ഇന്ത്യയിൽ അനവധി കരിനിയമങ്ങൾ സ്ഥാപിച്ച കോൺഗ്രസ് പറയുന്നു, കേരളത്തിൽ പൗരത്വനിയമം നടപ്പാക്കില്ലെന്ന്, ഉളുപ്പ് വേണം

35

Dr Shanavas AR

യുഡിഎഫ് അധികാരത്തിലെത്തിയാൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഉളുപ്പ് എന്നൊരു വാക്ക് നിഘണ്ടുവിൽ ഉണ്ടെങ്കിൽ അത് ഈ വാക്കുകൾ കേട്ട് നാണിച്ച് തല കുനിച്ചേനെ.ആരും മറക്കരുത് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം സൃഷ്ടിച്ച ജനവിരുദ്ധ ജനദ്രോഹ കരിനിയമങ്ങളുടെ ഒരു ഇന്ത്യന്‍ ചരിത്രത്തെ പറ്റി…

⭕ മിസ (MISA — മെയിന്റനന്‍സ് ഓഫ് ഇന്റെണൽ സെക്യൂരിറ്റി ആക്ട്)
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1971 ജൂലൈ 2 നാണ് മിസ നിലവില്‍ വരുന്നത്.
ഭരണഘടനയുടെ 39-ാം ഭേദഗതി പ്രകാരം ഈ നിയമത്തെ ഷെഡ്യൂള്‍-9ല്‍ ഉള്‍പ്പെടുത്തുകയും എല്ലാതരം നിയമ പരിശോധനകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
അടിയന്തരാവസ്ഥയുടെ നാളുകളിൽ പലതവണ ഭേദഗതി ചെയ്യുകയും രാഷ്ട്രീയ വിയോജിപ്പുകളെ നിഷ്ടൂരമായി അമർച്ച ചെയ്യാനായി ലക്കുകെട്ട രീതിയിൽ ഈ കരി നിയമം ഉപയോഗപ്പെടുത്തുകയും ചെയ്തു.

⭕️ അഫ്‌സ്പ (AFSAPA — ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവര്‍ ആക്ട്)
ജവഹര്‍ലാല്‍ നെഹറു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കെ 1958 ലാണ് അഫ്‌സ്പ നിയമം നിലവില്‍ വരുന്നത്. സംഘര്‍ഷ മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ഇന്ത്യന്‍ സായുധ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്നതാണ് നിയമം. ഒരിക്കല്‍ പ്രശ്‌ന ബാധിതമായി പ്രഖ്യാപിച്ചാല്‍ കുറഞ്ഞത് മൂന്ന് മാസമെങ്കിലും നിയമനുസരിച്ച് തല്‍സ്ഥിതി തുടരും. നാഗാ ഹില്‍സിലും, ആസാമിന്റെ ചില മേഖലകളിലും സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം 1958 സെപ്തംബര്‍ 11ന് നിലവില്‍ വന്നു. തുടര്‍ന്ന് ഒന്നിന് പിറകെ ഒന്നായി മറ്റ് ഏഴ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിച്ചു.
നിലവില്‍ ആസാമിലും, നാഗാലാന്റിലും, ഇംഫാല്‍ മുൻസിപ്പാലിറ്റി ഒഴികെ മണിപ്പൂരിലും ഭാഗികമായി ആന്ധ്രാപ്രദേശിലും ഈ നിയമം നിലനില്‍ക്കുന്നു. പഞ്ചാബിനും ചണ്ഡിഗഡിനും ബാധകമാക്കിക്കൊണ്ട് 1983 ല്‍ ഈ നിയമം പാസാക്കുകയും പതിനാല് വര്‍ഷത്തിന് ശേഷം 1997 ല്‍ പിന്‍വലിക്കുകയും ചെയ്തു.
1990 ല്‍ ജമ്മു കശ്മീരിലും ഈ നിയമം പാസാക്കി, ഇത് ഇന്നും നിലനില്‍ക്കുന്നു.

⭕️ ടാഡ (TADA — ടെററിസ്റ്റ് ആന്‍ഡ് ഡിസ്‌റപ്റ്റീവ് ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്).
1985 മെയ് 23 ന് നിലവില്‍ വന്ന ഈ നിയമം 1995വരെ നിലനിന്നു. പഞ്ചാബ് കലാപത്തെ തുടര്‍ന്ന് ഈ നിയമം ഭേദഗതി ചെയ്ത് ഇന്ത്യയിലെമ്പാടും ബാധകമാക്കി.
* രാജ്യത്താകമാനം 76000ല്‍ അധികം ആളുകള്‍ ടാഡ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടു.
* ഇതില്‍ 25 % കേസുകളും കുറ്റങ്ങളൊന്നും ചുമത്താനാകാതെ പോലീസ് തന്നെ പിന്നെ ഉപേക്ഷിച്ചിട്ടുണ്ട്.
* 35 % കേസുകള്‍ മാത്രമാണ് വിചാരണയ്‌ക്കെത്തിയത്.
* വിചാരണയ്‌ക്കെത്തിയതില്‍ തന്നെ 95 % കേസുകളിലും പ്രതികള്‍ കുറ്റ വിമുക്തരാക്കപ്പെട്ടു.
* വെറും 2 ശതമാനം പേരെ മാത്രമാണ് ശിക്ഷിച്ചിട്ടുള്ളത്.
* അറസ്റ്റ് ചെയ്തതിൽ 60000 പേരും നിരപരാധികളായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന രാജേഷ് പൈലറ്റ് 1994 ആഗസ്റ്റ് 24ന് പാർലമെന്റിൽ സമ്മതിച്ചിട്ടുണ്ട്.
* ഇങ്ങനെ അറസ്റ്റ് ചെയ്ത നിരപരാധികളിൽ ഭൂരിപക്ഷവും മുസ്ലിങ്ങൾ ആയിരുന്നു.

⭕️ യുഎപിഎ (UAPA — അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്.)
1963 ല്‍ പാസാക്കിയ ഈ നിയമം 7 തവണ ഭേദഗതി ചെയ്യപ്പെട്ടതും ഇന്നും നിലനില്‍ക്കുന്നതുമായൊരു നിയമമാണ്. അവസാന ഭേദഗതി 2019 ൽ ആയിരുന്നു.
തുടക്കത്തില്‍ മാവോയിസ്റ്റ് ആക്രമണങ്ങളെ അമര്‍ച്ച ചെയ്യുന്നതിനായി പ്രധാനമായും ഉപയോഗിക്കപ്പെട്ട ഈ നിയമം തുടര്‍ന്ന് രാഷ്ട്രീയ പ്രതിയോഗികളെ തുറങ്കിലടയ്ക്കുന്നതിനും ഉപയോഗിക്കപ്പെട്ടു.
സാമ്പത്തിക കുറ്റകൃത്യങ്ങളും രാജ്യദ്രോഹ കുറ്റങ്ങളും ആരോപിക്കപ്പെട്ടവരേ വിചാരണ പോലും കൂടാതെ നീണ്ട കാലം തുറങ്കിലടയ്ക്കാനുള്ള വിവാദമായ ഒരുപാട് തീരുമാനങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന ഭേദഗതി ഈ കരി നിയമത്തിൽ 2019 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ അതിനെ കൈമെയ് മറന്ന് പിന്തുണച്ചതും ഇപ്പോൾ ഈ ജല്പനങ്ങൾ നടത്തിയ ചെന്നിത്തലയുടെ പാർട്ടി ആയ കോണ്‍ഗ്രസായിരുന്നു.

⭕️ 2008 ഡിസംബർ 31ന് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രഗവണ്മെന്റ് ദേശീയ അന്വേഷണ ഏജൻസി നിയമം പാർലമെന്റിൽ പാസാക്കിയതിനെ ത്തുടർന്നാണ് എൻഐഎ (NIA) എന്ന കേന്ദ്ര അന്വേഷണ ഏജൻസിക്ക് രൂപം നൽകിയന്നോർക്കുക. ഏത് എൻഐഎ? ന്യൂനപക്ഷ വേട്ടക്ക് പേര് കേട്ട അതേ എൻഐഎ.

💢 ഇന്ന് മനുഷ്യാവകാശത്തിന്റെ പക്ഷം ചേരാൻ വെമ്പൽ പൂണ്ട് നിൽക്കുന്ന ചെന്നിത്തല ഉൾപ്പെടെ ഉള്ള യുഡിഎഫുകാര്‍ സൗകര്യപൂർവ്വം മറന്നുപോയ ഒരു കാര്യമുണ്ട് — പോട്ട ഒഴികെ ഈ രാജ്യത്ത് നിലനിന്നിരുന്നതും ഇന്ന് നിലനില്‍ക്കുന്നതുമായ എല്ലാ കരിനിയമങ്ങളുടെയും സൃഷ്ടാക്കള്‍ നിങ്ങളുടെ അഖിലേന്ത്യാ നേതൃത്വം തന്നെയാണ്. നിങ്ങള്‍ രാജ്യത്ത് അധികാരത്തിലിരുന്നപ്പോഴാണ് ഈ നിയമങ്ങളൊക്കെയും രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത്.

💢 പഴയ കാലത്തല്ലെ എന്ന് പറഞ്ഞു ഒഴിയാനും കഴിയില്ല, കാരണം ആ നിലപാടുകളില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നത് യുഎപിഎ നിയമത്തിന് മോഡി സർക്കാർ കൊണ്ടുവന്ന 2019 ലെ ഭേദഗതിക്ക് കോൺഗ്രസ്‌ മുന്നണി ഒറ്റകെട്ടായി പിന്‍തുണ നല്‍കിയതില്‍ നിന്ന് വ്യക്തമാണ്.

💢 ഇനി മനുഷ്യാവകാശ വാദമുന്നയിക്കുന്ന ഇവിടത്തെ കോണ്‍ഗ്രസുകാർ ഓർക്കാൻ വേണ്ടി…

✴️ കേരളത്തിലെയോ ചിലപ്പോള്‍ ഇന്ത്യയിലെ തന്നെ എറ്റവും കൂടുതല്‍ യുഎപിഎ കേസുകള്‍ ചുമത്തിയ ആഭ്യന്തര മന്ത്രിയാണ് രമേശ് ചെന്നിത്തല.

✴️ ഒരു രാഷ്ട്രീയ കൊലപാതക കേസില്‍ ആദ്യമായി യുഎപിഎ ചുമത്തിയ ആഭ്യന്തര മന്ത്രി എന്ന ചരിത്രവും രമേശ് ചെന്നിത്തലയെന്ന കാപട്യ രാഷ്ട്രീയക്കാരന് സ്വന്തം.

✅️ സോറി മിസ്റ്റർ ചെന്നിത്തല, റെക്കോർഡ് യുഎപിഎ കേസുകള്‍ ചുമത്തിയ താങ്കളെക്കാളും പോട്ട ഒഴികെ ഈ രാജ്യത്ത് നിലനിന്നിരുന്നതും ഇന്ന് നിലനില്‍ക്കുന്നതുമായ എല്ലാ കരിനിയമങ്ങളുടെയും സൃഷ്ടാക്കള്‍ ആയ കോൺഗ്രസിനെക്കാളും കേരളീയർക്ക് വിശ്വാസം മുന്നിൽ നിന്നും നയിക്കുന്ന, പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ചെയ്തു തീർക്കുന്ന, സഖാവ് പിണറായി വിജയനെയാണ്. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന പിണറായിയുടെ കാരിരുമ്പിന്റെ ശബ്ദത്തിൽ തന്നെയാണ് ഞങ്ങൾ മലയാളികൾക്ക് വിശ്വാസം. അത് കൊണ്ട് തന്നെ മിസ്റ്റർ ചെന്നിത്തല താങ്കളുടെ ജല്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ പുച്ഛത്തോടെ തള്ളി കളയുന്നു.