അംബേദ്കര്‍ പറഞ്ഞതു പോലെ ആയിരത്തോളം വര്‍ഷം ബ്രാഹ്മണ ശ്രുതികളും, സ്മൃതികളും അടക്കിവാണ ഒരു ശ്മശാനഭൂമിയുടെ പേരാണ് ഭാരതം

146

Dr SHANAVAS A R

ആർത്തവ സമയത്ത് പെൺകുട്ടികൾ അടുക്കളയിലും അമ്പലത്തിലും പ്രവേശിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചുവെന്ന ഹോസ്റ്റൽ മേലധികാരിയുടെ പരാതിയെ തുടർന്ന് 68 പെൺകുട്ടികളെ ആർത്തവം ഉണ്ടോ എന്ന് പരിശോധിക്കാൻ അടിവസ്ത്രം ഊരിച്ച് പരിശോധന. ഗുജറാത്തിലെ ഭൂജിലെ സ്വാമിനാരായൺ ക്ഷേത്ര സമിതിയ്ക്ക് കീഴിലുള്ള ശ്രീ സഹജാനന്ദ് ഗേൾസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റലില്‍ ആണ് സംഭവം.

ധൂർത്തനും വിടനും ഭാര്യയെ അകാരണമായി ഉപദ്രവിയ്ക്കുന്നവനുമായിരുന്ന കുഷ്ഠരോഗി കൂടിയായ ഭര്‍ത്താവിന്റെ അടങ്ങാത്ത കാമം സഫലീകരിക്കാന്‍ നിത്യവും തന്റെ തോളിൽ ചുമന്ന് വേശ്യാലയത്തിലേയ്ക്ക് കൊണ്ടുപോയ ശീലാവതിയെ ഇപ്പോഴും പതിവ്രതാ രത്‌നമായി പൂജിക്കുന്ന ഒരു അസംബന്ധ ദേശമായ ഈ ആര്‍ഷഭാരതത്തിൽ ആര്‍ത്തവം പോലൊരു ജീവ പ്രതിഭാസം ക്രിമിനല്‍ കുറ്റമാകുന്നത് ഒട്ടും യാദൃശ്ചികമല്ല.

സ്ത്രീ പുരുഷ സമത്വത്തിന്റെ അടിസ്ഥാന മാനവിക തത്ത്വങ്ങളെ സംസ്‌കൃത ശ്ലോകങ്ങള്‍ കൊണ്ട് ഗളഛേദം ചെയ്ത് ഉപഭൂഖണ്ഡത്തെ അടക്കിഭരിച്ച ബ്രഹ്മണ്യത്തിന്റെ ‘ശുദ്ധാശുദ്ധ’ വിചാരങ്ങളെ നിരാകരിച്ചാലല്ലാതെ ഇത് പോലുള്ള അസംബന്ധങ്ങൾ ഇനിയും തുടരും എന്നുള്ള കാര്യം വളരെ വ്യക്തമാണ്.

ആര്‍ത്തവം കാരണം പെണ്ണ് അശുദ്ധയാകുമെന്നും അവള്‍ കയറുന്ന സ്ഥലങ്ങളിലേക്കും തൊടുന്ന മനുഷ്യരിലേക്കും അശുദ്ധി പകരുമെന്നുമുള്ള ‘അയിത്തശാസ്ത്രം’ കാരണം കട്ടിലും കിടക്കയും അശുദ്ധമാകാതിരിക്കാന്‍ വെറും തറയോ പായയോ വിധിക്കുകയും മറ്റുള്ളവരെ തൊടാനും തീണ്ടാനും സമ്മതിക്കാതിരിക്കുകയും അടുക്കളയില്‍ പ്രവേശിച്ചാലും ഭക്ഷണം പാകം ചെയ്താലും ഒരുമിച്ച് ഭക്ഷണം കഴിച്ചാലും കിണറ്റില്‍നിന്ന് വെള്ളം കോരിയാലും തുളസിച്ചെടി തൊട്ടാലും ‘അപകടങ്ങള്‍’ സംഭവിക്കുമെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ‘അഭ്യസ്തവിദ്യരായ യാഥാസ്ഥിതികരെ’ക്കൊണ്ട് ‘സമൃദ്ധ’മാണ് ഇന്നും നമ്മുടെ ഈ ഇന്ത്യ എന്ന വസ്തുതയെ ആര്‍ക്കാണ് നിഷേധിക്കാനാവുക?
ബ്രാഹ്മനിക്കൽ ഹിന്ദു ഒരിക്കലും തുല്യതയെന്ന സങ്കല്‍പ്പം അംഗീകരിക്കുന്നില്ല. സ്ത്രീയ്ക്കും, കീഴ്ജാതിക്കാരനും അതിനകത്തെ സ്ഥാനം അടിമകളുടേതാണ്. മറ്റെല്ലാം മഹത്വവല്‍ക്കരിച്ച നുണകളാണ്.

അംബേദ്കര്‍ പറഞ്ഞതു പോലെ ആയിരത്തോളം വര്‍ഷം ബ്രാഹ്മണ ശ്രുതികളും, സ്മൃതികളും അടക്കിവാണ ഒരു ശ്മശാനഭൂമിയുടെ പേരാണ് ഭാരതം.ആര്‍ത്തവം എന്ന ജൈവപ്രക്രിയയുടെ പേരില്‍ നമ്മുടെ രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്ന സവര്‍ണ-ഫ്യൂഡല്‍ പെണ്ണയിത്തങ്ങളുടെ മനുഷ്യവിരുദ്ധതക്കെതിരില്‍ പോരാട്ടങ്ങളനിവാര്യമാണെന്ന കാര്യത്തില്‍ സന്ദേഹത്തിനവകാശമുണ്ടെന്നു തോന്നുന്നില്ല. സ്ത്രീവിരുദ്ധത ഒരു മാനസികാവസ്ഥയാണ്. കാലമോ വിദ്യാഭ്യാസമോ അതിന് സാരമായ തോതില്‍ പരിക്കേല്‍പ്പിക്കുന്നില്ല എന്നതാണ് വാസ്തവം. മാറേണ്ടത് സമൂഹത്തിന്റെ കാഴ്ചപാടാണ്.