Dr Prasob Enose എഴുതിയത്
ഏതൊരു മദ്ധ്യവർഗ്ഗ മെഡിക്കൽ വിദ്യാർഥിയുടെതിനും സമാനമായിരുന്നു നിലക്കൽ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറായി എത്തുന്നത് വരെയുള്ള എൻ്റെ ജീവിതരീതികൾ. ആ സാധാരണ ജീവിതത്തിൽ അഭിരമിച്ചിച്ചിരുന്നയെന്നെ അസാധാരണമാം അനുഭവങ്ങളുടെ തീച്ചൂളയിൽ മുക്കി ഇന്നുള്ള വിധം സൃഷ്ടിച്ചത് നിലക്കലിലെ സഹജീവികളും ജീവിതരീതികളും ആണ്.
പ്രപഞ്ചത്തെ മറ്റൊരു വീക്ഷണകോണിൽ കാണുവാൻ, നൈമിഷികമായി തീർന്നേക്കാവുന്ന ജീവിതത്തിൻ്റെ ഓരോ നിമിഷവും ആസ്വദിക്കുവാൻ, ചുറ്റുമുള്ള സർവ്വ ചരാചരങ്ങളിലും പ്രപഞ്ചകർത്താവിൻ്റെ കരചാരുത കാണുവാനും അവയ്ക്ക് അനുയോജ്യമായ ഫ്രെയിമുകളിൽ പകർത്തുവാനും എന്നെ പ്രാപ്തനാക്കിയ കുഞ്ഞു പ്രദേശമാണ് നിലക്കൽ.
റാന്നി വനത്താൽ ചുറ്റപ്പെട്ടു ദ്വീപ് പോൽ നിലനിൽക്കുന്ന വനപ്രദേശമാണ് നിലക്കൽ. ശബരിമല മണ്ഡലപൂജ – മകരവിളക്ക് കാലയളവിലെ മൂന്ന് മാസം വികസിച്ച് നഗരമാവുകയും ബാക്കി കാലങ്ങളിൽ ചുരുങ്ങി വിജനമാം വനമാവുകയും ചെയ്യും നിലക്കൽ. കട, പത്രം, പൊതുഗതാഗത സൗകര്യങ്ങൾ ഒന്നുമില്ല. രാവിലെയെത്തുന്ന രോഗികൾ മാത്രം മനുഷ്യാത്മാക്കൾ.
ഒരു ചായ കുടിക്കണമെങ്കിൽ ചുരുങ്ങിയത് 8 കിലോമീറ്റർ വനത്തിലൂടെ സഞ്ചരിക്കണം. ഇഷ്ടഭക്ഷണം കഴിക്കണമെങ്കിൽ ചുരുങ്ങിയത് 40 കിലോമീറ്റർ വനത്തിലൂടെ സഞ്ചരിക്കണം. സന്ധ്യ കഴിഞ്ഞാൽ വന്യമൃഗ സഞ്ചാരമുള്ളതിനാൽ പുറത്തിറങ്ങാൻ ധൈര്യമില്ല. ഒന്നുറക്കെ കൂകിയാൽ പോലും മറുപടിക്കായി ആരുമുണ്ടാകില്ല പലപ്പോഴും.
ഇവ്വിധം കഷ്ടതകൾ ഉണ്ടായിരുന്നുവെങ്കിലും ആ വനത്തിൽ കൂടെയുള്ള യാത്രകളും, അവിടെയുള്ള മനുഷ്യരുടെ അധിജീവനകഥകളും എൻ്റെ മനസ്സിന് അത് വരെയില്ലത്തൊരു സന്തോഷം നൽകി പോന്നു.അങ്ങനെയൊടുവിൽ എന്നെ മോഹിപ്പിച്ചിരുന്ന കാടിൻ്റെ ഭാവങ്ങൾ പകർത്തുവാൻ ഞാനൊരു കുഞ്ഞ് ക്യാമറ വാങ്ങി ഫ്രെയിമുകൾ പകർത്തി തുടങ്ങി. കാലങ്ങൾ പോകവേ പുതിയ കാഴ്ചകൾ തേടി ക്യാമറയുമായി ഞാൻ കാടുകൾ കയറുവാൻ തുടങ്ങി.
നിലക്കലിലെ എൻ്റെ ദിനചര്യകൾക്ക് ആ നാളുകളിൽ ഒരു സ്ഥായി ഭാവമുണ്ടായിരുന്നു. രാവിലെ 5 മണിക്ക് ഉറക്കമുണരുന്നു. പ്രഭാതകർമ്മങ്ങൾക്ക് ശേഷം ക്യാമറയുമായി വനത്തിനരികിലൂടെ 2 മണിക്കൂർ നടത്തം. 8 മണിക്ക് തിരികെയെത്തി ഒരുങ്ങി രോഗികളെ പരിശോധിക്കുന്നു. 2 മണിക്ക് ഭക്ഷണം കഴിഞ്ഞൊരു കുഞ്ഞ് മയക്കം. 3 മണിക്ക് വീണ്ടും ക്യാമറയുമായി വനത്തിലേക്ക്.
6 മണിക്ക് തിരികെയെത്തുന്നു, കുളി കഴിഞ്ഞ് എടുത്ത ചിത്രങ്ങൾ കമ്പ്യൂട്ടറിൽ തരം തിരിക്കുന്നു. 9 മണിക്ക് ഭക്ഷണം കഴിഞ്ഞ് ഉറങ്ങുന്നു. കേൾക്കുമ്പോൾ യാന്ത്രികമെന്നു തോന്നുമെങ്കിലും മേൽ ദിനചര്യകൾ എൻ്റെ ആത്മാവിന് എന്തെന്നില്ലാത്ത ശാന്തി നൽകിക്കൊണ്ടിരുന്നു. ചില ദിവസങ്ങളിൽ മേൽ ദിനചര്യ മാറാറുണ്ട്. അന്നേ ദിവസം വൈകുന്നേരത്തെ വനയാത്ര വാഹനത്തിലാകും, സഹയാത്രികരായി ആരേലും ഉണ്ടാകും, അന്നേരം തിരികെയെത്തുമ്പോൾ രാത്രിയാകും.
മറ്റു പ്രത്യേകതകളൊന്നുമില്ലത്ത ഒരു സാധാരണ ദിനമായിരുന്നു അന്നും. സാധാരണപോൽ ഡ്യൂട്ടി സമയത്തിന് ശേഷം ഞാനും പ്ലാപ്പള്ളി വനം വകുപ്പിലെ ഉദ്യോഗസ്ഥനും സുഹൃത്തുമായ ജയപ്രകാശും ചേർന്ന് എൻ്റെ കാറിൽ വനത്തിനുള്ളിലേക്ക് യാത്ര തിരിച്ചു. കാലാവസ്ഥ കനിഞ്ഞതിനാൽ കാടിൻ്റെ വന്യമനോഹരിത വിളിച്ചോതുന്ന ധാരാളം ഫ്രെയിമുകൾ ക്യാമറയിൽ പതിഞ്ഞു കൊണ്ടേയിരുന്നു.
ഇടയ്ക്കിടെ മുന്നിലെത്തിയ വന്യ മൃഗങ്ങൾ ഫ്രെയിമുകൾ കൂട്ടി കൊണ്ടേയിരുന്നു. കാഴ്ചകളുടെ കുത്തൊഴുക്കിൽ സമയം കൊഴിഞ്ഞു പോയികൊണ്ടിരുന്നു. തിരികെ യാത്ര തിരിക്കുമ്പോൾ കാട് രാത്രിയിലേയ്ക്ക് പ്രവേശിച്ചിരുന്നു. യാത്രയിൽ ഇടക്കിടെയെത്തിയ ഗജവീരന്മാർ യാത്രയുടെ വേഗം വീണ്ടും കുറച്ചു. ഒടുവിൽ നിലക്കലിൽ തിരികെയെത്തുമ്പോൾ സമയം രാത്രി 10.30. ശാന്തമായി ഉറങ്ങുകയായിരുന്നു നിലക്കൽ.
സ്ഥിരം രാത്രിയാത്ര കഴിഞ്ഞ് തിരികെ നിലക്കലിൽ എത്തിയ ശേഷം ജയപ്രകാശിനെ താമസസ്ഥലത്തേക്ക് കൊണ്ടു പോകുവാൻ സുഹൃത്തുക്കൾ ആരെങ്കിലും വാഹനവുമായി വരാറുണ്ട്. അന്നേ ദിവസം അവർ ആരെയും ഫോണിൽ ബന്ധപെടുവാൻ കഴിയുന്നില്ല. അങ്ങനെ ആ രാത്രിയിൽ മറ്റ് ആവശ്യങ്ങളില്ലാതത്തിനാൽ എൻ്റെ വാഹനം എടുത്തോളാൻ ഞാൻ പറഞ്ഞു. അങ്ങനെ ആദ്യമായി ജെപി എൻ്റെ കാറുമായി വനത്തിലൂടെ താമസസ്ഥലത്തേക്ക് പോയി.
ഏകനായി ആ കാനന നടുവിലെ നാലുനില മന്ദിരത്തിൽ ഞാൻ ഉറങ്ങാനായി കിടന്നു. ചീവീടുകളുടെ ശബ്ദം ഒഴിച്ചാൽ നിശബ്ദമായി ഉറങ്ങുകയാണ് നിലക്കൽ അപ്പോൾ. പെട്ടെന്ന് നിശബ്ദത ഭേദിച്ചൊരു സ്ഫോദനശബ്ദം ആ കാടിനെയാകെ പിടിച്ചു കുലുക്കി. ഒരു നിമിഷം ഞെട്ടി എണീറ്റുവെങ്കിലും, എന്ത് തരം ഒച്ച കേട്ടാലും രാത്രി ആ ആശുപത്രി കെട്ടിടത്തിന് പുറത്തേക്ക് ഇറങ്ങാതിരിക്കുക എന്നതാണ് എൻ്റെ സുരക്ഷിതത്വം എന്ന ബോധ്യം എനിക്കുണ്ട്. ഏറെ നാളത്തെ കാട്ടിലെ രാത്രിയിലെ ശബ്ദങ്ങൾ എന്നെ നിർവികാരനാക്കിയിരുന്നു. ഞാൻ വീണ്ടും ഉറക്കത്തിലേക്ക് കടന്നു.
ഉറക്കത്തിനിടയിൽ പതിവില്ലാതെ ദേവസ്വം ബോർഡിലെ ദീപു ചേട്ടൻ്റെ ഫോൺ, സമയം 11.30 ആയിരിക്കുന്നു. “സർ, പാർക്കിങ്ങ് ഗ്രൗണ്ടിൽ ഒരു കാർ കത്തുകയാണെന്ന് bsnl ഓഫീസിലെ ചേട്ടൻ വിളിച്ച് പറഞ്ഞു. മറ്റു വിവരങ്ങൾ ഒന്നും അറിയില്ല. സർ ഒന്ന് വരാമോ എന്തെങ്കിലും പ്രഥമസുശ്രൂഷ നൽകേണ്ടി വന്നാലോ?”
മനസ്സിൽ ഒരായിരം ചിന്തകൾ മിന്നി മറഞ്ഞു. ഞാൻ ഫോണെടുത്ത് ജയപ്രകാശിനെ വിളിച്ചു, കിട്ടുന്നില്ല – പരിധിക്ക് പുറത്താണ്. നെഞ്ചിടിപ്പു കൂടി കൊണ്ടിരുന്നു. അന്നു വരെ സന്ധ്യക്ക് ശേഷം ഒറ്റക്കിറങ്ങാത്ത ആ വനത്തിലൂടെ ഏകനായി ഞാൻ ദേവസ്വം ഗാർഡ് റൂം നോക്കി ഓടി. അവിടെ ദീപുചെട്ടൻ നിൽപ്പുണ്ട്, ഞങൾ ഒരുമിച്ചു നേരെ സംഭവ സ്ഥലത്തേക്ക് തിരിച്ചു.
അവിടെ ഞങ്ങൾക്ക് തൊട്ടു മുന്നേയെത്തിയ ചാറ്റൽ മഴ തീ അണച്ചിരുന്നു. അന്തരീക്ഷമാകെ പുകച്ചുരുളുകൾ മാത്രം. ചുറ്റും കട്ടപിടിച്ച ഇരുട്ട്. വീശിയടിച്ച കാറ്റിൽ മാറിയ പുകൾക്കിടയിലൂടെ ഞാനാ വാഹനം കണ്ടു. പൂർണമായി കത്തിനശിച്ച പരിചിതമല്ലാത്ത കാർ. ജീവൻ്റെ തുടിപ്പുകൾ തേടി വാഹനത്തിനു അടുത്തേക്ക് നീങ്ങിയ എൻ്റെ മസ്തിഷ്കമാകെ നിശ്ചലമാക്കുന്നതായിരുന്നു മുന്നിലെ കാഴ്ച.
വാഹനത്തിൻ്റെ മുൻസീറ്റിൽ ഭസ്മപരുവമായൊരു അസ്ഥികൂടമിരിക്കുന്നു. ആ അസ്ഥികൂടത്തിൻ്റെ മൂർദ്ധാവിൽ നിന്നും അഗർബത്തിയിൽ നിന്നെന്നപോൽ ധൂമകേതുക്കൾ അപ്പോഴും ഉത്ഭവിക്കുന്നുണ്ടായിരുന്നു. ആ ധൂമകേതുക്കളിൽ മുങ്ങി കാടിനപ്പോൾ പച്ചമനുഷ്യമാംസം കത്തിയതിൻ്റെ രൂക്ഷഗന്ധമായിരുന്നു. വാഹനത്തിൻ്റെ മുൻ വാതിൽ തുറന്നു കിടപ്പുണ്ട്. അതിന് താഴെയായി മൊത്തം കരിഞ്ഞ മറ്റൊരു മനുഷ്യ ശരീരവും ആഗർബത്തിയിൽ പോൽ നീറിക്കൊണ്ടെയിരുന്നു.
വിവരമറിഞ്ഞെത്തിയ പമ്പ പോലീസ് വാഹനത്തിന് ദൂരെയായി ഒരു ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതിനാൽ ഊഹ കഥകൾക്ക് വിരാമമായി. കാര്യമറിഞ്ഞന്നേരം ഔദ്യോഗിക വാഹനത്തിൽ ഗുഡ്രിക്കൾ റേഞ്ച് ഓഫീസർ സാജു സാറും ജയപ്രകാശുമെത്തി. അർദ്ധരാത്രിയിൽ വിരലിലെണ്ണാവുന്ന ഞങ്ങൾ മനുഷ്യർക്ക് ആ വനമേഖലയിൽ ഒന്നും ചെയ്യാനില്ലാത്തതിനാൽ ഞങ്ങളേവരും താമസസ്ഥലത്തേക്ക് മടങ്ങി പോയി.
തിരിച്ചെത്തിയ എനിക്ക് ആശുപത്രികെട്ടിടം ഒരു ഏകാന്ത തടവറ പോലെ തോന്നി. സമയം രാത്രി 12.30 ആയിരിക്കുന്നു. മൂടിപ്പുത്തച്ച് ഉറങ്ങുവാൻ ഞാൻ ശ്രമിച്ചു. കണ്ണടച്ചാൽ മുന്നിൽ അഗർബത്തി പോലുള്ള അസ്ഥിരൂപം. പച്ച മാംസം കത്തിയത്തിൻ്റെ രൂക്ഷ ഗന്ധം നാസികളിൽ ഇടയ്ക്കിടെ വന്നു കൊണ്ടേയിരുന്നു. ഒരു ഭ്രാന്തനെപ്പോലെ ഞാൻ അലറിക്കരഞ്ഞു വിളിച്ചു. ആ അലർച്ച അന്തരീക്ഷത്തിൽ മുഴങ്ങുമ്പോഴും മറുതലക്കൽ മറുപടികളില്ല.
ബോധം പോയി ഉറങ്ങുവാൻ എന്തെങ്കിലും ചെയ്യണമെന്ന് ആലോചിക്കുമ്പോഴാണ് ജെപി യുടെ ഫോൺ വിളി എന്നെ തേടിയെത്തിയത്.
“സർ, ചോദിക്കുന്നത് ശരിയല്ല എങ്കിൽ ക്ഷമിക്കണം. സർ ഇന്നത്തേത് പോലെ ധാരാളം സംഭവങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാലും സാറിന് ഇന്നത്തെ ദിവസം ഒറ്റക്ക് ആശുപത്രിയിൽ കിടക്കുവാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഞങ്ങളുടെയൊപ്പം താമസിക്കാം. ഞാൻ വേണേൽ വണ്ടിയുമായി വരാം.”
ജെപി യുടെ ചോദ്യം കേട്ടെൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. “ദൈവമാണ് ജെപി യോട് ഇതെന്നോട് ചോദിക്കാൻ തോന്നിപിച്ചത്. പറ്റുമെങ്കിൽ നിങ്ങളുടെയോപ്പം എന്നെ ഇന്നൊരു രാത്രി താമസിക്കാൻ അനുവദിക്കണം” എന്ന് ഞാൻ പറഞ്ഞതും ജെപി വാഹനവുമായിയെത്തി.
എത്രയും വേഗം ആശുപത്രി പൂട്ടി ഞങ്ങൾ പ്ലാപ്പള്ളിയിലേക്ക് തിരിച്ചു. അവിടെയും എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല, കണ്ണടച്ചാൽ മുന്നിൽ ഒരേ കാഴ്ച മാത്രം. കണ്ണ് തുറന്നു ഞാൻ അങ്ങനെ കിടന്നു. രാത്രിയിപ്പോഴോ ജനലിനപ്പുറം ഒരു കാട്ടാന വന്നു. അവൻ കമ്പുകൾ ഒടിച്ചു ദേഹത്തടിച്ച് ഉണ്ടാക്കി കഴിക്കുന്ന ഒച്ചയും ശ്രദ്ധിച്ചങ്ങനെ കിടന്ന ഞാൻ എപ്പോഴോ മെല്ലെ ഉറങ്ങി.
രാവിലെ എഴുന്നേൽക്കുമ്പോൾ അവൻ അവിടം വിട്ട് കാട് കയറിയിരുന്നു. ഞാൻ കാർ എടുത്ത് നിലക്കലിൽ എത്തുമ്പോൾ അവിടെയൊരു ആൾക്കൂട്ടം തന്നെയുണ്ട്. അന്തരീക്ഷത്തിലെ രൂക്ഷഗന്ധം അപ്പോഴും മാറിയിട്ടില്ല. അവിടെ കയറാതെ ഞാൻ നേരെ ആശുപത്രിയിലേക്ക് പോയി.
ആശുപത്രിക്ക് മുന്നിലായി മൂന്ന് നാലു പേര് കുത്തിയിരിപ്പുണ്ട്. പരിച്ചിതമല്ലാത്തകാഴ്ച കണ്ട് ചർദിച്ചും ബോധം പോയവരുമാണവർ. ജീവനക്കാർ എത്താൻ സമയമായിട്ടില്ല. ഞാൻ അവർക്ക് മരുന്ന് നൽകി അയച്ച് ജീവനക്കാർക്കു വേണ്ടി കാത്തിരുന്നു. എങ്ങനെയൊക്കെയോ അന്നത്തെ ഡ്യൂട്ടി തീർത്ത് ആ കാട് വിട്ട് പുറത്തിറങ്ങി. ആ ദാരുണ സംഭവം എൻ്റെ ദിനചര്യകളൊക്കയും മാറ്റി. ഞാൻ നിലക്കലിൽ താമസിക്കാതെയായി.
കാലങ്ങൾ കൊഴിഞ്ഞ് പോകവേ ജീവിതത്തെ പിടിച്ചു കുലുക്കിയ ആ രാത്രി മെല്ലെ വിസ്മൃതിയിൽ ആണ്ടു പോയി. ഞാൻ ഇഷ്ടപെട്ട യാന്ത്രികമായ എൻ്റെ ദിനചര്യകൾ വീണ്ടും എന്നിലേക്ക് തിരിച്ചെത്തി. വർഷങ്ങൾക്കിപ്പുറം ഈ ചിത്രം കാണുമ്പോൾ നാസികളിൽ വീണ്ടും ആ അഗർബത്തിയുടെ രൂക്ഷഗന്ധം ശ്വാസം മുട്ടിക്കുന്നുണ്ട്. മനസ്സിലിപ്പോഴും ഒരു രാത്രി കൊണ്ട് അഗർബത്തി പോൽ കത്തിയമർന്നു വനത്തിനാകെയും അവരുടെ ഗന്ധം നൽകിയ ആ ആത്മാക്കളാണ്. ഇന്ന് വരെ ഞാൻ പേര് പോലും അന്വേഷിച്ചിട്ടില്ലാത്ത എനിക്കിന്നും അജ്ഞാതരായ ആ അഗർബത്തി ആത്മാക്കൾ.