പം വായിൽ വെള്ളം കുപ്ലിക്കേണ്ടി വരുന്നുണ്ട്. ഇതെല്ലാം തീർച്ചയായും കൊറോണ വ്യാപനത്തിൻറെ സാദ്ധ്യത കൂട്ടുന്നു.
  3. മടങ്ങി വന്ന പ്രവാസികളിൽ നല്ലൊരു ഭാഗം മുസ്ലിംകളാണെന്നത് നാമോർക്കണം.
  4. പള്ളികൾ തുറന്നാൽ ഓടിക്കയറാൻ വെമ്പി നിൽക്കുന്ന ധാരാളം വൃദ്ധന്മാരുണ്ട്. ഇവർ കൊറോണയുടെ easy targetകളായി അപകടത്തിൽ പെടാൻ സാദ്ധ്യത വളരെ കൂടുതലാണ്.

  5. ട്രെയിനിലും ഫ്ലൈറ്റിലും കൂട്ടമായി യാത്ര ചെയ്യുന്നുണ്ടല്ലോ, പിന്നെന്ത് കൊണ്ട് പള്ളിയിൽ ഒരുമിച്ചു കൂടാ എന്നതാണ് മറ്റൊരു ചോദ്യം. ഇതിന് മറുപടി മുകളിൽ പറഞ്ഞ യാത്രകളെല്ലാം ഒഴിവാക്കാൻ പറ്റാത്തത് കൊണ്ട് മാത്രം സംഭവിക്കുന്നതാണെന്നതാണ്. കൂടാതെ യാത്രാനന്തരം ക്വാറണ്ടൈൻ ചെയ്യുന്നുമുണ്ട്. പള്ളിയുടെ കാര്യത്തിൽ ഇത് രണ്ടുമില്ല.

  6. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇനിയൊരിക്കലും പള്ളി തുറക്കാൻ പറ്റാതാകുമോ എന്നതാണ് ചിലരുടെ ഭീതി. ഈ ആധുനിക കാലത്ത് ഇത്രയധികം ആത്മവിശ്വാസമില്ലായ്മ കാണിക്കരുതെന്നാണ് അവരോടപേക്ഷിക്കാനുള്ളത്.
    “ഒരു ജീവനെ ഹനിക്കാനിടയാകുന്നത് ജനത്തെ മുഴുവൻ വധിക്കുന്നതിന് തുല്യമാണെന്നും, ഒരു ജീവനെ രക്ഷിക്കുന്നത് ജനത്തെ മുഴുവൻ രക്ഷിക്കുന്നതിന് തുല്യമാണെന്നും” ഖുർആൻ പറയുന്നു. തിരക്കിട്ട് പള്ളികൾ തുറക്കുന്നത് ഒരു പാട് ജീവനുകളെ അപകടപ്പെടുത്തില്ലെന്ന് തീർത്ത് പറയാൻ പറ്റുമോ?

പള്ളിയെ ആശ്രയിച്ച് ജീവിക്കുന്ന ഉസ്താദുമാരുടെ ഉപജീവനമാണ് പള്ളി തുറക്കാൻ മറ്റൊരു ന്യായം. പള്ളി തുറക്കാതെ തന്നെ ഈ വിഭാഗത്തിൻറെ രക്ഷ സമൂഹത്തിന് ഏറ്റെടുക്കുന്നതല്ലേ സമൂഹത്തെ മുഴുവൻ അപകടത്തിൽ ചാടിക്കുന്നതിലും നല്ലത്?
പുണ്യമാസമായ റമദാനിൽ പോലും പള്ളികൾ അടച്ചിടാൻ നമുക്ക് പറ്റിയെങ്കിൽ കുറച്ചു കൂടി ക്ഷമിക്കലല്ലേ നല്ലത്.
കോടിക്കണക്കിന് രൂപ വരുമാന നഷ്ടമുള്ള ആരാധനാലയങ്ങളുടെ ചരട് വലികളാണ് തുറക്കാനുള്ള ഉത്സാഹത്തിന് പിന്നിലെന്ന് കേൾക്കുന്നു. പള്ളി തുറക്കാൻ വ്യഗൃത കാട്ടുന്നവർ അവരുടെ കെണിയിൽ അറിയാതെ പെട്ട് പോയതാകുമോ?
ഇനി അഥവാ എല്ലാരും ഉത്സാഹിച്ച് പള്ളി തുറന്നാലും സർക്കാർ നിഷ്ക്കർഷിക്കുന്ന സാമൂഹിക അകലം പോലുള്ള സുരക്ഷാ ക്രമീകരണങ്ങൾ എത്രത്തോളം പാലിക്കപ്പെടും?

അറബ് നാടുകളിലുള്ളത് പോലെ നമ്മുടെ നാട്ടിൽ പള്ളിക്കാര്യത്തിൽ ഇടപെടാൻ നിയമ പാലകർക്ക് ഒരു പാട് പരിമിതിയില്ലേ?
എത്ര സംഘടനകൾക്ക് അവരുടെ വളണ്ടിയർമാരെ ഉപയോഗിച്ച് എത്ര കാലം ഫലപ്രദമായി അപകടം തടുത്തു നിർത്താൻ കഴിയും?
ലോകം മുഴുവൻ തോറ്റമ്പിയേടത്ത് ഐതിഹാസികമായാണ് കേരളം ഇത്രനാൾ ചെറുത്തു നിന്നത്. നമ്മുടെ അനവസരത്തിലുള്ള തിരക്ക് കാരണം അതൊരിക്കലും തകരരുത്.

ഒന്നു രണ്ടു ദിവസങ്ങൾക്കകം സർക്കാർ ആരാധനാലയങ്ങൾ തുറക്കാൻ അനുവദിച്ചാലും ആ തീരുമാനത്തിന് നന്ദി രേഖപ്പെടുത്തുന്നതിനോടൊപ്പം തൽക്കാലം പള്ളികൾ തുറക്കുന്നത് മാറ്റിവെച്ചുവെന്ന് പറയാനുള്ള പക്വത സമുദായ നേതാക്കൾ കാണിക്കുമോ?

ഇതിനെല്ലാമപ്പുറം തുറക്കേണ്ട സാഹചര്യം വന്നാൽ ആ ഒറ്റക്കാരത്താൽ ഒരു പുതിയ കൊറോണ രോഗി പോലും സൃഷ്ടിക്കപ്പെടാതിരിക്കാനുള്ള കരുതലൊരുക്കുന്നതിൽ വിജയിക്കാൻ എത്ര പള്ളികൾക്ക് കഴിയും?
തബ്ലീഗ്കാരുടെ മേൽ ആരോപിക്കപ്പെട്ടത് പോലെ ഇനിയൊരു ‘മസ്ജിദ് കൊറോണയുടെ’ പാപഭാരവും മുസ്ലിം സമുദായം ചുമക്കേണ്ടി വരുമോ?