ഇക്കൊല്ലം പൊങ്കാല ഒഴിവാക്കുക, മനുഷ്യന്റെ നിലനിൽപ്പാണ്‌ വലുത് വിശ്വാസങ്ങളല്ല

165

Nelson Joseph

പൊങ്കാല ഈ പോസ്റ്റിനടിയിൽത്തന്നെ മിക്കവാറും ഉണ്ടാവും എന്ന് കരുതിത്തന്നെയാണ് എഴുതുന്നത്.

കൊറോണ ലോകമെങ്ങും പടരുന്ന സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാലയും അതുപോലെ വലിയ ആൾക്കൂട്ടങ്ങളും ഉണ്ടാവുന്ന അവസരങ്ങളും ഒഴിവാക്കണം എന്നുതന്നെയാണ് അഭിപ്രായം.
എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉദാഹരണങ്ങൾ ഒന്നിലധികം നമ്മുടെ മുന്നിൽത്തന്നെയുണ്ടല്ലോ.

1) ചൈനയിൽ ഡിസംബരിൽ കൊറോണയെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ശ്രമിച്ച വിസിൽ ബ്ലോവർ ഡോക്ടറെ ഓർമിക്കുന്നുണ്ടല്ലോ. ഡോ. ലീ വെൻലിയാങ്ങ്.ഏത് രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ശ്രമിച്ചോ അതേ രോഗം ബാധിച്ച് മരണമടഞ്ഞ ഡോക്ടർ.
അദ്ദേഹമുൾപ്പടെയുള്ളവരുടെ സ്വരം പുറത്തെത്താതിരിക്കുവാനായിരുന്നു തുടക്കത്തിൽ അധികൃതർ ശ്രമിച്ചത്.ആ ശ്രമം ഇപ്പോൾ എവിടെയെത്തി നിൽക്കുന്നുവെന്ന് നമ്മൾ കണ്ടറിഞ്ഞതാണ്.

2) സൗത്ത് കൊറിയയിലെ പാസ്റ്റർ രാജ്യത്തോട് മാപ്പപേക്ഷിച്ചത് വാർത്തയായിരുന്നു. അതിനു കാരണം രാജ്യത്ത് ആ സമയത്ത് റിപ്പോർട്ട് ചെയ്ത 4000 കേസുകളുടെ 60% ആളുകളും ആ പാസ്റ്റർ നടത്തിയ പ്രാർഥനയിൽ പങ്കെടുത്തവരായിരുന്നു.
അത് മാത്രമല്ല, അവരുടെ അംഗങ്ങൾ ആരൊക്കെയാണെന്നതിൽ രഹസ്യാത്മകത സൂക്ഷിച്ചിരുന്നതുകൊണ്ട് അവരെ ട്രേസ് ചെയ്യാനും ദുഷ്കരമായിരുന്നു. ഇന്ന് വിക്കിപ്പീഡിയ അനുസരിച്ച് കൊറോണ സൗത്ത് കൊറിയയിൽ 6284ൽ എത്തിനിൽക്കുന്നു.
ലോകമെമ്പാടും വിവിധ പരിപാടികൾ റദ്ദാക്കിയിരുന്നു

1) സൗദി അറേബ്യ ഉംറ സന്ദർശനം മാർച്ച് 31 വരെ റദ്ദ് ചെയ്തിട്ടുണ്ട്.

2) ബാഴ്സലോണയിൽ നടത്താനിരുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് മാറ്റിവച്ചു

3) 200 തൊട്ട് 250 മില്യൺ സ്വിസ് ഫ്രാങ്ക് വരുമാനം ലഭിക്കുമെന്ന് കണക്കാക്കപ്പെട്ടിരുന്ന ജനീവയിലെ ഓട്ടോമൊബീൽ എക്സിബിഷൻ മാറ്റിവച്ചു

4) ഫേസ്ബുക്ക് തന്നെ അതിൻ്റെ ഗ്ലോബൽ മാർക്കറ്റിങ്ങ് സമ്മിറ്റ് മാറ്റിവച്ചു

5) ആസിയാൻ രാജ്യങ്ങളുടെ സമ്മേളനം – അമേരിക്കയിൽ ട്രമ്പ് അഡ്മിനിസ്റ്റ്രേഷൻ നടത്താനിരുന്നത് – മാറ്റിവച്ചു

6) ജയിംസ് ബോണ്ടിൻ്റെ ഏറ്റവും പുതിയ സിനിമ ” നോ ടൈം ടു ഡൈ ” റിലീസ് നവംബറിലേക്ക് മാറ്റിവച്ചു

7) വിശദമായ ലിസ്റ്റ് നോക്കിയാൽ ഇത്തരം നൂറുകണക്കിനു വലിയ പരിപാടികൾ റദ്ദ് ചെയ്തതായി കാണാം.

ഇനി നമുക്ക് ഇന്ത്യയിലേക്ക് വരാം.
ഇന്ത്യയിൽ ഇതെഴുതുമ്പൊ സ്ഥിരീകരിച്ചത് 30 കേസുകളാണ്. .കേരളത്തിലേത് മാറ്റി നിർത്തിയാൽ മുംബൈ എയർപോർട്ടിൽ മാർച്ച് ഒന്നാം തിയതി ഒരാൾക്ക് കൊറോണ സംശയിച്ചു.
മാർച്ച് 2ന് ഡൽഹിയിൽ ഒരാളും ഹൈദരാബാദിൽ ഒരാളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ജയ്പൂരിൽ ഒരു ഇറ്റാലിയൻ സിറ്റിസനും പോസിറ്റീവ് ആയി.
ഇറ്റാലിയൻ സിറ്റിസണുമായി കോണ്ടാക്റ്റിലുണ്ടായിരുന്ന 24 പേരിൽ 16 പേരെ പിന്നീട് കൊറോണ പൊസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡൽഹിയിലെ ആളുടെ കുടുംബത്തിലെ ആറ് പേർ പോസിറ്റീവായി.

പേ ടി എമ്മിലെ ജോലിക്കാരൻ ഇറ്റലിയിൽ നിന്നാണ് തിരികെ എത്തിയിരിക്കുന്നത്.ഗാസിയാബാദിൽ ഇറാനിൽ പോയി തിരിച്ചുവന്ന ഒരാളും പോസിറ്റീവായി അങ്ങനെ ആകെ 30.
ആ മുപ്പത് പേരിൽ 8 പേർക്ക് വിവിധ രാജ്യങ്ങളിലേക്ക് പോയതിൻ്റെ ഹിസ്റ്ററി ഉണ്ട്. ബാക്കി 22 കോണ്ടാക്റ്റുകളാണ്.ഇവരുമായി കോണ്ടാക്റ്റിലുള്ളവർക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കണമെങ്കിൽ നമ്മൾ ഇനിയും 14 ദിവസം കാത്തിരിക്കണം..

കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചതിനു ശേഷം 35 ദിവസം കഴിഞ്ഞു. നമ്മുടെ ഇടയിൽ അത് പടരാതിരിക്കാൻ കാരണം കൊറോണ സ്ഥിരീകരിച്ചവരിൽ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പടരാതിരുന്നതിനാലാണ്.അവർ സ്വയം ഐസൊലേഷനിലോ ആരോഗ്യവകുപ്പിന്റെ നിർദ്ദേശമനുസരിച്ചുള്ള നിരീക്ഷണത്തിലോ ഒക്കെ ആയിരുന്നു ഉയർന്ന താപനില കോവിഡ് – 19 വൈറസിൻ്റെ പകർച്ചയെ പ്രതിരോധിക്കും എന്നതിന് ശാസ്ത്രീയമായ അടിത്തറ ഇതുവരെ ഇല്ല. ഇന്തോനേഷ്യ പോലെയുള്ള സബ് ട്രോപ്പിക്കൽ കാലാവസ്ഥ (ഇന്നത്തെ താപനില 32ഡിഗ്രി) ഉള്ള ഇടങ്ങളിലും ലോക്കൽ ട്രാൻസ്മിഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതൊരു വ്യക്തിപരമായ കാര്യമാണ് എന്നും മറ്റുള്ളവരുടെ വിശ്വാസങ്ങളിൽ ഇടപെടരുത് എന്നും ടി.പി സെൻ കുമാറിൻ്റെ പോസ്റ്റിനു കീഴെ ഇട്ട കമൻ്റിനു മറുപടി കണ്ടിരുന്നു.
വലിയ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നവരെ മുഴുവൻ സ്ക്രീൻ ചെയ്യുക എന്നത് ലോജിസ്റ്റിക്കലി വളരെയധികം വൈഷമ്യങ്ങളുള്ള ഒന്നാണ്. പ്രത്യേകിച്ച് വിദേശങ്ങളിൽ നിന്നും മറ്റ് അയൽ സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം ആളുകൾ എത്താനിടയുള്ളിടത്ത്.
ഒരാളിൽ നിന്ന് മറ്റുള്ളവർക്ക് രോഗബാധയുണ്ടായാൽ അതൊരു വ്യക്തിപരമായ കാര്യമല്ല. സമൂഹത്തെ ബാധിക്കുന്ന ഒരു കാര്യം കൂടിയാവും. ആരെയും നിർബന്ധിക്കുന്നില്ല. സ്വയമാണ്തീ രുമാനമെടുക്കേണ്ടത്..നമുക്ക്‌ ഭയപ്പെടേണ്ടതോ പരിഭ്രാന്തരാകേണ്ടതോ ആയ സാഹചര്യം ഇതുവരെയില്ല. ജാഗ്രത കുറയ്ക്കണം എന്ന് അതിനർത്ഥമില്ല