പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ശരീരത്തിന് ഒരു ചുക്കുമില്ല !

0
920

എഴുതിയത്  : Dr SHANAVAS A R

ഡോക്ടർ വന്ന സമയം നല്ലതാണ്. ഇവളെ ഒന്ന് ഉപദേശിക്കണം. പറഞ്ഞു പറഞ്ഞു മടുത്തു. എത്ര പറഞ്ഞാലും കേൾക്കില്ല.

ഈയിടെ രാവിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ അവന്റെ ഭാര്യ എന്നോട് പറഞ്ഞതാണിത്. 16 വയസ്സായ മകൾ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്നില്ല. വണ്ണം കുറയാൻ വേണ്ടിയാണ്. കുട്ടിയുടെ അമ്മ (എന്റെ സുഹൃത്തിന്റെ ഭാര്യ ) പറയുന്നത് ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചില്ലെങ്കിൽ വലിയ പ്രശ്നമാണ്. ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. ഭയങ്കര ക്ഷീണം കാണും. വണ്ണം കുറയുകയില്ല, കൂടുകയേ ഉള്ളൂ. തലച്ചോറ് നേരെ പ്രവർത്തിക്കില്ല, ഒരു മന്ദത ആയിരിക്കും, എന്നൊക്കെയാണ്. എന്നാൽ മകൾ എന്ത് വന്നാലും ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്നില്ല.

ബ്രേക്ക്‌ ഫാസ്റ്റ് നിർബന്ധമാണോ? അത് കഴിച്ചില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ? അത് കഴിച്ചില്ലെങ്കിൽ വണ്ണം വയ്ക്കുമോ?

# ബ്രേക്ക്‌ ഫാസ്റ്റ് അഥവാ പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കൊണ്ട് പിന്നീട് അമിതമായി ആഹാരം കഴിക്കുകയും അത് വഴി ശരീരഭാരം വർദ്ധിക്കുകയും ചെയ്യും എന്നുള്ളത് ഒരു മിഥ്യയാണ് എന്ന് നിരീക്ഷണ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള പരീക്ഷണങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല ശരീരഭാരം കുറയുകയും ചെയ്യും എന്ന് ഇപ്പോൾ ബ്രിട്ടീഷ്‌ മെഡിക്കൽ ജേർണലിൽ പബ്ലിഷ് ചെയ്ത പഠനത്തിൽ പറയുന്നു.

# മാത്രവുമല്ല നിങ്ങളുടെ ആരോഗ്യത്തിന് പ്രഭാതഭക്ഷണം തികച്ചും നിർണായകമാണെന്ന് സൂചിപ്പിക്കുന്ന ഗവേഷണങ്ങളിൽ ഭൂരിഭാഗവും പ്രഭാത ഭക്ഷണധാന്യ നിർമ്മാതാക്കളാണ് സ്പോൺസർ ചെയ്തത്.

# പോഷകാഹാര ഗവേഷകനായ മരിയൻ നെസ്‌ലെ പറയുന്നു — “പ്രഭാതഭക്ഷണം കഴിക്കുന്നവർ ആരോഗ്യവാന്മാരാണെന്നും പ്രഭാതഭക്ഷണം കഴിക്കാത്തവരേക്കാൾ അവർ ഭാരം നന്നായി നിയന്ത്രിക്കുന്നുവെന്നും തെളിയിക്കുന്ന പഠനങ്ങൾ കെല്ലോഗ്, ക്വേക്കർ പോലുള്ള പ്രഭാതഭക്ഷണ ധാന്യ കമ്പനികൾ സ്പോൺസർ ചെയ്തതാണ്.”

# ഈ പറഞ്ഞത് ശരി വെക്കുന്നതാണ് നിരീക്ഷണ പഠനങ്ങളുടെ ഡാറ്റയുടെ അവലോകനം നടത്തിയപ്പോൾ കണ്ടത്.

* ഭാരം നിയന്ത്രിക്കാൻ പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഒരു നല്ല മാർഗമല്ല എന്ന് നിഗമനം ചെയ്ത പഠനം സ്പോൺസർ ചെയ്തത് കെല്ലോഗ് ഓട്സ് കമ്പനിയാണ്.

* പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ആരോഗ്യ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയ മറ്റൊരു പഠനത്തിന് ധനസഹായം നൽകിയത് ക്വേക്കർ ഓട്സ് ആണ്.

# ബ്രേക്ക്‌ ഫാസ്റ്റ് അഥവാ പ്രഭാതഭക്ഷണത്തിനു “പ്രത്യേകതകൾ” ഒന്നും തന്നെ ഇല്ല. നിങ്ങൾ പ്രഭാതഭക്ഷണം കഴിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ദിവസം മുഴുവൻ നിങ്ങൾ ഉപയോഗിക്കുന്ന കലോറിയെ ബാധിക്കില്ല. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഉച്ചഭക്ഷണ സമയത്ത് കൂടുതൽ കഴിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു, പക്ഷേ ഇങ്ങനെ കൂടുതൽ കഴിച്ചാൽ പോലും നിങ്ങൾ ഒഴിവാക്കിയ പ്രഭാതഭക്ഷണത്തിന് പകരം കലോറി കിട്ടാൻ ഇത് പര്യാപ്തമല്ല.

# 16/8 രീതി (രാത്രി 8 മണിയോടെ അത്താഴം, രാത്രി ഉപവാസം, ബ്രേക്ക്‌ ഫാസ്റ്റ് ഒഴിവാക്കുക, ഉച്ചയ്ക്ക് 12 മണിയോടെ ഉച്ചഭക്ഷണം കഴിക്കുക) എന്നിങ്ങനെയുള്ള ഇടവിട്ടുള്ള ഉപവാസ പ്രോട്ടോക്കോളുകളുടെ ഭാഗമാണ് പ്രഭാതഭക്ഷണം ഒഴിവാക്കുക എന്നത്. ഇടവിട്ടുള്ള ഉപവാസത്തിന് ധാരാളം ആരോഗ്യ ഗുണങ്ങൾ ലഭിക്കും (കലോറി ഉപഭോഗം ഫലപ്രദമായി കുറയ്ക്കുക, ശരീരഭാരം കുറയ്ക്കുക, ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്തുക.)

അതായത് പ്രഭാതഭക്ഷണം ഓപ്ഷണലാണ്. നിങ്ങൾക്ക് രാവിലെ വിശപ്പ് തോന്നുകയും പ്രഭാതഭക്ഷണം ഇഷ്ടപ്പെടുകയും ചെയ്യുന്നുവെങ്കിൽ, ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുക. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ആണ് മികച്ചത്.

എന്നിരുന്നാലും, നിങ്ങൾക്ക് രാവിലെ വിശപ്പ് തോന്നുന്നില്ലെങ്കിൽ നിങ്ങൾക്ക് പ്രഭാതഭക്ഷണം ആവശ്യമാണെന്ന് തോന്നുന്നില്ലെങ്കിൽ അത് കഴിക്കരുത്. അത് അത്രയും ലളിതമാണ്.