ഡോ:എസ്.എസ്.ലാൽ എഴുതുന്നു Dr.S S Lal
റോട്ടിയും പ്യാസും അത്യാവശ്യം ആലുവും മാത്രം പകർത്തിയാൽ മതി ….
ഡൽഹിയിൽ ജീവിക്കുമ്പോൾ ഞങ്ങളുടെ ഫ്ളാറ്റിന് താഴെ താമസിച്ചിരുന്ന ധനികയായ ഒരു ആന്റി ഒരിക്കൽ അവരുടെ മുറിയിംഗ്ലീഷിൽ എന്നോട് പറഞ്ഞ കാര്യം. അത് ഞാൻ മനസ്സിലാക്കിയത് ഇങ്ങനെയാണ്. എൻറെ ഡ്രൈവറോടുള്ള എൻറെ പെരുമാറ്റം ശരിയല്ല, ഞാനത് തിരുത്തണം.
എനിക്കതിശയമായി. ഡ്രൈവറോടെന്നല്ല ആരോടും നന്നായി പെരുമാറാൻ ശ്രമിക്കുന്നു എന്ന് സ്വയം വിശ്വസിക്കുന്ന എനിക്ക് മുഖത്തൊരു അടി കിട്ടിയതുപോലെ തോന്നി.
ഞാൻ ആന്റിയോട് വിശദീകരണം ആവശ്യപ്പെട്ടു. ആന്റി മറുപടി പറഞ്ഞു.
“ഡോക്ടർ, നിങ്ങൾ നിങ്ങളുടെ ഡ്രൈവറെ ശകാരിക്കുന്നില്ല. അവനോട് ഒച്ചവയ്ക്കുന്നില്ല, അവനെ ചീത്ത പറയുന്നില്ല”.
എനിയ്ക്ക് കൺഫ്യൂഷനായി. ഞാനെന്തിനാണ് അയാളെ ചീത്ത പറയുന്നത്? “അയാൾ ആന്റിയോട് തെറ്റെങ്കിലും ചെയ്തോ?” ഞാൻ ചോദിച്ചു.
ആന്റി കൂടുതൽ വിശദീകരിച്ചു.
“ഈ ഡ്രൈവർമാർ ബുദ്ധിയില്ലാത്ത കഴുതകളാണ്. കൂടുതലും യു.പി.ക്കാരും ബിഹാറികളുമാണ്. അവനെയൊക്കെ ഇടയ്ക്കിടെ ചീത്ത പറയണം. അവരോട് ഒച്ചവയ്ക്കണം. എന്നാലേ അവന്മാർ അടങ്ങി നിൽക്കൂ. ഡോക്ടറിനെപ്പോലെ ഇങ്ങനെ സോഫ്റ്റ് ആയി സംസാരിച്ചാൽ ഒടുവിൽ ഇവറ്റകൾ തലയിൽക്കയറും. അതുപോലെ ഡോക്ടർ എന്തിനാ കാലത്തും വൈകുന്നേരവും തനിയേ ബാഗെടുക്കുന്നത്? അവനെടുത്തൂടേ? ഡോക്ടറുടെ ഈ പെരുമാറ്റം കണ്ട് എൻറെ ഡ്രൈവറും വഷളാകുമോ എന്നാണ് എൻറെ പേടി.”
ഇതാണ് ഡൽഹിയിലെ പല അനുഭവങ്ങളിൽ ഒന്ന്. ആ ആന്റി ഞങ്ങളോട് നല്ല സ്നേഹമുണ്ടായിരുന്ന സ്ത്രീയാണ്. എൻറെ മക്കളെ കണ്ടാൽ അവർക്ക് മധുരം നൽകുമായിരുന്നു. പക്ഷെ, സാധുക്കളോടുള്ള അവരുടെ പെരുമാറ്റം മോശമാണെന്ന് അവർക്കു പോലും അറിയില്ലായിരുന്നു. അവർ ചെയ്യുന്നത് എല്ലാം ശരിയാണെന്ന് അവർ വിശ്വസിച്ചിരുന്നു. കാരണമില്ലാതെ ദരിദ്രർ ശകാരം അർഹിക്കുന്നുവെന്നും ധരിച്ചിരുന്നു.
ആന്റിക്കൊരു നല്ല ചെറുപ്പക്കാരൻ ഡ്രൈവർ ഉണ്ടായിരുന്നു. ഞാൻ അയാളോട് പല പ്രാവശ്യം സംസാരിച്ചിട്ടുണ്ട്. ഉത്തർ പ്രദേശുകാരൻ. അയാളുടെ ഗ്രാമത്തിലേക്ക് ഇരുനൂറോളം കിലോമീറ്ററേ ദൂരമേയുള്ളൂ. ചെറുപ്പക്കാരിയായ ഭാര്യയും കുട്ടിയും ഗ്രാമത്തിലാണ്. അയാൾ രണ്ടു വർഷത്തിൽ ഒരിക്കലാണ് നാട്ടിൽ പോകുന്നത്. ഭാര്യയ്ക്കും കുഞ്ഞിനും വിഷമമാകില്ലേ എന്ന് ചോദിച്ചപ്പോൾ അയാളുടെ മറുപടി എന്നെ അതിശയിപ്പിച്ചു. “ഞാനിവിനിടെ നിന്നും മാറി നിന്നാൽ മേംസാബിൻറെ കാര്യം ആരു നോക്കും? അവരെ അമ്പലത്തിൽ കൃത്യമായി കൊണ്ടുപോകാൻ ആരുണ്ട്? ഞാനില്ലെങ്കിൽ കമ്മ്യൂണിറ്റി ഹാളിൽ യോഗയ്ക്ക് പോകാൻ ആര് വണ്ടിയോടിക്കും? വീട്ടിലേയ്ക്കുള്ള സാധന സാമഗ്രികൾ ആര് വാങ്ങും? എന്നും വെള്ളത്തിൻറെ പമ്പ് ഓൺ ചെയ്യാനും ഓഫ് ചെയ്യാനും അവർക്ക് മുകളിൽ കയറാൻ കഴിയുമോ? പിന്നെ അവരുടെ ദാനമല്ലേ എൻറെ ഭക്ഷണം? അവർ തരുന്ന രൂപ കൊണ്ടല്ലേ വീട്ടിൽ ഭാര്യ അവൾക്കും കുഞ്ഞിനും ആലുവും പ്യാസും (ഉരുളക്കിഴങ്ങും ഉള്ളിയും) വാങ്ങുന്നത്? രണ്ടു വർഷത്തിലൊരിക്കൽ ഞാൻ പോകുന്നുണ്ടല്ലോ സാബ്.”
വീടിനു മുന്നിലെ വലിയ റയൺ ഇന്റർനാഷണൽ സ്കൂളിൽ പഠിച്ചിരുന്ന എൻറെ മക്കൾ വൈകുന്നേരം ക്ലാസ് വിട്ട് വീട്ടിലെത്താൻ രണ്ടു മിനിട്ടാണ് എടുത്തിരുന്നത്. അത് മൂന്നു മിനിട്ടായാൽ ഞങ്ങൾക്ക് ആധിയായിരുന്നു. അപ്പോഴാണ് സ്വന്തം കുഞ്ഞിനെ രണ്ടു കൊല്ലത്തിൽ ഒരിക്കൽ കാണുന്ന കാര്യം വലിയ ഭാഗ്യമായി ഒരു മനുഷ്യൻ ഓർക്കുന്നത്.
ഉത്തരേന്ത്യയിൽ പലയിടത്തും സ്വന്തം അവകാശങ്ങളെപ്പറ്റിയുള്ള മനുഷ്യരുടെ ശരാശരി ബോധം മേല്പറഞ്ഞതാണ്. രാപകൽ പണിയെടുത്ത് കിട്ടുന്നതെല്ലാം ആരുടെയോ ദാനം. ഡൽഹിയിലെ മരം കോച്ചുന്ന തണുപ്പത്തും പൊരി വെയിലിലും അയാൾ ആന്റിയുടെയും ഒരു ഔഡി കാറിന്റെയും കാവൽക്കാരൻ. അയാൾ ഞങ്ങളുടെ ഫ്ളാറ്റിന് മുന്നിലെ പമ്പ് ഹസ്സിൽ കുത്തിയിരുന്ന് ഒറ്റയ്ക്ക് റൊട്ടി തിന്നുന്ന കാഴ്ച മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല.
ഞങ്ങളുടെ വീട്ടിൽ പണിക്കു വന്നിരുന്ന ഒരു ഓംവതിയുടെ കഥ ഞാൻ പണ്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓംവതിയുടെ രണ്ടാം ഗർഭമെന്ന പേരിൽ. അവളുടെ രണ്ടാം ഗർഭത്തിൻറെ സമയത്ത് സന്ധ്യ അവളോട് ഒരുപാട് സംസാരിച്ചു. വയറും വച്ച് ജോലി ചെയ്യുന്നത് കാണുമ്പോൾ പാവം തോന്നി. പറഞ്ഞുവിട്ടാൽ അതും ക്രൂരതയാകും. മറ്റേതെങ്കിലും വീട്ടിലെ കൂടുതൽ കഠിനമായ പണി ചെയ്യേണ്ടി വരും. സന്ധ്യയെ ഞെട്ടിച്ച കാര്യം, അവളുടെ ഗർഭത്തിൻറെ ഉത്തരവാദിയെപ്പറ്റി അവൾക്കുള്ള സംശയമാണ്. അകലെ താമസിച്ച് വല്ലപ്പോഴും വീട്ടിൽ വരുന്ന ഭർത്താവാണോ അതോ ചേച്ചിയുടെ ഭർത്താവാണോ കാരണക്കാരൻ എന്നറിയില്ല. അതാണ് അവരുടെ സമൂഹത്തിലെ നിയമം. ഏറ്റവും മൂത്ത പെൺകുട്ടിയുടെ ഭർത്താവിൻറെ അലിഖിത അവകാശമാണ് താഴെയുള്ള പെൺകുട്ടികൾ. ചേച്ചിക്ക് ഗർഭമുണ്ടാവുമ്പോഴും മാസമുറക്കാലത്തും ചേട്ടൻ പിന്നെന്ത് ചെയ്യുമെന്ന് സഹതപിക്കാനും ശരീരം അടിയറ വയ്ക്കാനും ശീലമാക്കിയ ശബ്ദമില്ലാത്ത പെണ്ണുങ്ങൾ. ജെ.എൻ.യു. വിൽ പഠിച്ചുകൊണ്ടിരുന്ന സന്ധ്യയുടെ രക്തം തിളച്ചു. എത്ര ചൂടാക്കിയിട്ടും ഓംവതിയുടെ രക്തം തിളപ്പിക്കാൻ പോയിട്ട് ഒന്നനത്താൻ പോലും സന്ധ്യക്ക് ആയില്ല.
ഇതൊക്കെയാണ് ഡൽഹിയിലെ സാധാരണ ജീവിത കാഴ്ചകൾ. ഉത്തരേന്ത്യയിലെ പല മനുഷ്യരുടെയും ചർച്ച ചെയ്യപ്പെടാത്ത കഥകൾ. ജീവിക്കാനുള്ള അവകാശങ്ങളും അധികാരങ്ങളും ഇല്ലാത്ത ഒരുപാട് മനുഷ്യർ. അവർ മനുഷ്യരാണെന്ന് അവക്കു തന്നെ മനസ്സിലായിട്ടില്ല. ഡൽഹിയിൽ വിനോദയാത്രയ്ക്കായി പോയി ഇൻഡ്യാ ഗേറ്റും, രാഷ്ടപതി ഭവനും, പാർലമെന്റും, കുത്തബ് മിനാറും മാത്രം കണ്ടു മടങ്ങുമ്പോൾ നമ്മൾ കാണാതെപോകുന്ന കാഴ്ചകൾ.
നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്തു തരുന്ന വീട്ടിലെ പ്രധാന സഹായികൾ വീട്ടിൽ പണിക്കു നിൽക്കുന്ന സ്ത്രീകളും ഡ്രൈവർമാരുമാണ്. ഉത്തരേന്ത്യയിൽ ഏറ്റവും മുതലെടുക്കപ്പെടുന്നവരും അവരാണ്. ആദ്യമൊക്കെ ഉത്തരേന്ത്യൻ കാഴ്ചകൾ അത്ഭുതമായിരുന്നു ഞങ്ങൾക്ക്.
കേരളത്തിൽ മനുഷ്യർക്ക് നമ്മൾ പരസ്പരം കൊടുക്കുന്ന വിലയും ബഹുമാനവും എല്ലാ നാട്ടിലും ഉള്ളതല്ല. മറ്റു നാട്ടുകാരിൽ നിന്നും നമ്മൾ വ്യത്യസ്തരാകുന്ന ഒരുദാഹരണം പറഞ്ഞതാണ്. നമ്മുടെ നാടിൻറെ സാമൂഹ്യ പുരോഗതിയുടെ അളവുകോലുകളാണ് ഇതൊക്കെ.
കേരളത്തിലായിരുന്നപ്പോൾ എൻറെ WHO ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവർമാർ ഹോട്ടലിലായാലും ഗസ്റ്റ് ഹൌസുകളിലായാലും എൻറെ മുറിയിലാണ് ഉറങ്ങിയിരുന്നത്. എൻറെയൊപ്പമാണ് ഭക്ഷണം കഴിച്ചിരുന്നത്. അതാണ് മലയാളികൾ വർഷങ്ങൾ കൊണ്ട് ശീലമാക്കിയത്. ഇതൊന്നും നാട്ടിലും ഇങ്ങനെയല്ലായിരുന്നു. കൂടിയ കാറ് വാങ്ങിയ ധനികനായ അവർണൻ ഉടമസ്ഥൻ അമ്പലത്തിനു മുന്നിലെ റോഡിലൂടെ പോകേണ്ട കാറിൽ നിന്നിറങ്ങി പുഴ നീന്തിക്കടക്കുകയും സവർണ്ണനായ ഡ്രൈവർ കാർ അമ്പലം ചുറ്റി ഓടിച്ചു വരികയും ചെയ്ത കഥ അത്ര പഴയതല്ല. ധനം കൊണ്ടും ‘സാമൂഹ്യ മേന്മ’ വരാത്ത മനുഷ്യർ ഇപ്പോഴും നാട്ടിലും ധാരാളമുണ്ട്.
ഒരിക്കൽ ഞാൻ ജീപ്പിൽ വന്നു കയറിയപ്പോൾ എൻറെഡ്രൈവർ കയ്യിലിരുന്ന എന്തോ പെട്ടെന്ന് മറയ്ക്കുന്നത് കണ്ടു. എന്താണതെന്ന് ഞാൻ ചോദിച്ചു. ഒടുവിൽ അയാൾ പറഞ്ഞു. കേട്ടപ്പോൾ അതിശയമായി. അയാൾ ഒരു ചെറിയ ബുക്കിൽ കവിത എഴുതുകയായിരുന്നു. കൂടുതൽ ചോദിച്ചപ്പോൾ കൂടുതൽ അതിശയം. അയാൾ എഴുതിയ പാട്ടുകൾ മറ്റൊരാൾ സംഗീതമിട്ട് കാസറ്റാക്കിയിട്ടുണ്ട്. പിന്നെ അത് എന്നെ കേൾപ്പിച്ചു. ഞാൻ എഴുതിയിട്ടുള്ള കവിതകൾ അയാളുടേതിന് മുന്നിൽ ശിശുക്കളാണെന്ന് തോന്നിപ്പോയി. മനസ്സിനെ തൊട്ട വരികൾ. ആ ഡ്രൈവറുടെ ഭാര്യ തന്നെയായിരുന്നു അടുക്കളയിൽ സന്ധ്യയെ സഹായിച്ചിരുന്നത്. അവരുടെ കുട്ടികൾ ഞങ്ങളുടെ കുട്ടികൾക്കൊപ്പമാണ് വളർന്നത്. ഇത് കേരളത്തിൽ നമ്മുടെ പലരുടെയും വീടുകളിലെ നിത്യ സംഭവങ്ങൾ മാത്രം, എൻറെ മാത്രമല്ല.
പറഞ്ഞുവന്നത് മറ്റൊന്നുമല്ല. കാറിൻറെ ഉടമസ്ഥൻ പുഴ നീന്തിക്കടക്കുന്ന സ്ഥലത്തുനിന്നും നമ്മൾ ഒരുപാട് മുന്നോട്ടുപോയി. ആ സാമൂഹ്യ മാറ്റങ്ങളാണ് നമ്മളെ വ്യത്യസ്തരാക്കുന്നത്. ഉത്തരേന്ത്യക്കാർ കഴിക്കുന്ന ഗോതമ്പും പ്യാസും അത്യാവശ്യം ആലുവും നമുക്കും കഴിക്കാം. പക്ഷേ, അവിടെ നടക്കുന്ന മണ്ടത്തരങ്ങൾ പകർത്തേണ്ട നാടല്ല നമ്മുടേത്.
കേരളം മറ്റു നാടുകളിൽ നിന്നും ഒരുപാട് വ്യത്യസ്തമായിരുന്നു. ആ നിലവാരം നമ്മൾ നഷ്ടപ്പെടുത്തരുത്. മറ്റു നാടുകൾ മോശമായതുകൊണ്ടല്ല, നമ്മുടെ നാട് കൂടുതൽ മെച്ചമായതു കൊണ്ടാണ്. ഇന്ത്യയിലുടനീളം സഞ്ചരിച്ചിട്ടുള്ള, ഒരുപാട് രാജ്യങ്ങൾ നേരിട്ടുകണ്ട, അനുഭവത്തിൽ നിന്നാണ് ഞാനീ വരികൾ ധൈര്യമായി പറയുന്നത്.
ഡോ: എസ്. എസ്. ലാൽ