ഷക്കീല്‍ അഫ്രീഡി: ലോകത്തിന്റെ ഹീറോ, പാക്കിസ്ഥാന്റെ ശത്രു

267
ഡോക്ടർ ഷക്കീല്‍ അഫ്രീഡി: ലോകത്തിന്റെ ഹീറോ, പാക്കിസ്ഥാന്റെ ശത്രു
ധാര്‍മികതയും പ്രൊഫഷണല്‍ എത്തിക്സും നിത്യ ജീവിതത്തിലെ പരസ്പ്പര പൂരകങ്ങളായ ഗുണങ്ങളായി എണ്ണുന്നവരാണ് നാം ഓരോരുത്തരും. എന്നാല്‍ പ്രൊഫഷണല്‍ എത്തിക്സ് ഏറ്റവും കൂടുതലായി നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു വിഭാഗത്തില്‍ പെട്ട ഒരാള്‍ ചെയ്ത എത്തിക്സിന് നിരക്കാത്ത ഒരു പ്രവര്‍ത്തനത്തിന്റെ കഥയാണിത്, ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നതിനാല്‍ ധാര്‍മികതയുടെ ഒരു കണ്ണിലും തെറ്റുകാരനാക്കപ്പെടാത്ത ഒരു ഡോക്ടറുടെ കഥ.
പാക്കിസ്ഥാനിലെ കൈബര്‍ ജില്ലയിലെ മെഡിക്കല്‍ കോളേജില്‍ നിന്ന് 1990ല്‍ പഠിച്ചിറങ്ങിയ ഒരു ഡോക്ടറായിരുന്നൂ ഷക്കീല്‍ അഫ്രീഡി. പാക്കിസ്ഥാനിലെ ഗോത്ര പ്രദേശങ്ങളിലും ഗ്രാമങ്ങളിലും ക്ലിനിക്കുകള്‍ നടത്തിയിരുന്ന ഇദ്ധേഹം പെട്ടെന്നാണ് ഒരുനാള്‍ അന്താരാഷ്ട്ര ശ്രദ്ധയിലേക്കുയര്‍ന്നത്. പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ വീടുകള്‍ കയറിയിറങ്ങി വ്യാജ ഹെപറ്റെറ്റിസ് പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തിയതിന്റെ പേരിലായിരുന്നൂ അത്. എന്ത് ദുഷ്ടനായ ഡോക്ടര്‍ എന്ന ചിന്ത വരുന്നുണ്ടോ..? എന്നാല്‍ മുന്‍വിധികള്‍ക്ക് സമയമായിട്ടില്ല, അന്ന് ഇദ്ധേഹം നടത്തിയ പ്രൊഫഷണല്‍ എത്തിക്സില്ലായ്മയുടെ ഫലം ആയിരുന്നൂ ലോകം കണ്ടതില്‍ വെച്ച് ക്രൂരന്മാരിലൊരാളായ ബിന്‍ലാദന്റെ മരണം എന്ന് കൂടെ അറിഞ്ഞിട്ട് നമുക്ക് വിലയിരുത്താം.
കുപ്രസിദ്ധമായ 9/11 ആക്രമണത്തിന് ശേഷം അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ നോട്ടപ്പുള്ളി ആയിരുന്നൂ ബിന്‍ലാദന്‍, അവരുടെ അഭിമാനത്തിന്റെ പ്രശ്നമായ ലാദന് വേണ്ടി അവരുടെ ചാരസംഘടനയായ CIA തേടാത്ത നാടുകളോ നടത്താത്ത അന്വേഷണങ്ങളോ ബാക്കിയുണ്ടാവാന്‍ സാധ്യതയില്ലാ. എന്നാല്‍ സ്ഥിരമായി മാറി കൊണ്ടിരിക്കുന്ന തന്റെ ഒളിത്താവളങ്ങള്‍ വിരലിലെണ്ണാവുന്ന അനുനായികളില്‍ മാത്രമൊതുക്കിയും വിവര സാങ്കേതിക വിദ്യയുടെ ഒരു സഹായവും ഉപയോഗിക്കാതേയും ബിന്‍ലാദന്‍ അമേരിക്കന്‍ ചാര ഉപഗ്രഹങ്ങള്‍ക്ക് പിടി കൊടുക്കാതെ നിര്‍ബാധം സഞ്ചരിച്ച് പോയിരുന്നൂ..
അങ്ങിനെ ഇരിക്കെയാണ് ഗ്വാണ്ടനാമോ ജയിലിലടക്കപ്പെട്ട ഒരു അനുനായിയില്‍ നിന്ന് ബിന്‍ലാദന്‍ പാക്കിസ്ഥാനിലെ അബാട്ടബാദ് പ്രദേശത്ത് ഉണ്ടെന്ന അതീവ രഹസ്യ വിവരം അമേരിക്കയുടെ ചാര സംഘടനക്ക് ലഭിക്കുന്നത്. ലോകം മുഴുവന്‍ CIA ലാദനായി വിരിച്ച വല തിരിച്ചെടുത്ത് അബാട്ടബാദില്‍ വിരിച്ച സമയമായിരുന്നൂ പിന്നീട്.

ലാദന്റെ ഒളിവ് സ്ഥലം കണ്ടെത്തിയിട്ടും CIA യെ സംബദ്ധിച്ച് കാര്യങ്ങള്‍ അത്രത്തോളം എളുപ്പമായിരുന്നില്ലാ.. തങ്ങളുടെ സഖ്യ കക്ഷിയായ, എന്നാല്‍ ഭീകരരെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന പാക്കിസ്ഥാനെന്ന രാജ്യമറിയാതെ വേണമായിരുന്നൂ മുന്നോട്ടുള്ള ഓരോ നീക്കവും. കൃത്യമായ തെളിവുകളില്ലാതെ ഇറാഖിന് ശേഷം വീണ്ടുമൊരു ജനാധിപത്യ പരമാധികാര രാജ്യത്ത് പോയി നാണം കെട്ട് മടങ്ങുന്നത് അമേരിക്കയെ സംബദ്ധിച്ച് ആത്മഹത്യ പരമായിരുന്നൂ.

ഈ തെളിവ് ശേഖരിക്കാനുള്ള CIA യുടെ പരക്കം പാച്ചിലിനിടയിലേക്കാണ് ഷക്കീല്‍ അഫ്രീഡി എന്ന ഡോക്ടര്‍ കടന്ന് കയറിയത്. പാക്കിസ്ഥാനിലെ നിരവധി പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാംപ് നടത്തി മുന്‍പരിചയമുള്ള അഫ്രീഡിയെ തങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം എന്ന് മനസ്സിലാക്കിയ CIA തന്നെയാണ് ഒരു വ്യാജ ഹൈപറ്റെറ്റിസ് കുത്തിവെപ്പ് ക്യാംപെന്ന തങ്ങളുടെ നിര്‍ദ്ധേശം അഫ്രീഡിക്ക് മുന്നില്‍ വെക്കുന്നതും.
യഥാര്‍ത്ഥത്തില്‍ ഹൈപറ്റെറ്റിസ് കുത്തിവെപ്പ് മാത്രയായിരുന്നൂ അഫ്രീഡിയും സംഘവും നടത്തിയിരുന്നത്. ഇതിനായി അബോട്ടബാദ് പ്രദേശത്തെ ഓരോ വീടുകളും അഫ്രീഡിയുടെ നേതൃത്വത്തിലുള്ള സംഘം കയറിയിറങ്ങി. എന്നാല്‍ ഈ സംഘം കുത്തിവെപ്പ് നടത്തിയ ഓരോ സിറിഞ്ചിലേയും DNA എടുത്ത് CIA പരിശോധിക്കുന്നുണ്ടായിരുന്നൂ. തുടക്കത്തില്‍ നിരാശയായിരുന്നൂ CIA ക്യാംപില്‍, എന്നാല്‍ മെഡിക്കല്‍ ക്യാംപ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ CIA ക്യാംപില്‍ ആ സന്തോഷവാര്‍ത്തയെത്തി.. കഴിഞ്ഞ പത്ത് വര്‍ഷമായി തങ്ങള്‍ ലോകം മുഴുവന്‍ തിരഞ്ഞിരുന്ന ലാദന്‍ ഇതാ തങ്ങളുടെ കൈയ്യകലെ ഉണ്ടെന്ന സത്യമായിരുന്നൂ അത്.
ലാദന്റെ DNA ലഭിച്ച സിറിഞ്ചില്‍ നിന്ന് ലാദന്‍ അബാട്ടബാദിന്റെ ഏത് പ്രദേശത്താണ് തന്റെ താവളം ഉറപ്പിച്ചിരിക്കുന്നതെന്ന് CIA ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞൂ. തുടര്‍ന്ന് പ്രസിഡന്റ് ഒബാമയുടെ നിര്‍ദ്ധേശ പ്രകാരം ഓപ്പറേഷന്‍ നെപ്റ്റ്യൂണ്‍ സ്റ്റാറെന്ന് അവര്‍ പേരിട്ട് വിളിച്ച ദൗത്യത്തിനൊടുവില്‍ 2011മെയ് 1 അര്‍ദ്ധരാത്രിയില്‍ അമേരിക്കന്‍ നേവി സീലുകളുടെ ഒരു സംഘം ഒളിത്താവളം കണ്ടെത്തി ലാദനെ വധിക്കുമ്പോള്‍ CIA യുടെ പത്ത് വര്‍ഷത്തോളമായി ലോകം മുഴുവനുമുള്ള തിരച്ചിലുകള്‍ക്കും രണ്ട് വര്‍ഷമായി അബാട്ടബാദ് കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലുകള്‍ക്കും ശുഭാന്ത്യം സംഭവിക്കുകയായിരുന്നൂ…
തങ്ങളുടെ ഭൂപ്രദേശത്ത് അമേരിക്ക നടത്തിയ ഈ അപ്രതീക്ഷിത നീക്കത്തിന്റെ പിന്നാമ്പുറം അന്വേഷിച്ച് പോയ പാക്കിസ്ഥാന്‍ ഇന്റലിജന്‍സിന്റെ ചൂണ്ടുവിരല്‍ അഫ്രീഡിയിലേക്ക് നീളാന്‍ അധികം താമസമെടുത്തില്ല. അപകടം തിരിച്ചറിഞ്ഞ അഫ്രീഡി വേഷം മാറി രാജ്യം വിടാന്‍ ശ്രമിച്ചെങ്കിലും അഫ്ഗാനിസ്ഥാനുമായി പങ്കിടുന്ന ടോര്‍ക്ക്ഹാം അതിര്‍ത്തിയില്‍ വെച്ച് പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ പിടിയിലായി.
രാജ്യത്തിന് നേരെയുള്ള ചാര പ്രവര്‍ത്തനം, കൈബര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരോധിത സംഘടനയായ ലക്ഷര്‍ ഈ ഇസ്‌ലാമുമായുള്ള ബദ്ധം എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തി അദ്ധേഹം അറസ്റ്റ് ചെയ്യപ്പെട്ടൂ.. തുടര്‍ന്ന് 2012 മെയ് 23 ന് രാജ്യ ദ്രോഹ കുറ്റം ചുമത്തി പാക്കിസ്ഥാന്‍ കോടതി അദ്ധേഹത്തിനെ 33 വര്‍ഷത്തെ ജയില്‍ വാസത്തിന് വിധിച്ചൂ.. അദ്ധേഹത്തിനോടൊപ്പം അന്ന് ക്യാംപില്‍ പങ്കെടുത്ത എല്ലാവരേയും ഇനി ഒരിക്കലും പാക്കിസ്ഥാനില്‍ ഒരു ജോലിയും ചെയ്യുന്നതില്‍ നിന്നും വിലക്കിയായിരുന്നൂ കോടതി വിധി.
ഈയിടെ അമേരിക്കയില്‍ എത്തിയ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നിന്നൂ എന്നതിന്റെ പേരില്‍ അമേരിക്കന്‍ ജയിലില്‍ 86 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന അഫ്രിയ സിദ്ദീഖിയെ വിട്ട് തരാമെങ്കില്‍ പകരം അഫ്രീഡിയെ മോചിതനാക്കാം എന്ന് പറഞ്ഞ് പ്രതീക്ഷ ഉണര്‍ത്തിയിരുന്നൂ.