Nelson Joseph എഴുതുന്നു 

ചിത്രത്തിൽ കാണുന്ന സംഗതി എന്താണെന്ന് ആർക്കെങ്കിലും അറിയാമോ?

മിക്കവർക്കും അറിയാനിടയില്ല. അതാണ് അയൺ ലങ്ങ്‌ അഥവാ ഇരുമ്പ്‌ ശ്വാസകോശം.

ഇന്ന് പൾസ്‌ പോളിയോ ഇമ്യുണൈസേഷന്റെ സമയത്തും പിന്നെ വാക്സിൻ വിരുദ്ധന്മാരുമായുള്ള യുദ്ധത്തിന്റെ സമയത്തും മാത്രം പേരു കേൾക്കുന്ന ഒരു ോഗമാണു പോളിയോ. എന്നാൽ പണ്ടത്തെ സ്ഥിതി അങ്ങനെയൊന്നുമായിരുന്നില്ല.

Nelson Joseph

പോളിയോ വന്നുകഴിഞ്ഞാൽ പിന്നെ ഭാഗ്യമുണ്ടെങ്കിൽ രക്ഷപെടാം എന്നതായിരുന്നു സ്ഥിതി. രക്ഷപെടുന്നവരിൽ കുറച്ചുപേർക്ക്‌ പോളിയോ ബാധിച്ച്‌ തളർന്നുപോയ കൈകാലുകളുമായി ജീവിക്കാം.

മറ്റുള്ളവർക്ക്‌ അത്രപോലും ഭാഗ്യമുണ്ടാകില്ല. കുറച്ചുകാലം കഴിയുമ്പോൾ തളർച്ച നെഞ്ചിലെ പേശികളെ ബാധിക്കുമ്പോൾ ശ്വാസോച്ഛ്വാസം ചെയ്യാൻ സാധികാതെ മരണത്തിനു കീഴടങ്ങേണ്ടിവരും.

അത്‌ തടയാനായി കണ്ടുപിടിക്കപ്പെട്ട ഉപകരണമാണിത്‌. ഉപകരണം സൃഷ്ടിക്കുന്ന നെഗറ്റീവ്‌ പ്രഷർ നെഞ്ചിൻ കൂടിനെ വികസിപ്പിക്കുകയും ശ്വാസോച്ഛ്വാസം നടത്താൻ രോഗിയെ സഹായിക്കുകയും ചെയ്യുന്നു.

അന്നത്തെ സാഹചര്യത്തിൽ ഇതൊരു വിപ്ലവകരമായ കണ്ടെത്തലായിരുന്നു. ചിലർക്ക്‌ ആഴ്ചകളും ചിലർക്ക്‌ മാസങ്ങളും ചിലർക്ക്‌ വർഷങ്ങൾ തന്നെയും കൂട്ടിക്കിട്ടി ജീവിതത്തിൽ. അയൺ ലങ്ങിന്റെ ആദ്യ ഉപഭോക്താവിനു പക്ഷേ അധികം ആയുസുണ്ടായില്ല.

അത്‌ മെഷീൻ്റെ കുഴപ്പമല്ലായിരുന്നു. പോളിയോ മൂലമുണ്ടായ ഹൃദ്‌ രോഗം അയാളെ ഒരാഴ്ചയ്ക്കു ശേഷം കൂട്ടിക്കൊണ്ടുപോയി.എന്നാൽ രണ്ടാമത്തെയാളിൽ മെഷീൻ വിജയമായതോടെ അയൺ ലങ്ങ്‌ പച്ചപിടിക്കാൻ തുടങ്ങി.

No photo description available.ചെറിയ ചിലമോഡിഫിക്കേഷനുകളോടെ അയൺ ലങ്ങ്‌ വൻ തോതിൽ ഉൽപാദനമാരംഭിച്ചു. പലയിടത്തും അയൺ ലങ്ങ്‌ വാർഡുകളുണ്ടായി. പക്ഷേ അതിലെ ജീവിതം അത്ര സുഖമൊന്നുമായിരുന്നില്ല.

രോഗിക്ക്‌ ശ്വാസമെടുക്കുവാനും കിടക്കുന്ന കിടപ്പിൽ ചുറ്റും നോക്കാനും സംസാരിക്കുവാനും മാത്രമാണു കഴിയുക. മറ്റ്‌ എല്ലാ കാര്യത്തിനും പരസഹായം വേണം. സ്ഥിരമായുള്ള കിടപ്പുകൊണ്ടുണ്ടാകുന്ന വ്രണങ്ങളും വേദനയും വേറെ.ഇതിനെല്ലാം പുറമെ മനം മടുപ്പിക്കുന്ന ഏകാന്തതയും.

പക്ഷേ പച്ചപിടിച്ചുവന്ന അയൺ ലങ്ങിന്റെ ബിസിനസിനു വളരെപ്പെട്ടെന്ന് ഒരു തിരിച്ചടി നേരിട്ടു. രണ്ട്‌ തുള്ളികൾ പോളിയോയ്ക്കൊപ്പം അയൺ ലങ്ങിന്റെയും തേരോട്ടം അവസാനിപ്പിച്ചു. പോളിയോ വാക്സിനായിരുന്നു അത്‌.

രണ്ടാമത്തെ ചിത്രത്തിൽ കാണുന്നയാളുടെ പേരു പോൾ അലക്സാണ്ടർ എന്നാണ്. അമേരിക്കയിലെ അവസാനം ശേഷിച്ച അയൺ ലങ്ങ്‌ ഉപഭോക്താവ്‌. 64 വർഷമാണ് അദ്ദേഹം അയൺ ലങ്ങിനുള്ളിൽ കഴിഞ്ഞത്‌. ആറാം വയസിൽ ആരംഭിച്ച വാസം എഴുപതാം വയസിലും തുടരുന്നു.

ഇന്ന് അയൺ ലങ്ങ്‌ നമ്മൾ മിക്കവരും കണ്ടിട്ടില്ല. പക്ഷേ അയൺ ലങ്ങ്‌ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്ന ഏജന്റുമാരുണ്ട്‌.വാക്സിൻ വിരുദ്ധരും വ്യാജവൈദ്യന്മാരും. അന്നത്തെ കച്ചവടത്തിന്റെ നഷ്ടം നികത്തേണ്ടേ.

=============

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.