മലയാളിയെന്ന് കേൾക്കുമ്പോൾ സാഹോദര്യം കാണിച്ചവരിൽ വിദേശികൾ അനവധിയുണ്ട്, ഒരു നോർത്തിന്ത്യക്കാരൻ പോലുമില്ല

0
243

Dr Robin K Mathew

നോർത്ത് അമേരിക്കയിൽ ഒരു ഫ്രഞ്ച് ഡോക്ടറുടെ ക്ലിനിക്കിൽ പോയപ്പോൾ ഉണ്ടായ ഒരു അനുഭവം.അദ്ദേഹത്തിന് ഇംഗ്ലീഷ് തന്നെ പരിമിതമാണ്.ഞാൻ എവിടെ നിന്നാണ് വരുന്നത് എന്ന് അദ്ദേഹം തിരക്കി.ഇന്ത്യ എന്ന് പറഞ്ഞപ്പോൾ ,ഏതു ഭാഗം എന്നായി.ഡൽഹി ,ബോംബെ തുടങ്ങിയ നഗരങ്ങൾക്കപ്പുറം ഒരു സ്ഥലത്തെ കുറിച്ച് അദ്ദേഹത്തിന് യാതൊരു അറിവുമുണ്ടാകുവാൻ വഴിയില്ല എന്ന ഉറപ്പിച്ച ഞാൻ പറഞ്ഞു.ഞാൻ ഇന്ത്യയുടെ ദക്ഷിണ അറ്റത്തു നിന്നാണ് വരുന്നത്..ഡോക്ക്റ്റർ വീണ്ടും ചോദിച്ചു.”കാരലീന എന്നൊരു സ്ഥലമില്ലേ അവിടെ..ഇന്ത്യയിലെ മറ്റുള്ള ആളുകളെ പോലെയല്ല അവർ എന്ന് കേട്ടിട്ടുണ്ട്.വളരെ പഠിച്ചവർ.വളരെ മനോഹരമായ സ്ഥലം.അവിടെ അടുത്ത വർഷം പോകണം എന്ന് ഭാര്യ പറയുന്നു.” അദ്ദേഹം പറഞ്ഞ ഈ കാരലീന എന്റെ കേരളമാണ് എന്ന് ഞാൻ അഭിമാനത്തോടെ പറഞ്ഞു.

ഇതെന്റെ ഒറ്റപ്പെട്ട അനുഭവം അല്ല.ഇന്ത്യക്ക് പുറത്തു പല രാജ്യക്കാർ കേരളം എന്നൊരു സ്ഥലം ഇല്ലേ എന്ന് എന്നോട് ചോദിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു ജർമ്മൻ സായിപ്പ് കേരളത്തിൽ എവിടെയാണ് എന്ന് ചോദിച്ചു.കേരളത്തിലെ പല സ്ഥലങ്ങളെയും കുറിച്ച് അയാൾക്ക് നല്ല വിവരമാണ്. മലയാളി എന്ന് കേൾക്കുമ്പോൾ സാഹോദര്യം കാണിച്ച ആളുകളിൽ ഒരു നോർത്ത് ഇന്ത്യക്കാരൻ പോലുമില്ല.പക്ഷെ നമ്മൾ ശത്രുവായി കാണുന്ന പാക്കിസ്ഥാനികൾ പലപ്പോഴും നമ്മൾ ഇന്ത്യക്കാർ ആണ് എന്ന് പറയുമ്പോൾ ആപ് മേരാ ഭായി ഹേ ” എന്ന് പറഞ്ഞിട്ടുണ്ട്.ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയാണോ എന്ന് ചോദിച്ചിട്ടല്ല അവർ എന്നെ സഹോദരനായി കാണാൻ തീരുമാനിച്ചത്.പല ആഫ്രിക്കൻ വംശജർക്കും ഇതേ അഭിപ്രായമാണ്.

ഇതിന്റെ മറുവശം – ഇന്ത്യക്ക് പുറത്തു നല്ല രീതിയിൽ തന്നെ ഞാൻ വിവേചനം അനുഭവിച്ചിട്ടുണ്ട്.അത് നോർത്ത് ഇന്ത്യക്കാരിൽ നിന്നാണ്.എന്റെ കൂടെ പഠിച്ച പഞ്ചാബിക്ക് കേരളം എന്നൊരു സംസ്ഥാനം ഉണ്ട് എന്നും ,ഞങ്ങൾ തമിഴ് അല്ല സംസാരിക്കുന്നത് എന്നും ,ഞങ്ങളുടെ സംസ്ഥാനത്തിന്റെ പേര് മദ്രാസ് എന്നല്ല എന്നും ഞാൻ പറഞ്ഞു മനസിലാക്കേണ്ടി വന്നിട്ടുണ്ട്.ഗുജറാത്തികൾ,പഞ്ചാബികൾ ,ഡെൽഹിക്കാർ -ഇവരുടെ ഒക്കെ പ്രശ്നം ഒന്നാണ്-മല്ലൂസ് (കുരങ്ങു എന്നാണ് ഇതിന്റെ അർത്ഥം എന്നറിയാതെ നമ്മൾ ആ വിളിയൊരു ആഭരണം പോലെ കൊണ്ട് നടക്കുന്നു.) കേരളം മുഴുവൻ മുസ്ലിങ്ങൾ ആണ്.പിന്നെ ക്രിസ്ത്യാനികളും,കമ്മ്യൂണിസ്റ്റുകാരും ,,അവർ പശുവിനെ തിന്നുന്നവരാണ്..(ഇതെല്ലാം ഉള്ള അമേരിക്കയിലോ,മറ്റു പാശ്ചാത്യ രാജ്യങ്ങളിലോ,ഗള്ഫിലോ താമസിക്കുന്നതിന് ഇതൊന്നും ഇവർക്ക് തടസ്സമാകുന്നില്ല .)

കേരളത്തിൽ ഒരു ബോംബ് വീണാലും ഒരു കുഴപ്പമില്ല എന്നൊരു Hate ക്യാമ്പയിൻ ഒരു കാലത്തു സമൂഹ മാധ്യങ്ങളിൽ പ്രചരിച്ചിരുന്നത് ഓർക്കുമല്ലോ. കേരളം നശിക്കണം എന്ന് കരുതുന്നവരെ നമ്മൾ ഒറ്റപ്പെടുത്തണം. പ്രളയം കൂട്ടിച്ചേർത്ത,നിപ്പയെ അതിജീവിച്ച ,കൊറോണ എന്ന ലോകത്തിലെ ഏറ്റവും വല്യ വില്ലനോട് ,ലോകരാജ്യങ്ങളെ അസൂയപെടുത്തികൊണ്ടു ഇന്ന് വരെ പൊരുതിയ നമ്മളിലെ സാഹോദര്യം എന്ന പരമമായ മൂല്യം നമ്മക്ക് അഭങ്കുരം കാത്തു സൂക്ഷിക്കാം.

കൊറോണ എന്ന കുഞ്ഞൻ ഭീകരനെക്കാളും നമ്മൾ ഭയക്കേണ്ട മറ്റു ചിലതുണ്ട് . കേരളം നശിക്കണം എന്ന് ആഗ്രഹിക്കുന്ന കേരളത്തിന് പുറത്തുള്ളവരും അകത്തുള്ളവരും ആണത് .ഒരു രാജ്യത്തു നിന്ന് ആ രാജ്യം നശിക്കണം എന്നു ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രചാരണം അഴിച്ചുവിടുന്നവരെയും ആണല്ലോ രാജ്യദ്രോഹികൾ എന്ന് പറയുന്നത്. സ്വന്തം സംസ്ഥാനം നശിക്കണം എന്ന് പറയുന്നവരെയും അതിനുവേണ്ടി പ്രചരണം അഴിച്ചുവിടുന്നവരെയും സംസ്ഥാന ദ്രോഹികൾ എന്ന് വിളിച്ചു കൂടെ?

പുറത്തുള്ളവരെ കൊണ്ട് നമുക്ക് വലിയ ഉപകാരവും ഉപദ്രവവും ഇല്ല. പക്ഷേ കേരളത്തെ വെറുക്കുന്ന മലയാളികൾക്ക് ദയവായി മറ്റു സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് ഉത്തർപ്രദേശിൽ പോയി സന്നദ്ധസേവനം ചെയ്യാൻ ഉള്ള അനുവാദവും അവകാശവും സർക്കാർ കൊടുക്കണം.കേരളം ആരോഗ്യരംഗത്തു കൈവരിച്ച ഈ നേട്ടത്തെ കുറിച്ച് വാഷിംഗ്ടൺ പോസ്റ്റ് ,ബിബിസി തുടങ്ങിയ ലോക മാധ്യമങ്ങൾ വാഴ്ത്തുമ്പോൾ അതിൽ അസൂയപൂണ്ടവർ പലതും ചെയ്തു തുടങ്ങിയിട്ടുണ്ട്.അസൂയയും വെറുപ്പും കൊറോണയെക്കാളും ഭയാനകം തന്നെ.