ഈ പ്രതിസന്ധി ഘട്ടത്തിലും കൊവിഡ് 19 ടെസ്റ്റിങ്ങിനുള്ള കിറ്റുകൾ എത്തിച്ച ശശിതരൂരിന് അഭിനന്ദനങ്ങൾ

92

ഡോ: നെൽസൺ ജോസഫ്

ഈ സമയത്ത് രാഷ്ട്രീയം പറഞ്ഞൂടാന്നാണ്, എങ്കിലും പറയാതെ വയ്യ. രാവിലെ കുറച്ച് പോസ്റ്റുകൾ കണ്ടു.. “കൊവിഡ് 19 ടെസ്റ്റിങ്ങിനുള്ള 1000 കിറ്റുകൾ എത്തി, 2000 കിറ്റുകൾ എത്തും ” എന്ന് മാത്രമേ പോസ്റ്റുകളിലുള്ളൂ. കിറ്റുകൾ എവിടെനിന്നെത്തി, എങ്ങനെത്തീന്നൊക്കെയുള്ള കാതലായ കാര്യങ്ങൾ രണ്ട് പേരും വിട്ടുപോയതുകൊണ്ട് അങ്ങ് പൂരിപ്പിച്ചേക്കാമെന്ന് വച്ചു. കേരളത്തിൻ്റെ ആദ്യ ബാച്ച് റാപ്പിഡ് പ്രോസസിങ്ങ് കിറ്റുകൾ തിരുവനന്തപുരം എയർപോർട്ടിൽ വെറുതെ ഒരു സുപ്രഭാതത്തിൽ വന്ന് വീണതല്ല. അതിൻ്റെ പിന്നിൽ തിരുവനന്തപുരം എം.പി ശശി തരൂരും ഓൾ ഇൻഡ്യാ പ്രഫഷണൽ കോൺഗ്രസുമടക്കം ഒരുപാട് പേരുടെ പ്രയത്നങ്ങളുണ്ട്.

മാർച്ച് മുപ്പതാം തിയതിയാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾക്കായി 3000 റാപ്പിഡ് ടെസ്റ്റിങ്ങ് കിറ്റുകൾക്കായി എം.പി ഫണ്ടിൽ നിന്ന് 57 ലക്ഷം രൂപ അനുവദിച്ചത്. ടെണ്ടറിങ്ങും പർച്ചേസിങ്ങും നടത്തുന്നത് ഡിസ്റ്റ്രിക്റ്റ് അഡ്മിനിസ്റ്റ്രേഷനാണെന്ന് ശ്രീ തരൂർ മറ്റൊരു ട്വീറ്റിൽ മറുപടിയായി പറയുന്നുണ്ട്. വെറും മൂന്ന് ദിവസമേ എടുത്തുള്ളൂ ആദ്യ ടെസ്റ്റിങ്ങ് കിറ്റുകളുടെ ബാച്ച് ഇവിടെയെത്താൻ. മൈ ലാബ് സൊല്യൂഷൻസ് പൂനെയിലാണ്. ഫ്ലൈറ്റുകളുടെ എണ്ണം വിരലിലെണ്ണാവുന്നതുപോലെ പരിമിതമാണ്. പൂനൈയിൽ നിന്ന് കിറ്റുകൾ തിരുവനന്തപുരത്തെത്താൻ എയർപോർട്ട് അടച്ചിരിക്കുകയുമാണ്.

സ്പൈസ് ജെറ്റിൻ്റെ വിമാനത്തിലും റോഡ് മാർഗവുമാണ് കിറ്റുകൾ എത്തിച്ചത്.സ്പൈസ് ജെറ്റിൻ്റെ കാർഗോ വിമാനം അറേഞ്ച് ചെയ്തതുകൊണ്ടുണ്ടായ ഗുണം പ്രൈവറ്റ് ജെറ്റ് ചാർട്ട് ചെയ്യുന്ന അധികച്ചെലവ് ആവശ്യമായി വന്നില്ല എന്നതാണ്. 3.2 ലക്ഷം രൂപ ലാഭം. അത് എം.പി ഫണ്ടിലേക്ക് തന്നെ ക്രെഡിറ്റ് ചെയ്യും. പൂനെയിൽ നിന്ന് റോഡ് മാർഗം കിറ്റുകൾ മുംബൈയിലെത്തിക്കുന്നു. അവിടെനിന്ന് സ്പൈസ് ജെറ്റിൻ്റെ വിമാനത്തിൽ കോഴിക്കോട്ടേക്ക്. അതിനു സഹായിച്ചത് ഓൾ ഇൻഡ്യാ പ്രഫഷണൽ കോൺഗ്രസ് അംഗം കൂടിയായ ക്യാപ്റ്റൻ ആനന്ദ് മോഹൻരാജ് ആയിരുന്നു. അതിനു ശേഷം വിവിധ ജില്ലകളിലെ ഡിസ്റ്റ്രിക്റ്റ് കളക്ടർമാരുടെ സഹായത്തോടെ കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക്…ലോക്ക് ഡൗണിനിടയിലൂടെ. എന്ന് വച്ചാൽ കിറ്റുകൾ വെറുതെ എത്തുകയല്ലായിരുന്നു.വെറും മൂന്ന് ദിവസം കൊണ്ട് പണം അനുവദിച്ച് കിറ്റ് എത്തിക്കാൻ ഒട്ടേറെപ്പേർ സഹായിച്ചിട്ടുണ്ട്..കോർഡിനേറ്റ് ചെയ്തിട്ടുണ്ട്.

അത് മാത്രമല്ല, ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിക്ക് കൂടുതൽ ടെസ്റ്റ് കിറ്റുകൾ ഡെവലപ് ചെയ്യാനുള്ള സഹായത്തിനായി ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.അതിനൊപ്പം കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിക്കുന്നതിലും പിഴവുകൾ ചൂണ്ടിക്കാട്ടുന്നതിലും മുന്നിൽ നിൽക്കുന്നത് വ്യാപകമായി ബി.ജെ.പിയിലേക്ക് പോവുമെന്ന് പ്രചരിപ്പിക്കപ്പെട്ട ശശി തരൂരാണ് എത്രയൊക്കെ ഇകഴ്ത്താൻ ശ്രമിച്ചാലും ശശി തരൂർ ഒരു വള്ളപ്പാട്‌ മുന്നിലാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ശ്രീ ശശി തരൂരിനും കിറ്റുകളെത്തിക്കാൻ പരിശ്രമിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.