ഇന്ത്യയിൽ ഒരു ഗ്രാമം എരിഞ്ഞടങ്ങാൻ ഒരു വാട്സ്ആപ്പ് സന്ദേശം മതി

0
409
Dr Robin K Mathew
സാധാരണഗതിയിൽ ആരോഗ്യവാനായ ഒരു വ്യക്തി, അയാൾക്ക് തന്റെ ശരീരത്തിലെ ഒരു ഭാഗം പ്രത്യേകിച്ച് കാൽ തന്റെ ശരീരത്തിന് ഭാഗമല്ല എന്ന് തോന്നൽ ഉണ്ടാകുന്ന ഒരു നാഡി രോഗ അവസ്ഥയുണ്ട്. ബോഡി ഇന്റെഗ്രിറ്റി ഐഡന്റിറ്റി ഡിസോർഡർ എന്നൊരു രോഗാവസ്ഥയാണിത്. .എന്തോ ഒരു അബദ്ധത്തിൽ തങ്ങളുടെ ശരീരത്തിൻറെ ഭാഗമായി മാറിയ ഈ ശരീരഭാഗം എങ്ങനെയെങ്കിലും അടർത്തി മാറ്റണം എന്ന ചിന്ത ഇവരെ നിരന്തരം വേട്ടയാടും. ഈ അവസ്ഥയുടെ പാരമ്യത്തിൽ അവർ കൈകാലുകൾ സ്വന്തമായി മുറിച്ചു മാറ്റാൻ ശ്രമിക്കുകയും ,സാരമായി തന്നെ മുറിവേറ്റ ഈ ഭാഗം അവസാനം ശസ്ത്രക്രിയയിലൂടെ മാറ്റേണ്ടതായി വരുകയും ചെയ്യും.
ഇതൊരു മനോരോഗമാണ് എന്ന് പറഞ്ഞുകൂടാ. ഈ രോഗമുള്ളവർക്ക് ഇടത്തെ കാൽ മുറിച്ചു കളയുവാനാണ് തോന്നുക.മസ്തിഷ്കത്തിലെ വലത് പരിറ്റൽ ലോബിൽ സംഭവിക്കുന്ന ക്ഷതം ആയിരിക്കാം ഇങ്ങനെ ഒരു അസ്വസ്ഥതയ്ക്ക് കാരണമെന്നാണ് വൈദ്യസമൂഹത്തിന്റെ നിഗമനം. അപൂർവ്വം ചില കേസുകളിൽ തങ്ങളുടെ ശരീരഭാഗം മുറിച്ചുമാറ്റപ്പെട്ടു എന്ന ചിന്ത ചിലർക്ക് ലൈംഗിക ഉത്തേജനം പ്രധാനം ചെയ്യുന്നു.
ഇതുപോലെതന്നെയാണ് തൻറെ രാജ്യത്തുള്ള കുറച്ചു ന്യൂനപക്ഷങ്ങൾ തങ്ങളുടെ രാജ്യത്തിൽ പെട്ടവരല്ല എന്നും അവർ തങ്ങൾക്കെതിരാണ് എന്നും ,അവർ രാജ്യദ്രോഹികളാണ് എന്നുമുള്ള ചിന്ത ഒരു ഭൂരിപക്ഷ സമൂഹത്തിൽ ഉടലെടുക്കുന്നത്..വംശീയ ഉന്മൂലങ്ങളുടെ മനശാസ്ത്രം ഉടലെടുക്കുന്നത് സമൂഹത്തിന്റെ ഈ അപര ബോധത്തിൽ നിന്നാണ്.വംശീയ കലാപങ്ങൾക്ക് ഇറങ്ങി തിരിക്കുകയും,അതിന് തിരി കൊളുത്തുകയും ചെയ്യുന്ന ആളുകളെ ഭരിക്കുന്നത് ഗോത്ര വർഗ്ഗ മനോഭാവങ്ങളാണ്.ഈ മനോഭാവമാകട്ടെ തന്റെ ഗോത്രത്തിന് പുറത്തുള്ളവരെയെല്ലാം ശത്രുക്കളായി കാണുവാൻ പ്രേരിപ്പിക്കുന്നു,.
ന്യൂറോ സൈക്കാട്രിസ്റ്റ് ഡോ.ഏറ ദത്തയുടെ അഭിപ്രായത്തിൽ ഈ ഗോത്രീയ മനോഭാവം മനുഷ്യനെ ഗുഹാ മനുഷ്യന്റെ അവസ്ഥയിലേയ്ക്ക് എത്തിക്കുന്നു.തന്റെ ചുരുങ്ങിയ അതിർത്തി പ്രദേശത്തേക്ക് കടന്നു വരുന്നവരെ നിഷ്ക്കരുണം വധിക്കുവാനാണ് ഈ സമയത്തുള്ള ചോദന.
ഇതിൽ ഇരയാകുന്നവർ ,ഭൂരിപക്ഷ ഗോത്രത്തിന് പുറത്തുള്ളവരാണ്. ഈ പരദേശീസ്‌പര്ദ്ധ (Xenophobia) തങ്ങളുടെ ഗോത്രത്തിന് ചുറ്റുമുള്ളവരെ ദുഷ്ടരും ,തങ്ങൾക്ക് ഭീഷണിയും ,ക്രൂരരും,കാരുണ്യം അർഹിക്കാത്തവരുമായി ചിന്തിക്കുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു.ആൾക്കൂട്ട കൊലപാതകങ്ങൾക്ക് എല്ലാം ചില പൊതു സ്വഭാവങ്ങളുണ്ട്.തങ്ങൾ ചെയ്യുന്നത് ഒരു നന്മയാണ് എന്ന ചിന്ത,ഏതോ അദൃശ്യ ശക്തിക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് തങ്ങൾ എന്ന ചിന്ത,ഇര ഒരിക്കലും ദയ അർഹിക്കുന്നില്ല എന്ന ബോധം.
വംശീയ കലാപങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങിൽ എല്ലാം തന്നെ ഈ ഗോത്രീയ സംസ്ക്കാരം നിലനിൽക്കുന്ന രാജ്യങ്ങളാണ്..ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇപ്രകാരമുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന രണ്ടു രാജ്യങ്ങൾ ഇന്ത്യയും പാക്കിസ്ഥാനുമാണ് .മത രാഷ്ട്രം നൽകുന്ന ശക്തമായ പിന്തുണ ഇന്ത്യയും പാകിസ്ഥാനുമടക്കമുള്ള രാജ്യങ്ങളെ വീണ്ടും ഗോത്രവർഗ്ഗ സംസ്കാരത്തിന്റെ മൂല്യങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുന്നു.. ഈ ഗോത്ര വൈകാരികത ഒരു വ്യക്തിയിൽനിന്ന് മറ്റൊരു വ്യക്തിയിലേക്ക് വളരെ വേഗം പടർന്നു പിടിക്കും. നാസി ജർമ്മനിയുടെ മുഖ്യ പ്രചാരകനായ ജോസഫ് ഗീബൽസ് പറയുന്നതുപോലെ ഒരു നുണ കൂടുതൽ ആളുകൾ വിശ്വസിക്കണമെന്ന് ഉണ്ടെങ്കിൽ വളരെ വലിയൊരു നുണ പറയുകയും അത് ആവർത്തിച്ചു പറയുകയും ചെയ്യുക
അനേകായിരം ജാതി ഭാഷ വർഗ്ഗ വ്യത്യാസങ്ങൾ നിലനിൽക്കുന്ന ഇന്ത്യയിലാണ് ഇത്തരത്തിലുള്ള വിദ്വേഷ കലാപങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത്.. ജസ്റ്റിസ് മാർക്കണ്ഡേയ കഡ്ജു അഭിപ്രായപ്പെടുന്നതുപോലെ വെറും അയ്യായിരം രൂപ ഉണ്ടെങ്കിൽ ആർക്കും ഇന്ത്യയിൽ ഒരു വർഗീയ കലാപമുണ്ടാക്കാൻ സാധിക്കും എന്നാണദ്ദേഹം പറഞ്ഞത്.. എന്നാൽ സംഗതി അതിലും പുരോഗമിച്ചു… ഒരു വാട്സ്ആപ്പ് സന്ദേശം മതി ഒരു ഗ്രാമം മുഴുവൻ എരിഞ്ഞടങ്ങാൻ.