കൊറോണ വൈറസ് മരുന്നൊന്നും കൊടുത്തില്ലെങ്കിൽ നശിക്കുന്നതെങ്ങനെ ? 3 വഴികൾ

157

Dr. Sandhya GI

പലരും എന്നോട് ചോദിച്ച സംശയമാണ്. ഈ വൈറസ് മരുന്നൊന്നും കൊടുത്തില്ലെങ്കിൽ നശിക്കുന്നതെങ്ങനെ എന്ന്.

പല തരം വൈറസ് ഉണ്ട്. അതിലൊന്നാണ് കൊറോണ വൈറസ്. ഓരോ വൈറസിനും ഓരോ അവയവത്തിനെയാണ് ഇഷ്ടം.ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്ന വൈറസ് കരളാണ് ചോദിക്കണതെങ്കിൽ കൊറോണക്കിഷ്ടം ശ്വാസകോശമാണ്. ഓരോ വൈറസും ശരീരത്തിനകത്ത് കയറുന്നത് ഓരോ വഴിയിലൂടെയാണ്. ചിലത് ഭക്ഷണത്തിലൂടെ. ചിലത് ശ്വാസകോശം വഴി.. ചിലത് രക്തം വഴി, അങ്ങനെ കൊറോണ വൈറസിന്റെ പുറത്തുള്ള ഒരു പ്രോട്ടീന് നമ്മുടെ ശ്വാസകോശത്തിലെ ACE2 receptor നെവലിയ ഇഷ്ടമാണ്. അങ്ങനെ വൈറസ് സ്നേഹിച്ച് കെട്ടിപിടിച്ച് നമ്മുടെ ശ്വാസകോശത്തിൽ കയറി പിന്നെ വളർന്ന് പെറ്റുപെരുകി തുടങ്ങുമ്പോൾ എന്ത് സംഭവിക്കുന്നു?

ഈ കൊറോണ ആള് ശരിയല്ല എന്ന് മനസിലാക്കി നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെല്ലാം കൂടി ചേർന്ന് വൈറസിനെ ആക്രമിക്കാൻ തുടങ്ങും .നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ .. വാസ്തവത്തിൽ പോലീസും പട്ടാളത്തിനെയും പോലെ പല തരത്തിലുണ്ട്. വളരെ രസകരമാണ്. ഇത് ഒരു യുദ്ധമാണ്. വൈറസ് നമ്മുടെ ശരീരത്തിൽ അവകാശം സ്ഥാപിക്കാനുള്ള ശ്രമവും അത് തടുക്കാനുള്ള ശരീരത്തിന്റെ ശ്രമവും… പരാജയങ്ങളും ജയവും കടന്നു പോകുന്ന വഴികളും വായിച്ച് നോക്കിയാൽ കുരുക്ഷേത്ര യുദ്ധത്തെക്കാൾ രസകരമാണ്.നമുക്ക് നോക്കാം.

ഒന്നാമതായി നമ്മുടെ ശ്വാസകോശ ത്തിനോട് പ്രണയം നടിച്ച് അകത്ത് കയറിയ കൊറോണ പെറ്റുപെരുകി താമസം ആരംഭിക്കുമ്പോൾ നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ചുമതലയുള്ള വേണ്ടപ്പെട്ട ശരീര ഭാഗങ്ങൾക്ക്(immune system) കാര്യം മനസ്സിലാകുന്നു. അവർ ശത്രുവിനെ തുരത്തുന്ന രീതിയിൽ യുദ്ധത്തിന് തയ്യാറാകുന്നു. അതായത് കൊറോണ ശരീരത്തിൽ കയറിയാൽ ശരീരം കൊറോണയെ നശിപ്പിക്കുന്നതിനുള്ള വഴികൾ തേടുന്നു. ഇനി യുദ്ധത്തിൽ എന്തൊക്കെ സംഭവിക്കാം?

  1. കൊറോണ നമ്മുടെ ശ്വാസകോശത്തിൽ കയറി കുറച്ച് പെറ്റ് പെരുകിയാലും വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് Immune system പെട്ടെന്ന് തന്നെ കൊറോണയെ നശിപ്പിക്കുന്നു .ഒറ്റ വാക്കിൽ പറഞ്ഞാൽ നമ്മൾ പെട്ടെന്ന് ജയിക്കുന്നു . ഇങ്ങനെയുള്ള സാഹചര്യത്തിൽ രോഗി വലിയ രോഗലക്ഷണങ്ങൾ കാണിക്കില്ല. യുദ്ധം മിക്കവാറും കോലാഹലങ്ങൾ ഉണ്ടാ ക്കാതെ യാണ്. ഈ സമയവും തക്കം കിട്ടിയാൽ കൊറോണ ക്ക് മറ്റൊരാളുടെ ശരീരത്തിൽ കയറാൻ പറ്റും. ശരീരത്തിൽ കയറുന്ന വൈറസിനെ അല്ലെങ്കിൽ അതിന്റെ ഭാഗത്തിനെ ആൻറിജൻ എന്ന് വിളിക്കാം. നമ്മുടെ ശരീരം വൈറസിനെതിരെ യുദ്ധം ചെയ്യാനുണ്ടാക്കുന്ന ആയുധമാണ് ആന്റി ബോഡി . (immunoglobulin) .ആന്റിബോഡി ദീർഘനാൾ നമ്മുടെ ശരീരത്തിൽ കാണുകയും രണ്ടാമത് കൊറോണയുടെ ആക്രമണം ഉണ്ടാവാതെ തടയുന്നു.ഇത്രയും ഞാൻ വിവരിച്ച ഒന്നാമത്തെ അവസ്ഥ കൊറോണ രോഗബാധ ഉണ്ടായാലും രോഗലക്ഷണങ്ങൾ ഇല്ലാത്തവരാണ്. ഓർക്കുക

a. ഇക്കൂട്ടർക്ക് ലക്ഷണങ്ങൾ ഇല്ലെങ്കിലും രോഗം മറ്റൊരാൾക്ക് പടർത്താൻ കഴിയും.
b . ഇവർക്ക് രോഗ പ്രതിരോധ ശേഷി കിട്ടിയിട്ടുണ്ട്.
c. മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ ഇവരുടെ ശരീരത്തിൽ നിന്നും വൈറസുകൾ പൂർണ്ണമായും നശിക്കുന്നു.

  1. ഇനി നമുക്ക് യുദ്ധത്തിന്റെ വേറൊരു അവസ്ഥ നോക്കാം.

ഇവിടെ കൊറോണ ശരീരത്തിൽ പെറ്റുപെരുകി ഞാനെന്ന ഭാവം കാണിച്ചു തുടങ്ങും .ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ കൊറോണയെ കൊല്ലാനായി ശ്രമിച്ചാലും അത്ര എളുപ്പമല്ല. യുദ്ധത്തില് പല മാർഗ്ഗങ്ങൾ ഉണ്ട്. ശരീരത്തിന്റെ താപനില കൂടുന്നത് യുദ്ധതന്ത്രങ്ങളുടെ ഭാഗമാണ്. കൊറോണയും ശക്തമായി തിരിച്ച് ആക്രമിക്കുന്നു. രോഗലക്ഷണങ്ങൾ കാണിക്കുന്നു. നമുക്ക് ശ്വാസം മുട്ടൽ കൂടുന്നു. ക്ഷീണം ഉണ്ടാകും. . പൊരിഞ്ഞ യുദ്ധത്തിനൊടുവിൽ നമ്മൾ കൊറോണയെ മൊത്തം നശിപ്പിക്കുന്നു.. ഇവിടെയും നമ്മള് ആന്റിബോഡിയൊക്കെ ഉണ്ടാക്കി സൂക്ഷിച്ച് വച്ചിട്ടുണ്ട്. കൊറോണയെ പിന്നെ അടുപ്പിക്കത്തില്ല.
ഇതാണ് രോഗലക്ഷണങ്ങൾ വന്നതിന് ശേഷം നമ്മൾ രോഗത്തിൽ നിന്ന് മോചിതരാകുന്നു. ഇവിടെയും വൈറസ് ശരീരത്തിൽ ദീർഘനാൾ കിടക്കുന്നില്ല.

  1. ഇനി മൂന്നാമത്തെ കാര്യം. പ്രായം കൊണ്ടോ മറ്റ് പല കാര്യങ്ങൾ കൊണ്ടോനമ്മുടെ പ്രതിരോധപ്രവർത്തനങ്ങൾ ദുർബ ലമായിരിക്കും. അതു കൊണ്ട് തന്നെകൊറോണ നമ്മളെ കീഴ്പ്പെടുന്നു. മരണമുണാകുന്നത് ഈ അവസരത്തിലാണ്. ഇത്തരക്കാരുടെ ശരീരം നശിക്കുമ്പോൾ കൊറോണയും മരിച്ചു പോകുന്നു.

എങ്ങനെയായാലും നാലഞ്ച് ആഴ്ചക്കുള്ളിൽ വൈറസ് നമ്മുടെ ശരീരത്തിനുള്ളിലെ വാഴ്ച അവസാനിക്കും.പിന്നീട് കൊറോണക്ക് ജീവിക്കണമെങ്കിൽ മറ്റൊരാളിലേക്ക് കയറണം. അതിന് അവസരം കൊടുക്കാതിരുന്നാൽ കൊറോണയുടെ അന്ത്യം ഉറപ്പ് വരുത്താം. അതു കൊണ്ട് തന്നെ വൈറസ് മരുന്നില്ലാതെ നശിക്കില്ല എന്ന വിചാരമൊന്നും വേണ്ട.മൃഗങ്ങളിൽ വൈറസ് ബാധയുണ്ടെന്ന് പറയുന്നുണ്ട്. അകലം പാലിക്കുക . പട്ടിയെയും പൂച്ചയേയും ഒന്ന് ഉമ്മം വയ്ക്കാതിരിക്കുക. മാസ്ക് ധരിക്കുക .കൈകൾ കഴുകുക. സാനിറ്റൈസർ ഉപയോഗിക്കുക. ഇന്ന് ശാരീരിക അകലം തന്നെയാണ് നമ്മുടെ മുന്നിലുള്ളത്. ചില സമയത്ത് മാളങ്ങളിൽ ഒളിച്ചിരിക്കുന്നതും യുദ്ധതന്ത്രങ്ങളിൽ ഒന്നു തന്നെയാണ്. അതിൽ നാണക്കേട് തോന്നേണ്ടതില്ല.