COVID 19
ഇനിയും നേരം വെളുക്കാത്തവരേ… വാകിസ്ന്റെ ഫലം മനസ്സിലായോ ?
കൊറോണ ഇത്രകാലം ഇവിടെയുണ്ടായിട്ടും വാക്സിനേഷൻ വന്നിട്ടും ഇനിയും വാക്സിൻ സ്വീകരിക്കാൻ മടിച്ചുനിൽക്കുന്നവരുണ്ടാവും. വാക്സിനേഷൻ സ്വീകരിച്ചാലും കൊവിഡ് വരുന്നുണ്ടല്ലോ എന്ന ചോദ്യമാണ് മിക്കവാറും അവരിൽ നിന്ന് കേൾക്കാറുള്ളതെന്ന്
1,252 total views, 2 views today

എഴുതിയത്: Dr. Nelson Joseph, Dr. Mohandas Nair & Jinesh P S
കൊറോണ ഇത്രകാലം ഇവിടെയുണ്ടായിട്ടും വാക്സിനേഷൻ വന്നിട്ടും ഇനിയും വാക്സിൻ സ്വീകരിക്കാൻ മടിച്ചുനിൽക്കുന്നവരുണ്ടാവും. വാക്സിനേഷൻ സ്വീകരിച്ചാലും കൊവിഡ് വരുന്നുണ്ടല്ലോ എന്ന ചോദ്യമാണ് മിക്കവാറും അവരിൽ നിന്ന് കേൾക്കാറുള്ളതെന്ന് തോന്നുന്നു. പ്രായം വളരെ കൂടുതൽ ഉള്ളവർക്കും, മറ്റ് അനുബന്ധ രോഗങ്ങൾ ഉള്ളവർക്കും വാക്സിന്റെ പാർശ്വഫലങ്ങൾ അധികമായിരിക്കാം എന്നും, ഇവർ പുറത്തൊന്നും പോകുന്നില്ലല്ലോ, അതിനാൽ വാക്സിൻ അത്ര നിർബന്ധമല്ല എന്നും മറ്റുമുളള ന്യായീകരണങ്ങൾ വാക്സിൻ എടുക്കാതിരിക്കാൻ/ എടുപ്പിക്കാതിരിക്കാൻ പലരും നിരത്തുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരം ന്യായീകരണങ്ങളെ പൂർണ്ണമായും നിരാകരിക്കുന്നതാണ് ഇനി പറയുന്ന കണക്കുകൾ. ഇന്ന് കാലത്ത് പത്രത്തിൽ വന്ന ഒരു കണക്ക് ആ രീതിയിൽ ആലോചിക്കുമ്പൊ എല്ലാവരും എന്തായാലും വായിച്ചിരിക്കേണ്ടതാണ്.
ജൂൺ 18 മുതൽ സെപ്റ്റംബർ 3 വരെ കോവിഡ് മൂലം കേരളത്തിലാകെ മരിച്ചവരുടെ എണ്ണം – 9195
ഇതിൽ വാക്സിൻ സ്വീകരിച്ചവർ – 905 മാത്രം അപ്പോൾ ഒരു വാക്സിനും സ്വീകരിക്കാത്തവർ – 8290 പേർ
അതായത് മരിച്ചവരിൽ 9.84% മാത്രമാണ് വാക്സിൻ സ്വീകരിച്ചവർ ഉൾപ്പെടുന്നത്. അവിടം കൊണ്ട് കഴിഞ്ഞില്ല. ഇനിയുമുണ്ട് കണക്കുകൾ. ഈ 905 പേരിൽ ഒരു ഡോസ് മാത്രം സ്വീകരിച്ചവരുടെ എണ്ണം ഏതാണ്ട് 700 ആണ്. അപ്പോൾ രണ്ട് ഡോസും സ്വീകരിച്ചവരുടെ എണ്ണം വെറും 200 ൽ ഒതുങ്ങും.അതായത് മരണമടഞ്ഞവരിൽ ഏതാണ്ട് 2-3% മാത്രമാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരുടെ എണ്ണമെന്ന് ചുരുക്കം. എന്നാലും അത്രയും പേർ മരിച്ചില്ലേ എന്നാണ് ചോദ്യമെങ്കിൽ ഇനിയുമുണ്ട് കണക്കുകൾ.
മരണപ്പെട്ടവരിൽ വാക്സിൻ എടുത്തിരുന്നവർക്കെല്ലാം മറ്റ് ഗുരുതരമായ രോഗങ്ങൾ ഉണ്ടായിരുന്നു എന്നാണ് വിലയിരുത്തൽ. മരണപ്പെട്ട 9195 ൽ മറ്റു ഗുരുതരമായ രോഗങ്ങൾ ഉണ്ടായിരുന്നവരുടെ എണ്ണം – 6200
ഇതിൽ മറ്റു ഗുരുതരമായ രോഗങ്ങൾ ഇല്ലാതിരുന്ന വരുടെ എണ്ണം – 2995
മറ്റു രോഗങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് പ്രമേഹവും രക്താതിമർദ്ദവും, രണ്ടും 25 ശതമാനത്തിനു മുകളിൽ. 60 വയസ്സിന് മുകളിൽ ഉള്ളവരും ഗുരുതരമായ രോഗം ഉള്ളവരുമായ ഒമ്പത് ലക്ഷം പേർ വാക്സിൻ സ്വീകരിക്കാൻ ഇനിയും തയ്യാറായിട്ടില്ല എന്നാണ് വാർത്ത.
“Res ipsa loquitur” എന്ന ഒരു പ്രയോഗം ഉണ്ട്. “The things speak for itself” എന്നാണ് അർത്ഥം. അതായത് വിശദീകരണം ആവശ്യമില്ല.മറിച്ചുള്ള പ്രചരണവുമായിട്ട് ഇറങ്ങുന്ന ഒട്ടേറെപ്പേരെ നിങ്ങൾക്ക് ചിലപ്പൊ കാണാൻ കഴിഞ്ഞേക്കും. അവരെക്കൂടി ഈ കണക്കുകൾ ചൂണ്ടിക്കാണിച്ചുകൊടുത്തിട്ട് വിശദീകരണവും ചോദിക്കാമല്ലോ. ഈ കണക്കുകൾ സംസാരിക്കും. വാക്സിൻ സ്വീകരിക്കാൻ വിമുഖത ഉള്ളവർ ഈ കണക്കുകൾ ഒന്ന് വായിക്കുക. സ്വയം തീരുമാനം എടുക്കുക.
1,253 total views, 3 views today