സമരം ചെയ്തവർ നാട്ടിലെ യുവാക്കളാണ്, ഭീകരരല്ല

55

ഡോ: എസ്. എസ്. ലാൽ

ഡോ. സരിന്റെ വീട്ടിൽ പോയിരുന്നു. ആ ചെറുപ്പക്കാരന്റെ മുതുകത്തെ അടയാളങ്ങൾ പത്രത്തിൽ കണ്ടത് മനസിൽ വേദനയുണ്ടാക്കിയിരുന്നു. വല്ലാതെ ചതഞ്ഞിരിക്കുന്നു. നിലത്തു കിടക്കുന്നയാളെ തല്ലുന്ന പൊലീസിനെ തടയാൻ ശ്രമിച്ച സരിനെ പൊലീസ് വളഞ്ഞ് തല്ലുന്ന വീഡിയോ കണ്ടിരുന്നു. പൊലീസിന്റെ ലാത്തി മനുഷ്യരെ നിയന്ത്രിക്കാനുള്ളതാണ്. ആരുടെയും തലയിലും മുതുകത്തും അടിക്കാനുള്ളതല്ല. സമരം ചെയ്തവർ നാട്ടിലെ യുവാക്കളാണ്, ഭീകരരല്ല. ഭീകരരെപ്പോലും ഇങ്ങനെ കൈകാര്യം ചെയ്യരുതെന്നാണ് ഇടതു സുഹൃത്തുക്കൾ എപ്പോഴും പറയുന്നത്. നാട്ടിലെ പൊലീസ് നാട്ടുകാരെ സഹായിക്കാൻ വേണ്ടിയുള്ളതാണ്. മർദ്ദിക്കാനുള്ളതല്ല.

പൊലീസ് സ്വയം തീരുമാനിച്ച് ഈ അക്രമം കാണിച്ചെന്ന് വിശ്വസിക്കുന്നില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സർക്കാരിന്റെ വലിയ പിടിപ്പു കേടാണ്. അത്തരം പൊലീസുകാർ നാടിനാപത്താണ്. സി.പി.എമ്മിനും. അവർക്കും പ്രതിപക്ഷത്തിരിക്കേണ്ടതുണ്ടല്ലോ.
നാട്ടിൽ സമരങ്ങൾ ഉണ്ടാകും. സമരം ചെയ്യുന്നവരെ ശത്രു രാജ്യക്കാരെപ്പോലെ കാണാൻ പാടില്ല. പ്രതിപക്ഷത്ത് യു.ഡി.എഫ്. ആയിരുന്നത് നന്നായി എന്നു പറയുന്ന ജനങ്ങളുണ്ട്. സമരക്കാരുടെ കൈയിൽ വടികളും ബോംബും ഇല്ലെന്ന് കാണുമ്പോഴുള്ള സമാധാനം കൊണ്ട്. സമരക്കാർ തല്ല് വാങ്ങുന്നതേയുള്ളൂ, കേരളം കത്തിക്കുന്നില്ല.

സമരങ്ങൾ അക്രമാസക്തമാകാൻ പാടില്ല. നിയമസഭയിൽ പോലും. നിയമസഭയിലെ കമ്പൂട്ടർ ഉൾപ്പെടെ തറയിൽ എറിഞ്ഞു പൊട്ടിക്കുന്ന സമരങ്ങൾ കേരളം മറന്നിട്ടില്ല. പ്രതിപക്ഷത്തിരുന്ന് പ്രീഡിഗ്രി ബോർഡ് മുതൽ കമ്പ്യൂട്ടർ വരെയുള്ള കാര്യങ്ങളെ എറിഞ്ഞുടച്ചിട്ട്, കേരളം കത്തിച്ചിട്ട്, ഭരണം നേടിയവർ നാട്ടിലുണ്ട്. അത്തരം സമരാഭാസങ്ങൾ ഇവിടെ നടക്കുന്നില്ല എന്നത് എല്ലാവരും കാണുന്നുണ്ട്. കൊവിഡ് വ്യാപനം കാരണം ആൾക്കൂട്ടമുണ്ടാകുന്ന സമരങ്ങൾ ഒഴിവാക്കേണ്ടതാണ്. സമരങ്ങൾ ഒഴിവാകണമെങ്കിൽ കൊവിഡിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകൾക്ക് സർക്കാരും തടയിടണം. ആരോപണങ്ങൾ ഉണ്ടായാൽ അന്വേഷിക്കാനുള്ള ചങ്കൂറ്റവും സർക്കാർ കാണിക്കണം. അഴിമതി ഇല്ലെന്ന് വിധിക്കാൻ ആരോപണം നേരിടുന്ന മന്ത്രിയ്ക്കും അദേഹത്തെ നയിക്കുന്ന മുഖ്യമന്ത്രിയ്ക്കും അധികാരമില്ല. അങ്ങനെയാണെങ്കിൽ നാട്ടിൽ കോടതികൾ വേണ്ടല്ലോ.

ഏത് പാർട്ടിക്കാരുടെ മുതുകത്ത് ഇത്തരം അടയാളങ്ങൾ കണ്ടാലും സാധാരണ മനുഷ്യർക്ക് വേദന തോന്നാറുണ്ട്. എന്നാൽ ഈ മുറിവുകളെ ആഘോഷിക്കുന്ന ചിലരെയും കണ്ടു. സർക്കാരിനോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെന്നാണ് ന്യായം. അത്തരം ചിന്തകളുള്ളവർ യു.ഡി.എഫ്. ലേയ്ക്ക് വരരുത്. വന്നാൽ പിന്നെ ഭരണപക്ഷത്തെ നേതാക്കളുടെ മക്കളെ എന്തൊക്കെ ചെയ്യണമെന്ന് പറയും! അത് പാടില്ല. നാട്ടിൽ സമാധാനമാണ് ആവശ്യം. കോടതികളാണ് ശിക്ഷ വിധിക്കേണ്ടത്.കൊവിഡ് വ്യാപനം കൂടുകയാണ്. അത് തടയാനുള്ള വഴികൾ ആലോചിക്കാൻ സർവ്വകക്ഷി യോഗം വീണ്ടും വിളിക്കണം. പ്രതിപക്ഷത്തിന്റെ ഉപദേശങ്ങളും ചെവിക്കൊള്ളണം. ഭരണ പരിചയമുള്ള നിരവധി പേർ അവിടെയുണ്ട്. പ്രതിപക്ഷത്തെ ചർച്ചയ്ക്ക് വിളിക്കാതിരുന്നിട്ടും അവർ പറഞ്ഞ പല കാര്യങ്ങളും സർക്കാരിന് നടപ്പാക്കേണ്ടി വന്ന കാര്യം ഓർത്താൽ മതി.

(ചിത്രത്തിൽ സുധീർ മോഹനും പ്രേമും ഉണ്ട് )