നിങ്ങളറിയാത്ത നിങ്ങളിലെ ഡിജിറ്റൽ സൈക്കോപാത്ത്
റോബിൻ കെ മാത്യു
കഴിഞ്ഞ ദിവസം ഒരു വീഡിയോ ശ്രദ്ധയിൽപ്പെട്ടു. ഞാൻ ടോപ് സിംഗർ എന്ന ഫ്ലവേഴ്സ് ടിവിയിലെ പ്രോഗ്രാം വളരെയേറെ ആസ്വദിക്കുന്ന ഒരു വ്യക്തി ആയതു കൊണ്ടാണ് യൂട്യൂബിൽ ഇത് നോട്ടിഫിക്കേഷൻ ആയി വന്നത്. ഈ വിഡിയോയിൽ ഒരു സ്ത്രീ എട്ടു വയസ്സുള്ള ഒരു മത്സരാർത്ഥി പെൺകുട്ടിയെ പറ്റി വളരെ മോശമായ, പൊളിറ്റിക്കലി കറക്റ്റ് അല്ലാത്ത ഒരു വാക്ക് ഉപയോഗിച്ച് ഒരു വീഡിയോ ഇട്ടിരിക്കുകയാണ്. ഈ കുട്ടി ഭാവിയിൽ ഒരു ദോഷം ആകുമെന്നും ഇവരുടെ മാതാപിതാക്കന്മാരുടെ കുഴപ്പമാണ് എന്നൊക്കെ പരാമർശം ഉണ്ട്.
എട്ടു വയസ്സുള്ള ഒരു കുട്ടി ജഡ്ജസിനോട് പറഞ്ഞ എന്തോ ഒരു കുറുമ്പിന്റെ പേരിലാണ് ഈ കുട്ടിയെ ഇവർ ഇത്രയും മോശമായി സമൂഹമാധ്യമങ്ങളിലൂടെ മുറിപ്പെടുത്തുന്നത്.ഒരു വീഡിയോ തന്നെ അതിനു വേണ്ടി മാത്രം ഉണ്ടാക്കി ഇടുന്നത്. നിയമപ്രകാരം പല വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസെടുക്കാവുന്നതും ആണ്.ഞാൻ അതിലെ കമന്റുകൾ വായിച്ചു.ആ കുട്ടിയെ കരുതലോടെ തന്നെയാണ് ഭൂരിപക്ഷവും ചേർത്ത് പിടിക്കുന്നത്. കുട്ടികൾ തിരുത്തപ്പെടുക തന്നെ വേണം. എന്നാൽ അത് സമൂഹമാധ്യമത്തിൽ വച്ച് അതിക്രൂരമായി മുറിവേൽപ്പിച്ചു കൊണ്ടല്ല.
എല്ലാ ജീവികളുടെയും കുഞ്ഞുങ്ങളോട് സ്വാഭാവികമായി തന്നെ നമുക്ക് ഒരു വാത്സല്യം തോന്നും. ഓമനിക്കാൻ തോന്നുന്ന രീതിയിൽ ഉള്ള ശരീരപ്രകൃതിയും അവരുടെ പെരുമാറ്റവും നമ്മെ അവരെ സ്നേഹിക്കാൻ സംരക്ഷിക്കാൻ പെരിപ്പിക്കുന്നു. ഇത് പരിണാമപരമായ ഉണ്ടായ ഒരു അഡ്വാൻറ്റേജ് ആണ്. ഇത് അവരെ അതിജീവിക്കാൻ സഹായിച്ചു.
വിദേശത്ത് സൈബർ സൈക്കോളജി പഠിച്ചു ,ജോലിക്ക് ആ മേഖലയിൽ ആദ്യമായി എനിക്ക് അനുവദിച്ചു കിട്ടിയ വകുപ്പ് സൈബർ ബുള്ളിയിങ്ങാണ് . താരതമേന്യ അപ്രധാനം എന്ന് ഞാൻ കരുതിയിരുന്ന വകുപ്പ്. വാസ്തവത്തിൽ ആ മേഖല വളരെ ഭീകരമാണ് എന്ന് പിന്നീട് മനസിലായി. സോഷ്യൽ മീഡിയയിൽ നമ്മൾ കുറിക്കുന്ന ഓരോ വാക്കും എത്ര മോശമായി ബാക്കിയുള്ളവരെ ബാധിക്കാമെന്ന് കാര്യത്തെ പറ്റി നമുക്ക് ധാരണ ഒന്നുമില്ല.
മറ്റു ഏത് രാജ്യത്തേക്കാളും കൂടുതൽ സൈബർ ബുള്ളിയിങ് ഉള്ളത് ഇന്ത്യയിലാണ് എന്നാണ് വിദേശ ഏജൻസികൾ പറയുന്നത്.അന്യനെ കുറിച്ചുള്ള കരുതൽ എന്ന ജനാധിപത്യ മര്യാദയെ കുറിച്ച് കേട്ടുകേൾവി പോലുമില്ലാത്ത നമ്മുടെ രാജ്യത്തു ഇങ്ങനെ സംഭവിച്ചില്ലെങ്കിൽ മാത്രമേ അതിശയമുള്ളു. പക്ഷേ നമ്മുടെ സർക്കാരുകൾ ഇത് അറിഞ്ഞ ലക്ഷണം പോലും ഇല്ല. എന്നാൽ അമേരിക്കയിലും കാനഡയിലും അവരുടെ പ്രധാന പ്രശ്നങ്ങളിൽ ഒന്നായി സർക്കാരുകൾ ഇത് കാണുന്നുണ്ട്.
ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു. TED Talk ആണ്. മോണിക്കാ ലെവിൻസ്കി നടത്തിയത്.സൈബർ ബുള്ളിയിങ്ങിന്റെ ആദ്യത്തെ ഇരയാണ് അവർ. ശരിക്കും ഓരോ വ്യക്തിയും ഇത് കേട്ടിരിക്കണം നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ക്രൂരത എത്രയാണെന്ന് അപ്പോൾ മനസ്സിലാവും. യു.എസിലും യു.കെയിലും നടത്തിയ ഒരു പഠനത്തിന്റെ റിപ്പോർട്ട് നോക്കൂ. നേരിട്ടുള്ള ബാലപീഡനത്തെക്കാൾ കുട്ടികൾക്ക് ഓൺലൈൻ ബുള്ളിയിങ് വളരെ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്.ഇങ്ങനെ ഓൺലൈൻ ബുള്ളിയിങ്ങിന് ഇരയായ ഒരാൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ബാലപീഡനത്തിന്റെ ഇരയേക്കാൾ നാലിരട്ടി കൂടുതലാണത്രേ.ഈ മേഖലയിൽ വർക്ക് ചെയ്യുന്ന സമയത്ത് ഇത്തരത്തിലുള്ള നാല് ആത്മഹത്യാ ശ്രമങ്ങൾ ആണ് കൈകാര്യം ചെയ്യേണ്ടി വന്നത്.
ടോപ് സിംഗറിലേക്ക് തന്നെ വരാം. സീസൺ ടൂവിൽ ഉദയം ചെയത് രണ്ട് താരങ്ങളാണ് മിയ, മേഘ്ന എന്ന് രണ്ട് കുട്ടികൾ.ആറു വയസു തികയാത്ത മിയ കുട്ടി MG ശ്രീകുമാറിനെ പാട്ടുപഠിപ്പിക്കുന്ന വിഡിയോ ബിബിസി പോലും പരാമർശിക്കുകയുണ്ടായി.ഇവൽ മേഘ്ന കുട്ടി ഒരു ചൈൽഡ് പ്രൊഡിജിയാണ്,ബഹുമുഖ പ്രതിഭയുമാണ് . ആ കുട്ടിയുടെ ഒരു ഇൻറർവ്യൂൽ ആ കുട്ടി തന്നെ പറഞ്ഞതാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് എന്റെ അച്ഛനാണ് നോക്കുന്നതെന്നും എന്നെ അതൊന്നും കാണിക്കാറില്ലെന്നും .ആ കുട്ടിയുടെ അച്ഛനോടു എനിക്ക് വളരെയേറെ ബഹുമാനം തോന്നിയ നിമിഷം .കാരണം മേഘ്ന KS ചിത്രയെന്ന ഇന്ത്യയിലെ എക്കാലത്തെയും നല്ല ഗായികൊപ്പം വേദി പങ്കിടുന്ന ഒരു വീഡിയോയുടെ താഴെ ആ കുട്ടിയെ പറ്റി നെഗറ്റീവ് കമൻറ് ഇട്ടിരിക്കുന്ന ആൾക്കാരെ ഞാൻ ശ്രദ്ധിച്ചു. അതും സ്ത്രീകളാണ് .ഇവർക്ക് ഇത് എങ്ങനെ സാധിക്കുന്നു എന്നത് എന്നിക്ക് മനസിലാവുന്നില്ല .
കൊച്ചുകുട്ടികളെ നിരന്തരം പീഡിപ്പിക്കുന്ന ക്രൂരഗാഥകളായ സീരിയലുകൾ ഒരുതരത്തിലും സെൻസർ ചെയ്യപ്പെടാതെ സംപ്രേക്ഷണം ചെയ്യപ്പെടുന്നു.ഒരാൾ ബീഡി വലിച്ചാൽ പോലും എഴുതി കാണിക്കുന്ന സെൻസർ ബോർഡ് ആണ് നമുക്ക് ഉള്ളത് .സ്ത്രീകൾ മറ്റു സ്ത്രീകളെയും കുട്ടികളെയും നിരന്തരം പീഡിപ്പിക്കുന്ന ഈ തിന്മയുടെ ബി നിലവറ തുറക്കുന്നത് കാണാൻ ഒരു ആചാരം പോലെ വളരെ സന്തോഷത്തോടു സ്ത്രീകൾ ടിവിക്ക് മുൻപിൽ എത്തും .
കുറെ വർഷം മുമ്പ് 10 വയസ്സുള്ള ഒരു പെൺകുട്ടിയെ ഒരു ആരാധനാലയത്തിൽ അതിക്രൂരമായി ബലാൽസംഗം ചെയ്തു കൊന്നു. അന്ന് ഒരു സ്ത്രീ ഇട്ട് പോസ്റ്റ് ഇപ്പോഴും ഓർക്കുന്നു.” നിങ്ങൾ ഇത് മാത്രമേ കാണൂ, കാശ്മീരിലെ മറ്റു കാര്യങ്ങൾ കാണുന്നില്ലേ “. പ്രൊഫൈൽ നോക്കിയപ്പോഴാണ് ശരിക്കും അമ്പരപ്പുണ്ടായത് .ആ സ്ത്രീ ഒരു സ്കൂൾ ടീച്ചർ ആണ് .അവർക്ക് ആ പ്രായത്തിലുള്ള ഒരു കുട്ടിയും ഉണ്ട്. ഒരു യഥാർത്ഥ ജീവിതത്തിൽ ഒരു വ്യക്തി നമ്മുടെ മുഖത്ത് നോക്കി പറയുന്ന നെഗറ്റീവ് ആയിട്ടുള്ള കമന്റിനെ അപേക്ഷിച്ചു പതിൻ മടങ്ങ് ദോഷം ചെയ്യും സോഷ്യൽ മീഡിയയിലൂടെ ഉള്ള അവഹേളനം .വിവേകം ഇല്ലാത്ത പ്രായത്തിൽ കുട്ടികൾ ഇത് ഒരു ദയാ ദാക്ഷിണ്യവും ഇല്ലാതെ ചെയ്യുന്നുണ്ട് എന്നുള്ളതാണ് അതിഭീകരമായ അവസ്ഥ .
സൈബർ ലോകത്ത് വാസ്തവത്തിൽ നമ്മൾ നമ്മളിലെ വളരെ മോശം വ്യക്തിത്വം പുറത്തുവരുന്നു.അതായത് യഥാർത്ഥ ലോകത്തുള്ള ഒരു മനുഷ്യനെക്കാളും വളരെ മോശം വ്യക്തിയായി, നമ്മൾ രൂപാന്തരം പ്രാപിക്കുന്നു. “സൈബർ പരകായ പ്രവേശം” എന്ന പുസ്തകത്തിൽ 17 അധ്യായങ്ങളിലായി ഇതിനെപ്പറ്റി വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്. നമുക്ക് സമൂഹമാധ്യമങ്ങളിൽ കൂടുതൽ കരുണയും സഹിഷ്ണുതയും ഉള്ളവരായിരിക്കാം. ഇന്ന് ഓൺലൈനായി തേജോവധം ചെയ്യപ്പെടുന്ന വ്യക്തി മറ്റൊരാളാണെങ്കിൽ നാളെ ആ വ്യക്തി നിങ്ങൾ തന്നെയിരിക്കാം.