ശരിക്കും ഇത് ആരുടെ ഇന്ത്യയാണ് ?

119

Dr SHANAVAS A R

വാർത്ത : ഇന്ത്യ 50,000 മെട്രിക് ടൺ ഗോതമ്പ് അഫ്ഘാനിസ്ഥാനിലേക്കും , 40,000 മെട്രിക് ടൺ ഗോതമ്പ് ലെബനോണിലേക്കും അയക്കുന്നു! ഇത്രയും ഗോതമ്പ് വിദേശത്തേക്ക് കയറ്റി അയക്കാൻ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞ ന്യായം കേൾക്കണ്ടേ? — ‘നമ്മൾക്ക് ‘ അവശ്യമുള്ളതിനേക്കാൾ കൂടുതൽ ഗോതമ്പ് ഇവിടെ ഉല്പാദിപ്പിച്ചിട്ടുണ്ടത്രെ!!!
പ്രിയപ്പെട്ട കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയാൻ വേണ്ടി ചില വാർത്തകൾ…

താങ്കൾ സൂചിപ്പിച്ച ‘നമ്മളിൽ’ ഈ പറയുന്ന അപ്പാവികൾ വരുമോ? അങ്ങയുടെ മന്ത്രി സഭയുടെ കണ്ണിൽ ഇവരൊക്കെ കീടങ്ങൾ ആയിരിക്കും അല്ലെ? അല്ലെങ്കിൽ ഈ അധികം വന്ന ഗോതമ്പ് എങ്കിലും ഈ ദരിദ്ര നാരായണൻമാർക്ക് ഒരു നേരത്തെ പശി അടക്കാൻ കൊടുത്തൂടെ.

1) വടക്കൻ ഡൽഹിയിൽ ജോലി ചെയ്യുന്ന ഉത്തരാഖണ്ഡിൽ നിന്നുള്ള 22 കാരിയായ മെഹാക്കും, 8 ദിവസം പ്രായമായ മോളും. ( ഫോട്ടോ നോക്കുക )
മെഹാക്കും ഭർത്താവ് ഗോപാലും രാജ്യവ്യാപകമായ ലോക്ക് ഡൗൺ മൂലം പട്ടിണിയുടെ വക്കിലെത്തി ക്കഴിഞ്ഞു. പണമില്ല, ജോലിയൊന്നുമില്ല.
മെഹാക് ഒരു പെൺകുഞ്ഞിനെ പ്രസവിച്ച് എട്ട് ദിവസമായതേ ഉള്ളൂ. രണ്ട് ദിവസത്തിലൊരിക്കൽ ലഭിക്കുന്ന ഉപ്പും ഇത്തിരി ചോറിന്റെയും പുറത്താണ് താൻ ജീവിക്കുന്നതെന്നും ശരിക്കും വിശക്കുമ്പോൾ താൻ വെള്ളം കുടിക്കുന്നു എന്നും മെഹാക് കണ്ണീർ നിറഞ്ഞ കണ്ണുകളോടെ പറയുന്നു.

2) ബീഹാറിൽ നിന്നുള്ള 32 കാരിയായ മുന്നി ദേവി സഹോദരിയോടും മൂന്ന് മക്കളോടും ഒപ്പം വെറും 60 അടിയുള്ള ഒരു കുടുസ്സ് മുറിയിൽ താമസിക്കുന്നു. അവർ ആകെ കഴിച്ചത് കുറച്ച് ഉപ്പും ചോറും മാത്രമാണ്. ഞങ്ങൾക്ക് കഴിക്കാൻ വേറെ ഒന്നുമില്ല. ഭക്ഷണം വിതരണം ചെയ്യുമ്പോൾ ഞങ്ങൾ ക്യൂവിൽ നിൽക്കുന്നു. എന്നാൽ ഞങ്ങളുടെ ടേൺ വരുമ്പോഴേക്കും എല്ലാം തീർന്ന് പോകും. കുട്ടികൾക്ക് കൊടുക്കാൻ പാൽ പോലും ലഭിക്കുന്നില്ല — കരഞ്ഞു കൊണ്ട് മുന്നി ദേവി പറയുന്നു.

3) റോഡിൽ ഒഴുകി പോയ പാൽ കുടിക്കാനായി ശേഖരിക്കുന്ന മനുഷ്യനും അതേ പാൽ കുടിക്കുന്ന തെരുവ് നായ്ക്കളും, ആഗ്രയിൽ നിന്നുള്ള കാഴ്ച. ( വീഡിയോ കാണുക ).

4) ബീഹാറിൽ നിന്നുള്ള 62 കാരനായ സുഭാഷ്, ലോക്ക് ഡൌൺ കാരണം ജോലി ഇല്ലാതെ പട്ടിണി ആയത് കൊണ്ട് ഡൽഹിയിലെ പോഷ് ന്യൂ ഫ്രണ്ട്സ് കോളനിയിൽ, ഭിക്ഷാടനത്തിലൂടെ ലഭിക്കുന്നതെന്തും പാചകം ചെയ്യാൻ ചില്ലകളും ശാഖകളും ശേഖരിക്കുന്നു. രാത്രിയിൽ പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷയിൽ ഉറങ്ങുന്നു. (ഫോട്ടോ ).

‘നമ്മൾക്ക് ‘ അവശ്യമുള്ളതിനേക്കാൾ കൂടുതൽ ഗോതമ്പ് ഇന്ത്യയിൽ ഉല്പാദിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി പറഞ്ഞ മോഡിഫൈഡ് ഡിജിറ്റൽ ഇന്ത്യയെ കുറിച്ചാണ്…
* ആഗോള പട്ടിണി സൂചിക പ്രകാരം പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്ന്.
* ലോകബാങ്ക് റിപ്പോർട്ട് പ്രകാരം ജനസംഖ്യയിൽ 30 ശതമാനം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഇന്ത്യ.
* ലോക വിശപ്പ് സൂചിക പ്രകാരം ആകെയുള്ള 119 രാജ്യങ്ങളിൽ നൂറാം സ്ഥാനത്ത് എത്തി നിൽക്കുന്നു ഇന്ത്യ.
* ശിശുമരണ നിരക്ക്, ശിശുക്കളിലെ വളർച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് എന്നിവയിൽ ലോക രാജ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യ .
ശരിക്കും ഇത് ആരുടെ ഇന്ത്യയാണ് ?