എത്ര പെട്ടെന്നാണ് നമ്മുടെ ശീലങ്ങളൊക്കെ മാറിയത് ? ഒരു സൂക്ഷ്മ ജീവി വേണ്ടി വന്നു, മനുഷ്യന്റെ നിസ്സഹായത വെളിപ്പെടുത്താൻ

64

അഡ്വ. മുഹമ്മദ് അൻസാരി

കൊറോണ കാല ചിന്തകൾ – 1
എത്ര പെട്ടെന്നാണ് നമ്മുടെ ശീലങ്ങളൊക്കെ മാറിയത് ?!!

സമയമില്ലാ സമയമില്ലാ എന്നു പറഞ്ഞുള്ള ഓട്ടപ്പാച്ചിൽ ഇപ്പോൾ തീരെ കേൾക്കാനില്ല. ഘടികാര സൂചികൾ അന്നും ഇന്നും ഒരേ പോലെ തന്നെയാണ് ചലിക്കുന്നത്. പക്ഷേ ഇപ്പോൾ സെക്കന്റ് സൂചികളുടെ അറുപതു മിടിപ്പുകളും അറിയാനുണ്ട്. വായിക്കാനും എഴുതാനും കുടുംബത്തോടൊപ്പം ചെലവഴിക്കാനും നേരമുണ്ട്. തികയാത്ത ഉറക്കം കൺപോളകളിൽ കനം തൂങ്ങി നിൽക്കുന്നില്ല.

എത്ര പെട്ടെന്നാണ് നമ്മുടെ വേഗമാനങ്ങൾ നിലച്ചു പോയത് ?!! ലോകം തന്നെ ഒരു വില്ലേജുപോലെ അടുത്തതും ചുരുങ്ങിയതുമായത് നമ്മുടെ ചലനങ്ങൾ വേഗത്തിലായതിനാണല്ലോ. നിമിഷ നേരം കൊണ്ട് അതിവേഗം ബഹുദൂരം സഞ്ചരിച്ചിരുന്നവരെല്ലാം ഇപ്പോൾ വീടിന്റെ മുറികൾക്കിടയിൽ സഞ്ചരിക്കാൻ പോലും സമയമെടുക്കുന്നു.

എത്ര വിശാലമായിരുന്ന ലോകം ആയിരമായിരം അതിർത്തികൾ തീർത്ത് ചുരുങ്ങി ചുരുങ്ങി വീടുകളുടെ വാതിൽപ്പടികൾ മാത്രമായിരിക്കുന്നു. ഗ്രാമങ്ങൾക്കും പട്ടണങ്ങൾ ങ്ങൾക്കുമിടയിൽ, ജില്ലകൾക്കിടയിൽ, സംസ്ഥാനങ്ങൾ തമ്മിൽ , രാജ്യങ്ങൾ തമ്മിൽ അതിർത്തികൾ അടച്ചിട്ട് ഓരോരോ ചെറിയ ചെറിയ രാജ്യങ്ങൾ തീർക്കുന്നു. അത്യാവശ്യം വേണ്ടതായ വിഭവങ്ങൾ ചുരുങ്ങിയ അളവിൽ മാത്രം ശേഖരിച്ച് ജീവിക്കാൻ തുടങ്ങിയിരിക്കുന്നു.

വർഷങ്ങളായി അടുക്കിപ്പറക്കാതിരുന്ന ഷെൽഫുകൾ വൃത്തിയാക്കപ്പെട്ടു. പുസ്തകങ്ങൾ പഴയ പ്രതാപം വീണ്ടെടുത്ത് വരിവരിയായി ഇരിക്കുന്നു. സ്റ്റോർ റൂമുകളിൽ നിന്ന് എലികളും പാറ്റകളും കുടിയൊഴിപ്പിക്കപ്പെട്ടു. ജോലിയുടെ തിരക്കുകൾക്കിടയിൽ മറന്നു പോയ അയൽക്കാരോട് കുശലം പറയാൻ ഇപ്പോൾ നേരമുണ്ട്. എത്ര വേഗമാണ് നാം വരിനിൽക്കാനും അച്ചടക്കമുള്ള പൗരൻമാരാകാനും പഠിച്ചത്. സൂപ്പർ മാർക്കറ്റുകളിലും മറ്റും മീറ്റർ ദൂരത്തിൽ കാത്തു നിൽക്കാനും ബില്ലടിച്ചു അവധാന പൂർവ്വം പോകാനും എല്ലാർക്കും കഴിയുന്നുണ്ട്. ചപ്പുചവറുകൾ വാരി എറിയാൻ ഉപയോഗിച്ചിരുന്ന പല തൊടികളിലും മണ്ണിളകാനും പയറും ചീരയും കയ്പവല്ലരിയും തളിരിടാനും തുടങ്ങി.

അനിശ്ചിതമായി നമ്മുടെ സ്വാതന്ത്യങ്ങൾ താഴിട്ടു പൂട്ടി സ്വയം ജയിലറകൾ പണിത് തടവുകാരാകേണ്ടി വന്നു, ഈ മാറ്റങ്ങൾക്ക്.  അതിവേഗം കാറും ബസും ചീറിപ്പാഞ്ഞ ഹൈവേകളികൾ മാനും വെരുകും ഇറങ്ങി നടക്കുന്നു. അവരുടേതായിരുന്ന ഒരു ലോകം അവർ തിരികെ പിടിക്കുകയാണോ? അന്തരീക്ഷത്തിൽ ശുദ്ധവായുവിന്റെ അളവ് ഗണ്യമായി കൂടി. അന്തരീക്ഷ മാലിന്യം കുറഞ്ഞു. പ്രകൃതി
കുളിച്ചിറങ്ങിയ പോലെ . ഈ മനുഷ്യർക്കിതെന്തു പറ്റി എന്നാവും മറ്റു ജീവജാലങ്ങൾ ചിന്തിക്കുന്നുണ്ടാവുക.

ഒരു സൂക്ഷ്മ ജീവി വേണ്ടി വന്നു, മനുഷ്യന്റെ നിസ്സഹായത വെളിപ്പെടുത്താൻ . ആകെ പരാശ്രിതനായ ഒരു ജീവി വർഗ്ഗം മനുഷ്യർ മാത്രമേ കാണൂ. മറ്റെല്ലാ ജീവിവർഗ്ഗത്തെയും കീഴ്പ്പെടുത്തിയ മനുഷ്യർ, ഒറ്റയ്ക്കൊറ്റക്കാണെങ്കിൽ എത്ര നിസ്സാരനായിരിക്കുമെന്ന് കൊറോണ കാലം ഓർമ്മപ്പെടുത്തുന്നു.
(തുടരും )

Advertisements