തേയ്ക്കലിനെ മഹത്വവത്ക്കരിക്കലല്ല, ബഹുമാനത്തോടെ എങ്ങനെ പിരിയാം എന്ന് പഠിക്കുന്നതും ഒരു പ്രധാന ജീവിത പാഠമാണ്

50

Dr.SGS ന്റെ പോസ്റ്റ്

Break Up..Pack Up

എങ്ങനെ നന്നായി പിരിയാം?! പാല് പിരിയ്ക്കുന്ന കാര്യമല്ല പറയുന്നത്, ചില ബന്ധങ്ങൾ അവസാനിപ്പിക്കേണ്ടി വരാറില്ലേ..ദി എൻഡ്..ശുഭം..കുറച്ച് ദിവസമായി ഇതാണ് ചിന്ത. എങ്ങനെയൊക്കെ ഒരു ബന്ധം പിരിയാം,അല്ലെങ്കിൽ എപ്പോഴാണ്‌ എങ്ങനെയാണ് ബന്ധങ്ങളിൽ റ്റാറ്റാ പറയേണ്ടത്.ഈ അടുത്ത കാലത്ത് ടോക്സിക് ബന്ധങ്ങളെ പറ്റിയൊരു ലേഖനം വായിച്ചപ്പോഴും, നഷ്ടബന്ധങ്ങളുടെ വ്യധയിൽ മുന്നിൽ എത്തിയവരെ കണ്ടിട്ടും, എനിക്കും കുറച്ചു വിവരം വയ്ക്കാനാണ് ഈ വിഷയത്തെ കുറിച്ച് വായിച്ചു തുടങ്ങിയത്. ചില ബന്ധങ്ങൾ കള്ള് കുടി നിർത്തുന്ന പോലെയാണ്.നിർത്തും പിന്നെയും തുടങ്ങും..ചിലത് പൊട്ടിത്തെറിച്ചു ഒറ്റ പൊട്ടലിൽ തീരും.ചിലത് ചതഞ്ഞ് ചതഞ്ഞ് കിടക്കും,അവസാനിപ്പിക്കാൻ മടിച്ചു, അടക്കി പിടിച്ച്..

പ്രശ്നങ്ങൾ വന്നാൽ ഉടൻ പിരിയണമെന്നല്ല സാർ ഞാൻ പറഞ്ഞു വരുന്നത്. പ്രശ്നങ്ങളില്ലാത്ത ബന്ധമുണ്ടാകുമോ..അതല്ലേ ചട്ടിയും കലവും ആയാൽ തട്ടിയും മുട്ടിയും എന്ന് പറയുന്നത്. എപ്പോൾ മുട്ടി പൊട്ടും,കൂട്ടി ചേർക്കാൻ പറ്റാതാകുന്നത് എപ്പോൾ എന്ന് അറിയുന്നത് നല്ലതല്ലേ.പലരും പറയാനോ എഴുതാനോ മടിക്കുന്ന വിഷയമാണിത്.കാരണം എങ്ങനെയും ബന്ധങ്ങളെ നിലനിർത്താൻ ശ്രമിക്കണം എന്നതാണ് നമ്മുടെ പൊതുവായ സാമൂഹിക നിലപാട്. വൈവാഹിക ബന്ധങ്ങൾ തകരാതിരിക്കാൻ ചുറ്റുമുള്ള സാമൂഹിക സാംസ്‌കാരിക ചുറ്റുപാടുകൾ ശ്രമിക്കുകയും ചെയ്യും.താഴെ പറയുന്നതൊന്നും ഡൈവോഴ്സിനെ പ്രോത്സാഹിപ്പിക്കാനല്ല എന്ന മുൻകൂർ ജാമ്യത്തോടെ കുറിക്കട്ടെ. എന്നാൽ വേർപിരിയലിനെ മോശമായി കാണേണ്ടതുമില്ല.കാരണം അവനവന്റെ യുദ്ധങ്ങൾ അവനവനല്ലേ അറിയൂ.
ഒരു ബന്ധം, അത് പ്രണയമോ,ലിവ് ഇൻ ബന്ധമോ,വൈവാഹിക ബന്ധമോ ഏതുമാകട്ടെ,എപ്പോഴാണ് അവസാനിപ്പിക്കേണ്ടതെന്ന് നോക്കാം

  1. പങ്കാളി പീഢകനാകുമ്പോൾ
  2. പങ്കാളി നിങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കുകയോ നിറവേറ്റാനോ ശ്രമിക്കാതിരിക്കുമ്പോൾ
  3. മറ്റുള്ളവർ പങ്കാളിയുടെ സ്ഥാനം അപഹരിക്കുമ്പോൾ
  4. നിങ്ങളുടെ പങ്കാളിയോട് നിങ്ങളുടെ ആവശ്യങ്ങൾ പറയാൻ തന്നെ ഭയപ്പെട്ടു തുടങ്ങുമ്പോൾ
  5. നിങ്ങളുടെ അഭ്യുദയകാംഷികളായ ബന്ധുക്കൾ, സുഹൃത്തുക്കൾക്ക് നിങ്ങളുടെ പങ്കാളി സ്വീകാര്യനല്ലെങ്കിൽ
  6. നിങ്ങൾ പങ്കാളിയിൽ ഒത്തിരി invest ചെയ്തു,അതുകൊണ്ട് എങ്ങനെയും ഒത്തു പോയേ തീരുവെന്ന് സമ്മർദ്ദത്തിലാണെങ്കിൽ
  7. ഒരു വർഷത്തിലേറെയായി ബന്ധത്തെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തി പരാജയപ്പെടുമ്പോൾ
  8. പങ്കാളിയെ ഇഷ്ടമല്ലാതായി തുടങ്ങുമ്പോൾ

ഈ പറഞ്ഞതൊന്നും എന്ടെ അഭിപ്രായങ്ങൾ അല്ല, ചില ലേഖനങ്ങളിൽ ക്രോഡീകരിച്ചവയാണ്.ഇവയെ വിശദമായി ഒന്ന് അപഗ്രഥിക്കാം.

സെൻടർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ 2015 ലെ ഒരു സർവേ പ്രകാരം നാലിൽ ഒരു സ്ത്രീയും പത്തിൽ ഒരു പുരുഷനും പങ്കാളിയിൽ നിന്ന് വയലൻസ് അനുഭവിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു.പലരും ഇഷ്ടപ്പെട്ട് പോകുന്നത് അബ്യൂസീവ് ആയൊരു പങ്കാളിയെ ആയിരിക്കും.2010 ൽ NIMH നടത്തിയ പഠനത്തിൽ 50% സ്ത്രീകൾ ഉപദ്രവിക്കുന്ന പങ്കാളി ‘വളരെ ആശ്രയിക്കാവുന്ന ഒരു വ്യക്തി’ ആയിട്ടാണ് പരിഗണിച്ചത്.അഞ്ജിൽ ഒരാൾ അവർ നല്ല ഗുണങ്ങൾ ഉള്ള വ്യക്തികളായും സ്നേഹം പ്രകടിപ്പിക്കുന്നവരായിട്ടാണ് സർവേയിൽ പ്രതികരിച്ചത്.ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് പലരും അബ്യൂസീവ് ബന്ധങ്ങളിൽ നിന്ന് പുറത്ത് കടക്കാത്തത്.സാമ്പത്തിക സാമൂഹിക കെട്ടുപാടുകളാണ് മറ്റൊരു കാരണം.മനസാ വാചാ കർമ്മണാ ഉപദ്രവിക്കുന്ന ഇണ, മെരുങ്ങാൻ തയ്യാറല്ലെങ്കിൽ ഒരു അബ്സൊല്യൂട്ട് NO പറഞ്ഞു ആ ബന്ധം അവസാനിപ്പിക്കണം എന്നാണ് എന്ടെ പക്ഷം.മെരുക്കേണ്ടത് പീഡനവിധേയരാകുന്ന പങ്കാളിയുടെ ഉത്തരവാദിത്തവും അല്ല.ടോക്സിക് ബന്ധങ്ങൾ അവസാനിപ്പക്കപ്പെടേണ്ടത് തന്നെ. സംശയമില്ല.

എല്ലാ ബന്ധവും ചില കൊടുക്കൽ വാങ്ങലുകളിൽ ആധാരമാക്കിയാണ് മുന്നോട്ടു പോകുന്നത്.
സ്നേഹം,കരുതൽ,സമയം,സഹായം,സാമ്പത്തികം ഇവയെല്ലാം പങ്കാളിയിൽ നിന്ന് പല അളവിൽ പ്രതീക്ഷിക്കാം.ഇവയിൽ പലതും ലഭിക്കാതെ വരുമ്പോൾ ഇണയോട് രണ്ട് വർത്തമാനം പറയാൻ സമയമായി എന്നർത്ഥം. എന്നാൽ പങ്കാളിയെ മനസിലാക്കിച്ച് കുറവുകൾ പരിഹരിച്ചു മുന്നോട്ടു പോകാൻ കഴിയാതെ വരുമ്പോൾ ബന്ധത്തിന്ടെ അവസാനമാകാറായിട്ടുണ്ടാകും.സമൂഹം എന്ത് കരുതും എന്ന് കരുതിയാണ് പിന്നെ പലരും അത്തരം ബന്ധങ്ങളിൽ കടിച്ചു തൂങ്ങി കിടക്കുന്നത്.
ഒരു ബന്ധം അവസാനിക്കുന്നതിൽ വേറെ ചില സൂചനകളുമുണ്ട്.നേരത്തെ പറഞ്ഞ ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിച്ചു തുടങ്ങുന്നത് ഒരു അപായ സൂചനയാണ്.ഏറ്റവും പ്രധാനം നിങ്ങളുടെ ബന്ധത്തിലേക്ക് ഇത്തരം അനധികൃത കടന്നു കയറ്റങ്ങൾ തന്നെ.നിങ്ങളുടെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു കാര്യം സംഭവിക്കുമ്പോൾ അത് ആരോട് ഷയർ ചെയ്യാനാണ് ആഗ്രഹിക്കുക?

നിങ്ങളുടെ പങ്കാളിക്ക് പകരം മറ്റൊരു വ്യക്തിയാണ് നിങ്ങളുടെ മനസിൽ വരുന്നത് എങ്കിൽ മനസിലാക്കുക നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശിഥിലമാണ്.പലപ്പോഴും തന്നെ മനസിലാക്കുന്നത്,നന്നായി പ്രോത്സാഹിപ്പിക്കുന്നത് ഒക്കെ സുഹൃത്ത് ആണെങ്കിൽ നിങ്ങൾ നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങേണ്ടിയിരിക്കുന്നു.അല്ലെങ്കിൽ താമസിയാതെ പിരിയാനായിരിക്കും വിധി.പിന്നെ പാശ്ചാത്യ രാജ്യങ്ങളിൽ ഇങ്ങനെ പിരിയുന്നത് സാധാരണമാണെങ്കിൽ ഇവിടെ രണ്ട് വള്ളത്തിലോ ഒട്ടേറെ വള്ളങ്ങളിലൊക്കെ കാല് ചവിട്ടി തുഴഞ്ഞു നീങ്ങാനാണ് നമ്മുടെ സദാചാര ബോധം പലരെയും പ്രേരിപ്പിക്കുക.ഒരു മരപ്പാവ ബന്ധം അവസാനിപ്പിക്കാതെ തുടരാനാണ് സ്റ്റാറ്റസും കംഫർട്ട് സോണും പലരെയും പ്രേരിപ്പിക്കുന്നത്.

പങ്കാളിയിൽ നിന്ന് എന്തെങ്കിലും ആവശ്യപ്പെടാൻ ഭയം, സ്വാതന്ത്ര്യമില്ലായ്മ തോന്നുന്നത് മറ്റൊരു സൂചനയാണ്. വൈകാരികതയും പക്വതയില്ലായ്മയുമായ് തെറ്റിദ്ധരിക്കുമോ എന്ന് കരുതി പലരും സ്വന്തം ആവശ്യങ്ങൾ പറയാൻ മടിക്കും.അത് ബന്ധങ്ങളെ ശ്വാസം മുട്ടിക്കുകയും ചെയ്യും.പ്രഷർ കുക്കർ ചീറ്റുന്നത് പോലെ ഒരു സുദിനത്തിൽ പൊട്ടിത്തെറിയും വിള്ളലുകളുമായിരിക്കും പിന്നെ സംഭവിക്കുക.ഉള്ളിൽ ഉള്ളത് ഒളിച്ചു വയ്ക്കുന്നതിനെക്കാൾ തുറന്നു പറയുകയും സഹായം സ്വീകരിക്കുന്നതായിരിക്കും പിരിയുന്നത് ഒഴിവാക്കാനുള്ള മാർഗം.

പലപ്പോഴും നമ്മൾ ലവ് ബ്ളൈൻഡ്(പ്രണയത്താൽ അന്ധരായവർ) ആയിരിക്കുമ്പോൾ നമ്മൾ കാണാത്ത പലതും കാണുക അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആയിരിക്കും.പങ്കാളിയെ പറ്റി അത്ര നല്ല അഭിപ്രായം ആർക്കുമില്ലെങ്കിൽ ഒന്ന് പുനർചിന്തിക്കുന്നതിൽ തെറ്റില്ല.സൂക്ഷിച്ചാൽ ദുഖിക്കേണ്ടെന്നല്ലേ.എല്ലാവരെയും അകറ്റി സ്വയം തുരുത്തായി മാറുമ്പോൾ പങ്കാളി നല്ലതല്ലെങ്കിൽ പീഡിപ്പിക്കപ്പെടാനുള്ള സാധ്യത ആണ് കൂടുന്നത്.

കറണ്ട് സൈക്കോളജിയിൽ പറഞ്ഞിട്ടുള്ളൊരു sunk cost effect ഉണ്ട്. നമ്മൾ കുറച്ചു ഇൻവെസ്റ്റ് (നിക്ഷേപം) ചെയ്തു കഴിഞ്ഞാൽ നഷ്ടമായാലും പിന്നെയും രക്ഷപ്പെടുത്താമെന്ന പ്രതീക്ഷയിൽ പിന്നെയും നിക്ഷേപിക്കുന്ന പ്രതിഭാസം. അത് തന്നെ ബന്ധങ്ങളിലും ഉണ്ടാകാം..അഞ്ചും പത്തും ഇരുപതും വർഷമായതല്ലേ എന്ന് കരുതി ബന്ധത്തെ മുന്നോട്ടു തള്ളിക്കോണ്ട് പോകും. എന്നാൽ പങ്കാളി എത്ര വർഷം ഒരുമിച്ച് ഉണ്ടായിരുന്നു എന്നത് ബന്ധത്തിന്റെ വിജയത്തിന്ടെ സൂചികയല്ല.ഇത്രയും നാൾ സഹിച്ചതല്ലെ,അതുകൊണ്ട് ഇനിയും വ്യത്യാസം ഉണ്ടാകുമെന്ന അന്തമില്ലാത്ത പ്രതീക്ഷ ആണ് അവർ ബന്ധത്തിൽ അർപ്പിക്കുക.രണ്ടു പേരും ക്രിയാത്മകമായ ശ്രമങ്ങൾ ബന്ധത്തെ ഊഷ്മളമാക്കാൻ കണ്ടെത്തുകയാണ് വേണ്ടത്.

കുറേ നാളുകളായി ബന്ധത്തിൽ പണിയോട് പണി..പക്ഷേ ഒരു മെച്ചവുമില്ലെങ്കിൽ അപ്പോഴും ബൈ പറയുന്നതല്ലേ നല്ലത്. തീരുമാനം എടുക്കാൻ പറ്റാത്ത വണ്ണം അനിശ്ചിതാവസ്ഥ തോന്നുന്നെങ്കിലും ആ ബന്ധത്തിൽ കഴമ്പില്ലാതാകുന്നെന്നർത്ഥം.ഒരു വർഷമൊക്കെ ശ്രമിച്ചിട്ടും ബന്ധം നല്ലതാകുന്നില്ലെങ്കിൽ ബ്രേക്ക് അപ്പിന് സമയമാകുന്നു എന്നർത്ഥം.

സ്നേഹിക്കുന്ന പങ്കാളിയെ ഇഷ്ടമില്ലാതാകുമോ? ആകാം..കാഴ്ചപ്പാടുകളിൽ,അഭിപ്രായങ്ങളിൽ വിരുദ്ധ ചേരിയിലാകാം,ബഹുമാനം കുറയുന്ന പ്രവർത്തികൾ കാരണമാകാം.എല്ലാ കാര്യത്തിലും അഭിപ്രായ ഐക്യം വേണമെന്ന് നിർബന്ധമില്ല.പക്ഷേ ചിലപ്പോൾ എങ്കിലും നിങ്ങളുടെ തലച്ചോറ് ഹൃദയത്തെ മറികടന്ന് കാല്പനികതയൊക്കെ ഉപേക്ഷിച്ച് ‘തേയ്ക്കാൻ’ ഉപദേശിച്ചാൽ അങ്ങനെ ചെയ്യാവുന്നതാണ്.
പിരിയാൻ കാരണങ്ങൾ പലതാകാം,പക്ഷേ എങ്ങനെ ‘നന്നായി’ പിരിയാം എന്നുമറിയേണ്ടേ? എങ്ങനെ
പിരിയാം എന്നതിൽ ഒരു ശരി പക്ഷം ഉണ്ടോയെന്ന് ചോദിച്ചാൽ പാടാണ്.ഓരോ വ്യക്തിയും സാഹചര്യവും പോലിരിക്കും. എന്നിരുന്നാലും ചില പൊതു മാന്യതകൾ പാലിക്കുന്നത് നന്നായിരിക്കും.നിങ്ങളുടെയും Ex ആകാൻ പോകുന്ന പങ്കാളിയുടെയും വ്യക്തിത്വവും ആവശ്യങ്ങളും അനുസരിച്ചായിരിക്കും ‘പിരിയൽ’.

• ഒട്ടും എളുപ്പമല്ല എന്ന് ആദ്യം മനസിലാക്കുക.രണ്ട് പേരും റോബോട്ടുകൾ അല്ലല്ലോ.വേദന രഹിത പിരിയൽ കുറവാണ്.രണ്ട് പേർക്കും വേദനാജനകമാണെന്ന് അന്യോന്യം മാനിക്കാൻ കഴിഞ്ഞാൽ പ്രധാന കടമ്പ കടന്നു.
• നേരിട്ട് സംസാരിച്ചു പിരിയുന്നതാണ് നല്ലത്.SMS അയച്ചു പിരിയുന്നത് ഹൊറർ..മിണ്ടാതെ ഇട്ടിട്ടു പോകുന്നത്(ghosting) ഏറ്റവും മ്ളേച്ചം.
• പിരിയുന്ന സംഭാഷണത്തിന് അല്പം പ്രൈവസി(സ്വകാര്യത) നല്ലതാണ്. പക്ഷേ പങ്കാളി പൊട്ടിത്തെറിക്കാനും ഉപദ്രവിക്കാനും ഒക്കെ സാധ്യതയുള്ളൊരു ഹൾക്കാണെങ്കിൽ പൊതു സ്ഥലമാണ് നല്ലത്. ആസിഡും മണ്ണെണ്ണയുമൊക്കെ ചില പിരിയലുകളെ പൊള്ളിച്ചത് നമ്മൾ വാർത്തകളിൽ വായിക്കുന്ന കാലമാണിത്.സൂക്ഷിക്കണം.
• സത്യസന്ധമായ ഫീഡ്ബാക്ക് ആണ് നല്ലത്. പക്ഷേ വേദനിപ്പിക്കുന്ന സത്യങ്ങൾ പറയാതെയുമിരിക്കാം.’നിങ്ങൾ കൊള്ളൂല്ല,അതുകൊണ്ട് പോണ്’ എന്ന് പറയുന്നതിനേക്കാൾ നല്ലത് ‘നമ്മൾ ചേരില്ല’ എന്ന വാക്കുകൾ ആണ്.”നീ പാവം,എന്ടെ നഷ്ടം,നിനക്ക് വേറെ നല്ല പെണ്ണിനെ/പയ്യനെ കിട്ടും” എന്ന ക്ളീഷേകൾ പറയാതിരിക്കുക.
• വാദപ്രതിവാദങ്ങൾ ഉണ്ടായി,വൈകാരിക ബ്ളാക്ക് മെയിൽ ഒക്കെ കേട്ട് അവസാനം പറയാനുള്ളത് വിഴുങ്ങി വീണ്ടും മുന്നോട്ടു പോകാൻ തീരുമാനിക്കാതിരിക്കുക.വീണ്ടും വീണ്ടും ബ്രേക്ക് അപ്പും ഒത്ത്ചേരലും അനിവാര്യമായ ബന്ധത്തിന്റെ അവസാനിപ്പിക്കലിനുള്ള മരണമണിയാണ്.കൂടുതൽ സമയം പിന്നെയും നല്കിയാൽ രണ്ട് പേരുടെയും ആത്മാർത്ഥമായ പരിശ്രമം വേണ്ടി വരും ബന്ധം മുന്നോട്ടു പോകാൻ.
• പിരിയുമ്പോൾ വെട്ടൊന്ന് മുറി രണ്ട്.. എന്നതാണ് നല്ലത്. സൗഹൃദത്തിൽ തുടരാം എന്ന് പറയുന്നത് ബ്രേക്ക് അപ്പിന് ഉടൻ നല്ലതല്ല.രണ്ടു പേരും നന്നായി മുറിവുകൾ ഉണക്കി പില്ക്കാലത്ത് കഴിയുമെങ്കിൽ മാത്രം സുഹൃത്തുക്കൾ ആകാം.
• സിമ്പതി വേണ്ട എമ്പതി ആകാം..ഒരുമിച്ച് ഉണ്ടായിരുന്ന നല്ല നിമിഷങ്ങളെ, നേട്ടങ്ങളെ, പാഠങ്ങളെ ഓർക്കാം.
• കുറ്റപ്പെടുത്തൽ വേണ്ട..നാണംകെടുത്തൽ വേണ്ടേ വേണ്ട.ആരും പെർഫക്റ്റ് അല്ല, പൂർണ്ണരല്ല.
• സങ്കടപ്പെടാനും മുറിവുകൾ ഉണങ്ങാനും സ്യയം സമയം നല്കുക.ജീവിതത്തിലെ ഒരേടാണ് അവസാനിച്ചത്.ഉറപ്പായും ശൂന്യത തോന്നാം..വിഷാദം ഉടലെടുക്കാം.നല്ല സൗഹൃദങ്ങളും ബന്ധുക്കളെയും ആശ്രയിക്കാം.ചുറ്റുമൊരു സേഫ്റ്റി നെറ്റ് ഒരുക്കാം.
• നേരംപോക്കുകൾ,ഹോബികൾ കണ്ടെത്തി സമയം ക്രിയാത്മകമായ ചെലവഴിക്കാം.
• വീണ്ടും തിരികെ പോയാലോ എന്ന ചിന്തകളെ നിയന്തിക്കാം.റീവൈൻഡ് ചെയ്തു ചിന്തിച്ചു കൊണ്ടേയിരിക്കരുത്.കാലം മുന്നോട്ടല്ലേ ഒഴുകൂ.
• കരയാം,സങ്കടപ്പെടാം..ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.പ്രതികാരവുമല്ല.
• വീണ്ടും EX ന് അനാവശ്യ പ്രതീക്ഷകൾ നല്കാതിരിക്കുക.സമൂഹമാധ്യമങളിൽ വിളമ്പാതിരിക്കുക, EX ന്ടെ പ്രൊഫൈലിൽ കയറി ഇറങ്ങി നടക്കാതിരിക്കുക.
• മറ്റൊരു ബന്ധത്തിലേക്ക് റീബൗൺഡ് ചെയ്യാതിരിക്കുക.നല്ല അടിസ്ഥാനമില്ലാത്ത, കൂടുതൽ പ്രശ്നബാധിത ബന്ധത്തിലേക്ക് പോകാനാണ് സാധ്യത. എരിതീയിൽ നിന്ന് വറച്ചട്ടിയിലേക്ക് എന്ന് കേട്ടിട്ടില്ലേ..

അപ്പോൾ മനസിലായില്ലേ..തേയ്ക്കലിനെ മഹത്വവത്ക്കരിക്കലല്ല, മറിച്ച് പരസ്പര ബഹുമാനത്തോടെ എങ്ങനെ പിരിയാം എന്ന് പഠിക്കുന്നതും ഒരു പ്രധാന ജീവിത പാഠമാണ്. ഏതു വിധേനയും ബന്ധം നിലനിർത്താൻ ആണ് ആഗ്രഹിക്കുന്നതെങ്കിൽ ഇവിടെ പറഞ്ഞിരിക്കുന്നതിന്ടെ എല്ലാം മറു പക്ഷം രണ്ട് പേരും ആത്മാർത്ഥമായി ഉത്തരവാദിത്വത്തോടെ ചെയ്താൽ മതി.സിംപിൾ..അപ്പോൾ നിങ്ങൾക്ക് തീരുമാനിക്കാം പിരിയണോ,പിരിയാതിരിക്കണോ,പിരിയുന്നെങ്കിൽ എങ്ങനെ പിരിയണമെന്ന്..ഓ.കെ..ബൈയ്..