Dr Nelson Joseph സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്
(ഇത് മതപരമല്ല, മെഡിക്കൽ ആണ്.)
സെക്സ് – അപ്പനും അമ്മയും നിങ്ങളോട് പറയാത്ത കാര്യങ്ങൾ
സെക്സിന് ശാരീരികമായി ഒരുപാട് ദൂഷ്യഫലങ്ങൾ കൂടിയുണ്ട് (സെത്യം) ഇക്കാര്യം കൂടി പൊതുജനത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് ഇക്കാര്യം തുറന്നെഴുതുന്നത് (വെറും മഹാമനസ്കത). പൊതുജനം പലതും കേട്ടിരിക്കാൻ ഇടയില്ല (സ്വഭാവികം) സിഗരറ്റ് പാക്കറ്റിന് പുറത്ത് സിഗരറ്റ് കാൻസർ ഉണ്ടാക്കും എന്ന് രേഖപ്പെടുത്തണം എന്ന് നിയമമുണ്ടല്ലോ. അതുപോലെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് പോസ്റ്റിൻ്റെ ഉദ്ദേശ്യം.(സാമൂഹ്യപ്രതിബദ്ധത…ഹോ, എൻ്റെയൊരു കാര്യം)
ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് മൂലം പകരാനിടയുള്ള പലതരം രോഗങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാവുമല്ലോ. സുരക്ഷിതമല്ലാതെയുള്ള ലൈംഗികബന്ധത്തിലൂടെ ഗൊണേറിയയും സിഫിലിസും മുതൽ എത്രയോ രോഗങ്ങൾ പടരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അത് മാത്രമാണോ, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലേർപ്പെടുന്ന സ്ത്രീകൾ ഗർഭം ധരിക്കാനിടയുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.ആവർത്തിച്ചുള്ള, അടുത്തടുത്തുള്ള ഗർഭധാരണം സ്ത്രീയുടെ ആരോഗ്യത്തിനും ചിലപ്പൊ ജീവനും തന്നെ അപകടമുള്ളതാവാനിടയുണ്ടെന്നും പ്രത്യേകം ഓർമിക്കുമല്ലോ.അത് മാത്രമല്ല, ഗർഭാശയം താഴേക്ക് ഇറങ്ങിവരുന്നതിന് ഉള്ള കാരണങ്ങളിലൊന്നായും ഗർഭധാരണത്തെ പറയപ്പെടുന്നുണ്ട്.
ഏതു കാര്യത്തിന്റെയും ദോഷഫലങ്ങൾ കൂടി അറിയുന്നതാണ് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ നല്ലത്.
സിഗരറ്റ്, മദ്യപാനം എന്നിവക്ക് ഒക്കെ ഒരുപാട് ദൂഷ്യഫലങ്ങൾ ഉണ്ട് എന്ന് എന്ന് ബോധ്യപ്പെടുത്തിയാൽ ചിലരെങ്കിലും അത്തരം ദുശീലങ്ങൾ ഉപേക്ഷിക്കാൻ സാധ്യതയുണ്ട്. സിനിമയിലെ നായകൻ മദ്യപിക്കുന്നതും പുകവലിക്കുന്നതും ഒക്കെ ഹീറോയിസം ആയി അവതരിപ്പിക്കുമ്പോൾ ഒരു കൗമാരക്കാരന് തെറ്റായ ധാരണകളാണ് കിട്ടുന്നത്. അതൊക്കെയാണ് ഭാവിയിൽ അയാളെ ഒരു മദ്യപാനിയും പുകവലിക്കാരനും ഒക്കെ ആക്കുന്നത്.
അതുപോലെ സെക്സിനും ഒരുപാട് ദൂഷ്യഫലങ്ങൾ ഉണ്ട് എന്ന കാര്യം പൊതുജനത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.സെക്സിലേർപ്പെടാൻ ലൈസൻസുമായി അപ്പനും അമ്മയും കല്യാണം കഴിപ്പിച്ച് വിടുമ്പൊ ഇതിന്റെ ദോഷഫലങ്ങളെക്കുറിച്ച് ആളുകൾ അറിയാതെ പോകരുത് എന്ന ഉദ്ദേശത്തിലാണ് ഈ പോസ്റ്റ്.
വാൽക്കഷണം : ചാപ്പ അടിച്ച് സൈബർ ഗുണ്ടായിസം നടത്താൻ വരേണ്ട. പുകവലി, മദ്യപാനം എന്നിവയൊക്കെ എതിർക്കുന്ന ഒരു ഡോക്ടർ ആണ് ഞാൻ. അതുകൊണ്ട് നിങ്ങടെ സ്ഥിരം ചാപ്പയായ സെക്സോഫോബിക് ചാപ്പയുമായി വരേണ്ട. വേറെ ഒരു പോസ്റ്റുമായും സാദൃശ്യം ഇല്ല കേട്ടോ..പോസ്റ്റോഫോബിക് ചാപ്പയുമായും വരേണ്ട 😉