യൂറോപ്പിലെ മുന്തിയ ഹോസ്പിറ്റൽ സൗകര്യമുള്ള രാജ്യമാണ് ഇറ്റലി, എന്നിട്ടും മരണസംഖ്യയിൽ ചൈനയെ മറികടന്നിരിക്കുകയാണ് ഇറ്റലി

67

Dr SHANAVAS A R

കാസർഗോഡ്കാരൻ ഒരു പടുവിഡ്ഢി വിദേശത്ത് നിന്ന് വന്നിട്ട് സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കാതെ കേരളത്തോട് ചെയ്ത ദ്രോഹത്തിന്റെ വ്യാപ്‌തി അറിയണമെങ്കിൽ ഇറ്റലി എന്ന യൂറോപ്യൻ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ ഒന്ന് നോക്കിയാൽ മതി. ലോകത്തിലെ തന്നെ മെച്ചപ്പെട്ട ജിഡിപി യും പ്രതിശീർഷ വരുമാനവുമുള്ള രാജ്യമാണ് ഇറ്റലി. ആ രാജ്യം മൊത്തം മാര്‍ച്ച് 9 ഓടെ ക്വാറന്റൈന്‍ ചെയ്യേണ്ടി വന്നിരിക്കുന്നു. കൊറോണ വൈറസിന്റെ വ്യാപനം മാക്‌സിമം തടയുക എന്നതാണ് ലക്ഷ്യം. ഇവിടെ ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

യൂറോപ്പിലെ മുന്തിയ ഹോസ്പിറ്റൽ സൗകര്യമുള്ള രാജ്യമാണ് ഇറ്റലി. എന്നിട്ടും മരണസംഖ്യയിൽ ചൈനയെ മറികടന്നിരിക്കുകയാണ് ഇറ്റലി. ഇവിടെ കൊറോണ മരണങ്ങൾ 4000 കടന്നിരിക്കുന്നു. മൃതദേഹങ്ങൾ മാറ്റാൻ ആർമിയുടെ സഹായം തേടേണ്ടി വന്നു. ആർമിയുടെ ട്രക്കുകളിൽ നിരനിരയായി മൃതദേഹങ്ങൾ കൊണ്ട് പോകുന്ന കാഴ്ചയാണ് ചിത്രത്തിൽ.കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുന്നു. സിസ്റ്റം അപ്പാടെ തകര്‍ന്നിരിക്കുന്നു. എവിടെ തിരിഞ്ഞാലും കൊറോണയല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല.

കൊറോണ രോഗികളെ കൊണ്ട് ഹോസ്പിറ്റലുകള്‍ ഒക്കെ നിറഞ്ഞിരിക്കുന്നു. ബാക്കി യൂണിറ്റുകള്‍ എല്ലാം ഒഴിപ്പിച്ച് കൊറോണ രോഗികള്‍ക്കായി ക്രമീകരിച്ചിരിക്കുന്നു. കൊറോണ ബാധിതരുടെ എണ്ണം 47,000 കഴിഞ്ഞിരിക്കുന്നു.ആവശ്യത്തിന് ഡോക്റ്റര്‍മാരും മെഡിക്കല്‍ സ്റ്റാഫും ഇല്ല. റിട്ടയര്‍ ചെയ്തവരേയും അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളേയും വിളിച്ചിരിക്കുന്നു. എന്നിട്ടും തികയുന്നില്ല.ആരോഗ്യ മേഖലയിൽ 8 മണിക്കൂര്‍ ഷിഫ്റ്റ് എന്നൊരു സംഗതി തന്നെ ഇല്ലാതായിരിക്കുന്നു. നിവര്‍ന്ന് നില്കാന്‍ കഴിയുന്നവരൊക്കെ പറ്റാവുന്ന അത്രയും നേരം ജോലി ചെയ്തു കൊണ്ടേ ഇരിക്കുക എന്ന അവസ്ഥയാണ്.ന്യൂമോണിയ കേസുകള്‍ വളരെ കൂടിയിരിക്കുന്നു. ഐസിയു വേണ്ടവരുടെ എണ്ണം പരിധിവിട്ട് പോയിരിക്കുന്നു. എല്ലാവര്‍ക്കുമുള്ള സ്ഥലം ഇല്ല.
ഈ ഘട്ടത്തില്‍ ഇതൊരു യുദ്ധമാണ്: രക്ഷപ്പെടാനുള്ള സാധ്യത നോക്കി ആളുകള്‍ക്ക് മുന്‍ഗണന കൊടുക്കേണ്ട ഗതികേടിലേക്ക് ഡോക്റ്റര്‍മാര്‍ എത്തിയിരിക്കുന്നു.എന്നുവച്ചാല്‍ വയസ്സായവരേയും നിലവില്‍ ഗുരുതര പ്രശ്‌നമുള്ളവരേയും തഴയേണ്ട അവസ്ഥ. എല്ലാവരേയും രക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ല. അതുകൊണ്ട് നല്ല ഫലം ഉറപ്പുള്ളവയ്ക്ക് മാത്രം മുന്‍ഗണന. അതായത് ആവശ്യത്തിന് സ്ഥലം ഇല്ലാത്തതു കൊണ്ട് മാത്രം ആളുകള്‍ മരിക്കുന്നു.നഴ്‌സുമാര്‍ കരയുന്നു. അവര്‍ക്ക് ആളുകള്‍ മരിക്കുന്നത് കയ്യും കെട്ടി നോക്കി നില്‍ക്കാനേ കഴിയുന്നുള്ളു. മരിക്കുന്നവര്‍ക്ക് നല്‍കാന്‍ ആകെ അവരുടെ കയ്യിലുള്ളത് കുറച്ച് ഓക്‌സിജന്‍ മാത്രമാണ്.

സൂപ്പര്‍മാര്‍ക്കറ്റുകളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ എല്ലാം അടച്ചിരിക്കുന്നു– സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റികൾ, ഓഫീസുകള്‍, ഹോട്ടലുകള്‍, ഷോപ്പിങ്ങ് സെന്ററുകള്‍, തിയ്യേറ്ററുകള്‍ എല്ലാം…
സര്‍ട്ടിഫിക്കേറ്റ് ഉണ്ടെങ്കിലേ പുറത്തിറങ്ങി സഞ്ചരിക്കാന്‍ കഴിയൂ. പേര് , എവിടന്ന് വരുന്നു, എവിടേക്ക് പോകുന്നു, എന്തിന് പോകുന്നു എന്നിവ അടങ്ങിയ ഒഫിഷ്യല്‍ രേഖയാണ് ഈ സര്‍ട്ടിഫികറ്റ്
ഒരുപാടിടത്ത് പോലീസ് ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നു. അനാവശ്യമായി പുറത്ത് കാണുന്നവര്‍ക്ക് ഫൈന്‍ ചുമത്തും. കൂടാതെ ഈ ആള്‍ നേരത്തെ തന്നെ കൊറോണ പോസിറ്റീവ് ആയ ആളാണെങ്കില്‍ കൊലപാതക ശ്രമത്തിന് 1 മുതല്‍ 12 വര്‍ഷം വരെ തടവ് ലഭിക്കും.

അതെ, ഇതൊരു ദുരന്തമാണ്. വൻ ദുരന്തം. അതുകൊണ്ട് സുരക്ഷിതരായിരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് ഒന്നും പറ്റില്ല എന്ന് വിഡ്ഡികളെപ്പോലെ ചിന്തിക്കാതിരിക്കുക. സർക്കാർ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കുക.

വിദേശത്ത് നിന്ന് വന്ന് സർക്കാർ നിർദേശം പാലിച്ച് കൊറോണയുടെ ക്വാറന്റൈനിന് വേണ്ടി താൻ കിടന്ന അതേ ആശുപത്രിയിൽ തന്നെ സ്വന്തം അച്ഛന്റെ മൃതദേഹം ഉണ്ടായിട്ടു പോലും ആ മൃതദേഹം കാണാൻ പോകാതിരുന്ന ഒരു മനുഷ്യൻ ഈ നാട്ടിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.

കാസർഗോഡ്കാരനെ പോലുള്ള നികൃഷ്ട ജന്മങ്ങൾക്ക് മാത്രമല്ല, ഇവിടെ സാധാരണ മനുഷ്യർക്കും ജീവിക്കണം.