ഗോമൂത്രക്കാരെ പോലെയല്ല, രാജ്യത്തിൻറെ കുറവുകൾ പരിഹരിക്കാൻ സയൻസിനു മാത്രമേ കഴിയൂ എന്നായിരുന്നു നെഹ്റു വിശ്വസിച്ചിരുന്നത്

402

എഴുതിയത് : Nelson Joseph

സത്യത്തിൽ ജവഹർലാൽ നെഹൃവിനോട് നന്ദി പറയാൻ തോന്നി ഇന്ത്യയെ ഇത്രയെങ്കിലും പുരോഗതിയിലെത്തിച്ചതിൽ…

കാൻസറിനുള്ള മരുന്ന് ഗോമൂത്രത്തിൽ നിന്ന് കണ്ടെത്താൻ ശ്രമിക്കുന്നതിനെക്കുറിച്ച് മന്ത്രി പറഞ്ഞതിനെക്കുറിച്ച് വായിച്ചോണ്ടിരുന്നപ്പൊഴാണ് പെട്ടെന്ന് നെഹൃവിനെക്കുറിച്ചോർത്തത്.

വിശപ്പിൻ്റെയും ദാരിദ്ര്യത്തിൻ്റെയും പ്രശ്നങ്ങളെ, വൃത്തിഹീനതയുടെയും സാക്ഷരതയില്ലായ്മയുടെയും അന്ധവിശ്വാസങ്ങളുടെയും കുഴപ്പങ്ങളെ, വിഭവങ്ങൾ പാഴായിപ്പോവുന്നതിനെ ഒരു സമ്പന്നമായ രാജ്യം പട്ടിണി കിടക്കുന്ന ജനതയെക്കൊണ്ട് നിറയുന്നത് പരിഹരിക്കാൻ സയൻസിനു മാത്രമേ കഴിയൂ എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു

അതുകൊണ്ടുതന്നെയാവണം ശാസ്ത്രത്തോട് ബന്ധപ്പെട്ട, ഇന്നും നിലനിൽക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുടെ തുടക്കം നെഹൃവിൽ നിന്നായതും..

സ്വാതന്ത്ര്യം ലഭിച്ച് അധികം വൈകാതെ അറ്റോമിക് എനർജി കമ്മീഷൻ സ്ഥാപിച്ച് സ്വപ്നം കണ്ടുതുടങ്ങിയ മറ്റേതെങ്കിലും പ്രധാനമന്ത്രിയെ ചരിത്രം കാണിച്ചുതരുന്നതായി ഓർക്കുന്നില്ല.

ഇന്ത്യയുടെ ഭാവി സുസ്ഥിരമാക്കുവാൻ സ്ഥാപിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളും ഓൾ ഇൻഡ്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുകളും ഐ.ഐ.എമ്മുകളും എൻ.ഐ.ടികളും തൊട്ട് ഇന്നത്തെ ഐ.എസ്.ആർ.ഒയ്ക്ക് മുന്നോടിയായുള്ള incospar വരെയുള്ള നേട്ടങ്ങൾ അവയിൽ ചിലത് മാത്രമാണ്.

അവിടം കൊണ്ട് തീരുന്നില്ല. എല്ലാ കുഞ്ഞുങ്ങൾക്കും നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസം അന്നത്തെ ഇന്ത്യയിൽ ഏത് വ്യക്തിക്ക് ആലോചനയിലുണ്ടായിരുന്നുകാണും? സൗജന്യ പാൽ – ഭക്ഷണ വിതരണം പോഷകാഹാരക്കുറവിനെതിരെ നൽകാൻ ആരാലോചിക്കും? ഇന്ന് അതുപോലും ഉറപ്പാക്കാൻ കഴിയാതെ വരുന്നതിനെക്കുറിച്ചുള്ള വാർത്തകളും നാം കണ്ടിരുന്നുവല്ലോ.

അത് മാത്രമായിരുന്നില്ല, എന്നെ ഒഴിവാക്കരുത് ശങ്കർ എന്ന് വിമർശിച്ച കാർട്ടൂണിസ്റ്റിനോട് പറഞ്ഞ, അഭിപ്രായസ്വാതന്ത്ര്യത്തിലും പ്രതിപക്ഷ ബഹുമാനത്തിലും വിശ്വസിച്ച ദീർഘദർശി

ചന്ദ്രൻ്റെ തൊട്ടടുത്തു വരെയെത്തി നിന്നത് അന്നത്തെ ആ പ്രധാനമന്ത്രി തൊടുത്തുവിട്ട ശാസ്ത്രമാണ്.

അന്ന് നെഹൃ അങ്ങനെ ചിന്തിച്ചില്ലായിരുന്നെങ്കിലോ?

അന്ന് നെഹൃ അങ്ങനെ ചിന്തിച്ചതുകൊണ്ട് ഇന്ന് ഇവിടെവരെയെത്തി ഇൻഡ്യ…

നന്ദി ചാച്ചാജീ…