S S Lal
ആമാശയങ്ങൾ ആശയങ്ങളെ വിഴുങ്ങരുത്
നമ്മൾ ഒരു കല്യാണ സദ്യയ്ക്ക് പോയി. അവിടെ കിട്ടിയ ഭക്ഷണം നമ്മളും കഴിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കല്യാണവും സദ്യയും നടത്തിയ കുടുംബനാഥനെ കുടുംബത്തിലെ തന്നെ ചിലർ വിമർശിക്കുന്നു. ചില ചോദ്യങ്ങൾ ചോദിക്കുന്നു. ആദ്യമേ ഞങ്ങൾ പറഞ്ഞതല്ലേ. കടം കേറി ആകെ ബുദ്ധിമുട്ടിലായിരുന്ന ഈ കുടുംബം കല്യാണത്തിന് ഇത്രയും വിപുലമായ സദ്യ നടത്തി കാശ് പൊടിക്കണമായിരുന്നോ ? കല്യാണത്തിൽ സംബന്ധിക്കാനാണ് എല്ലാ മനുഷ്യരും വന്നത്. അവർക്ക് ഭക്ഷണം നൽകുക സാമാന്യ മര്യാദയാണ്. എന്നാൽ ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം വന്നവരല്ല അവർ. വീട്ടിൽ ഭക്ഷണമില്ലാത്തതു കൊണ്ടുമല്ല അവർ കല്യാണത്തിനു വന്നത്. പക്ഷേ, അവർക്ക് ഇത്രയധികം വിലപിടിപ്പുള്ള ഭക്ഷണം വിളമ്പണമായിരുന്നോ ? ബ്രാന്റിന്റെ പ്രശസ്തിയുടെ പേരിൽ പലയിരട്ടി പണം വാങ്ങുന്ന സംസ്ഥാനത്തെ ഏറ്റവും പേരുള്ള പാചകക്കാരനെത്തന്നെ നമ്മൾ വിളിച്ചു വരുത്തണമായിരുന്നോ ? നാട്ടിൽ മറ്റുളളർ വിളിക്കുന്ന നല്ല പാചകക്കാർ ധാരാളം ഉണ്ടായിരുന്നില്ലേ? അവർ പോരായിരുന്നോ? ഇനിയും ഏറ്റവും പ്രധാന ചോദ്യം അവസാനത്തേതാണ്. പഠിച്ചിട്ടും ഒരു ജോലി കിട്ടാതെ നിൽക്കുന്ന താങ്കളുടെ മകളെ കെട്ടിച്ചപ്പോൾ ഈ ആർഭാടത്തിന് ചെലവാക്കിയ തുക ആ പെൺകുട്ടിയ്ക്ക് ഒരു തൊഴിൽ തുടങ്ങുന്നതിനായി നൽകിക്കൂടായിരുന്നോ?
ഈ ചോദ്യങ്ങൾ ചോദിച്ചത് കുടുംബത്തിലെ മുതിർന്ന ഒരംഗം തന്നെയാണ്. അയാളും കൂടി ചേർന്നതാണ് കുടുംബം. തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ അയാൾക്കവകാശമുണ്ട്. കുടുംബത്തിൽ ഇനിയും കല്യാണങ്ങൾ നടക്കാനുണ്ട്. ഈ രീതിയിൽ പോയാൽ കുടുംബത്തിലെ സകലരും താമസിയാതെ കുത്തുപാളയെടുക്കും.
ഇതു പറയുമ്പോൾ താനൊരുമാതിരി നാണംകെട്ട വർത്തമാനം പറയരുതെന്ന് മറുപടി പറഞ്ഞാൽ എങ്ങനെയിരിക്കും? കല്യാണത്തിന് വന്നവരെ മുഴുവനും ഉണ്ണാൻ വന്നവരാണെന്ന് താൻ കളിയാക്കിയതല്ലേ എന്ന് തിരികെ ചോദിച്ചാൽ എന്താകും? പുറത്തിറങ്ങി അയൽക്കാരായ നമ്മളോട് “കേട്ടില്ലേ, നിങ്ങളെല്ലാം വന്ന് മൂക്കറ്റം വെട്ടിയിട്ട് പോയെന്ന് ഇയാൾ പറയുന്നത് കേട്ടില്ലേ” എന്ന് ചോദിച്ചാൽ എന്താകും? ഒരു കാര്യം നടക്കും. കല്യാണത്തിന് ഉണ്ടവരെ സംഘടിപ്പിച്ച് വിമർശിച്ചയാളെ ആക്ഷേപിക്കാം. നാണം കെടുത്താം.
സംഭവം നടന്നു പോയി. കൈയിലെ കാശ് തീർന്നു. കടം നൽകിയവർ തിരികെക്കിട്ടാനായി കുടുംബത്തിൽ കയറിയിറങ്ങുകയാണ്. അപ്പോഴാണ് വിവർശിച്ചവനോട്
“തന്റെ മോളെ കെട്ടിച്ചപ്പോഴും കാശ് ചെലവാക്കായില്ലേ” എന്ന് തിരികെ ചോദിക്കുന്നത്. ആ ചോദ്യത്തിന്റെ പ്രസക്തി ഇപ്പോഴല്ല. അത് പരിഹാരവുമല്ല. “താങ്കളുടെ നിർദ്ദേശം ഗൗരവത്തോടെ കാണുന്നു. സംഭവിച്ചത് സംഭവിച്ചു. ഇനി നമുക്കെല്ലാവർക്കും കൂടി ചെലവ് ചുരുക്കുന്ന മാർഗ്ഗങ്ങൾ തേടാം”. ഇതാണ് കുടുംബത്തിലെ ബാക്കിയുള്ളവരും പ്രതേകിച്ച് യുവതലമുറയും കാരണവരിൽ നിന്ന് ആഗ്രഹിക്കുന്ന മറുപടി.
ലോക കേരള സഭ എന്ന ആശയം നല്ലതാണ്. അതുകൊണ്ടാണ് ഒരിക്കലും ആ സംരഭത്തെ വിമർശിച്ച് എഴുതാതിരുന്നത്. എനിക്കതിൽ പങ്കെടുക്കാനുള്ള അവസരമൊന്നും ലഭിച്ചിട്ടില്ല. അതിന്റെ നടത്തിപ്പുകാരെ പലരെയും നേരിട്ടറിയാമെങ്കിലും അങ്ങോട്ട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ലോകത്തുള്ള സകലരെയും വിളിച്ച് നടത്തുന്ന സഭയല്ലല്ലോ അത്. എന്നെ വിളിക്കാത്തതു കൊണ്ടോ ഞാൻ പങ്കെടുക്കാത്തതു കൊണ്ടാ ആ സംരംഭത്തിന് യാതൊരു കുറവും സംഭവിക്കില്ലെന്ന് ആത്മാർത്ഥമായി ഞാൻ വിശ്വസിക്കുന്നുമുണ്ട്. അതിനാൽ ലോക കേരള സഭ എന്ന ആശയം തുടരണം.
അടുത്തകാലത്ത് പ്രതിപക്ഷ നേതാവ് ലോക കേരള സഭയിലെ ധൂർത്തിനെപ്പറ്റി പറഞ്ഞത് ഞാനും ശ്രദ്ധിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രാഷ്ടീയം പറയുകയാണെന്ന ഭരണകക്ഷി മറുപടികളും കണ്ടു. തെറ്റുകൾ ഉണ്ടെന്ന് തോന്നിയാൽ ചൂണ്ടിക്കാട്ടുകയെന്നത് പ്രതിപക്ഷ ധർമം തന്നെയാണ്. നിയമസഭയിലെ അംഗീകൃത പ്രതിപക്ഷ നേതാവുമാണ് പറയുന്നത്. അപ്പോൾ പിന്നെ അദ്ദേഹത്തിന്റെ പ്രസ്താവന അസ്ഥാനത്താകുന്നത് എങ്ങനെയാണെന്ന് മനസിലായില്ല. അതേ സമയം ഭരണപക്ഷം സംഭവത്തിലെ രാഷ്ട്രീയത്തിന് മറുപടി നൽകുന്നതിൽ തെറ്റുപറയാനും കഴിയില്ല. ലോക കേരള സഭ എന്ന ആശയത്തെ വാഴ്ത്തുന്നതിലും എതിരഭിപ്രായമില്ല.
ലോക കേരള സഭ നടത്തുന്നതിൽ ധൂർത്തുണ്ടോ എന്ന കാര്യം പ്രധാനമാണ്. ഈ വിഷയത്തിൽ വന്ന ചില മറുപടികളിലെ തന്ത്രം ആദ്യം പറയാം. രണ്ടായിരം രൂപയുടെ ഊണ് കഴിച്ചതിന് പ്രവാസികളെ ആക്ഷേപിച്ചു എന്നതാണ് ഒരു വാദം. അതെങ്ങനെ ശരിയാകുമെന്ന് മനസിലായില്ല. അതിനാണ് കല്യാണത്തിന്റെ ഉദാഹരണം പറഞ്ഞത്. പ്രവാസികളെ മറയാക്കി അധിക ചെലവിനെ ന്യായീകരിക്കാൻ കഴിയില്ല. അതൊരു അടവുനയം മാത്രമാണ്. പ്രവാസികൾ ആവശ്യപെട്ടതല്ല ഇങ്ങനത്തെ ഭക്ഷണം തന്നെ വേണമെന്ന്. വന്ന പ്രവാസികളിൽ ചിലർ നല്ല ഭക്ഷണം മാത്രം കഴിക്കുന്നവരായിരിക്കും. അതിന്റെയർത്ഥം വില കൂടിയ ഭക്ഷണം എന്നല്ല. പ്രവാസികൾ അവർ ജീവിക്കുന്ന വിദേശ രാജ്യങ്ങളിൽ നടത്തുന്ന ആഘോഷങ്ങൾക്കും സ്റ്റാർ ഹോട്ടലിൽ നിന്നല്ല ഭക്ഷണം വരുത്തുന്നത്. കഴിവുണ്ടായാലും പ്രവാസികൾ അങ്ങനെ വിദേശത്ത് ധൂർത്ത് ചെയ്യാത്തതിനാലാണ് ഭൂരിപക്ഷം പ്രവാസികൾക്കും വിദേശത്ത് സമ്പാദിക്കുന്ന പണത്തിന്റെ ഒരു പങ്ക് നാട്ടിലേയ്ക്ക് അയക്കാൻ കഴിയുന്നത്. വിദേശത്തും സ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന ഒരു ന്യൂനപക്ഷം മലയാളികൾ കാണും. അവർക്ക് ലോക കേരള സഭയിൽ വിളമ്പിയ ഭക്ഷണം ഇഷ്ടമായില്ലെങ്കിൽ നഗരത്തിലെ ഏതെങ്കിലും മുന്തിയ സ്ഥലത്തു നിന്ന് കഴിക്കാവുന്നതേയുള്ളൂ. ഇങ്ങനെയാണ് ചെലവുകൾ ചുരുക്കേണ്ടത്. രണ്ടു ദിവസം സ്റ്റാർ ഹോട്ടലിലെ ഭക്ഷണം നൽകിയാൽ പ്രവാസികളുടെ ആരോഗ്യം പെട്ടെന്ന് മെച്ചമാകില്ല. നൽകിയില്ലെങ്കിൽ അവർ മെലിഞ്ഞു പോകുകയുമില്ല.
പ്രാവാസികളെ മുന്നിൽ നിർത്തി ധൂർത്തുകൾ ന്യായീകരിക്കുന്നത് തെറ്റായ പ്രവണതയാണ്. അത് ആവശ്യമില്ലാത്ത വിഭജനങ്ങൾ സൃഷ്ടിക്കും. ഇന്നലെ ശ്രീമാൻ യൂസഫലിയും പ്രവാസികളുടെ കാര്യം ഇതുപോലെ തന്നെ പറയുന്നത് കേട്ടു. പ്രവാസികൾ ഭക്ഷണമില്ലാതെ കിടക്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം പറഞ്ഞതും ശരിയല്ലെന്ന് തോന്നി. രണ്ടാണ് കാരണം. ഒന്ന്, പ്രവാസികൾ വന്ന് കൂടുതൽ ഭക്ഷണം കഴിച്ചതിനെപ്പറ്റിയല്ല നാട്ടിലെ ചർച്ച. എങ്ങനെ അധികച്ചെലവ് ഒഴിവാക്കാമായിരുന്നു എന്നതിനെപ്പറ്റിയാണ് പറയുന്നത്. അതും സാമ്പത്തികമായി തകർന്നു നിൽക്കുന്നു എന്ന് ധനമന്ത്രി തന്നെ പറയുന്ന ഒരു നാട്ടിൽ. രണ്ടാമത്തെ കാര്യം, പ്രവാസികൾ എല്ലാവരും ധനികരല്ല എന്നതാണ്. ജീവിതത്തിൽ ഒരിക്കലും സ്റ്റാർ ഹോട്ടലിൽ കയറിയിട്ടില്ലാത്ത പ്രവാസി തൊഴിലാളികൾ എത്രയായിരങ്ങൾ ഉണ്ടാകും. തൊഴിൽ നഷ്ടപ്പെട്ടോ വിരമിച്ചോ വരുന്ന പ്രവാസികളെ സഹായിക്കാൻ പദ്ധതികളുള്ള നാടാണ് നമ്മുടേത്. അതിനാൽ പ്രവാസിയെ മുന്നിൽ നിർത്തുന്ന ഇത്തരം ചർച്ചകൾ തെറ്റായ പ്രവണതകളും കീഴ്‌വഴക്കങ്ങളുമുണ്ടാക്കും. അതുകൊണ്ടു തന്നെ നാട്ടിനും നാട്ടാർക്കും ഒരുപാട് നന്മകൾ ചെയ്യുന്ന ശ്രീ. യൂസഫലിക്കും ഇക്കാര്യത്തിൽ തെറ്റുപറ്റിയെന്ന് വിശ്വസിക്കുന്നു.
ശ്രീ. രവി പിള്ളയ്ക്ക് അറുപതോ എഴുപതോ ലക്ഷം രൂപ ഇതുവഴി ഉണ്ടാക്കി വീട് നടത്തേണ്ട കാര്യമുണ്ടെന്നും വിശ്വസിക്കുന്നില്ല. പക്ഷേ, ഈ തുക ആദ്യമേ അദ്ദേഹം ഒരു സ്പോൺസർഷിപ്പായി പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് എല്ലാവരുടെയും പ്രശംസയ്ക്ക് കാരണമായേനേ. ഇത്തരം വലിയ മുതലാളിമാരുടെ സ്പോൺസർഷിപ്പ് ഉപയോഗിച്ചു കൂടി വേണം ലോക കേരള സഭ പോലുള്ള പരിപാടികൾ നടത്താൻ.
ഏത് പരിപാടി നടത്തിയാലും ഇടയിൽ നിന്ന് ചിലർ പൈസ വെട്ടിക്കും. അക്കാര്യത്തിൽ മുന്നണി വ്യതാസമൊന്നുമില്ല. മന്ത്രിമാരൊന്നും ഈ പരിപാടിയിലൂടെ പൈസ വെട്ടിച്ചെന്ന് ആരും പറയില്ല. അതേസമയം വെട്ടിപ്പുകാരെ കണ്ടു പിടിച്ച് മാറ്റി നിർത്തിയില്ലെങ്കിൽ ഇത്തരം നല്ല ആശയങ്ങൾ തന്നെ തകർക്കപ്പെടും.ലോക കേരള സഭ എന്ന ആശയം നല്ലതാണ്. തുടരണം. എന്നാൽ അത് ആരുടേയും ആമാശയത്തിനായുള്ള ആശയമാകരുത്.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.