COVID 19
കോവിഡിനോടോപ്പമുള്ള യാത്ര വെറുതെ ഒന്ന് അയവിറക്കി നോക്കി,ഒത്തിരി വിമർശനം ഉയരുന്നുണ്ടല്ലോ, ഈ ചെയ്തു കൂട്ടിയതൊക്കെ അബദ്ധമായോ?
കോവിഡിനോടോപ്പമുള്ള യാത്ര വെറുതെ ഒന്ന് അയവിറക്കി നോക്കി. ഒത്തിരി വിമർശനം ഉയരുന്നുണ്ടല്ലോ. ഈ ചെയ്തു കൂട്ടിയതൊക്കെ അബദ്ധമായോ?
142 total views

കോവിഡിനോടോപ്പമുള്ള യാത്ര വെറുതെ ഒന്ന് അയവിറക്കി നോക്കി. ഒത്തിരി വിമർശനം ഉയരുന്നുണ്ടല്ലോ. ഈ ചെയ്തു കൂട്ടിയതൊക്കെ അബദ്ധമായോ?
തികച്ചും വ്യക്തിപരവും സ്വാർത്ഥതയിൽ അധിഷ്ഠിതവുമായ കുറേ ചിന്തകൾ. അത് താങ്ങാനുള്ള മനസ്ഥിതിയുള്ളവരേ വായിക്കാവൂ. ജോലി സർക്കാർ മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ ആയതിനാൽ കോവിഡ് രോഗി ഒരാൾ ആയാലും ആയിരം പേർ ആയാലും നമ്മളെ ഒഴിവാക്കി എങ്ങോട്ടും പോകില്ല എന്ന് ആദ്യമേ ഉറപ്പായിരുന്നു. ഡെങ്കിയായിലും നിപ്പയായാലും ഇനി എബോള തന്നെ നേരിട്ട് എഴുന്നള്ളിയായാലും അങ്ങനെ തന്നെയായിരിക്കും. പ്രായം 50 കടക്കാത്തതു കൊണ്ടും, പ്രമേഹം, ശ്വാസം മുട്ട്, ഗർഭം ഇത്യാദി ഒന്നും അവകാശപ്പെടാൻ ഇല്ലാത്തതുകൊണ്ടും കോവിഡ് ചികിത്സക്കെതിരെ ഇമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് കൊടുക്കാനും ഇല്ല. അപ്പോൾ വരുന്നത് വൈറസ് എങ്കിൽ നേരിടുന്നതിൽ നമ്മളും ഉണ്ടാകും.ഇനി നേരിടാനിറങ്ങുമ്പോൾ കാണേണ്ട വെല്ലുവിളികൾ –
വെല്ലുവിളി നമ്പർ വൺ – അച്ഛന്റെ രോഗം
1.ആശുപത്രിയിൽ പോയി വൈറസിനെ വാങ്ങി അച്ഛന് കൊണ്ട് പോയി കൊടുക്കാനുള്ള സാധ്യത.
2. ആശുപത്രിയിൽ ഡോക്ടർ ആണെങ്കിലും അച്ഛന് ഡയാലിസിസിനു ഡ്രൈവറാണ്. ആശുപത്രിയിൽ പോയി കുളിക്കാൻ പോലും സമയം കിട്ടാതെ ഓടി വരുന്ന ഡ്രൈവർ വൻ ഭീഷണി തന്നെ.
വെല്ലുവിളി നമ്പർ ടു – സ്വന്തം സുരക്ഷ
അന്ന് കോവിഡ് നേരിടാൻ ഇറങ്ങുമ്പോൾ ഹോസ്പിറ്റലിൽ ആകെ ppe കിറ്റിന്റെ എണ്ണം 1000 ന് അടുത്ത്. N95 മാസ്ക് 400. Sanitizer റേഷൻ പോലെ എണ്ണി തരും. ഇവയുടെ എണ്ണത്തിൽ ദിവസവും ശ്രീജിത്ത് ഉണ്ടാക്കുന്ന ഗ്രാഫ് താഴോട്ടു മാത്രം. എവിടെയും കിട്ടാനേ ഇല്ല. ചൈനയിൽ ആണത്രേ മൊത്തം ഉത്പാദനം. 50 രോഗികൾ വന്നാൽ സംഭവം തീരും. അപ്പോഴാണ് ഇറ്റലിയിലെ ഒരു പ്രശസ്തനായ ഡോക്ടർ മാസ്കിടാതെ രോഗികളെ നോക്കി കോവിഡ് ബാധിച്ചു മരിക്കുന്നത്. ഡിപ്പാർട്മെന്റ് റൂമിൽ ഇരുന്നു ഞങ്ങൾ ആ ഡോക്ടറിൽ ഞങ്ങളെ തന്നെ കണ്ടു. ഇന്ത്യയിലും വിദേശത്തുമായി പരക്കെ വിളിച്ചു, എല്ലാവർക്കും കത്തുകൾ അയച്ചു, കളക്ടർ സാറിനെ നേരിട്ടു കണ്ടു പറഞ്ഞു. ഞങ്ങൾ ബാക്കി ഉണ്ടെങ്കിലേ രോഗികൾ ഉള്ളൂ. Ppe കിറ്റ് ഉണ്ടെങ്കിലേ ഞങ്ങൾ ബാക്കി വരൂ.
വെല്ലുവിളി നമ്പർ ത്രീ – രോഗികളുടെ ഭാവി.
അന്ന് ഐ സി യു ബെഡ് 17. 10 എണ്ണം കോവിഡല്ലാത്ത രോഗങ്ങൾക്ക്, 7 എണ്ണം കോവിഡിന്. പത്തു രോഗികൾ ഒന്നിച്ചു ഗുരുതരം ആയി വന്നാൽ കിടത്താൻ സ്ഥലം പോലും ഉണ്ടാവില്ല. വെന്റിലേറ്റർ കുറച്ചെണ്ണം. പോസിറ്റീവ് രോഗികളെ കിടത്താൻ ആകെ കുറച്ചു റൂമുകൾ.
ചികിത്സ : ആകെ അറിയാവുന്നത് ക്ലോറോക്വിൻ കൊടുക്കാം. മറ്റൊന്നും നമുക്കില്ല. നമുക്കറിയില്ല. ഓക്സിജൻ കൊടുത്തു നോക്കാം. അതിലും രക്ഷയില്ലെങ്കിൽ വെന്റിലേറ്റർ. അതും ഒഴിവുണ്ടെങ്കിൽ.
ഇതൊക്കെ ചെയ്യാൻ ആളുകൾ എത്ര. വളരെ തുച്ഛം. ഇൻഫെക്ഷൻ കൺട്രോളിൽ അറിവുള്ളവർ. ICU വിന്റെ അടിസ്ഥാനതത്വങ്ങൾ അറിയുന്നവർ, സർവോപരി ധൈര്യം ഉള്ളവർ. ഇതൊക്കെ തികഞ്ഞ സ്റ്റാഫ് എത്ര കാണും.
ഭയം. ആശുപത്രിയിൽ എവിടെയും ഭയം. സ്വാബ് എടുക്കാൻ ഭയം. രക്തം ടെസ്റ്റ് ചെയ്യാൻ ഭയം. ട്യൂബ് ഇടാൻ ഭയം. ശവശരീരം കൈ കാര്യം ചെയ്യാൻ ഭയം. ഐസൊലേഷൻ വാർഡിൽ കയറിയ സ്റ്റാഫിനെ കണ്ടാൽ ഭയം. ഈയൊരു പശ്ചാത്തലത്തിലാണ് നമ്മുടെ കളി തുടങ്ങുന്നത്. ആ കളി പണ്ട് സൗദി അറേബ്യയും അർജന്റീനയും തമ്മിൽ ലോകകപ്പ് ഫുട്ബോൾ കളിച്ച പോലെ ആയിരുന്നു. കോച്ച് പറഞ്ഞു തന്ന ഐഡിയ, വലിയ സാമർഥ്യം ഒന്നും കാണിക്കേണ്ട, എല്ലാവരും കൂടി പെനാൽറ്റി ബോക്സിനു മുന്നിൽ കൂടിയങ്ങ് നിൽക്കുക, ഒറ്റ ഒരുത്തനെയും അകത്തേക്ക് വിടരുത്, മെസ്സിയുടെ കാലിൽ പന്ത് കിട്ടരുത്. 90 മിനുട്ട് കഴിഞ്ഞു ഒരു വിസിൽ കേൾക്കുന്ന വരെ.
കളി തുടങ്ങി. എല്ലാവരും കൂടി വട്ടം പിടിച്ചങ്ങ് നിന്ന്. ആശയും jphn ഉം jhi യും mo യും എല്ലാവരും. കണ്ണിമ വെട്ടാതെ. കണ്ണു തെറ്റിയാൽ വൈറസ് കയറി ഗോൾ അടിക്കും എന്ന് ഉറപ്പായിരുന്നു. കോൺടാക്ട് ട്രേസിങ്, ക്വാറന്റൈൻ, ടെസ്റ്റ്, ഐസൊലേഷൻ…… മല പോലെ പുറപ്പെട്ടത് എലി പോലെ ശുഷ്കിച്ചു, അവർ ശുഷ്കിപ്പിച്ചു.അടുത്ത സ്റ്റെപ്പിൽ സർവ്വതും പൂട്ടി. സ്കൂളിൽ തുടങ്ങി പള്ളിയും അമ്പലവും അവസാനം കടകൾ വരെ.മലയും ഇല്ല എലിയും ഇല്ല എന്നായി. കോവിഡ് റൂമുകൾ കാലിയായി. ഐ സി യു വിൽ ബെഡ് മാത്രമായി. കോവിഡ് മാത്രമല്ല, ഒരു രോഗവും ഇല്ലെന്നായി. ആശുപത്രികൾ ആളൊഴിഞ്ഞ പൂരപ്പറമ്പുകളായി.ആ സമയം കൊണ്ട് ഡ്രൈവർ പണി അവസാനിപ്പിച്ചു, ഒരു റിസ്ക് കുറച്ചെടുത്തു. അച്ഛന്റെ ഡയാലിസിസ് വീട്ടിലേക്ക് മാറ്റി. ഒരു റൂം സജ്ജമാക്കി, പുറത്തേക്ക് ഇറക്കാതെ എല്ലാം അതിനുള്ളിൽ നടക്കുന്ന പോലെ. ഇനി ഞാൻ വീട്ടിൽ കയറിയില്ലെങ്കിലും ഒന്നും മുടങ്ങില്ല എന്ന പോലെ സ്വയംപര്യാപ്തത കൈവരിച്ചു. ഇതിനു ഏറ്റവും വേണ്ടത് സമയമായിരുന്നു. നമ്മുടെ ബുദ്ധിപരമായ കളി തന്ന ഏറ്റവും വിലപ്പെട്ട ഫലം – സമയം
Ppe കിറ്റിന്റെ ദാരിദ്ര്യം മാറി, മുടി വെട്ടുമ്പോൾ ppe കിറ്റ് ധരിക്കുന്ന ആളെ വരെ കണ്ടു. N95 മാസ്ക് പെട്ടിക്കടയിൽ പോലും വില്പന തുടങ്ങി (ക്വാളിറ്റി കാര്യത്തിൽ നോ ഗാരന്റി). Sanitizer ഒഴുകാൻ തുടങ്ങി. കാരണം ഒന്നേയുള്ളു – സമയം.
കോവിഡ് ബെഡുകൾ കൂടി, ഐ സി യു ബെഡുകൾ എത്രയോ ഇരട്ടിയായി, വെന്റിലേറ്റർ എണ്ണവും കുത്തനെ കൂടി. കൂടുതൽ വിവരം വെച്ചു. ചികിൽസിക്കാൻ പല പല മരുന്നുകൾ വന്നു. പല മെഷീനിനുകൾ വന്നു. ഐസൊലേഷൻ വാർഡുകൾക്കുള്ളിൽ ലാബും സ്കാനിങ്ങും എക്സ് റേയും എല്ലാം പ്രത്യേകം വന്നു.ഡിപ്പാർട്മെന്റ് വ്യത്യാസം ഇല്ലാതെ ഡ്യൂട്ടി എടുക്കാൻ ആളുകൾ നിരന്നു. മാനസിക രോഗവിഭാഗവും ചർമ രോഗവിഭാഗവും എല്ലാം കോവിഡ് ചികിത്സകരായി.
ഭയം മാറി ധൈര്യം വന്നു. ഭാർഗവീ നിലയം ഇമേജിൽ നിന്നും ഐസൊലേഷൻ ഒരു വാർഡിലേക്ക് താഴ്ന്നു. അപ്പോഴേക്കും ഡിഫെൻഡർമാർ ക്ഷീണിച്ചു. വമ്പൻ അടികൾ തടുത്ത് ഗോളിയുടെ പരിപ്പെടുത്തു. സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും ജോലി ഇല്ലാതായി. ചിലരൊക്കെ ജീവിക്കാൻ ബുദ്ധിമുട്ടി. ഗൾഫിലെ ബന്ധുക്കൾ വലിയ പ്രതിസന്ധിയിൽ ആയി. പരിചയം ഉള്ള ചിലർ അവിടെ മരിച്ചു. സാമ്പത്തികമായി പലരും ബുദ്ധിമുട്ടിലായി. കച്ചവടം ചെയ്യാതെ, കമ്പനികൾ തുറക്കാതെ, മണ്ണിൽ പണിയെടുക്കാൻ കഴിയാതെ, തെങ്ങിൽ കയറാൻ കഴിയാതെ, ചുമട് എടുക്കാതെ, ജീവിതം മുന്നോട്ട് പോകില്ലെന്നായി. അടച്ചു പൂട്ടൽ മാറി തുറക്കൽ നയം വന്നു. കേരളത്തിലേക്ക് നാനാ ഭാഗത്ത് നിന്നും ഒഴുക്ക് കൂടി. കച്ചവടം വീണ്ടും തുടങ്ങി. ജനങ്ങൾ ജോലി ചെയ്തു തുടങ്ങി. ജനങ്ങൾ ജീവിച്ചു തുടങ്ങി.
കേസുകൾ കൂടി. വീണ്ടും കൂടി. കുത്തനെ കൂടി. ഈ സമയം കൊണ്ട് തയ്യാറാക്കി വെച്ച കട്ടിലുകൾ അവർക്ക് കൊടുത്തു. രോഗികളുടെ ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള റൂമുകളും വാർഡുകളും, FLTC യിലും ആശുപത്രിയിലുമായി. ഇതു വരെ ഐ സി യു രോഗികളും മരണവും കൂടിയിട്ടില്ല. ഈ സ്പീഡിൽ വന്നാൽ നേരിടാൻ ഉള്ള കെല്പുണ്ട്. പക്ഷെ ഈ സ്പീഡിൽ തന്നെ വരണം. മുംബൈ, ദില്ലി, ബാംഗ്ലൂർ പോലെ പറ്റില്ല. അപ്പോൾ നമുക്ക് ഇങ്ങനെ തന്നെ പിടിക്കാം. വല്ലാതെ കൂടാൻ വിടേണ്ട. വല്ലാതെ കുറയ്ക്കുകയും വേണ്ട.
ടീം വല്ലാതെ ക്ഷീണിക്കുമ്പോൾ ഫോർവേഡിനെ മാറ്റി ഡിഫൻഡറെ സബ്സ്ടിട്യൂറ്റ് ഇറക്കിയുള്ള കളിയാണ് ഇപ്പോൾ. നമ്മുടെ സൗകര്യങ്ങൾ നമുക്ക് അറിയാമല്ലോ. അതിനപ്പുറം രോഗം കയറുന്നു എന്ന് തോന്നുമ്പോൾ ഒന്ന് കൂടി മുറുക്കി.നമ്മളെക്കാൾ വമ്പൻമാർ തോറ്റ കളിയാണ്. ഒരു സമനില പോലും വൻ വിജയം ആയിരിക്കും. എന്നിട്ടും തോറ്റെന്നിരിക്കട്ടേ, പോട്ടെന്നു വെച്ചേക്കാം, അല്ല പിന്നെ.
143 total views, 1 views today