ധൈര്യശാലിയായിരുന്ന റിട്ടയേർഡ് പട്ടാളക്കാരൻ ഇരുട്ടിനെ ഭയന്നു തുടങ്ങിയ സംഭവ കഥ വായിക്കാം

239

Dr Shanavas AR ന്റെ സോഷ്യൽ മീഡിയ പോസ്റ്റ്

കുറച്ചു കാലം മുൻപ് നടന്ന സംഭവമാണ്.

എന്റെ ഒരു സുഹൃത്തിന്റെ അച്ഛനെ പറ്റിയാണ് . റിട്ടയേർഡ് മിലിറ്ററി, അതും ബ്രിഗേഡിയർ ആയിട്ട്. സർവീസിൽ ആയിരുന്നപ്പോൾ ഓർഡർലി ആയിട്ട് 8-10 പേർ ഉണ്ടായിരുന്നു.അസാധ്യ വിൽപവർ ആയിരുന്നു ഇദ്ദേഹത്തിന്. എന്ത് പ്രശ്നങ്ങൾ വന്നാലും മുഖത്തെ ഒരു പേശി പോലും ചലിക്കില്ല. ഞങ്ങൾ കളിയാക്കി വിളിച്ചിരുന്നത് ഹിറ്റ്‌മാൻ എന്നായിരുന്നു ( ഉറപ്പായിട്ടും പുള്ളി കേൾക്കാതെ ). അദ്ദേഹത്തിന്റെ മുൻപിൽ ഒരു ബോംബ് വീണാൽ പോലും തെല്ലും കൂസാത്ത ഒരു വ്യക്തി. വെറും ഒരു നോട്ടം കൊണ്ട് ആരെയും കണ്ട്രോൾ ചെയ്യുമായിരുന്നു. ഉറച്ച ഗാഭീര്യമുള്ള ശബ്ദം. പേടി എന്ന വാക്ക് പോലും എന്തെന്ന് അറിഞ്ഞുകൂടാത്ത ഒരു അസാമാന്യ ധൈര്യശാലി ആയിരുന്നു.

വീട്ടിൽ പട്ടാള ചിട്ട ആയിരുന്നു. ഒരു സാധനം പോലും സ്ഥലം മാറ്റി വെക്കുന്നത് ഇഷ്ടമല്ല. എപ്പോഴും വൃത്തിയായി അയൺ ചെയ്ത് ഇൻസർട്ട് ഒക്കെ ചെയ്ത് ആണ് നടക്കുന്നത്. ഒരു ഫുൾ ബോട്ടിൽ മദ്യം കഴിച്ചാൽ പോലും ആൾ സ്റ്റഡി ആണ്, വാക്കുകൾക്ക് പോലും കുഴച്ചിൽ ഉണ്ടാകില്ല.പിന്നീട് ഒരുപാട് കാലം കഴിഞ്ഞാണ് ഞാൻ എന്റെ സുഹൃത്തുമായ അദ്ദേഹത്തിന്റെ മകനെ കാണുന്നത്. അവൻ ഇപ്പോൾ അറിയപ്പെടുന്ന ഒരു ഡോക്ടർ കൂടിയാണ്. ഞാൻ അവനോട് അച്ഛനെ പറ്റി ചോദിച്ചു. അവന്റെ മറുപടി കേട്ട് സത്യത്തിൽ ഞെട്ടി പോയി.

അദ്ദേഹത്തിന് ഇപ്പോൾ 80 വയസ്സ് കഴിഞ്ഞു. വല്ലാത്ത ഒരു അവസ്ഥ ആണ് ഇപ്പോൾ. ഭയങ്കര പേടി ആണത്രേ. ഇരുട്ട് പേടിയാണ് , അത് കൊണ്ട് ലൈറ്റ് അണക്കാൻ സമ്മതിക്കില്ല. ഡ്രസ് മാറ്റാൻ ഇഷ്ടമല്ല. ഉറക്കമില്ല. ആരെങ്കിലും സംസാരിക്കുന്നത് കേട്ടാൽ അത് അദ്ദേഹത്തിനെ കുറിച്ചാണ് എന്ന് വിചാരിക്കും. സ്ഥലകാല ബന്ധമില്ലാതെ സംസാരിക്കും. എപ്പോഴും ആരെങ്കിലും കൂടെ വേണം, ഒറ്റക്ക് ഇരിക്കില്ല. അറിഞ്ഞുകൂടാത്ത കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നു — ഫാം ഹൌസ് തുടങ്ങുന്നു, ഒന്നും അറിഞ്ഞു കൂടാത്തത് കൊണ്ട് പൊളിയുന്നു. ഒരു റെസ്റ്റോറന്റ് തുടങ്ങുന്നു, അതിനെ കുറിച്ച് ഒന്നും അറിഞ്ഞു കൂടാത്തത് കൊണ്ട് അതും പൊളിയുന്നു. അങ്ങനെ അദ്ദേഹം ഒരു ബാധ്യത ആയി മാറി.

ഒരിക്കൽ ബാത്ത്റൂമിൽ സ്ലിപ്പായി വീണു ഇടുപ്പ് എല്ല് പൊട്ടി ഹോസ്പിറ്റലിൽ ആയി. അന്ന് കാണാൻ വന്ന മകന്റെ സുഹൃത്തായ ഒരു സൈക്യാട്രിസ്റ്റ് ഡോക്ടർ ആണ് ആദ്യം പറഞ്ഞത് — അദ്ദേഹത്തിന് മാനസിക രോഗം ആണ് എന്ന്. പിന്നീട് അദ്ദേഹത്തെ സൈക്യാട്രിസ്റ്റ്നെ കാണിച്ചു – ഡിപ്രെഷൻ, ഉത്കണ്ഠ എല്ലാം കൂടി ഉള്ള ഒരവസ്ഥ. ചികിത്സ തുടങ്ങി സാവധാനം അദ്ദേഹം മെച്ചപ്പെട്ടു.

💢 പറഞ്ഞു വന്നത് ഇത്രേയുള്ളൂ. പണ്ട് ആനയും പുലിയും കടുവയുമായ പലരും പിൽക്കാലത്ത് കാണിക്കുന്നത് കാണുമ്പോൾ നമുക്ക് ചിരിയോ അരിശമോ പുച്ഛമോ ഒക്കെ വന്നേക്കാം. പക്ഷേ ഒന്നോർക്കുക, അവരുടെ മാനസിക നില തെറ്റിയത് കൊണ്ടാണ് ഇതൊക്കെ. അതായത് അവർ രോഗികൾ ആണ് എന്ന്. അവരോട് ദേഷ്യമോ പുച്ഛമോ കാണിക്കരുത്. അവരോട് എമ്പതി വേണം, കരുതൽ വേണം, സ്നേഹം വേണം, പിന്നെ പ്രധാനമായും ചികിത്സ വേണം.

⭕️ വാർത്ത : പാലക്കാട് വീടും എംഎൽഎ ഓഫിസും എടുത്തെന്നു മെട്രോമാൻ ഇ ശ്രീധരൻ.