കൊറോണയെ കുറിച്ച് പരക്കുന്ന മിഥ്യാധാരണകളും അതിന്റെ സത്യവും

123
ഡോക്ടര്‍ പദ്മനാഭ ഷേണായി

കൃത്യമായ മരുന്നില്ലാത്ത ഒരു വൈറസിനെതിരായി ലോകം മുഴുവന്‍ ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ അതിന്‍റെ വ്യാപനത്തെ എങ്ങിനെ പ്രതിരോധിക്കാം എന്നത് ഇന്നത്തെ ചുറ്റുപാടില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയമാണ് .

മിഥ്യ1 :- കൊറോണ വൈറസ് അത് ബാധിച്ച എല്ലാവരേയും കൊന്നൊടുക്കും.

സത്യമെന്തെന്നാല്‍, മരണം സംഭവിക്കുന്നത്‌ അസുഖം ബാധിച്ചവരില്‍ ഏകദേശം 2-3% ന്യൂനപക്ഷത്തിന് മാത്രമാണ് . ആരോഗ്യമുള്ള ഒരാള്‍ ഒരു സാധാരണ ജലദോഷം ബാധിച്ചത് പോലെ രോഗവിമുക്തനാകുന്നു. ഹൃദയസംബന്ധമായും , ലംഗ്സ് സംബന്ധമായും മറ്റ് അനാരോഗ്യവാന്മാരായ രോഗികളില്‍ ആണ് ഈ വൈറസ്‌ബാധ മരണകാരണമാകുന്നത്.

മിഥ്യ2:- കൊറോണ വൈറസ്‌ മൃഗങ്ങളില്‍ കൂടി മാത്രമേ പകരൂ . ഈ രോഗത്തിന്‍റെ വ്യാപനം വളരെ ചെറിയ തോതില്‍ മാത്രമേയുള്ളൂ .

സത്യം എന്തെന്നാല്‍, ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഒരു കാട്ടുതീ പോലെ പകരുന്ന ഒന്നാണ് . ഒരു രോഗിയില്‍ നിന്നും മറ്റ് മൂന്നു പേരിലേക്ക് എന്ന തോതില്‍ 1 , 3 , 9,27 —– 71 എന്ന വേഗത്തില്‍ വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കുന്ന ഒരു മാരക പകര്‍ച്ചവ്യാധിയാണ് ഇത് .

മിഥ്യ3 :- രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാത്ത ഒരു ഒരാളില്‍ നിന്നും ഈ രോഗം പകരുകയില്ല .

ഈ രോഗത്തെ സംബന്ധിച്ച ഏറ്റവും തെറ്റായതും , അപകടകരവുമായതുമായ തെറ്റിധാരണയാണിത്‌ . യഥാര്‍ത്ഥ വസ്തുത മറ്റൊന്നാണ് . മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്ന കൊറോണ വൈറസ്‌ ശ്വസനേന്ദ്രിയങ്ങളില്‍ വച്ച് പല മടങ്ങായി എണ്ണം വര്‍ദ്ധിപ്പിക്കുകയും , രോഗലക്ഷണം പ്രകടമാക്കുന്നതിന് വളരെ മുന്‍പേ തന്നെ മനുഷ്യ സ്രവങ്ങളില്‍ സ്ഥിതി ചെയ്യുകയും ചെയ്യുന്നു . അതുകൊണ്ടുതന്നെ ഇത്തരം ആളുകള്‍ ആരോഗ്യവാന്മാരായി കാണപ്പെടുമ്പോള്‍ തന്നെ രോഗവാഹകരായി മാറുന്നു . ചിക്കന്‍പോക്സ് , ഫ്ലൂ പോലുള്ള രോഗങ്ങളാല്‍ ബാധിക്കപ്പെട്ടവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്ന അവസ്ഥയില്‍ മാത്രമാണ് രോഗം പരത്തുവാന്‍ കാരണമാകുന്നത് . അതുകൊണ്ടുതന്നെ ഈ രോഗബാധിതരെ കണ്ടെത്തുവാനും , മാറ്റിപ്പാര്‍പ്പിക്കുവാനും താരതമ്യേന എളുപ്പമാണ് . എന്നാല്‍ കൊറോണ രോഗബാധിതരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കാത്തവര്‍ പോലും രോഗവാഹകരായി മാറി രോഗം പരത്തുന്ന സ്ഥിതിവിശേഷമുള്ളതിനാല്‍ സംശയമുള്ളവരെയും , രോഗബാധിതരുമായി ഏതെങ്കിലും വിധത്തില്‍ ഇടപഴകിയവരേയും മെഡിക്കല്‍ ടെസ്റ്റിന് വിധേയരാക്കി രോഗം ഇല്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ സമൂഹവുമായി ഇടപെടാനുള്ള അവസരം നല്‍കാനാകൂ . ടെസ്റ്റ്‌ റിസള്‍ട്ട്‌ വരുന്നത് വരെ സമൂഹനന്മയെ , രാജ്യനന്മയെ കരുതി ഇവരെ മാറ്റിപ്പാര്‍പ്പിക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂ . അതിനാല്‍ ഇക്കാര്യവുമായി സഹകരണമാനോഭാവത്തോടെ പെരുമാറേണ്ടത് ഓരോ പൌരന്‍റെയും കടമയാണ്.

മിഥ്യ4:- ഒരു രോഗി കൊറോണ വൈറസ്‌ മൂലമുള്ള പനിയില്‍ നിന്നും മോചിതനായാല്‍ അയാളില്‍ നിന്നും രോഗം പകരുകയില്ല .

വസ്തുത എന്തെന്നാല്‍ , രോഗവിമോചിതനാകുന്ന അവസ്ഥയില്‍ പോലും രോഗി രോഗം പരത്തുന്നതിന് കാരണമായേക്കാം . രോഗിയുടെ ശരീര സ്രവങ്ങള്‍ പരിശോധിച്ച് രോഗബാധിതനല്ലെന്ന് കണ്ടെത്തുംവരെ ഇക്കാര്യത്തില്‍ വേണ്ട കരുതല്‍ നടപടികള്‍ സ്വീകരിച്ചേ തീരൂ .

മിഥ്യ5:- മാസ്ക്ക് ആണ് രോഗപ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം .

വസ്തുത എന്തെന്നാല്‍ , മാസ്ക്ക് രോഗപ്രതിരോധത്തിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണെങ്കിലും ഉള്ളംകൈകളുടെ ശുചിത്വം വളരെ പ്രധാനപ്പെട്ട ഒന്നാണ് . അതിനാല്‍ ഇടക്കിടെ ഉള്ളം കൈകള്‍ ശുചിയാക്കുന്നത് രോഗപ്രതിരോധത്തില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു .

Previous articleകലോറിയിൽ സദ്യ ഉണ്ണുമ്പോൾ
Next articleLIC എന്തുകൊണ്ട് പൊതുമേഖലയിൽ നിലനിർത്തണം ?
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.