തള്ളിന്റെ സാമൂഹിക മനഃശാസ്ത്രം

0
156

റോബിൻ കെ മാത്യു

“വീട്ടിൽ വളർത്തിയിരുന്ന കടുവയുടെ പല്ല് തേച്ചാണ് ഞാൻ ആദ്യം പല്ലു തേക്കാൻ പഠിക്കുന്നത്.പിന്നീട് ബോറടിക്കുമ്പോൾ വീടിനടുത്തുള്ള വനത്തിൽ പോയി മുതലകളും സിംഹങ്ങളുമായി വഴുക്കുണ്ടാക്കും.ഞാൻ അവർക്കൊരു ശല്ല്യമായിരുന്നു.ഒരു വയസുള്ള എന്നെ എന്റെ അപ്പൻ നെഹ്‌റു സ്റ്റേഡിയത്തിനു ചുറ്റും ഓടിക്കും ,അതിനുശേഷം മടുത്തു വരുമ്പോൾ കുമരംപുഴയിലെ കയത്തിലോട്ട് എടുത്തെറിയും.അത് നീന്തി കടന്ന് ഞാൻ ഉണ്ണിയാർച്ചയുടെ …ഛെ …അല്ലെങ്കിൽ അത് വേണ്ട..”

തള്ളിന്റെ സാമൂഹിക മനഃശാസ്ത്രം.

കുരുക്ഷേത്ര യുദ്ധത്തിന്റെ പതിനേഴാം ദിവസം യുധിഷ്ഠിരനാൽ അപമാനിക്കപ്പെടുന്ന അർജ്ജുനൻ ജ്യേഷ്ഠനെ വധിക്കുവാൻ തുനിയുന്നു.എന്നാൽ ശ്രീകൃഷ്‌ണന്റെ നിർദേശപ്രകാരം “കടുത്ത വാക്കുകൾ ” ഉപയോഗിച്ച് അദ്ദേഹത്തെ വധിച്ചതായി വരുത്തുന്നു. ജ്യേഷ്ഠനെ വധിച്ച ആൾ ആത്മഹത്യ ചെയ്യണം എന്നാണ് പ്രമാണം. അങ്ങനെ ആത്മഹത്യക്ക് തുല്യമായ ഒരു നടപടിയായി ശ്രീകൃഷ്‌ണൻ പാർത്ഥന് പറഞ്ഞു കൊടുക്കുന്ന ഉപായമാണ് ആത്മപ്രശംസ. അങ്ങനെ അർജ്ജുൻ സ്വന്തം മാഹാത്മ്യം എണ്ണി എണ്ണി പറഞ്ഞു സ്വയം പുകഴ്ത്തുന്നു.” “നീ ഇപ്പോൾ ആത്മഹത്യ ചെയ്തതിന് തുല്ല്യമായി എന്ന് ശ്രീകൃഷ്ണൻ പറയുന്നു.

നോർത്ത് അമേരിക്കയിൽ ജോലിക്ക് ഇന്റർവ്യൂലും ,ജോലി സ്ഥലത്തും ഏഷ്യൻ വംശജർ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശനമുണ്ട് .നമ്മുടെ തന്നെ കഴിവുകളെ കുറിച്ചും നേട്ടങ്ങളെയും കുറിച്ച് ഏഷ്യക്കാർക്ക് ആത്മവിശ്വാസത്തോടെ പറയുവാൻ സാധിക്കാതെ വരുന്ന അവസ്ഥ. ഇവിടെ ആത്മവിശ്വാസത്തോടെ എന്ന് പറയുന്നത് നിസ്സാര കാര്യമൊന്നുമല്ല. റോക്കറ്റു ഉണ്ടാക്കുവാൻ അറിയാമോ എന്ന് ചോദിച്ചാലും ഇന്നലെ ഞാൻ മൂന്ന് മിസൈൽ ഉണ്ടാക്കിയിട്ടാണ് ഉറങ്ങാൻ കിടന്നത് എന്ന് ഒരു സങ്കോചവുമില്ലാതെ തള്ളുവാനുള്ള കഴിവിനെയാണ് ഇവർ ആത്മവിശ്വാസം എന്ന് വിളിക്കുന്നത്.

തന്റെ കഴിവുകൾ ,നേട്ടങ്ങൾ,താൻ ചെയ്ത ജീവകാരുണ്യ പ്രവർത്തങ്ങൾ ഇവയൊക്കെ സ്വന്തമായി വല്ല്യ കാര്യമായി പറയുന്നത് ഒരു വില കുറഞ്ഞ രീതിയായി തന്നെയാണ് ഏഷ്യൻ വംശജർ കരുതുന്നത്.എന്നാൽ അമേരിക്കൻ സംസ്ക്കാരത്തിൽ എന്ത് മണ്ടത്തരവും വളരെ ആത്മവിശ്വാസത്തോടെ പറയുന്നത് വല്ല്യ ഒരു മേന്മയായിട്ടാണ് കരുതുന്നത്. അത് കൊണ്ട് തന്നെ നല്ല കഴിവുള്ള പല ഏഷ്യക്കാരും ഈയൊരു “കഴിവുകേടിന്റെ” പേരിൽ പിന്തള്ളപ്പെടാറുമുണ്ട്.തള്ളാൻ കഴിവുള്ള പല പൊങ്ങു തടികളും ജോലിയിൽ കയറി കൂടി അവിടെയിരുന്നു കാര്യങ്ങൾ പഠിച്ചു ,അവിടെ പറ്റി കൂടാറുമുണ്ട്.

സൗത്ത് ഇന്ത്യക്കാരെ അപേക്ഷിച്ചു നോർത്ത് ഇന്ത്യക്കാർക്ക് തള്ളാൻ അത്ര മടിയില്ല .മലയാളികൾ പൊതുവെ ഈ തള്ളലിനെ വളരെ മോശമായിട്ട് തന്നെയാണ് കരുതുന്നതും. ആത്മപ്രശംസ ഒരു ഹീന പ്രവർത്തിയാണ് എന്ന ചിന്ത തന്നെയാണ് നമ്മുടെ ബോധതലത്തിലുള്ളത് . നമ്മുടെ ട്രോളുകൾ തന്നെ “തള്ളലിനെ ” നമ്മൾ എത്ര അവമതിക്കുന്നു എന്നതിന്റ ലക്ഷണമാണ് .