സംഘ് പരിവാരത്തിന്‍റെ ഹിന്ദു രാഷ്ട്രത്തിന് വിലങ്ങ് തടിയായി നില്‍ക്കുന്നത് മുസ്ലിങ്ങളോ ദളിതരോ ആദിവാസികളോ അല്ല, അത് ഇന്ത്യൻ ഭരണഘടനയാണ്

386

Dr SHANAVAS A R

സംശയലേശമെന്യേ പറയാം. സംഘ് പരിവാരത്തിന്‍റെ ഹിന്ദു രാഷ്ട്രത്തിന് വിലങ്ങ് തടിയായി നില്‍ക്കുന്നത്, അവരുടെ ഫാസിസ്റ്റ് അജണ്ടയുടെ ഒന്നാം നമ്പർ ശത്രു പലരും കരുതും പോലെ ഇന്ത്യയിലെ മുസ്ലിങ്ങളോ ദളിതരോ ആദിവാസികളോ അല്ല, അത് ഇന്ത്യൻ ഭരണഘടനയാണ്. അതിനെ ശവപെട്ടിക്കുള്ളിലാക്കി കുഴിച്ചു മൂടുമ്പോൾ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ അത് ഒരിക്കലും മതം പറഞ്ഞു കൊണ്ടായിരിക്കരുത്. ഭരണഘടന ഉയര്‍ത്തി പിടിച്ചാണ്, ത്രിവർണ്ണ പതാക ഉയർത്തി പിടിച്ചാണ് പ്രതിഷേധിക്കേണ്ടത്.

ആ പ്രതിഷേധ പ്രകടനത്തിൽ മുഴങ്ങേണ്ടത് ‘ ജന ഗണ മന ‘ യും ‘സാരെ ജഹാൻ സെ അച്ഛാ’ യുമാണ്, ജയ് വിളിക്കേണ്ടത് മതേതരത്വത്തിനാണ്. അവിടെ തക്ബീറിനും ലാ ഇലാഹ ഇല്ലള്ളക്കും റോളില്ല, ഉണ്ടാവാൻ പാടില്ല. കാരണം ഇവിടെ നടക്കുന്നത് ഇസ്ലാമിനെതിരെയുള്ള യുദ്ധമൊന്നുമല്ല.

വെള്ളിയാഴ്ച ജുമാ നമസ്കാരം കഴിഞ്ഞു വരുന്നവർ ഈ പ്രതിഷേധത്തെ തക്ബീർ മുഴക്കി മാറ്റി മറിക്കും എന്നുള്ള ഭരണകൂടത്തിന്റെ ചിന്തയുടെ കവിളത്തുള്ള ഒന്നാന്തരം പ്രഹരമായിരുന്നു ഇന്നലെ ഡൽഹിയിലും മുംബൈയിലും കണ്ടത്. അതേ, ഇത് മതേതര ഇന്ത്യയാണ്. നമ്മൾ ഇന്ത്യക്കാർ പ്രതിരോധിക്കുന്നത് മതേതരത്വത്തെയാണ്, ഇന്ത്യൻ ഭരണഘടനയെയാണ്. ഇതല്ലേ ഗാന്ധിജിയും അംബേദ്കറും സ്വപ്നം കണ്ട ഇന്ത്യ, നമ്മുടെ ഇന്ത്യ.

Say No to CAA & NRC