പ്രായപൂർത്തിയായ ഒരു പെണ്ണിന് ഇന്ന വസ്ത്രം ധരിക്കാൻ പാടില്ല എന്നും ഇന്ന വസ്ത്രമേ ധരിക്കാവൂ എന്ന് പറയുന്നതും ശുദ്ധ പോക്രിത്തരമല്ലേ?

94
Dr SHANAVAS A R
വിവാദ എഴുത്തുകാരി തസ്ലിമ നസ്രീൻ മ്യൂസിക് ലെജൻഡ് എ ആർ റഹ്മാന്റെ മകൾ ഖതിജ റഹ്മാന്റെ വസ്ത്രധാരണത്തെ പറ്റി ഇങ്ങനെ ട്വീറ്റ് ചെയ്തു.
” എ ആർ റഹ്മാന്റെ സംഗീതം എനിക്ക് തീർത്തും ഇഷ്ടമാണ്. പക്ഷേ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകളെ കാണുമ്പോഴെല്ലാം എനിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു. സാംസ്കാരികമായി ഉന്നത കുടുംബത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകളെ പോലും വളരെ എളുപ്പത്തിൽ മസ്തിഷ്ക പ്രക്ഷാളനം നടത്താമെന്ന് മനസിലാക്കുന്നത് ശരിക്കും വിഷാദകരമാണ്! “
തസ്ലിമ നസ്രീന്റെ ട്വീറ്റ് ട്വിറ്ററിൽ വളരെയധികം ശ്രദ്ധ നേടി, നൂറുകണക്കിന് ആളുകൾ അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു.
തസ്ലിമയുടെ ട്വീറ്റിന് മികച്ച മറുപടി ഖതിജ റഹ്മാൻ ഇൻസ്റ്റാഗ്രാമിലൂടെ നൽകി.
“ഒരു വർഷം കഴിഞ്ഞതേയുള്ളൂ , ഈ വിഷയം വീണ്ടും പ്രചരിക്കുന്നു… രാജ്യത്ത് ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. പക്ഷേ എല്ലാ ആളുകളും ഒരു സ്ത്രീ ധരിക്കാൻ ആഗ്രഹിക്കുന്ന വസ്ത്രധാരണത്തെ കുറിച്ചാണ് ആശങ്കാകുലർ. കൊള്ളാം, എന്റെ അമ്പരപ്പ് മാറിയിട്ടില്ല. ഈ വിഷയം ഓരോ തവണ വരുമ്പോഴും എന്നിൽ തീ പടരുകയും ധാരാളം കാര്യങ്ങൾ പറയാൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഞാൻ ദുർബലമായിരിക്കുകയോ ജീവിതത്തിൽ ഞാൻ തിരഞ്ഞെടുത്ത തിരഞ്ഞെടുപ്പുകളിൽ പശ്ചാത്തപിക്കുകയോ ചെയ്യില്ല.”
“കഴിഞ്ഞ ഒരു വർഷത്തിലേറെയായി, ഇത്രയും വർഷങ്ങളായി ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു വ്യത്യസ്ത പതിപ്പ് ഞാൻ തന്നെ കണ്ടെത്തി. ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ ഞാൻ സന്തുഷ്ടയും അഭിമാനിക്കുകയും ചെയ്യുന്നു. എന്നെ ഞാനായി സ്വീകരിച്ചവർക്ക് നന്ദി. ദൈവം അനുവദിക്കുക ആണെങ്കിൽ എന്റെ ജോലി സംസാരിക്കും. കൂടുതലായി എന്തെങ്കിലും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”
” പ്രിയ തസ്ലിമ നസ്രീൻ, എന്റെ വസ്ത്രധാരണത്തിൽ നിങ്ങൾ‌ക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു എന്നറിഞ്ഞതിൽ എനിക്ക് വിഷമമുണ്ട്. കുറച്ചു ശുദ്ധവായു ശ്വസിക്കൂ. എനിക്ക് ശ്വാസംമുട്ട് അനുഭവപെടുന്നില്ല എന്ന് മാത്രമല്ല അഭിമാനവും ശാക്തീകരണവും തോന്നുകയും ചെയ്യുന്നു. യഥാർത്ഥ ഫെമിനിസത്തിന്റെ അർത്ഥമെന്താണെന്ന് നിങ്ങൾ ഒന്ന് ഗൂഗിൾ ചെയ്ത് മനസ്സിലാക്കുക, കാരണം മറ്റ് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയോ അവരുടെ പിതാക്കന്മാരെ പ്രശ്‌നത്തിലേക്ക് വലിച്ചു കൊണ്ടു വരികയോ ചെയ്യുന്നതല്ല ഫെമിനിസം. അത് പോലെ നിങ്ങളുടെ പരിശോധനയ്‌ക്കായി എന്റെ ഫോട്ടോകൾ നിങ്ങൾക്ക് അയച്ചതായും ഞാൻ ഓർക്കുന്നില്ല”
“ഒരു നിശ്ചിത വിശ്വാസത്തിൽ പെടുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം മാത്രം ഇരട്ടത്താപ്പുകളും ആശങ്കകളും എന്തുകൊണ്ട്? തലപ്പാവ് ധരിക്കുന്ന പുരുഷന്മാരെ കണ്ടിട്ടില്ലേ? ഹാബിറ്റ് ധരിക്കുന്ന സ്ത്രീകളെ കണ്ടിട്ടില്ലേ ? എന്തുകൊണ്ടാണ് ഒരു പ്രത്യേക വിശ്വാസത്തിന്റെ കാര്യം വരുമ്പോൾ മാത്രം അതും സ്ത്രീകൾ പൂർണ്ണഹൃദയത്തോടെയും അഭിമാനത്തോടെയും തിരഞ്ഞെടുത്ത വസ്ത്രത്തെ ലക്ഷ്യമിടുന്നത്. എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട് ? എനിക്ക് മനസ്സിലാകുന്നില്ല.”
ഖതീജ റഹ്മാൻ, താനും സഹോദരി റഹീമ റഹ്മാനും പിതാവ് എ ആർ റഹ്മാനുമൊത്തുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു — ബുർഖ ധരിച്ച് ഖതീജയും കറുത്ത ജീൻസും ജാക്കറ്റും ധരിച്ച് സഹോദരി റഹീമയും.
ഇതിനെ കുറിച്ച് എ ആർ റഹ്മാനോട് പ്രതികരണം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു — “അത് ധരിക്കുന്നത് ഖതിജയുടെ ചോയ്സ് ആണ് , അവൾക്ക് വേണ്ടത് ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.”
NB : പ്രായപൂർത്തിയായ ഒരു സ്ത്രീ അവരുടെ സ്വന്തം ഇഷ്ടപ്രകാരം അവർക്ക് കംഫർട്ടബിൾ ആയ വസ്ത്രങ്ങൾ ധരിക്കട്ടെ, അതല്ലേ യഥാർത്ഥ ഫെമിനിസം. അവർ ഇന്ന വസ്ത്രം ധരിക്കാൻ പാടില്ല എന്നും ഇന്ന വസ്ത്രമേ ധരിക്കാവൂ എന്ന് പറയുന്നതും ശുദ്ധ പോക്രിത്തരമല്ലേ?
സ്ത്രീയെ അവളായി തന്നെ അംഗീകരിക്കുക, അവൾക്ക് ഇഷ്ടവും അഭിമാനവും ശാക്തീകരണവും സുഖകരവും ആയ വസ്ത്രങ്ങൾ അവർ തന്നെ സെലക്ട്‌ ചെയ്ത് ധരിക്കട്ടെ.
ഖതീജ റഹ്മാന്റെ കാര്യത്തിൽ അത് ബുർഖ ആണെങ്കിൽ സഹോദരി റഹീമ റഹ്മാന്റെ കാര്യത്തിൽ അത് ജീൻസും ജാക്കറ്റുമാണ് — അത് അങ്ങനെ തന്നെ ആകട്ടെ, അതല്ലേ ശരി, അതല്ലേ യഥാർത്ഥ ഫെമിനിസം.