ശൈലജ ടീച്ചർ ആ വരികൾ പറയരുതായിരുന്നു

172

Dr S S Lal

ശൈലജ ടീച്ചർ ആ വരികൾ പറയരുതായിരുന്നു 

ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ കഴിവുള്ള ഒരു ഭരണാധികാരിയാണ്. ഒരു നല്ല വ്യക്തിയുമാണ്. നേരിൽ കണ്ടും ഫോണിലുമൊക്കെ സംസാരിച്ചിട്ടുള്ളപ്പോൾ വളരെ മതിപ്പ് ഉളവാക്കിയിട്ടുണ്ട്. അത് അവരോട് നേരിൽ പറഞ്ഞിട്ടുമുണ്ട്. എനിക്കറിയാവുന്ന മിക്കവരുടേയും മന്ത്രിയുമായുള്ള അനുഭവം ഇതു തന്നെയാണ്. എല്ലാ പാർട്ടികളിലും ഇങ്ങനെ കഴിവുള്ള കുറേ നല്ല മനുഷ്യർ ഉള്ളതുകൊണ്ടാണ് ആ പാർട്ടികളും നാടും പിടിച്ചു നിൽക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ നാട്ടിൽ പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ദുരന്തങ്ങൾ സംഭവിച്ചപ്പോഴും ഈ കൊറോണ കാലത്തും സകല അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് കേരളത്തിലെ ജനങ്ങൾ ആരോഗ്യ മന്ത്രിയെ പിന്തുണച്ചു. അതങ്ങനെ തന്നെ വേണമെന്നാണ് എന്റെ ശക്തമായ അഭിപ്രായം. ഒരു സർക്കാർ നിലവിൽ വന്നാൽ ഭരിക്കുന്ന മുന്നണിയോ മന്ത്രിയുടെ പാർട്ടിയോ ഒന്നും നമ്മളെ ബാധിക്കരുത്. ഓരോ മന്ത്രിയും നാട്ടിലെ മുഴുവൻ പേരുടെയും മന്ത്രിയാണ്. ചില നയങ്ങളിൽ എതിർപ്പുണ്ടായാലും നമ്മൾ ഓരോരുത്തരും ഗവണ്മെന്റിന്റെ ഭാഗമാണ്. ജനാധിപത്യത്തിൽ അധികാരവും ഉത്തരവാദിത്വവും ഓരോ പൗരനുമുണ്ട്.
കോവിഡ് – 19 എന്ന രോഗത്തിനു മുന്നിൽ ലോകം മുഴുവനും പകച്ചു നിൽക്കുകയാണ്. എവിടെയും അനിശ്ചിതത്വമാണ്. ഓരോ മനസിലും ആശങ്കയാണ്. നല്ല സർക്കാരുകളും ഭരണാധികാരികളും പ്രസ്ഥാനങ്ങളും ഉള്ള നാടുകളിൽ മനുഷ്യർ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. ആശ്വാസത്തിനായി.
കോവിസ് – 19 നെ ലോകാരോഗ്യ സംഘടന പാന്റമിക് ആയി പ്രഖ്യാപിച്ചു കഴിഞ്ഞു. ഈയവസരത്തിൽ അംഗ രാജ്യങ്ങളുടെ ഉത്തരവാദിത്വം വളരെ വലുതാണ്. രാജ്യവും ഭരണാധികാരികളും പറയുന്ന ഓരോ വാക്കും അവരുടെ മുഖഭാവങ്ങളും ശരീരഭാഷയുമൊക്കെ കൃത്യമായിരിക്കേണ്ട സമയം. ശാസ്ത്രസത്യങ്ങൾ മാത്രമേ പറയാവൂ. ശരി മാത്രമേ പറയാവൂ. ലോകത്തെ മുഴുവൻ ജനങ്ങളെയും ബാധിച്ചിരിക്കുന്ന ഈ വിഷയത്തിൽ ഉത്തരവാദപ്പെട്ടവർ ഉറപ്പില്ലാത്ത ഒന്നും പറയരുത്. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്. ആശയക്കുഴപ്പമുണ്ടാക്കരുത്.
കോവിഡ്‌ – 19 പുതിയ രോഗമാണ്. രോഗമുണ്ടാക്കുന്ന വൈറസിനെ ആകെ അഞ്ച് രാജ്യങ്ങളാണ് വേർതിരിച്ചിട്ടുള്ളത്. ഈ വൈറസിനെ പരാജയപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ട ഒരു മരുന്നും ഇതുവരെ ലോകത്തില്ല. ഈ രോഗത്തെ തടയാനുള്ള ഒരു പ്രതിരോധ മരുന്നും ഇല്ല. മരുന്നുകളും വാക്സിനുമൊക്കെ കണ്ടു പിടിക്കാൻ ലോകത്തിന്റെ പല ഭാഗങ്ങളിലും ശാസ്ത്രജ്ഞർ തകൃതിയായ ശ്രമം തുടങ്ങിയിട്ടുണ്ട്. പക്ഷേ ആ പ്രവർത്തനമൊക്കെ വിജയകരമായി പരിണമിച്ചാൽ തന്നെ മരുന്നുകൾ നമുക്ക് ലഭ്യമാകാൻ വീണ്ടും മാസങ്ങളെടുക്കും. മനുഷ്യരിൽ വിജയകരമായി പ്രയോഗിക്കാവുന്ന ഒരു വാക്സിൻ ഏറ്റവും കുറഞ്ഞത് ഒരു വർഷം അകലെയാണ്. ഇതാണ് ഈ നിമിഷം വരെയുള്ള ശാസ്ത്രീയമായ അറിവ്. ഇതാണ് ലോകാരോഗ്യ സംഘടനയും മികച്ച അന്തർദേശീയ ശാസ്ത്ര – ഗവേഷണ സ്ഥാപനങ്ങളും ഈ നിമിഷം വരെ പറഞ്ഞിട്ടുള്ളത്.
യാഥാർത്ഥ്യം ഇതായിരിക്കെയാണ് ആരോഗ്യമന്ത്രി രണ്ടു ദിവസം മുമ്പ് ഒരു അബദ്ധം കാണിച്ചത്. കോവിഡിനെതിരെ ചില ചികിത്സാ സമ്പ്രദായങ്ങളിൽ പ്രതിരോധ മരുന്നുണ്ടെന്ന് പറഞ്ഞത്. മന്ത്രിയുടെ വരികൾ കേട്ട് ഇക്കാര്യത്തിലെ ശാസ്ത്ര സത്യം അറിയാവുന്ന മുഴുവൻ മനുഷൃരും ഞെട്ടി. സഹജീവികളുടെ ആരോഗ്യത്തിനായി ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകരും ഞെട്ടി.
മുഴുവൻ മനുഷരും ഒരു ദുരന്തത്തിന്റെ നടുവിൽ നിൽക്കുമ്പോൾ ഈ വിഷയം കൂടുതൽ വിവാദമാക്കണ്ട എന്ന് കരുതിയാണ് ഞാൻ മിണ്ടാതിരുന്നത്. നമ്മുടെ ശ്രദ്ധ മാറരുത് എന്നു കരുതി. മന്ത്രിയുടെ പാർട്ടിയുമായി ബന്ധമുള്ള ചില ഡോക്ടർമാരുൾപ്പെടെ പ്രതിഷേധിച്ചിട്ടും ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള പ്രസ്ഥാനങ്ങളുടെ ചില നേതാക്കൾ പരസ്യമായി പ്രതികരിച്ചിട്ടും ഞാനുൾപ്പെടെ പലരും മിണ്ടാതിരുന്നത് അനാവശ്യ ശബ്ദകോലാഹലങ്ങൾ ഒഴിവാക്കാനാണ്. മന്ത്രി പറഞ്ഞത് ഒരു വ്യാജ വൈദ്യനും ഏറ്റെടുക്കില്ലെന്ന് പ്രതീക്ഷിച്ചു. പക്ഷേ ഇപ്പോൾ ആ പ്രതീക്ഷ കൈവിട്ടു പോയിരിക്കുന്നു. ഇനിയും നിശബ്ദരായിരുന്നാൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതുകൊണ്ടാണ് വേദനയോടെ ഇതെഴുതുന്നത്.
വാക്സിനും മരുന്നുമൊന്നും ആൾദൈവങ്ങൾ ഭസ്മം ഉണ്ടാക്കുന്നതു പോലെ മാജിക് കാണിച്ച് അന്തരീക്ഷത്തിൽ നിന്ന് എടുക്കാൻ കഴിയില്ല. ഒരുപാട് പരീക്ഷണങ്ങൾ നടത്തി കണ്ടുപിടിച്ചാലും സന്നദ്ധരായ മനുഷ്യരിലൊക്കെ പരീക്ഷിച്ച് ശാസ്ത്ര നിയമങ്ങൾ അനുശാസിക്കുന്ന വിവിധ ഘട്ടങ്ങൾ കടന്നു വേണം പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ. വാക്സിന്റെയും മരുന്നിന്റെയുമൊക്കെ ഫല പ്രാപ്തി പരിശോധിക്കുന്നത് കൂടാതെ ഇതൊന്നും മനുഷ്യരുടെ ജീവൻ അപകടത്തിലാക്കില്ലെന്ന തെളിവും കിട്ടണം. ഇതൊന്നുമില്ലാതെ കയ്യിൽ കിട്ടിയ വസ്തുക്കളെന്തെങ്കിലുമെടുത്ത് മനുഷ്യ ശരീരത്തിൽ പ്രയോഗിച്ചാൽ അത് ക്രിമിനൽ കുറ്റവും നിരപരാധികളായ മനുഷ്യരുടെ ജീവനോടുള്ള വെല്ലുവിളിയുമാണ്.
മരുന്നുകളുടെ കാര്യത്തിൽ നമ്മുടെ നാട്ടിലെ കർശന നിയമങ്ങൾ ആധുനിക വൈദ്യശാസ്ത്രത്തിലെ ഉല്പന്നങ്ങൾക്ക് മാത്രമേ ബാധകമാകുന്നുള്ളൂ എന്നൊരു യാഥാർത്ഥ്യമുണ്ട്. ഞാൻ നാളെ രാവിലെ ഉറക്കമുണർന്നിട്ട് ഒരു പുതിയ മരുന്നോ വാക്സിനോ കണ്ടുപിടിച്ചെന്ന് പ്രഖ്യാപിച്ച് അതിന്റെ ഉല്പാദനവും ചികിത്സയും തുടങ്ങിയാൽ എനിക്കെതിരെ നിയമ നടപടികളുണ്ടാകും. രോഗികളെ പരിശോധിക്കാനുള്ള എന്റെ അവകാശം പോലും റദ്ദു ചെയ്യപ്പെടും. എന്നാൽ ഞാൻ ഒരു പച്ചുമരുന്നോ ഹോമിയോ മരുന്നോ കണ്ടുപിടിച്ചെന്ന് പറഞ്ഞ് ആളെപ്പറ്റിച്ചാൽ നാട്ടിലെ നിയമങ്ങൾ നോക്കുകുത്തിയാകും. അത്തരം ‘കണ്ടു പിടുത്തങ്ങൾ’ നടത്താൻ സ്കൂൾ വിദ്യാഭ്യാസം പോയിട്ട് സാക്ഷരത തന്നെ വേണ്ട. അതിനാലാണ് പ്രവേശന പരീക്ഷയിൽ ഒരു മാർക്കിന്റെ വ്യത്യാസത്തിൽ എം.ബി. ബി.എസ്. അഡ്മിഷൻ നഷ്ടമായിട്ട് ആയൂർവേദമോ ഹോമിയോയോ ഒക്കെ പഠിക്കുന്ന പ്രഗത്ഭരായ വിദ്യാർത്ഥികൾ ആ കോഴ്സുകൾ പാസായിക്കഴിഞ്ഞിട്ട് പുതിയ മരുന്നൊന്നും കണ്ടുപിടിക്കാതെ അവിടെയുമിവിടെയുമൊക്കെ ജോലി ചെയ്യുമ്പോൾ ഇലക്ടീഷ്യൻ ആയിരുന്ന ഒരു മജീദ് ഇരുപത്തഞ്ച് കൊല്ലം മുമ്പ് എയ്ഡ്‌സിനെതിരെ ‘മരുന്ന്’ കണ്ടുപിടിച്ച് കൊച്ചിയിലെ ഏറ്റവും വലിയ ധനികരിൽ ഒരാളായി മാറിയത്. ഇലക്ടീഷ്യൻ പണി ചെറുതെന്നോ അയാൾ ധനികനാകാൻ പാടില്ലെന്നോ അല്ല പറഞ്ഞത്. എന്നാൽ അയാൾ ‘ചികിത്സിച്ച്’ ആഴ്ചകൾ കഴിയുന്നതിനു മുമ്പ് മരിച്ചുപോയ പാവം മനുഷ്യരെ എനിക്കറിയാം. അവരുടെ അവസാനത്തെ നാണയവും കൈയിൽ നിന്ന് പോയി. രോഗി മരിച്ചിട്ട് അവരുടെ ബന്ധുക്കൾ പരാതി പറയാൻ പോയില്ല. നാട്ടിലെ സാഹചര്യത്തിൽ പരാതി പറയാൻ പോയാൽ അവരും കൂടി നാറും. നാണക്കേട് പേടിച്ച് രോഗിയോ ബന്ധുക്കളോ പുറത്തു പറയാത്ത രോഗങ്ങളിലാണ് ഈ വേന്ദ്രന്മാരുടെ സ്പെഷ്യലൈസേഷൻ. അതുകൊണ്ടാണ് മൂലക്കുരു, ഉദ്ധാരണക്കുറവ്, വെള്ളപോക്ക്, എയ്ഡ് എന്നീ രംഗങ്ങളിൽ തട്ടിപ്പു ചികിത്സകർ സിംഹാസനങ്ങൾ പണിയുന്നത്.
ആയൂർവേദമോ ഹോമിയോയോ ഒക്കെ പഠിച്ച് റാങ്ക് വാങ്ങിയ സുഹൃത്തുക്കൾ എനിക്കുമുണ്ട്. ആ ചികിത്സകളുടെ പരിമിതികൾ അറിയാവുന്ന നല്ല മനുഷ്യരായ അവർ അവർക്കോ അവരുടെ രോഗികൾക്കോ കാര്യമായ രോഗങ്ങൾ വന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായം തേടും. അങ്ങനെ തന്നെയാണ് വേണ്ടത്. വലിയ രോഗങ്ങൾ വന്നപ്പോൾ തിരുവനന്തപുരം ആയൂർവേദ കോളേജിലെയും ഹോമിയോ കോളേജിയുമൊക്കെ പ്രിൻസിപ്പൽമാരെയും പ്രൊഫസർമാരെയുമൊക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ദ്ധർ ചികിത്സിച്ചു രക്ഷപെടുത്തുന്നത് ഞാനും കണ്ടിട്ടുണ്ട്. അതും അങ്ങനെ തന്നെയാണ് വേണ്ടത്. ഒന്നും പഠിച്ചിട്ടില്ലാത്ത വടക്കാഞ്ചേരിക്കോ മോഹനനോ ആൾ ദൈവത്തിനോ അസുഖം വന്നാലും നമ്മൾ അവർക്ക് ലഭ്യമായ ഏറ്റവും നല്ല ചികിത്സ തന്നെ നൽകണം. രോഗവുമായി വരുമ്പോൾ അവരെ കളിയാക്കാനോ വെല്ലുവിളിക്കാനോ ബ്ലാക്മെയിൽ ചെയ്യാനോ പാടില്ല. ഒരു ഡോക്ടറും അത് ചെയ്യില്ല. ചെയ്താൽ അയാൾ ചികിത്സിക്കാൻ യോഗ്യനുമല്ല.
കോവിഡ് – 19 രോഗം ഭീതി പരത്തിക്കൊണ്ടിരിക്കുമ്പോൾ സർക്കാരിന്റെ കർശനമായ നിലപാടുകളാണ് ആദ്യ ദിവസങ്ങളിൽ തട്ടിപ്പ് ചികിത്സകരുടെ വായടപ്പിച്ചത്. പക്ഷേ ആരോഗ്യ മന്ത്രിയുടെ വായിൽ നിന്ന് വീണ അബദ്ധം ഇതിനിടെ അന്തരീക്ഷം മലീമസമാക്കി. തട്ടിപ്പുകാർ ഈ അവസരം മുതലെടുക്കാതെ നോക്കണം. ചില പെട്ടിക്കടകളും വഴിവാണിഭക്കാരും ഇപ്പോൾ പഴന്തുണി ‘മാസ്ക്’ വിൽക്കുന്നതു പോലെ വാക്സിൻ വിതരണം ഉടൻ തുടങ്ങിയേക്കും. അവിടെ രണ്ടാണ് അപകടം. ഒന്ന്, വാക്സിൻ എന്ന ധാരണയിൽ സേവിച്ച വസ്തു തങ്ങളെ രക്ഷിക്കുമെന്ന മിഥ്യാ ധാരണയിൽ ചില മനുഷ്യരെങ്കിലും രോഗത്തെ നിസാരമായെടുക്കും. രോഗം വരാതിരിക്കാനുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ അവർ അവഗണിക്കും. രണ്ട്, വാക്സിൻ എന്നു പറഞ്ഞ് മനുഷ്യർക്ക് കഴിക്കാൻ കൊടുക്കുന്നത് എന്ത് വിഷവസ്തുവാണെന്ന് ആർക്കും അറിയില്ല. ഏതോ ഒരാൾ വീടുകളിൽ കൊണ്ടു നടന്ന് വിറ്റ സാധനങ്ങൾ മരുന്നാണെന്ന് വിശ്വസിച്ച് കഴിച്ച് മനുഷ്യർ ആശുപത്രിയിലായ നാടാണ് നമ്മുടേതെന്ന് മറക്കരുത്.
വിശ്വസിക്കുക. കോവിസ് – 19 രോഗത്തിനെതിരെ ഇപ്പോൾ മരുന്നോ വാക്സിനോ ലോകത്തെങ്ങും ഇല്ല. ഉണ്ടെന്ന വാർത്തകൾ അബദ്ധമോ തട്ടിപ്പോ ആണ്. ഇനി ആരെങ്കിലും വാക്സിനോ മരുന്നോ കണ്ടുപിടിച്ചിട്ടുണ്ടെങ്കിൽ, അത് പരിശോധിക്കപ്പെടണമെങ്കിൽ, എന്നെയും കൂടി ബന്ധപ്പെടുക. ഈ മരുന്നുകൾ പരിശോധിക്കുന്ന സ്ഥാപനങ്ങളുമായി അവരെ ബന്ധപ്പെടുത്തിക്കൊടുക്കാം. ഞാൻ പണ്ട് ജോലി ചെയ്തിരുന്ന ലോകാരോഗ്യ സംഘടനയിൽ ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരെയും ബന്ധപ്പെടുത്തിക്കൊടുക്കാം. ഈ ഉല്പന്നങ്ങളുടെ ഫലപ്രാപ്തി തെളിയിക്കാനുള്ള വഴികളും നടപടികളും അവർ പറഞ്ഞു കൊടുക്കും. ഏതെങ്കിലും വസ്തുവിന് ഫലപ്രാപ്തിയുണ്ടെങ്കിൽ ലോകത്തിന് മുഴുവൻ ഉപയോഗപ്പെടട്ടെ. സംഗതി ശരിയാണെങ്കിൽ നോബൽ സമ്മാനവും ഉറപ്പാണ്. മൂന്നുതരം.
ഇന്നലെ ഒരു അമേരിക്കൻ ഓൺലൈൻ പത്രത്തിൽ നമ്മുടെ ഗോമൂത്ര ചികിത്സയെ നിശിതമായി വിമർശിച്ചു കണ്ടു. ഇന്ത്യക്കാർ ഇത്തരം അബദ്ധങ്ങൾ കാണിക്കുന്നത് അമേരിക്കയ്ക്കും ലോകത്തിനും അപകടമാണെന്ന് അവർ എഴുതിയിരിക്കുന്നു. ലജ്ജ തോന്നി. പുതിയ ‘വാക്സിനും’ ഇതുപോലെ നാണക്കേടുണ്ടാക്കും.
ഡിഗ്രികൾ പഠിച്ച, അറിവും ബോധവുമുള്ള ആയൂർവേദ – ഹോമിയോ ഡോക്ടർമാർ വളരെ ഉത്തരവാദിത്വത്തോടെ നിശബ്ദരായി ശാസ്ത്രത്തോടും ആരോഗ്യ വകുപ്പിനോടും സഹകരിക്കുകയാണ്. അതിനിടയിൽ തനി വ്യാജന്മാരാണ് വാക്സിൻ വാളുമായി ഇറങ്ങിയിരിക്കുന്നത്. അതിനാൽ അറിവും പൊതുജനാരോഗ്യ ബോധവുമുള്ള ആയൂർവേദ – ഹോമിയോ ഡോക്ടർമാർ ഇടപെടണം. മന്ത്രിയെ തിരുത്തണം. നമ്മളെല്ലാം ശാസ്ത്രം മാത്രം പറയേണ്ട സമയമാണിത്. മനുഷ്യരാശിക്കായി ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്. മനുഷ്യരുടെ ജീവൻ വച്ചുള്ള കളികൾ അനുവദിക്കാൻ നമുക്ക് കഴിയില്ല.
വാലറ്റം: തിരുവനന്തപുരത്തെ ഒരു സുഹൃത്ത് ഇന്ന് കാലത്ത് എന്നെ വിളിച്ചിരുന്നു. ഇമ്മ്യൂണിറ്റി കൂട്ടാൻ മരുന്ന് വല്ലതുമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. മെഡിക്കൽ സ്റ്റോറിൽ പോയി ഒരു ഗുളിക വാങ്ങിക്കഴിച്ചാൽ അടുത്ത നിമിഷം മുതൽ ഇമ്മ്യൂണിറ്റി കൂടുമെന്ന് വിശ്വസിക്കുന്ന അഭ്യസ്ഥവിദ്യനാണ് എന്റെ സുഹൃത്ത്. ഫ്രൂട്ട്സ് കഴിച്ചാലോ എന്നായി സുഹൃത്ത്. ഫ്രൂട്ട്സ് നല്ലതാന്നെന്നും സ്ഥിരമായി കഴിക്കണമെന്നും പറഞ്ഞു. ഇന്ന് കഴിച്ചാൽ വൈകുന്നേരമാകുമ്പോൾ ഇമ്മൂണിറ്റി കിട്ടില്ലെന്നും പറഞ്ഞു. കൊറോണ സമയത്ത് പപ്പായ കഴിക്കുന്നത് നല്ലതാണോ എന്നും അദ്ദേഹം ചോദിച്ചു. എന്ത് മറുപടിയാണ് പറയാൻ കഴിയുക ? കൊറോണ ഉണ്ടെങ്കിലും ഇല്ലെങ്കിലും പപ്പായ നല്ലത് തന്നെ. അതിനാൽ അദ്ദേഹത്തോട് ആണെന്നോ അല്ലെന്നോ ഉത്തരം പറയാൻ കഴിയാത്ത അവസ്ഥ. ആണെന്ന് പറഞ്ഞാൽ അയാളുടെ പഞ്ചായത്തിലെ പപ്പായ മരങ്ങൾ ഇന്ന് തന്നെ തീരും. അല്ലെന്ന് പറഞ്ഞാൽ ഞാൻ പ്രകൃതിക്ക് എതിരാണെന്ന് അദ്ദേഹവും ധരിക്കും. അദ്ദേഹം പ്രകൃതി ചികിത്സയിലൊക്കെ വിശ്വസിക്കുന്ന ആളാണ്. പ്രകൃതി ഉൽപന്നം എന്ന് പറഞ്ഞാൽ പ്രകൃതി ചികിത്സയിലെ മരുന്നാണെന്ന് വിചാരിക്കുന്നവരും ഉണ്ട്. കൊറോണയ്ക്ക് പപ്പായ നല്ലതാണെന്ന് ഒരു ഡോക്ടർ പറയുന്നു എന്ന് സുഹൃത്ത് പറഞ്ഞു. ഡോക്ടർമാർ പലവിധമുണ്ടെന്ന് ഞാൻ പറഞ്ഞു. വാക്സിൻ കണ്ടുപിടിച്ചെന്നും ആ ഡോക്ടർ പറഞ്ഞതായി വീണ്ടും സുഹൃത്ത്. പുകവലിക്കുന്ന ഡോക്ടർമാരും ഉണ്ടെന്ന് ഞാൻ മറുപടി പറഞ്ഞു. ഞങ്ങൾ രണ്ടുപേരും ചിരിച്ചു. പിന്നീട് ഇന്ന് വൈകുന്നേരം ഇവിടെ ഒരു കൊറിയൻ കടയിൽ നിന്ന് ഒരു ആഫ്രിക്കക്കാരൻ സുഹൃത്ത് പപ്പായ വാങ്ങുന്നത് കണ്ടു. കൊറിയയിലും ആഫ്രിക്കയിലും അമേരിക്കയിലും നമ്മുടെ പ്രകൃതി ചികിത്സ എത്തിയതോർത്ത് ഞാൻ ഒറ്റയ്ക്ക് ചിരിച്ചു. കൊറോണക്കാലത്തെ ഭീതിക്കിടയിൽ ഫോൺ കോളും തമാശയും ചിരിയും നല്ലതാണ്. തട്ടിപ്പ് വാക്സിൻ ഒരിക്കലും നല്ലതല്ല.