സ്പേസും അറ്റോമിക് എനർജിയുമൊക്കെ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം വരുമ്പൊ അതൊക്കെ ഇവിടെ ഉണ്ടാക്കിയവരെക്കുറിച്ചുകൂടെ ഓർക്കണം

48

ഡോ നെൽസൺ ജോസഫ്

സ്പേസും അറ്റോമിക് എനർജിയുമൊക്കെ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം വരുമ്പൊ അതൊക്കെ ഇവിടെ ഉണ്ടാക്കിയവരെക്കുറിച്ചുകൂടെ ഓർക്കണമല്ലോ.സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം എന്നൊരു പഴഞ്ചൊല്ല് പണ്ട് കേട്ടിട്ടുണ്ട്. പക്ഷേ അതൊരിക്കലും ഇവിടെ ഉപയോഗിക്കാനാവില്ല.കാരണം നെഹൃവിൻ്റെ കയ്യിൽ കിട്ടിയത് സമ്പന്നവും ഒത്തൊരുമയുള്ളതുമായ ഒരു രാജ്യമായിരുന്നില്ല. നൂറ്റിക്കണക്ക് വർഷങ്ങൾ നീണ്ടുനിന്ന വിദേശാധിപത്യം സാമ്പത്തികമായി തകർത്ത, ഒരു സമയത്ത് തമ്മിലടിച്ചുകൊണ്ടിരുന്ന ഒന്നിലധികം നാട്ടുരാജ്യങ്ങളുടെ, ഭാഷകളുടെ, സംസ്കാരങ്ങളുടെ സമ്മേളനവുമായിരുന്ന ഒന്നായിരുന്നു.

ഇന്ത്യയുടെയും, ഏഷ്യയുടെയും ആദ്യ ന്യൂക്ലിയാർ റിയാക്ടർ, അപ്സര 1957 ജനുവരിയിൽ, സ്വാതന്ത്ര്യം ലഭിച്ച് പത്ത് വർഷങ്ങൾക്കുള്ളിൽത്തന്നെയുണ്ടായത് ആ വിഷൻ്റെ ഫലം കൂടിയാണ്. അതിനു തുടക്കമിട്ടത് 1948ൽത്തന്നെ ആരംഭിച്ച അറ്റോമിക് എനർജി കമ്മീഷനും.ഇന്ത്യയുടെ അറ്റോമിക് എനർജിയുടെ പിതാവ് ഹോമി ജെ. ഭാഭയും നെഹൃവുമായുണ്ടായിരുന്ന ബന്ധം അതിനെ എത്രത്തോളം സഹായിച്ചിരുന്നുവെന്നുകൂടി ഓർമിക്കേണ്ടതുണ്ട്.

അന്നത്തെ ഗവണ്മെൻ്റ് നിയമങ്ങൾ പലപ്പൊഴും ചുവപ്പുനാടക്കുരുക്കുകൾ സൃഷ്ടിക്കാൻ ഉതകുന്നതായിരുന്നു. അറ്റോമിക് എനർജിയിലേക്ക് കുതിക്കാനൊരുങ്ങുന്ന ഒരു രാജ്യത്തിന് അതൊരിക്കലും യോജിച്ചതുമല്ല. ആ ചോദ്യങ്ങൾ ഉയർത്തുവാനും ഉത്തരങ്ങൾ ലഭിക്കുവാനും യോജിച്ച ഒരു അന്തരീക്ഷവും ബഹുമാനവും ഭാഭയ്ക്ക് നെഹൃ നൽകുകയും ചെയ്തിരുന്നു. വളരെച്ചെറിയ ഒരു ഉദാഹരണം പറയാം.ട്രോംബെയിൽ സ്വിമ്മിങ്ങ് പൂൾ റിയാക്ടറിൻ്റെ ജോലിയിൽ ഏർപ്പെട്ടിരുന്ന ശാസ്ത്രജ്ഞർക്ക് ഭക്ഷണം ലഭിക്കണമായിരുന്നു എങ്കിൽ ഒരു മണിക്കൂർ യാത്ര ചെയ്ത് നഗരത്തിൽ എത്തേണ്ടിയിരുന്നു. അതിനായി രണ്ട് കാറുകളും ഭക്ഷണം നൽകാൻ അനുയോജ്യമായ ഒരു ഹോട്ടലിനും വേണ്ട സൗകര്യത്തിന് ഭാഭ സർക്കാരിനോട് അഭ്യർഥിച്ചു. അന്നത്തെ സർക്കാർ നിയമങ്ങൾ അനുസരിച്ച് അത് നിരസിക്കപ്പെട്ടു.

റിയാക്ടർ ലോഡ് ചെയ്യുന്നത് വളരെ ശ്രമകരമായ ഒരു ജോലിയാണെന്നും ഫിസിക്കൽ സ്ട്രെയിൻ അപകടങ്ങൾ ഉണ്ടാക്കാമെന്നും നിലവിലുള്ള സർക്കാർ നിയമങ്ങൾ ഇങ്ങനെ ജോലി ചെയ്യുന്ന സർക്കാർ ഡിപ്പാർട്ട്മെൻ്റുകൾക്ക് അനുയോജ്യമല്ലെന്നും ചൂണ്ടിക്കാട്ടി നെഹൃവിന് ഭാഭ 1956 ജൂലായ് 31ന് കത്തെഴുതി.ഓഗസ്റ്റ് ഒന്നാം തിയതി വീണ്ടും, തങ്ങൾ തുടർച്ചയായി ജോലി ചെയ്തിരുന്നതും ഇത്തരം ഡിപ്പാർട്ടുമെൻ്റുകളുടെ മേൽ സർക്കാർ നിയമങ്ങൾ അടിച്ചേല്പിക്കുന്നത് ജോലി ചെയ്യുന്നവരുടെ ഉത്സാഹം കുറയ്ക്കാനേ ഉപകരിക്കൂ എന്നും ഒരു കുറിപ്പ് നൽകി.

അന്ന് തന്നെ താൻ അതിനോട് യോജിക്കുന്നുവെന്ന് അറിയിച്ച് നെഹൃവിൻ്റെ മറുപടി ലഭിച്ചു.
” താങ്കൾ ഫിസിക്സിനെക്കുറിച്ച്‌ ചിന്തിക്കൂ, അന്തർദ്ദേശീയ ബന്ധങ്ങൾ എനിക്ക്‌ വിടൂ ” എന്ന് പറയാൻ നട്ടെല്ലുണ്ടായിരുന്ന, ആ വാക്ക് വിശ്വസിക്കാമെന്ന് ഉറപ്പുണ്ടായിരുന്ന ഒരാൾ തലപ്പത്തുണ്ടായതുകൊണ്ടാണ് അന്ന് ഇന്ത്യ അറ്റോമിക് എനർജിയിൽ പിച്ചവച്ചു തുടങ്ങിയത്.ഐ.എസ്.ആർ.ഒയുടെയും കഥ വേറൊന്നല്ല. 1969 ൽ ഐ.എസ്.ആർ.ഒ എന്ന പേരിൽ സ്പേസിലേക്കുള്ള കുതിപ്പാരംഭിച്ച ആ സ്ഥാപനത്തിന് അടിത്തറയായത് ഇൻകോസ്പാർ ആണെന്നത് വിസ്മരിക്കാനാവില്ല.

1962ൽ ഇൻകോസ്പാർ പിറന്നതും ഡിപ്പാർട്ട്മെൻ്റ് ഓഫ് അറ്റോമിക് എനർജിയുടെ കീഴിലായത് വെറും യാദൃശ്ചികതകളിൽ ഒന്നല്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് താല്പര്യം. വിക്രം സാരാഭായ് എന്ന അതുല്യപ്രതിഭയെ മറന്നുപോയാൽ അതുമൊരു തെറ്റാവും..
1963 ൽ തുമ്പ ഇക്വറ്റോറിയൽ ലോഞ്ചിങ്ങ് സ്റ്റേഷനിൽ നിന്ന് ആദ്യ റോക്കറ്റ് പറന്നുയർന്നതിനുമുണ്ട് കഥകൾ പറയാൻ. ഭൂമിയുടെ മാഗ്നറ്റിക് ഇക്വേറ്ററിനടുത്തുള്ള സ്ഥലം. റോക്കറ്റ് വിക്ഷേപണത്തിന് അനുയോജ്യം..ഒരു ചെറിയ കുഴപ്പം മാത്രം. ആ സ്ഥലത്ത് ഒരു പള്ളിയുണ്ട്.

പള്ളി വിട്ടുനൽകാൻ അനുവാദം ചോദിച്ചെത്തിയ സയൻ്റിസ്റ്റുകളോട് അടുത്ത ഞായറാഴ്ച കുർബാനയ്ക്ക് വരാൻ ബിഷപ് ആവശ്യപ്പെട്ടു. അഗ്നിച്ചിറകുകൾ എന്ന ആത്മകഥയിൽ ഡോ.എ.പി.ജെ അബ്ദുൾ കലാം വിവരിക്കുന്നുണ്ട് ആ സന്ദർഭം.
വിക്രം സാരാഭായിയുടെ സാന്നിദ്ധ്യത്തിൽ ബിഷപ് പള്ളിയിൽ കൂടിയിരുന്ന വിശ്വാസികളോട് പള്ളി സയൻസിനായി വിട്ടുനൽകാൻ അനുവാദം ചോദിച്ചു. ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവർ ഉത്തരം നൽകി….. “ആമേൻ ” – അങ്ങനെ തന്നെ ആയിരിക്കട്ടെ എന്ന്.

1963 ൽ തുമ്പയിൽ ഇക്വറ്റോറിയൽ ലോഞ്ചിങ്ങ് സ്റ്റേഷനിൽ, ഭാഗങ്ങൾ സൈക്കിളിലടക്കം കൊണ്ടുപോയി അസംബിൾ ചെയ്ത റോക്കറ്റ് പറന്നുയർന്നതിനു പിന്നിലുമുണ്ട് അതുപോലെ അതികായരുടെ തൊട്ട് സാധാരണക്കാരുടെ വരെ ത്യാഗങ്ങളുടെ കഥകൾ.
ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല ഇവയൊന്നുമെന്നും അതുണ്ടാക്കിയെടുക്കാൻ അത്ര എളുപ്പമല്ലായിരുന്നുവെന്നും ഇപ്പൊഴല്ലാതെ മറ്റെപ്പോഴാണ് ഓർമിപ്പിക്കേണ്ടത്?