ഓണത്തിന്‌ മലയാളി കുടിച്ചത്‌ 487 കോടി രൂപക്ക്, ഈ വർഷവും വന്നു ആ ആഘോഷ വാർത്ത, എന്നാൽ യാഥാർഥ്യം എന്ത് ?

490

എഴുതിയത്  : Dr Satheesh Kumar

ഓണത്തിന്‌ മലയാളികുടിച്ചത്‌ നാന്നൂറ്റി എൺപത്തി ഏഴ്‌ കോടി രൂപക്ക്!

പതിവുപോലെ ഈ വർഷവും വന്നു ആ ആഘോഷ വാർത്ത

ആളുകൾ ഹോ .. എന്ന് മൂക്കത്ത്‌ വിരൽ വെച്ചു
എട്ടു ദിവസം കൊണ്ട്‌ ഇവന്മാർ ചിലവഴിച്ച പണം കണ്ടോ എന്ന് അത്ഭുതപ്പെട്ടു
കുടിയന്മാരുടെ കാര്യം എന്ന് ബീവറേജസിലെ തിരക്കിനെ ശപിച്ചു

എന്നാൽ ഒന്ന് ഓർത്തുനോക്കൂ
മലയാളി യഥാർത്ഥത്തിൽ കുടിച്ചത്‌ എത്ര രൂപയുടെ മദ്യമായിരുന്നു?

ബീവറേജസ്‌ കോർപ്പറേഷന്റെ ലാഭമടക്കമുള്ള പരമാവധി വിലകൂട്ടിയാലും അത്‌ പരമാവധി നൂറ്റി അൻപത്തിയാറ്‌ കോടിയേ വരൂ.

ബാക്കിയുള്ള മുന്നൂറ്റി മുപ്പത്തിമൂന്ന് കോടിയും അവർ സർക്കാരിലേക്ക്‌ തത്സമയം അടച്ച നികുതിയാണ്‌.

ഒരു ഉദാഹരണത്തിന്‌ ഒരു പൈന്റ്‌ ‘മാജിക്‌ മോമന്റ്‌’ വോഡ്കയുടെ ബില്ലുനോക്കൂ..

മുന്നൂറ്റി എഴുപത്തി അഞ്ച്‌ മില്ലിക്ക്‌ നാനൂറ്റി അറുപത്‌ (460)രൂപയാണ്‌ ബീവറേജിൽ നാം കൊടുക്കേണ്ടത്‌
അതിൽ നൂറ്റിനാൽപ്പത്തി ഏഴ്‌ രൂപ നാൽപ്പത്തി നാല്‌ പൈസയാണ്‌(147.44) സാധനത്തിന്റെ വില .

ബാക്കിയത്രയും ആ വാങ്ങൽ ഇനത്തിൽ അവൻ സർക്കാരിലേക്ക്‌ ഒടുക്കേണ്ട നികുതിയാണ്‌
ശതമാനക്കണക്കിൽ എത്ര വരും എന്നാണ്‌ ഇരുനൂറ്റിപ്പന്ത്രണ്ട്‌ ശതമാനം…!

മൂന്ന് ശതമാനം ജി എസ്‌ ടി നൽകാൻ മടിച്ച്‌ സ്വർണക്കടകളിൽ നിന്ന് ബില്ല് വാങ്ങാതെ പോകുന്ന മനുഷ്യരാണ്‌..

പതിനെട്ട്‌ ശതമാനം നികുതിയെ പേടിച്ച്‌ വാങ്ങിയ റഫറിജറേറ്ററിന്‌ പാതിവില ബില്ലും വാങ്ങി കടക്കാരനോട്‌ ഒത്താശ ചെയ്യുന്ന ആളുകളാണ്‌

അവരിൽ ചിലരാണ്‌ ഇരുനൂറിൽചില്വാനം ശതമാനം നികുതി നൽകി സാധനം വാങ്ങുന്ന പാവം കുടിയനെ പരിഹസിക്കുന്നത്‌.

കിലോയ്ക്ക്‌ മുന്നൂറ്‌ രൂപക്ക്‌ നിങ്ങൾ വാങ്ങിയ ഉപ്പേരിക്ക്‌ നികുതിയടക്കം ആയിരം രൂപ കൊടുക്കേണ്ടി വന്നിരുന്നു എന്ന് ആലോചിക്കുക
എത്ര കോടിയുടെ ഉപ്പേരി തിന്നിട്ടുണ്ടാവും കണക്കിൽ ഈ ഓണത്തിന്‌ മനുഷ്യൻ?

ഓണദിവസത്തെ പാലട കച്ചവടം എട്ട്‌ കോടിയുടെ ഉണ്ടാവും എന്നാണ്‌ വിൽപനക്കാരുടെ തന്നെ കണക്ക്‌.

മദ്യത്തിന്റെ കണക്കിൽ അതിന്‌ നികുതി കൊടുത്തിരുന്നെങ്കിൽ ഒറ്റയടിക്ക്‌ അത്‌ ഇരുപത്തിനാല്‌ കോടിയുടെ പായസമായേനേ..
അത്രയേ ഉള്ളൂ ആ വാർത്തകളുടെ കഥകൾ.

ഓണദിവസം കൂടി അത്‌ തുറന്നിരുന്നുവെങ്കിൽ തുകയെത്ര മുതൽകൂട്ടാമായിരുന്നു ഖജനാവിലേക്ക്‌?

തൊഴിലാളികളോടുള്ള സ്നേഹം പറഞ്ഞുകൊണ്ടാണ്‌ സർക്കാർ മദ്യശാലകൾ അടച്ചിടുകയും ബാറുകൾ തുറക്കാൻ അനുവദിക്കുകയും ചെയ്തത്‌

തൊഴിലാളികളിൽ അന്നേ ദിവസം പ്രവർത്തിക്കാൻ തയ്യറുള്ളവർ ഉണ്ടാവുമായിരുന്നല്ലോ?
കെ എസ്‌ ആർടിസിയും , കെ എസ്‌ ഈ ബിയും അന്ന് പ്രവർത്തിച്ചില്ലേ?
പിന്നെ എന്തായിരുന്നു‌ ബെവ്കോ ഔട്ലെറ്റുകൾക്ക്‌ മാത്രമായി ഉണ്ടായിരുന്ന ഒരു പ്രത്യേകത?

അപ്പോ .അതിലും ചില കാരണങ്ങളുണ്ടാവും,

സത്യസന്ധനായി സർക്കാരിൽ നികുതിയൊടുക്കി കുടിക്കാൻ തയ്യാറാവുന്നവനെ അതിന്‌ അനുവദിക്കാതെ കൂടുതൽ കൊള്ളക്കാരായ കച്ചവടക്കാരിലേക്ക്‌ എത്തിക്കുക എന്നതുകൂടി ആയിരുന്നിരിക്കണം അതിന്റെ ഒരു ഇത്‌.

അത്രയേ ഉള്ളൂ സർ അതിന്റെ കാര്യം.

തിരുവോണത്തലേന്ന് ഒന്നരക്കുപ്പി അധികം വാങ്ങി പോകുന്നവനെ പിടികൂടി വണ്ടിയിലേക്കിടാൻ ബീവറേജസ്‌ ഔട്‌ ലെറ്റുകൾക്ക്‌ മുന്നിൽ മഫ്തിയിൽ പോലീസിനെ നിയമിച്ച ആ കണിശതയുണ്ടല്ലോ,അത്‌ സമ്മതിക്കുക തന്നെ വേണം

കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് കേസു കണക്കിന്‌ മദ്യം പുറത്തെത്തിച്ചു വിറ്റ ആ കേസ്‌ എന്തായി എന്നുകൂടി അത്‌ കണ്ട്‌ വിജ്രംഭിതരാവുന്ന നമ്മൾ അതോടൊപ്പം ഒന്ന് ഓർക്കുന്നതും‌ നല്ലതാവും എന്ന് എനിക്ക്‌ തോന്നുന്നു

ഇനിയും വാർത്തകൾ വരും
വിഷുവിനും കൃസ്തുമസിനും മലയാളി കുടിച്ച കോടികളുടെ കഥകൾ മാധ്യമങ്ങൾ ഇങ്ങനെ ആവർത്തിച്ചുകൊണ്ടേയിരിക്കും,
അതങ്ങനെ ഉണ്ടാവുകയില്ല എന്ന വിധം ദുരാഗ്രഹമൊന്നുമില്ല എനിക്ക്‌

എങ്കിലും ഇരുനൂറ്റി പന്ത്രണ്ട്‌ ശതമാനം നികുതി നൽകി സർക്കാരിൽനിന്ന് നേരിട്ട്‌ വാങ്ങിയ ഒരു സാധനം

ഒരു മോഷ്ടാവിനെപ്പോലെ ,അപമാനിതമായ ശരീരഭാഷയോടെ ,മൂത്രപ്പുരകളുടെ പിന്നാമ്പുറങ്ങളിൽ ഒഴിഞ്ഞും ഒളിഞ്ഞും നിന്ന് ഉപഭോഗം ചെയ്യേണ്ടി വരുന്ന പാവം കുടിയന്റെ ആ നിസ്സഹായതയെങ്കിലും ഒന്ന് അവസാനിപ്പിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന ‌നടക്കില്ലെന്നറിയാവുന്ന ഒരു ആഗ്രഹത്താൽ കുറിച്ചിടുന്ന ഒരു എഴുത്താകുന്നൂ ഇത്‌.‌

സുഹൃത്ത്‌ ഗിരീഷ്‌ ജനാർദ്ധനനെ ഓർക്കുന്നു
മദ്യപന്റെ മാനിഫെസ്റ്റോ എന്ന പുസ്തകത്തേയും

Previous articleഫോക്കർ ഫ്രണ്ട്ഷിപ്പ് എന്ന ചെറുവിമാനം
Next articleപത്രങ്ങളുടെ ചരിത്രം
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.