ഞാനീ ബ്രോയിലർ ചിക്കൻ ഒന്നും കഴിക്കാറില്ല. ഇതൊക്കെ സ്റ്റീറോയ്ഡ്, ഹോർമോൺ, ഇൻസുലിൻ എന്നിവയൊക്കെ കുത്തി വെച്ചാണ് വരുന്നത്. അതുകൊണ്ട് തന്നെ ഇതൊന്നും കഴിക്കാൻ പാടില്ല. വല്ലപ്പോഴും ചിക്കൻ കഴിക്കണം എന്ന് തോന്നുമ്പോൾ ഞാൻ നാടൻ കോഴി വാങ്ങി കഴിക്കും.
ചിക്കൻ വാങ്ങാൻ പോയപ്പോൾ അവിടെ ചിക്കൻ വാങ്ങാൻ വന്ന ഒരാളോട് അയാളുടെ കൂടെ വന്ന ആൾ പറഞ്ഞതാണിത്.
ഇനി ഇതിൻറെ സത്യാവസ്ഥ എന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം.
അമേരിക്കയിലെ മേരിലാൻഡ് ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ (NCBI) നടത്തിയതും ഏഷ്യൻ ഓസ്ട്രേലേഷ്യൻ ജേർണൽ ഓഫ് അനിമൽ സയൻസസ് 2016 സെപ്റ്റംബർ 29 ന് പ്രസിദ്ധീകരിച്ചതുമായ പഠനത്തിൽ പറയുന്നത് ബ്രോയിലർ ചിക്കനിൽ ഇൻസുലിൻ കുത്തി വെച്ചതുകൊണ്ട് അവ കഴിക്കുന്ന ആഹാരത്തിന്റെ അളവിലോ അവയുടെ തൂക്കത്തിലോ യാതൊരു വ്യത്യാസവും ഉണ്ടാകുന്നില്ല എന്നതാണ്.
ഡൊമസ്റ്റിക് അനിമൽ എൻഡോക്രൈനോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടത് വലിയ വിലയുള്ള ഇൻസുലിൻ ലൈക് ഗ്രോത് ഫാക്ടർ വൺ (Insulin-like growth factor-1, IGF-1) ഇൻജെക്ട് ചെയ്യുന്ന ചിക്കനിൽ പോലും യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല എന്നാണ്.
ഇനി ഒരു ആരോപണം ഗ്രോത് ഹോർമോൺ (Growth Hormone), അനബോളിക് സ്റ്റീറോയ്ഡ്സ് എന്നിവ കുത്തി വെക്കും എന്നാണ്. ഗ്രോത് ഹോർമോൺ (Growth Hormone) വളർച്ചകുറവ് ഉള്ള കുട്ടികൾക്ക് നൽകുന്ന ഹോർമോൺ ആണ്. അനാബോളിക് സ്റ്റീറോയ്ഡ് എന്നത് മസിൽ മാസ്സ് കൂടാനും പെർഫോമൻസ് വർദ്ധിക്കാനും കളിക്കാർ ഉപയോഗിക്കുന്നതാണ് (ബെൻ ജോൺസന്റെ കാര്യം ഓർക്കുക ).
ഒരു കിലോ ചിക്കന്റെ വില ഏകദേശം 100 രൂപ മാത്രമാണ്. ഒരു കാട്രിഡ്ജ് ഗ്രോത് ഹോർമോണിന്റെ വില 15,000 രൂപയാണ് !!! അനാബോളിക് സ്റ്റീറോയ്ഡ് അത് പോലെ വളരെ വില കൂടുതൽ ആണ്. ഇത്രയും വില കൂടിയ ഇൻജെക്ഷൻ കൊടുത്ത ചിക്കൻ 100 രൂപക്ക് വിൽക്കാൻ ഒരു മാതിരി വട്ടുള്ളവന് പോലും പറ്റില്ല. ഒരു മാസം കൊണ്ട് തന്നെ അവൻ കുത്ത് പാള എടുത്തു ഖുദാഫിസ് ആകും എന്ന് വെച്ചാൽ ആപ്പീസ് പൂട്ടുമെന്ന് .
പിന്നെ ഗ്രോത് ഹോർമോൺ (Growth Hormone), അനബോളിക് സ്റ്റീറോയ്ഡ്സ് എല്ലാം കിട്ടാൻ വളരെ പാടാണ്. ഒരു ക്വാളിഫൈഡ് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഒരിക്കലും കിട്ടില്ല. മാത്രവുമല്ല ഇതൊക്കെ മെഡിക്കൽ സ്റ്റോറുകളിൽ കിട്ടുന്ന മരുന്നുകളല്ല. വളരെ അധികം നിയന്ത്രണങ്ങൾ ഉള്ള മരുന്നുകളാണിവ. അപ്പോൾ ഒരു ചിക്കൻ ഫാമിന് ആവശ്യമുള്ള മരുന്ന് ഒരു കാരണവശാലും കിട്ടില്ല.
( ഗ്രോത് ഹോർമോൺ , ഇൻസുലിൻ ഇവയൊക്കെ ഭക്ഷണത്തിൽ കൂടി കൊടുക്കാൻ പറ്റില്ല.)
ഇനി യഥാർത്ഥത്തിൽ സംഭവിക്കുന്നത്…
* ചിക്കൻ കുഞ്ഞ് ആയിരിക്കുമ്പോൾ തന്നെ ചിറക് വെട്ടി കളഞ്ഞു ചെറിയ കൂട്ടിൽ അടച്ചു തീറ്റയും വെള്ളവും കൂടുതൽ ആയി കൊടുക്കുന്നു. അത് കാരണം അവ വണ്ണം വെക്കുന്നു.
* ഇൻജെക്ഷൻ കൊടുക്കുന്നു എന്നത് വില കുറഞ്ഞ വിറ്റാമിൻ ഇൻജെക്ഷൻ മാത്രമാണ്.
# യഥാർത്ഥ ആരോഗ്യ പ്രശ്നം ഇതൊന്നുമല്ല. ചിക്കന് കൊടുക്കുന്ന തീറ്റയിലും വെള്ളത്തിലും ആന്റിബയോട്ടിക് ചേർക്കാൻ ചാൻസുണ്ട് . അവയ്ക്ക് അസുഖം വരാതിരിക്കാനാണ് ഇത്. മിക്കവാറും ഏതെങ്കിലും വില കുറഞ്ഞ ആന്റിബയോട്ടിക് ആയിരിക്കും ചേർക്കുക. ഇങ്ങനത്തെ ചിക്കൻ കഴിക്കുന്നവർക്ക് എപ്പോഴെങ്കിലും കുടൽ ഇൻഫെക്ഷനും യൂറിനറി ഇൻഫെക്ഷനും വന്നാൽ ഇത്തരം ആന്റിബയോട്ടികിനോട് പ്രതികരിക്കാത്ത അവസ്ഥ വരാൻ ചാൻസ് ഉണ്ടെന്നത് മാത്രമാണ്.
അപ്പോൾ എങ്ങനെ? ഇന്ന് തന്നെ ബ്രോയ്ലർ ചിക്കൻ വാങ്ങി വെട്ടി വിഴുങ്ങുകയല്ലേ? എന്നെയും വിളിക്കാൻ മറക്കല്ലേ… 😀😀😁😁