Featured
സ്വതന്ത്ര ഇന്ത്യയിൽ തൂക്കിലേറാൻ പോകുന്ന ആദ്യ സ്ത്രീ ആയ ശബ്നം അലിയുടെ കഥ
1947 ആഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം, സ്വതന്ത്ര ഇന്ത്യയിൽ തൂക്കിലേറാൻ പോകുന്ന ആദ്യ സ്ത്രീ ആയ ശബ്നം അലിയുടെ കഥ…
456 total views

Dr Shanavas AR
ഇത് ശബ്നം അലിയുടെ കഥയാണ്…
1947 ആഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം, സ്വതന്ത്ര ഇന്ത്യയിൽ തൂക്കിലേറാൻ പോകുന്ന ആദ്യ സ്ത്രീ ആയ ശബ്നം അലിയുടെ കഥ…
പ്രണയം കഴുമരത്തിൻ ചുവട്ടിലെത്തിച്ച ശബ്നം അലിയുടെ കഥ…
💢 2008 ഏപ്രിൽ 14 രാത്രി 2 മണിക്ക് ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഭവൻകേരി എന്ന ഗ്രാമം ശബ്നം അലിയുടെ നിലവിളി കേട്ടാണ് ഉണർന്നത്. ഓടിക്കൂടിയ ഗ്രാമവാസികൾ കണ്ടത് വീടിനകത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട് കിടക്കുന്ന 7 കൂടുംബാംഗങ്ങളെയാണ്.
ശബ്നത്തിന്റെ പിതാവ് ഷൗക്കത്ത് അലി(55), അമ്മ ഹാഷ്മി (50), മൂത്ത സഹോദരൻ അനീസ് (35), ഇളയ സഹോദരൻ യാഷിദ്(22), അനീസിന്റെ ഭാര്യ അൻജും(25), അവരുടെ പത്തു മാസം പ്രായമുള്ള മകൻ അർഷ്, ബന്ധുവായ റാബിയ(14) എന്നിവർ ദാരുണമായി കഴുത്തറുത്ത് കൊല്ലപ്പെട്ടു കിടക്കുകയായിരുന്നു.
വീട്ടിനുള്ളിലേക്ക് കടന്നുവന്ന കൊള്ളക്കാർ വീട്ടിലെ അംഗങ്ങളെ ഒന്നൊന്നായി കോടാലിക്ക് വെട്ടി കൊന്നുകളയുകയായിരുന്നു എന്നാണ് ശബ്നം പറഞ്ഞത്.
💢 ആർ.പി. ഗുപ്ത എന്ന സ്റ്റേഷൻ ഹൗസ് ഓഫീസർക്കായിരുന്നു അന്വേഷണ ചുമതല.
👉 വീട് അകത്തു നിന്നും കുറ്റിയിട്ടിരുന്നു.
👉 കഴുത്തിൽ കോടാലി കൊണ്ട് വെട്ടേറ്റുണ്ടായ മുറിവൊഴിച്ചാൽ കൊല്ലപ്പെട്ടവരുടെ ശരീരത്തിലെവിടേയും യാതൊരു മുറിവുമുണ്ടായിരുന്നില്ല.
👉 കിടക്കയിൽ കൊല്ലപ്പെട്ട് കിടക്കുകയാണെങ്കിലും ആരുടെയും കിടക്കവിരികൾ ചുളുങ്ങിയിട്ടുണ്ടായിരുന്നില്ല.
👉 യാതൊരു മൽപ്പിടിത്തം നടന്നതിന്റെ സൂചനയുമുണ്ടായിരുന്നില്ല.
👉 ആരോഗ്യദൃഢഗാത്രനായ അനീസ് പോലും യാതൊരു ചെറുത്തു നിൽപ്പും കൂടാതെ മരണത്തിനു കീഴ്പ്പെട്ടിരിക്കുന്നു.
👉 വീട്ടിനുള്ളിൽ നിന്ന് ബയോപോസ് എന്നൊരു മയക്കുമരുന്ന് ഗുളികയുടെ കാലി സ്ട്രിപ്പുകൾ ആർ.പി. ഗുപ്ത കണ്ടെത്തി.
👉 പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞത് കഴുത്തിൽ കോടാലികൊണ്ട് വെട്ടേറ്റു മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പുതന്നെ മരിച്ചവരുടെ ശരീരത്തിലേക്ക് മയക്കുമരുന്ന് കടന്നുചെന്നിട്ടുണ്ട് എന്നായിരുന്നു.
അതോടെ ഭക്ഷണത്തിൽ ആരോ മയക്കുമരുന്നു കലർത്തി നൽകിയിട്ടുണ്ടെന്ന് പോലീസിന് വ്യക്തമായി. ശബ്നത്തിന്റെ മൊഴികളിൽ വല്ലാതെ വൈരുദ്ധ്യമുണ്ടെന്ന് പൊലീസിന് മനസിലാക്കി.
ശബ്നത്തിന്റെ മൊബൈൽ കോൾ ഹിസ്റ്ററി പരിശോധിച്ചപ്പോൾ അതിൽനിന്ന് ആ നാട്ടിലെ തന്നെ സലീമെന്ന ചെറുപ്പക്കാരനുമായുള്ള ബന്ധം പൊലീസ് തിരിച്ചറിഞ്ഞു. കൊലപാതകം നടന്ന ദിവസം ശബ്നം സലീമിനോട് 40 ൽ അധികം തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നും, അവസാന വിളി വന്നത് അർദ്ധ രാത്രി 1.45 ന് ആയിരുന്നു എന്നും, ആ വിളി പൂർത്തിയാക്കി ഏതാനും മിനിറ്റുകൾക്കുള്ളിലാണ് ശബ്നം വീടിന്റെ ബാൽക്കണിയിൽ വന്ന് നിലവിളിച്ച് അയല്പക്കക്കാരെ ഉണർത്തുന്നത് എന്നും പൊലീസ് മനസ്സിലാക്കി.
സലീം ശബ്നത്തിന്റെ കാമുകനാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടർന്ന് സലീമിനെ അറസ്റ്റ് ചെയ്ത പൊലീസ് വിശദമായി ചോദ്യം ചെയ്തു. പിന്നീടുള്ള അന്വേഷണത്തിൽ സലീമിന്റെയും ശബ്നത്തിന്റെയും ചോരക്കറ പുരണ്ട വസ്ത്രങ്ങളും കൃത്യത്തിന് ശേഷം ഒരു കുളത്തിൽ കൊണ്ടെറിഞ്ഞ കോടാലിയും പൊലീസ് കണ്ടെടുത്തു.
💢 പൊലീസ് കണ്ടെത്തിയ കാര്യങ്ങൾ ഇങ്ങനെയാണ് — അന്ന് രാത്രി ശബ്നമാണ് പാലിൽ മയക്കുമരുന്ന് ചേർത്ത് കുടുംബാംഗങ്ങൾക്ക് നൽകിയത്. എല്ലാവരും ഉറങ്ങിയെന്നുറപ്പാക്കിയ ശബ്നം സലീമിനെ വിളിച്ചുവരുത്തി. കോടാലിയുമായി എത്തിയ സലീം, നിർദാഷണ്യം ഓരോരുത്തരുടെയും കഴുത്തറുത്തു. സലീം മടങ്ങിയെന്ന് ഉറപ്പുവരുത്തി ബാൽക്കണിയിൽ കയറി ശബ്നം അയൽക്കാരെ വിളിച്ചുണർത്തി.
❓️ എന്തായിരുന്നു ഈ കൊലപാതകങ്ങളിലേക്ക് നയിച്ച കാരണം ❓️
ഇംഗ്ലിഷിലും ഭൂമിശാസ്ത്രത്തിലും ബിരുദാനന്തര ബിരുദമുള്ള, സ്കൂൾ ടീച്ചറായ, സൈഫി മുസ്ലീം വിഭാഗത്തിൽപ്പെട്ട, പ്രമുഖ ഭൂവുടമകളുടെ കുടുംബത്തിൽ പെട്ട സമ്പന്നയായ ഒരു വ്യക്തിയായിരുന്നു ശബ്നം. ആറാം ക്ലാസിൽ തോറ്റ് പഠനം നിർത്തിയ താഴ്ന്ന സമുദായത്തിൽപെട്ട പാവപ്പെട്ട കൂലിപ്പണിക്കാരനായിരുന്നു സലീം.
ഇവരുടെ വിവാഹത്തെ എതിർത്ത വീട്ടുകാർ, പരസ്പരം കാണരുതെന്നുകൂടി വിലക്കി. അപ്പോഴേക്കും അവരുടെ പ്രണയബന്ധം ഒരുപാട് വളർന്നിരുന്നു. ശബ്നം ഏഴ് ആഴ്ച ഗർഭിണിയായിരുന്നു. വിവരം പുറത്തറിഞ്ഞാൽ വീട്ടുകാർ തങ്ങളെ കൊന്നുകളയുമെന്ന് ശബ്നവും സലീമും ഭയന്നു. ഒരുമിച്ചു ജീവിക്കാൻ മറ്റുവഴികളില്ലാതെ വന്നതോടെ വീട്ടുകാരെ അവസാനിപ്പിക്കാൻ അവർ തീരുമാനിച്ചു. കുടുംബത്തിലെ എല്ലാവരും മരിച്ചാൽ സ്വത്തുകളെല്ലാം തന്റെ പേരിലാകുമെന്നും സലീമുമായി ഒരുമിച്ച് ജീവിക്കാൻ മറ്റ് തടസങ്ങൾ ഉണ്ടാവില്ലെന്നുമുള്ള ദുഷ്ചിന്തയായിരുന്നു ശബ്നത്തെ കൊലപാതകത്തിലേക്ക് നയിച്ചത്.
💢 2010 ജൂലൈയിലാണ് ജില്ലാ കോടതി ഇരുവരെയും വധശിക്ഷയ്ക്ക് വിധിച്ചത്. അലഹബാദ് ഹൈകോടതി വിധി ശരിവെച്ചു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. 2016ൽ രാഷ്ട്രപതി ദയാഹർജി തള്ളി.
ഇതോടെ പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ശബ്നം രാംപൂർ ജയിലിലും സലീം ആഗ്രയിലെ ജയിലിലുമാണ്.
💢 ജയിലിൽ കഴിയവെ 2008 ഡിസംബറിലാണ് ശബ്നം ഒരു ആൺകുഞ്ഞിന് ജന്മം നൽകുന്നത്. ജയിൽ നിയമങ്ങൾ അനുസരിച്ച് അന്തേവാസികളായ അമ്മമാർക്ക് ആറ് വയസ്സിന് ശേഷം കുട്ടിയെ കൂടെ നിർത്താൻ കഴിയില്ല.
കോളേജിൽ ശബ്നത്തിന്റെ ജൂനിയറായി പഠിച്ചിരുന്ന ഉസ്മാൻ സൈഫി കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായി. 2015ൽ ഉസ്മാന് കുട്ടിയെ കൈമാറി. ആറ് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ കൈമാറുമ്പോൾ ശബ്നം ഉസ്മാനോട് 2 കാര്യങ്ങൾ ആവശ്യപ്പെട്ടു.
1) ‘മകനെ ഒരിക്കലും എന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോകരുത്.
2) ‘അവന്റെ പേര് മാറ്റണം’.
ഉസ്മാനും ഭാര്യയും അവനെ സ്വന്തം മകനെപ്പോലെയാണ് വളർത്തുന്നത്. ശബ്നത്തിന്റെ മകനിന്ന് 12 വയസാണ് പ്രായം.
✴️ ഇന്ത്യയിൽ സ്ത്രീകളെ തൂക്കിലേറ്റുന്ന ഏക ജയിലായ മഥുരയിൽ തന്നെ ആയിരിക്കും ശബ്നത്തിനെയും തൂക്കിലേറ്റുക . നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവൻ ജല്ലാദ് തന്നെയാണ് ആരാച്ചാർ.
🔺 ഒന്നാമത്തെ ചിത്രം — ശബ്നം അലിയും കാമുകൻ സലീമും.
രണ്ടാമത്തെ ചിത്രം — ശബ്നത്തിന്റെ മകനെ വളർത്തുന്ന ഉസ്മാൻ സൈഫിയും ഭാര്യ വന്ദനയും ശബ്നത്തിന്റെ മകനോടൊപ്പം.
457 total views, 1 views today