“വരുംകൊല്ലമാരെന്നുമെന്തെന്നുമാർക്കറിയാം”

62

തിരുവനന്തപുരം RCC യിലെ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോക്‌ടർ സഹീർ നെടുവഞ്ചേരിയുടെ കുറിപ്പ് :-

“വരുംകൊല്ലമാരെന്നുമെന്തെന്നുമാർക്കറിയാം”

ഒരുപാടു കാലത്തിനു ശേഷം എൻ എൻ കക്കാടിൻ്റെ “സഫലമീ യാത്ര” എന്ന കവിത വീണ്ടും കേൾക്കുവാനിടയായി. അർബുദം ബാധിച്ച് രോഗഗ്രസ്തനായ കവി തൻ്റെ പ്രിയതമയോടൊന്നിച്ച് തിരുവാതിര രാവിനെ വരവേൽക്കാൻ ഒരുങ്ങുന്നതാണ് ഈ കവിതയുടെ പശ്ചാത്തലം. പോയ കാലത്തിൻ്റെ ഓർമ്മകൾ കവി അയവിറക്കുന്നു. ജീവിത യാത്രയിൽ പ്രിയപ്പെട്ടവരോടൊന്നിച്ചുള്ള സുഖങ്ങളും ദു:ഖങ്ങളം, പൊട്ടിച്ചിരികളും വിങ്ങിപ്പൊട്ടലുകളും എല്ലാം കവി ഓർത്തെടുക്കുകയാണ്. ശിഷ്ട ദിനങ്ങളെ കണ്ണുനീർ ചവർപ്പു പെടാതെ ആകുലതകൾ മറന്ന് ജീവിതത്തെ പൂർണ്ണ രീതിയിൽ ആസ്വദിക്കണം എന്നും പ്രിയ പത്നിയെ ഓർമ്മിപ്പിക്കുന്നു കവി.

ഈ കവിതയ്ക്ക് എന്തു കൊണ്ടോ എൻ്റെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഒരു ഓങ്കോളജിസ്റ്റ് എന്ന നിലയ്ക്ക് എൻ്റെ മുന്നിലൂടെ കടന്നു പോകുന്ന ഒരുപാടു ജീവിതങ്ങളെ ഈ കവിതയിലെ കവിയുടെ മാനസിക അവസ്ഥയുമായി ബന്ധിപ്പിക്കാൻ സാധിക്കും.ഒരോ തവണ ഈ കവിത കേൾക്കുമ്പോഴും ഓരോ മുഖങ്ങളാണ് എൻ്റെ മനസ്സിലൂടെ കടന്നു പോകുന്നത്. പക്ഷേ അതിൽ എപ്പോഴും വരുന്ന ഒരു മുഖമുണ്ട്. അത് കുപ്പുസാമിയുടേതാണ്. ജി വേണുഗോപാലിൻ്റെ ആലാപന സൗന്ദര്യത്തിൽ മനം മയങ്ങി ഈ കവിത കേട്ടു തുടങ്ങിയ എന്നെ ഈ കവിതയുടെ അന്തസത്തയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത് കുപ്പുസാമിയുമായി ബന്ധപ്പെട്ട ഒരു സംഭവമാണ്.

ഞാൻ പോണ്ടിച്ചേരി ജിപ്മറിൽ ജോലി ചെയ്തിരുന്ന കാലം. തൈറോയിഡിൽ ഒരു മുഴയായിട്ടാണ് കുപ്പുസാമി ഞങ്ങളുടെ അടുക്കൽ വന്നത്. പരിശോധനയിൽ തൈറോയിഡ് കാൻസറാണെന്ന് തെളിഞ്ഞു. ഓപ്പറേഷൻ ചെയ്ത് തൈറോയിഡ് ഗ്രന്ഥി നീക്കം ചെയ്യേണ്ടതുണ്ട്.താരതമ്യേന നിരുപദ്രവകാരിയായ കാൻസറായതിനാലും ഞങ്ങളുടെ സർജറി ‘Wating list ‘ വളരെ അധികമായതിനാലും ഏകദേശം രണ്ടര മാസത്തിനു ശേഷമുള്ള ഒരു സർജറി ഡേറ്റ് കൊടുത്തു. സ്വാഭാവികമായും അയാൾ സന്തുഷ്ടനല്ലായിരുന്നു.
നേരത്തേയുള്ള ഒരു ഡേറ്റിനു വേണ്ടി അയാൾ അപേക്ഷിച്ചു. ഭാര്യയും രണ്ടു കുട്ടികളുമുള്ള ഒരു കുടുംബത്തിൻ്റെ ഏക വരുമാന സ്രോതസ്സായിരുന്നു അയാൾ. അസുഖത്തെ കുറിച്ച് അറിഞ്ഞതിനു ശേഷം അയാൾ ജോലിക്ക് പോയിരുന്നില്ല. പക്ഷേ ഞങ്ങൾ നിസ്സഹായരായിരുന്നു.

അതിനു ശേഷം കുപ്പുസാമി ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും വിരുദാചലത്തു നിന്നും ബസ് കാശ് മുടക്കി വരും. ഒപിയിൽ കാത്തിരുന്ന് ഞങ്ങളെ കാണും. സർജറി ഡേററ് നേരത്തേയാക്കുന്നതിന് അപേക്ഷിക്കും. ഫോൺ നമ്പർ എഴുതിയ കടലാസ്സ് ഞങ്ങളെ ഏൽപ്പിക്കും.ഇങ്ങനെ കൂടെക്കൂടെ വന്നതു കൊണ്ടു മാത്രം സർജറി ഡേറ്റ് നേരത്തെ കിട്ടില്ല എന്ന് ഞങ്ങൾ അയാളെ അറിയിക്കും. എന്നാൽ കുപ്പുസാമി വന്നു കൊണ്ടേയിരുന്നു. ഒന്നു രണ്ടു പ്രാവശ്യം ഒരു ബലത്തിനു വേണ്ടി തൻ്റെ മുഴുവൻ കുടുംബത്തേയും കൂട്ടി. പക്ഷേ ഞങ്ങൾ നിസ്സഹായരായിരുന്നു.

അങ്ങനെ കുപ്പുസാമിയുടെ സർജറി ഡേറ്റ് വന്നെത്തി.തമിഴ് നാടിൻ്റെ വിശേഷ ഉത്സവമായ പൊങ്കലിൻ്റെ നാലു ദിവസം മുമ്പായിരുന്നു അയാളുടെ സർജറി ഡേറ്റ്. സർജറിയുടെ തലേ ദിവസം തന്നെ രോഗിയെ അഡ്‌മിറ്റ് ചെയ്യാറുണ്ട്. സാധാരണ ഗതിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പു തന്നെ രോഗിയെ വിളിച്ച് വരുമെന്ന് ഉറപ്പു വരുത്താറുണ്ട്‌. എന്നാൽ കുപ്പുസാമി അതിന് മൂന്ന് ദിവസം മുമ്പ് വന്നു പോയതിനാൽ അയാളെ ഞങ്ങൾ വിളിച്ചില്ല. അയാളുടെ കാര്യത്തിൽ ഞങ്ങൾക്ക് യാതൊരു വിധ സംശയവും ഉണ്ടായിരുന്നില്ല.
പക്ഷേ അഡ്മിഷൻ ദിവസം ഉച്ചയായിട്ടും കുപ്പുസാമിയെ കണ്ടില്ല. ഞങ്ങൾ പരിഭ്രമിച്ചില്ല. കാരണം കുപ്പുസാമി വരുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് സംശയമൊന്നുമില്ലായിരുന്നു. എന്നാൽ വൈകുന്നേരവും കാണാതായപ്പോൾ ഞങ്ങൾ അപകടം മണത്തു. ഞാൻ കുപ്പുസാമിയെ ഫോണിൽ വിളിച്ചു സർജറിക്കു വരുന്നില്ലേ എന്നു ചോദിച്ചു. അയാൾ പറഞ്ഞു, ” സാർ, ഞാൻ പൊങ്കൽ കഴിഞ്ഞ് വരാം.” എനിക്ക് ദേഷ്യം വന്നു.സമീപ കാലത്തൊന്നും ഞാൻ അത്രയ്ക്ക് ക്ഷുഭിതനായിട്ടില്ല. കുപ്പുസാമി ഒരു രോഗിയാണ് എന്ന വസ്തുത വിസ്മരിച്ച് വളരെ പരുഷമായിത്തന്നെ അദ്ദേഹത്തോട് കയർത്തു.

അയാൾ വന്നില്ലെങ്കിൽ അടുത്ത നാളത്തെ സർജറിക്കുള്ള ഒരാളുടെ അവസരമാണ് പാഴായിപ്പോകുക. ജിപ്മർ പോലുള്ള സർക്കാർ കാൻസർ ചികിത്സാ സംവിധാനത്തിൽ, സർജറിക്കുള്ള ഒരു ‘ slot’ പാഴായിപ്പോകുക എന്നതിൻ്റെയർത്ഥം ഒരു രോഗിക്ക് ജീവിതത്തിലേയ്ക്കുള്ള തിരിച്ചു വരവിനുള്ള അവസരം നഷ്ടമാകുക എന്നുള്ളത് തന്നെയാണ്.പ്രത്യേകിച്ചും നൂറു കണക്കിന് രോഗികൾ പുറത്ത് സർജറിക്കുള്ള തിയ്യതി കാത്ത് കഴിയുമ്പോൾ.

എൻ്റെ വാക്കുകൾ അയാളെ വേദനിപ്പിച്ചു. അയാൾ കരഞ്ഞു കൊണ്ടു പറഞ്ഞു, “സാർ, ഞാൻ വരാനിരുന്നതാണ്. ഞാൻ നോക്കിയപ്പോൾ എൻ്റെ ചുറ്റുമുള്ളവരെല്ലാം, അയൽക്കാരും ബന്ധുക്കളുമെല്ലാം പൊങ്കലിനെ വരവേൽക്കാൻ ഒരുങ്ങുന്നു. അവർ വീട് വൃത്തിയാക്കുന്നു, പുതിയ വസ്ത്രങ്ങളെടുക്കുന്നു, വീടിന് ചുറ്റും കോലമിടുന്നു. എൻ്റെ വീട്ടിൽ മാത്രം പൊങ്കലില്ല. ഒരു മൂകത മാത്രം. ഇപ്രാവശ്യം എനിക്ക് പൊങ്കലാഘോഷിക്കണം സാർ, എൻ്റെ ഭാര്യയോടും മക്കളോടുമൊപ്പം . മുമ്പത്തേക്കാളൊക്കെ ഭംഗിയായി. അടുത്ത വർഷത്തെ പൊങ്കലിന് ഞാനുണ്ടാകുമോ എന്നെനിക്കറിയില്ല”. പിന്നീട് ഞാനൊന്നും മിണ്ടിയില്ല. ഫോൺ വച്ചു.

അന്ന് രാത്രി ജോലിയൊക്കെ തീർത്ത് നേരത്തേ ഉറങ്ങാൻ കിടന്നു. മനസ്സ് വളരെ കലുഷിതമായിരുന്നു. അന്ന് രാത്രി ഞാൻ കേട്ട പാട്ടുകളിലൊന്നായിരുന്നു എൻ എൻ കക്കാടിൻ്റെ “സഫലമീ യാത്ര” .രോഗക്കിടക്കയിൽ തിരുവാതിര രാവിനെ തൻ്റെ ഭാര്യയോടൊപ്പം വരവേൽക്കാൻ ആർത്തിയോടെ കാത്തു നിൽക്കുന്ന ആ കവിതയിലെ നായകൻ എന്നെ സംബന്ധിച്ചിടത്തോളം കുപ്പുസാമി തന്നെയായിരുന്നു. ആ കവിതയിൽ കവി പ്രയോഗിച്ചിട്ടുള്ള ബിംബങ്ങളിലും വിവരിച്ചിട്ടുള്ള ജീവിത സന്ദർഭങ്ങളിലും ഞാൻ കുപ്പുസാമിയെ കണ്ടു.

എന്നെ ഏറ്റവും നോവിച്ച ആ കവിതയിലെ വാക്കുകൾ ഇതായിരുന്നു, “വരുംകൊല്ലമാരെന്നുമെന്തെന്നുമാർക്കറിയാം”. കുപ്പുസാമി എന്നോട് പറഞ്ഞ അതേ വാക്കുകൾ. അന്ന് രാത്രി ഞാൻ വളരെ ശാന്തമായി കടന്നുറങ്ങി.കുപ്പുസാമിയോട് ഒരു നുള്ള് ദേഷ്യമോ പരിഭവമോയില്ലാതെ. കുപ്പുസാമിക്ക് ഇപ്രാവശ്യത്തെ പൊങ്കൽ കൊണ്ടാടാൻ കഴിയുമല്ലോ എന്ന ആശ്വാസം മാത്രമായിരുന്നു മനസ്സിൽ.