130 അല്ല, കോവിഡ് ബാധിച്ച 180 കോടിയിലും വേണ്ടപ്പെട്ടവർ ഒന്നും പെടാതിരിക്കട്ടെ

18

Dr Shameer v k

നടന്നു നടന്നു ആ മലയുടെ താഴ്‌ഭാഗത്തെത്തി. മുകളിലോട്ട് നോക്കുമ്പോൾ മലയുടെ അറ്റം ആകാശം മുട്ടി നിൽക്കുന്നത് കാണാം. മാർച്ച്‌ മാസത്തിൽ തുടങ്ങിയ നടത്തമാണ്. ആദ്യം വേഗത്തിൽ, പിന്നെ പതുക്കെ, ഇപ്പോൾ അതി വേഗത്തിൽ. ഈ വേഗതയിൽ കയറിയാൽ മുകളിലെത്താൻ അധികം സമയം വേണ്ട. ആ കാണുന്ന മലയുടെ അറ്റമാണ് നമ്മൾ വിളിച്ചിരുന്ന കോവിഡിന്റെ പീക്ക്. അവിടേക്കുള്ള യാത്രയാണ് നാം വളരെ പതുക്കെയാക്കാൻ ശ്രമിച്ചതും. അതിനോടടുക്കുന്നതിന്റെ എല്ലാ സൂചനകളും കിട്ടിത്തുടങ്ങി.

മൂന്നു മാസം കോവിഡ് വാർഡുകൾ സ്വന്തം വീട് പോലെ കൊണ്ടു നടന്ന ഞങ്ങളുടെ പി ജി ക്ക് അവസാനം അവിടെ ഒരു റൂമിൽ രോഗിയായി കിടക്കേണ്ടി വന്നിരിക്കുന്നു. അവൻ അത് വളരെ സന്തോഷത്തോടെ സ്വീകരിച്ചെങ്കിലും ഞങ്ങൾക്ക് മനസിന്‌ ഒരു വിങ്ങലുണ്ട്. കോവിഡ് വാർഡുകളിൽ ഇത്രയും കാലം ചെലവഴിച്ചിട്ടും അണുബാധ ഉണ്ടാകാതെ കോവിഡ് രോഗികളെ അഡ്മിറ്റ്‌ ചെയ്യാത്ത വാർഡുകളിൽ ജോലി ചെയ്തപ്പോഴാണ് കിട്ടിയത് എന്നതാണ് മറ്റൊരു പ്രത്യേകത. അവനു മാത്രമല്ല, അവനോടൊപ്പം കുറേ പിജികളും നഴ്സുമാരും ഒക്കെ ഇപ്പോൾ രോഗബാധിതരായി. ആർക്കും കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നത് ഭാഗ്യം.

കോവിഡ് രോഗികളെ അഡ്മിറ്റ്‌ ചെയ്യാത്ത ഭാഗത്തു എങ്ങനെ സ്റ്റാഫും രോഗികളും പോസിറ്റീവ് ആകുന്നു എന്നതാണ് എല്ലാവരും ചോദിക്കുന്ന സംശയം. കാരണം ഒന്നേയുള്ളു, നമ്മുടെ സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ് മെഡിക്കൽ കോളേജിലെ ഒരു വാർഡ്. സമൂഹത്തിന്റെ എല്ലാ പ്രതിനിധികളും അതിൽ കാണും.ഒപിയിലോ അത്യാഹിതവിഭാഗത്തിലോ വെച്ച് അണുബാധ തിരിച്ചറിയാൻ പറ്റുന്നവരെ ഐസൊലേഷനിലേക്ക് മാറ്റിയതിനു ശേഷമാണ് ഇതു സംഭവിക്കുന്നത്. എന്ന് വെച്ചാൽ ഒട്ടും പ്രതീക്ഷിക്കാത്ത, പ്രാഥമിക പരിശോധനകൾ കൊണ്ട് കണ്ടെത്താൻ കഴിയാതിരുന്നവർ പിന്നീട് പോസിറ്റീവ് ആവുകയും അവർ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്നു എന്നതാണ് ഇപ്പോൾ കുഴക്കിക്കൊണ്ടിരിക്കുന്നത്. അവരുടെ അടുത്ത് കിടക്കുന്നവരാകട്ടെ രോഗ പ്രതിരോധ ശക്തി ഇല്ലാത്ത, പല അവയവങ്ങളും താറുമാറായവർ, അർബുദ രോഗികൾ. അവർക്ക് ആശുപത്രിയിൽ നിന്നും രോഗം കിട്ടുന്നത് ആരോഗ്യ പ്രവർത്തകർക്ക് കിട്ടുന്നതിനേക്കാൾ സങ്കടകരമാണ്.

മരണം, ആരംഭ ഘട്ടങ്ങളിൽ, മാസത്തിൽ ഒന്ന് എന്ന നിലയിലായിരുന്നെങ്കിൽ ഇപ്പോൾ ദിവസം ഒന്നോ രണ്ടോ. അതും നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രം കഴിയുന്ന മരണങ്ങൾ. ചിലർ മരിച്ച നിലയിൽ എത്തുന്നു, ചിലർക്ക് ജീവൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുന്ന നിലയിൽ. ആരംഭ ഘട്ടത്തിൽ ജോലി ചെയ്യാൻ പുറത്തു പോയിരുന്ന അത്യാവശ്യം ആരോഗ്യം ഉള്ള, അധികം രോഗങ്ങൾ ഇല്ലാത്ത ആളുകളായിരുന്നു രോഗികൾ, അവരിൽ തന്നെ ചെറിയൊരു ശതമാനം ആയിരുന്നു അത്യാസന്ന നിലയിൽ. എന്നാൽ ഇന്നങ്ങനെ അല്ല, വീടിനുള്ളിൽ കഴിയുന്ന പക്ഷാഘാതം വന്നു കിടപ്പിലായ അപ്പൂപ്പന് വരെ വൈറസ് അങ്ങോട്ട് എത്തിച്ചു കൊടുക്കുന്നുണ്ട്. മരണപ്പെടുന്നതിൽ ഭൂരിഭാഗവും പ്രായാധിക്യവും നിരവധി രോഗങ്ങൾ നേരത്തെ ഉള്ളവരുമാണ്. അതുകൊണ്ട് തന്നെയാണ് അവർക്ക് ചികിത്സ ഫലിക്കാത്തതും.

ഇവരൊക്കെ മരണാസന്നർ ആണെന്നും കോവിഡ് ഒരു നിമിത്തം മാത്രമാണെന്നും വാദിക്കാം. ശരിയാണ്. ഇറ്റലിയിലും ഇതു തന്നെയായിരുന്നു. വൃദ്ധന്മാരുടെയും രോഗികളുടെയും കിടപ്പിലായവരുടെയും ജീവൻ ഒന്നിച്ച് ഒരു കാറ്റിൽ അങ്ങ് പറന്നു പോയി, അവരെ അടക്കിയ ശവപ്പെട്ടികളുടെ കൂമ്പാരം ആണ് നമ്മൾ ചിത്രങ്ങളിൽ കണ്ടു ഞെട്ടിയത്. അങ്ങനെ നമുക്കും അതിനെ സ്വീകരിക്കാം. അത് ഓരോ വ്യക്തിയും എടുക്കേണ്ട തീരുമാനമാണ്. എന്റെ അച്ഛന് പ്രായാധിക്യമായി, വൃക്കകൾ പൂർണമായും പ്രവർത്തനം നിലച്ചതുമാണ്. പക്ഷേ ഇനിയും കുറച്ചു വർഷങ്ങൾ, കൂടെ കാണണം എന്ന് തന്നെ ആഗ്രഹിക്കുന്നു. അതിനു വേണ്ടത് എല്ലാം ചെയ്യണമെന്നും. വലം കയ്യായി പ്രവർത്തിച്ച പിജി ആണ് ഇന്ന് ഐസൊലേഷൻ വാർഡിനുള്ളിൽ കിടക്കുന്നത്. അവന്റെ ആന്റിജൻ ടെസ്റ്റ്‌ പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ വിളിച്ച് എനിക്ക് ഒരു ഉപദേശമേ തന്നുള്ളൂ “സാറേ, ഉപ്പാനെ വേഗം മാറ്റിക്കോ ”

ഇനി അങ്ങോട്ടുള്ള കാലം എപ്പോൾ വേണമെങ്കിലും കോവിഡ് കിട്ടാം എന്ന് തിരിച്ചറിയുന്നു. അവശേഷിക്കുന്ന മാർഗം അച്ഛനമ്മമാരിൽ നിന്നു മാറുക എന്നത് തന്നെയാണ്. അതു തീരുമാനിച്ചു കഴിഞ്ഞു. ഇതു എന്റെ തീരുമാനം. ഞാൻ പറഞ്ഞല്ലോ, അവരെ ഇനിയും കണ്ടു കൊണ്ടിരിക്കണമെന്ന ആഗ്രഹം കൊണ്ടാണ്. നമ്മളെ കൊണ്ട് പറ്റുന്നത് ശ്രമിച്ചു നോക്കുക, അത്ര മാത്രം.
ഇവിടെ മൂന്നു കാര്യങ്ങൾ ആണ് പീക്കിലേക്കുള്ള പോക്കാണെന്നതിന്റെ സൂചനയായി ഞാൻ എടുക്കുന്നത്.ആരോഗ്യ പ്രവർത്തകരുടെ അണുബാധ. കൂടുന്ന മരണങ്ങൾ. അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ കോവിഡ് പ്രത്യക്ഷപ്പെടൽ.എത്ര വേഗതയിൽ അവിടെ എത്തണമെന്ന് തീരുമാനിക്കാൻ ഇനിയും അവസരം ഉണ്ടെന്നു തോന്നുന്നു.

ഇപ്പോൾ കൂടുതൽ വേവലാതികൾ നിയന്ത്രണങ്ങളെ കുറിച്ചല്ലേ. മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും സഞ്ചാര സ്വാതന്ത്ര്യത്തെ കുറിച്ചുമൊക്ക. വേവലാതി പട്ടിണിയാണെങ്കിൽ കുറ്റം പറയില്ല. പട്ടിണി ഇരുന്നുകൊണ്ട് ഒരാൾക്കും ഭാവി ആസൂത്രണം ചെയ്യാനോ ഭാവിക്ക് വേണ്ടി പ്രവർത്തിക്കാനോ കഴിയില്ല, അവർക്ക് ആവശ്യം ഇന്നത്തെ കഞ്ഞിക്കുള്ള മാർഗം തന്നെയായിരിക്കണം. അല്ലാത്തവർ, പട്ടിണി ഒരു പ്രശ്നം അല്ലാത്തവർ ഒരല്പം കൂടി കരുതിയാൽ നന്നാവും. പ്രത്യേകിച്ചും നേരത്തേ പറഞ്ഞ പോലത്തെ ദുർബലരെ. അവരെ പൂർണമായും വിട്ടു കൊടുക്കരുത്. 130 അല്ല, കോവിഡ് ബാധിച്ച 180 കോടിയിലും വേണ്ടപ്പെട്ടവർ ഒന്നും പെടാതിരിക്കട്ടെ.