കേബിൾ കണക്ഷൻ വീട്ടിൽ വേണമോ വേണ്ടയോ എന്ന് ആശയക്കുഴപ്പമുള്ള വ്യക്തിക്ക് ബിഗ്ഗ്‌ബോസ് സജെസ്റ്റ് ചെയ്യൂ, പിറ്റേന്ന് തന്നെ അയാൾ കേബിൾ കണക്ഷൻ കട്ട്‌ ചെയ്യുന്നത് കാണാം

0
293
Dr SHANAVAS A R
പരിചയമുള്ള കുറേയേറെ പേർ ബിഗ്‌ബോസ് എന്ന് പറയുന്നത് കേട്ടപ്പോഴാണ് അതൊന്ന് കണ്ടാൽ കൊള്ളാം എന്ന് തോന്നിയത്. സാധാരണ ടിവി യിൽ കാണുന്നത് വാർത്തകളും കോമഡി പരിപാടികളുമാണ്. വാർത്തകൾ ചാനൽ ചർച്ച എന്ന ഭൂലോക കോമഡി ആകുകയും, കോമഡി പരിപാടികൾ ക്കിടയിൽ രസം കൊല്ലി പരസ്യങ്ങളുടെ കുത്തി കയറ്റം കാരണം ഇപ്പോൾ അത് പോലും കാണുന്നത് കുറവാണ്.
മിക്കവാറും കാര്യങ്ങളെ കുറിച്ച് താങ്കൾ ഉറച്ച അഭിപ്രായം പറയാറുണ്ടല്ലോ? ബിഗ്ബോസിനെ പറ്റി എന്താണ് അഭിപ്രായം എന്ന് കുറച്ചു പേർ മെസ്സഞ്ചറിൽ ചോദിക്കുകയും ചെയ്തു. ചില എഫ്ബി സുഹൃത്തുക്കൾ ഓരോ ഷോയുടെയും റിവ്യു ഇടുന്നത് കണ്ടു അത്ഭുതത്തോടും അല്പം അസൂയയോടും കണ്ട് നിന്നു.
ആദ്യം ഇതിൽ ആരൊക്കെ ഉണ്ടെന്ന് നെറ്റിൽ ഒന്ന് പരതി. ബഡായി ബംഗ്ലാവ് ഫെയിം ആര്യ, പാഷാണം ഷാജി, തെസ്‌നി ഖാൻ, മഞ്ജു പത്രോസ് (ഏതോ അടുത്ത കാലത്തെ A10 പടത്തിൽ കണ്ട പരിചയം ഉണ്ട് ), പിന്നെ ന്യൂ ലൂക്കിലുള്ള രജത് കുമാർ — സ്ത്രീ അടങ്ങിയൊതുങ്ങി നടക്കണം, ആണ്കുട്ടികളെപ്പോലെ ഓടിച്ചാടി നടന്നാല് പെണ്കുട്ടികളുടെ ഗര്ഭപാത്രം തിരിഞ്ഞു പോകുമെന്നൊക്കെ പണ്ട് പ്രസംഗിച്ച ഒരു തനി പാഴ് ( തൂ വെള്ള തല മുടിയും നീണ്ട താടിയുമാണ് പുള്ളിയുടെ മനസ്സിലുള്ള ഫിഗർ, പക്ഷേ ഇത് കംപ്ലീറ്റ് ഡിഫറെൻറ്, പക്ഷേ ആളെ മനസ്സിലായി കാരണം ട്രോൾ സൈറ്റിൽ പുള്ളിയുടെ പുതിയ ഫിഗർ വെച്ചുള്ള ട്രോൾ കണ്ടിട്ടുണ്ട്. ), പിന്നെ പുഷ് പുൾ എലീന ( പുള്ളിക്കാരിയുടെ ഒരു തള്ള് ഇന്റർവ്യൂവിന്റെ ട്രോൾ കണ്ടിട്ടുണ്ട് )… തീർന്നു. ബാക്കി ആരെയും പരിചയം പോരാ. ആ പിന്നെ ജസ്ല യെ അറിയാം. മതം വിട്ട പെണ്ണ് എന്നുള്ള യൂ ട്യൂബ് വീഡിയോ കണ്ടിട്ടുണ്ട്, അതും ഒരു എഫ്ബി സുഹൃത്തിന്റെ പോസ്റ്റിൽ ആണ് എന്നാണ് ഓർമ്മ. എന്താണ് ബിഗ് ബോസ്സ് എന്ന ഈ പരിപാടിയിൽ പങ്കെടുക്കാനുള്ള യോഗ്യത? അറിയില്ല, A10 ന് അറിയാമായിരിക്കും അല്ലെ? പങ്കെടുക്കുന്നവരെ ഒന്ന് അനലൈസ് ചെയ്തപ്പോൾ തോന്നിയത് തള്ള് സ്പെഷ്യലിസ്റ്റ്കളെയാണ് എടുക്കുന്നത് എന്നാണ് എനിക്ക് മനസ്സിലായത്.
അങ്ങനെ ഞാനും ആ പരീക്ഷണത്തിനിറങ്ങി. ആകെ കൈ മുതൽ ഇട്ടിമാണി ഒരു മണിക്കൂർ തികച്ചും കണ്ടിട്ടും സ്ക്രീൻ അടിച്ചു പൊട്ടിച്ചില്ല എന്നുള്ള ആത്മ വിശ്വാസം മാത്രമാണ്. മൊബൈലിൽ തന്നെ പയറ്റി, ബിഗ് ബോസ് എടുത്തു, ഒരു എപ്പിസോഡ് സെലക്ട്‌ ചെയ്തു കാണാൻ തുടങ്ങി. മുക്കാൽ മണിക്കൂർ കഴിഞ്ഞു കാണും, എന്റെ സെക്രട്ടറിയുടെ സർ എന്ന ഉറക്കെയുള്ള വിളി ആണ് എന്നെ ഉണർത്തിയത്.
അതേ, അപ്പോൾ നിങ്ങൾ വിചാരിച്ചു കാണും ഞാൻ ഇതിൽ ലയിച്ചു ഇരുന്നു പോയന്ന്, സത്യമായും അല്ല. ആദ്യത്തെ 5 മിനിറ്റിനുള്ളിൽ തന്നെ ഞാൻ സുഖമായി ഉറങ്ങി കഴിഞ്ഞിരുന്നു.
അപ്പോൾ നിങ്ങൾ താഴെ പറയുന്ന ഏതെങ്കിലും വിഭാഗത്തിൽ ഉള്ളവരാണോ, എങ്കിൽ ഞാൻ നിങ്ങൾക്ക് ബിഗ് ബോസ്സ് റെക്കമെന്റ് ചെയ്യുന്നു…
1) തീരെ ഉറക്ക കുറവ് ഉള്ളവർ, പക്ഷേ ഗുളിക കഴിക്കാൻ വൈമുഖ്യം ഉള്ളവർ. അവർ ഉറക്കം ആഗ്രഹിക്കുമ്പോൾ മൊബൈൽ വഴി ഒരു എപ്പിസോഡ് കാണുക. കൃത്യം പത്തു മിനിറ്റിനുള്ളിൽ ആൾ ഫ്ലാറ്റ് ആകും.
2) നിങ്ങൾ സുഹൃത്ത്മായി ബെറ്റ് വെച്ചിട്ടുണ്ട് — അതായത് സുഹൃത്ത് പറയുകയാണ് അയാൾക്ക് ഒരിക്കലും ദേഷ്യം വരില്ല എന്ന് — ബിഎസ്എൻഎൽ ന്റെ 2 ജി ഇന്റർനെറ്റ്‌ സ്പീഡ് വെച്ച് ഐആർസിടിസി സൈറ്റിൽ ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടും ദേഷ്യം വരാത്ത ആളാണ് എന്ന് – ബിഗ്‌ബോസ് റെക്കമെന്റ് ചെയ്യൂ, അയാൾക്ക് 10 മിനിറ്റിൽ കൂടുതൽ ദേഷ്യം വരാതെ പിടിച്ചു നിൽക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ബെറ്റ് നിങ്ങൾക്ക് തന്നെ ജയിക്കാം.
3) നിങ്ങൾ വളരെ കഷ്ടപെട്ട് ജീവിക്കുന്ന ആളാണോ? അത് കാരണം സന്തോഷം കുറവാണോ? എങ്കിൽ ഈ പാഴ് പരിപാടി ഒന്ന് കാണുക. കുറച്ചു പൈസക്ക് വേണ്ടി എന്ത് ഊളത്തരവും കാണിക്കാൻ തയ്യാർ ഉള്ളവരെക്കാൾ വളരെ ഉയരെ അല്ലെ നിങ്ങൾ. നഷ്ടപെട്ട് പോയ മനസ്സമാധാനം നിങ്ങൾക്ക് തിരിച്ചു കിട്ടും.
4) കേബിൾ കണക്ഷൻ വീട്ടിൽ വേണമോ എന്ന് രണ്ട് മനസ്സുള്ള വ്യക്തിക്ക് ഇത് ഒന്ന് സജെസ്റ്റ് ചെയ്യൂ, പിറ്റേന്ന് തന്നെ അയാൾ കേബിൾ കണക്ഷൻ കട്ട്‌ ചെയ്യുന്നത് കാണാം.
അങ്ങനെ എന്തെല്ലാം ഗുണങ്ങൾ…
അപ്പോൾ പറഞ്ഞു വന്നത്, ബിഗ് ബോസ് കാണുന്ന കാര്യം — നമ്മളില്ലേ… സുല്ലിട്ടു.