നിങ്ങൾ ഒരു സെൽഫ് മെയ്ഡ് വ്യക്തിയാണോ?
റോബിൻ കെ മാത്യു
Behavioural Psychologist/Cyber Psychology Consultant
ഈയിടെയായി പലരും പറയുന്ന കേട്ട രണ്ടു കാര്യങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്.
1)ഞങ്ങൾ കുട്ടിയെ ഹോം സ്കൂൾ ചെയ്യാൻ തീരുമാനിച്ചു. കേരളത്തിൽ പോലും ഇപ്പോൾ ആളുകൾക്കു ഈ തീരുമാനം എടുക്കുന്നുണ്ട്.ഇതിൽ ഒരാളോട് ഞാൻ ഇത്രയും മാത്രം പറഞ്ഞു. നിങ്ങൾക്ക് നിങ്ങളുടെ കുട്ടിയോട് ചെയ്യാവുന്നതിൽ വച്ചു ഏറ്റവും വലിയ ദ്രോഹമാണ് ഇപ്പോൾ ചെയ്യുന്നത്.
“ഞാൻ പറയുന്നത് നിങ്ങൾ ശ്രദ്ധിക്കില്ല എന്നും എനിക്ക് നന്നായി അറിയാം. പക്ഷേ ഒരു മനുഷ്യനെന്ന നിലയ്ക്ക്, ഒരു മനശാസ്ത്രജ്ഞൻ എന്ന നിലയ്ക്ക് ഇത് പറയേണ്ടത് എന്റെ ധാർമിക ഉത്തരവാദിത്വമാണ്, കടമയാണ്”
ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ അവർക്ക് അത് കേൾക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല. കൂടുതൽ പറയാൻ ഞാൻ മെനക്കെട്ടതുമില്ല.പഠനം മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കിൽ,തീർച്ചയായും ഹോം സ്കൂളിംഗ് കൊണ്ടു ഒരു കുഴപ്പുമില്ല എന്നതാണ് സത്യം.കാരണം സ്ക്കൂളുകളിൽ പോയി പഠിക്കുന്നതിലും വളരെ ഭംഗിയായി ഇന്ന് ഓൺലൈനിൽ കാര്യങ്ങൾ പഠിക്കാം.അതും വളരെ കുറഞ്ഞു ചിലവിൽ.
ഞാൻ കോഴിക്കോട് IIM ൽ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ അവിടുത്തെ കുട്ടികൾ പറയുന്ന ഒരു കാര്യമുണ്ട്. IIM കൾ ,ISB തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് ഞങ്ങൾ എന്തെങ്കിലും സ്പെഷ്യൽ ആയി പഠിക്കുന്നത് കൊണ്ടോ,ഇവിടെ അധ്യാപകർ ഞങ്ങളെ എന്തെങ്കിലും പ്രതെയ്കിച്ചു പഠിപ്പിക്കുന്നത് കൊണ്ടോ അല്ല ഞങ്ങൾക്ക് നല്ല ജോലികൾ ലഭിക്കുന്നത് .പകരം ഈ ബ്രാൻഡ് മാത്രമാണ് ഞങ്ങളുടെ മിച്ചം.
വാസ്തവത്തിൽ ഈ ബ്രാൻഡിംഗ്,പിയർ ഗ്രൂപ്,സോഷ്യൽ സ്കിൽസ് ഡിവലപ്പ്മെന്റ് , ഇവയൊക്കെ തന്നെയാണ് സ്കൂളുകളുടെ പ്രധാന ആവശ്യം. അതായത് ഒരു കുട്ടി രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ വിദ്യാഭ്യാസം തുടങ്ങുകയാണ്. സ്കൂളിൽ പോകാൻ വേണ്ടി ഒരുങ്ങുന്നതും, തിരക്കുപിടിക്കുന്നതും ഭക്ഷണം പായ്ക്ക് ചെയ്യുന്നതും സ്കൂൾ ബസ്സിൽ ഒരുമിച്ച് യാത്ര പോകുന്നതും കൂടെയുള്ളവരുമായി ഇണങ്ങുന്നതും പിണങ്ങുന്നതും അസൂയപ്പെടുന്നതും വൈരാഗ്യം ഉണ്ടാകുന്നതും അവരോട് സ്നേഹവും പ്രണയവും ഒക്കെ തോന്നുന്നതും ഒക്കെ വിദ്യാഭ്യാസമാണ്.
അധ്യാപകരും അനധ്യാപകരും വഴിയിൽ കാണുന്നവരും വിനോദയാത്രകളും ഇടക്ക് ഉണ്ടാകുന്ന മുറിവുകളും വേദനകളും ക്യാമ്പുകളും എല്ലാം എണ്ണിയാലുടങ്ങാത്ത വിദ്യാഭ്യാസ ഘടകങ്ങളാണ്. ഇതിനെല്ലാം പുറമേയാണ് കലാകായിക സാംസ്കാരിക പ്രവർത്തനങ്ങളും ആഘോഷത്തിമിർപ്പും. ഇതൊക്കെ വേണ്ടെന്ന് വച്ചാലും ഇവിടുന്നൊക്കെ കിട്ടുന്ന സന്തോഷത്തിനു പകരമായി കുട്ടിക്ക് എന്തു നൽകാൻ നിങ്ങൾക്ക് സാധിക്കും. 14 വയസിൽ ലഭിക്കുന്ന ഒരു സന്തോഷം ഒരിക്കലും 40 വയസ്സിൽ ഉണ്ടാവില്ല. 14 വയസ്സിലെ വികാര തള്ളിച്ച ഒരിക്കലും നാൽപതു വയസ്സിലുണ്ടാവില്ല .നിങ്ങൾക്ക് ഇന്ന് കിട്ടേണ്ട സന്തോഷം ഇന്ന് തന്നെ കിട്ടണം.
മനുഷ്യൻ പരിണമിച്ചുണ്ടായത് തന്നെ ഒരു സമൂഹ ജീവിയായായാണ്.ഈ ബന്ധങ്ങൾ മുഴുവനാണ് ഹോം സ്കൂളിങ് മൂലം നഷപ്പെടുന്നത്.അത് പോരാതെ കുട്ടികൾ ഈ പ്രായത്തിൽ ആർജ്ജിച്ചെടുക്കേണ്ട ക്ഷമ,കരുതൽ,സഹാനുഭൂതി,സഹൃദം,ശാരീരീക വ്യായാമങ്ങൾ,വിനോദ യാത്രകൾ, ബന്ധങ്ങളുടെ ഊഷ്മളത ,എതിർ ലിംഗത്തിന്റെ വൈകാരികത മനസ്സിലാക്കുവാനുള്ള കഴിവ്,അവരുടെ മനശ്ശാസ്ത്രപരവും,ശാരീരികുമായ മാറ്റങ്ങളെ കുറിച്ചുള്ള അറിവുകൾ ,മറ്റുള്ളവരുടെ മുൻപിൽ തിളങ്ങുവാനുള്ള പ്രചോദനം,അവശ്യം വേണ്ട സോഷ്യൽ സ്കിൽസ് അങ്ങനെ നഷ്ട്ടപെടുന്ന നൂറു കൂട്ടം കാര്യങ്ങളാണ് ഈ വീട്ടു വിദ്യാഭ്യാസത്തിൽ നഷ്ടമാകുന്നത്.
എല്ലാത്തിനും ഉപരി മാതാപിതാക്കന്മാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ,അവരുടെ സമയം കവർന്നെടുക്കൽ,പഠനത്തിലേക്ക് മാത്രമുള്ള ചുരുങ്ങൽ,ശാരീരിക വ്യായാമത്തിന്റ കുറവ്,മാനസിക ഉല്ലാസത്തിന്റെ കുറവ് ,കടുത്ത കുടുംബ സമ്മർദം ഇവയെല്ലാം കൂടി ഹോം സ്ക്കൂളിങ് കുട്ടികളുടെ ജീവിതം നരകമാകുന്നു,മാതാപിതാക്കന്മാരുടെയും.
2)ഞാനൊരു സെൽഫ് മെയിഡ് മനുഷ്യനാണ് .വാസ്തവത്തിൽ ആരും സ്വയംഭൂ അല്ല. നിങ്ങൾ ജനിച്ചത് തന്നെ പലരുടെയും അധ്വാനം കൊണ്ടാണ്.ജനിച്ചു വീണ ദിവസം നിങ്ങളെ കയ്യിലെടുത്ത ഡോക്ക്റോ/നേഴ്സോ ഉൾപ്പെടെ അനേകായിരങ്ങൾ താങ്ങി നിർത്തിയതുകൊണ്ട് തന്നെയാണ് നിങ്ങൾ ഇന്ന് ജീവിച്ചിരിക്കുന്നത്.നിങ്ങളുടെ വളർച്ചയുടെ ഓരോ ദിവസവും നിങ്ങൾ ആരുടെയൊക്കെ സഹായം സ്വീകരിചിട്ടുണ്ട്.
നിങ്ങളുടെ കയ്യിൽ ഇരിക്കുന്ന ഫോൺ തന്നെ എത്രയോ ലക്ഷക്കണക്കിന് ആളുകളുടെ പ്രയത്നമാണ്.നിങ്ങളുടെ കൂടെ പഠിച്ചവർ ആരാണ്,അവർ ഇപ്പോൾ ഏതു അവസ്ഥയിലാണ് ,അവർ എത്രത്തോളം സഹായികളാണ് എന്നിവയൊക്കെ അനുസരിച്ചു തന്നെ ഇരിക്കും നിങ്ങളുടെ ജീവിത വിജയം.കഴിവ് എന്ന് പറയുന്നത് രണ്ടാമത്തെ കാര്യം മാത്രമാണ്.ആദ്യത്തെ പരാമീറ്റർ എന്നത് നമ്മുടെ സാചര്യങ്ങൾ തന്നെയാണ്.