കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ വേണ്ടി ആദ്യം കുറച്ചു വാക്കുകൾ പഠിക്കുക

0
317

Dr Shanavas AR

കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ വേണ്ടി ആദ്യം കുറച്ചു വാക്കുകൾ പഠിക്കുക.

⭕️ LGBTQ

ലെസ്ബിയൻ (Lesbian), ഗേ (Gay), ബൈ സെക്ഷ്വൽ (Bisexual) , ട്രാൻസ്‌ ജെൻഡർ (Transgender) , ക്വീർ (Queer) എന്നതിന്റെ ചുരുക്കപേരാണ്.

👉 ലെസ്ബിയൻ (Lesbian) — ഒരു പെണ്ണിനു പെണ്ണുങ്ങളോട് മാത്രം വൈകാരികമായും ശാരീരികമായും ലൈംഗികമായും ആകർഷണം തോന്നുന്നത്.
👉 ഗേ (Gay) — ഒരാണിനു ആണുങ്ങളോട് മാത്രം വൈകാരികമായും ശാരീരികമായും ലൈംഗികമായും ആകർഷണം തോന്നുന്നത്.
👉 ബൈ സെക്ഷ്വൽ (Bisexual) — ഒരു വ്യക്തിക്ക് ആണിനോടും പെണ്ണിനോടും വൈകാരികമായും ശാരീരികമായും ലൈംഗികമായും ആകർഷണം തോന്നുന്നത്.
👉 ട്രാൻസ്‌ ജെൻഡർ (Transgender).

🔺ഒരാൾ ജനിക്കുമ്പോൾ ആ വ്യക്തിയുടെ ലിംഗം നോക്കിയാണ് ആ വ്യക്തിയുടെ ജെൻഡർ തീരുമാനിക്കുന്നത്.

🔺പക്ഷേ പിന്നീട് വളരുമ്പോൾ ആ വ്യക്തി സ്വയം എങ്ങനെ കാണുന്നു എന്നതിന് അനുസരിച്ച് അവരെ സിസ് എന്നും ട്രാൻസ് എന്നും വിളിക്കും.

🔺 ഒരാളുടെ ജനന സമയത്തെ ജെൻഡർ തന്നെയാണ് ആ വ്യക്തി വളരുമ്പോഴും സ്വീകരിക്കുന്നത് എങ്കിൽ അവരെ സിസ് ജെൻഡർ എന്ന് വിളിക്കുന്നു.
ഉദാഹരണത്തിന്
ജനിക്കുമ്പോൾ ലിംഗം നോക്കി ആണ് എന്ന് ഐഡന്റിഫൈ ചെയ്യപ്പെട്ടവർ വളരുമ്പോഴും ആണ് ആയിട്ട് തന്നെ സ്വയം ഐഡന്റിഫൈ ചെയ്‌താൽ അവർ സിസ് മെയിൽ.
ജനിക്കുമ്പോൾ ലിംഗം നോക്കി പെണ്ണ് എന്ന് ഐഡന്റിഫൈ ചെയ്യപ്പെട്ടവർ വളരുമ്പോഴും പെണ്ണ് ആയിട്ട് തന്നെ സ്വയം ഐഡന്റിഫൈ ചെയ്‌താൽ അവർ സിസ് ഫീമെയിൽ.

🔺 ഒരാളുടെ ജനന സമയത്തെ ജെൻഡറിന് എതിരെയുള്ളതാണ് ആ വ്യക്തി വളരുമ്പോൾ സ്വീകരിക്കുന്നത് എങ്കിൽ അവരെ ട്രാൻസ് ജെൻഡർ എന്ന് വിളിക്കുന്നു.
ഉദാഹരണത്തിന്
ജനിക്കുമ്പോൾ ലിംഗം നോക്കി ആണ് എന്ന് ഐഡന്റിഫൈ ചെയ്യപ്പെട്ടവർ വളരുമ്പോൾ തന്നെ സ്വയം ഐഡന്റിഫൈ ചെയ്യുന്നത് പെണ്ണ് ആയിട്ടാണെങ്കിൽ അവർ ട്രാൻസ് ഫീമെയിൽ.
ജനിക്കുമ്പോൾ ലിംഗം നോക്കി പെണ്ണ് എന്ന് ഐഡന്റിഫൈ ചെയ്യപ്പെട്ടവർ വളരുമ്പോൾ തന്നെ സ്വയം ഐഡന്റിഫൈ ചെയ്യുന്നത് ആണ് ആയിട്ടാണെങ്കിൽ അവർ ട്രാൻസ് മെയിൽ .

👉 ക്വീർ ( Queer) — തന്റെ സെക്ഷ്വൽ ഒറിയന്റേഷൻ (ലൈംഗിക ആകർഷണം) ആരോടാണ് എന്ന് വെളിപ്പെടുത്താൻ താല്പര്യമില്ലാത്തവരെയും ജെൻഡർ ഐഡന്റിറ്റി വെളിപ്പെടുത്താൻ താല്പര്യമില്ലാത്തവരെയും ഒരു കുടക്കീഴിലക്കുന്ന പദമാണ് ഇത്.

💢 ജെൻഡർ നോൺ ബൈനറി (Gender Non binary) — ക്വീർന് ( Queer) പകരം ഉപയോഗിക്കാറുള്ള, അതേ അർത്ഥത്തിൽ ഉള്ള ഒരു പദം.

💢 ജെൻഡർ ബൈനറി (Gender binary) — ആണും പെണ്ണും എന്ന 2 ജെൻഡറുകൾ മാത്രമേ ഉള്ളൂ എന്ന് വിശ്വസിക്കുന്നവർ.

💢 ഇന്റർസെക്സ് (Intersex) — ആണ്, പെണ്ണ് എന്ന് കൃത്യമായി ലിംഗം കൊണ്ട് വേർതിരിക്കാൻ പറ്റാത്ത ആൾക്കാർ.
പ്രഥമ ദൃഷ്ടിയാൽ ശാരീരികമായി പെണ്ണെന്ന് അല്ലെങ്കിൽ ആണെന്ന് തോന്നുമെങ്കിലും, പെണ്ണിന്റെയും ആണിന്റെയും ചില ശരീരഭാഗങ്ങൾ ഉണ്ടാകും.
ഐക്യ രാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം ലോകത്തിലെ 1.7% ആളുകൾ ഇന്റർസെക്സ് (Intersex) ആണ്.

💢 ജൻഡർ ഫ്ലൂയിഡ് ( Gender fluid )
ഒരാളുടെ ജൻഡർ ഐഡന്റിറ്റി ജീവിതകാലം മുഴുവൻ ഒരെണ്ണം തന്നെ ആകണമെന്നില്ല. ചെറുപ്പത്തിൽ പെണ്ണും വളരുമ്പോൾ ആണും വാർധക്യത്തിൽ പെണ്ണും ഒക്കെയായി ജൻഡർ ഐഡന്റിറ്റി മാറിമറിയാം. ഇതിനെയാണ് ജൻഡർ ഫ്ലൂയിഡിറ്റി എന്നു വിളിക്കുന്നത്. ആണും, പെണ്ണുമായി മാത്രമാണ് മാറുന്നതെങ്കിൽ ഇവരെ ബൈ-ജൻഡർ എന്നു വിളിക്കുന്നു.

💢 സ്ട്രൈറ്റ് (Straight )/ ഹെറ്ററോസെക്ഷ്വൽ (heterosexual) — വൈകാരികമായും ശാരീരികമായും ലൈംഗികമായും ആകർഷണം വിപരീത ജെൻഡറിനോട് മാത്രം തോന്നുന്നത് . അതായത് ആണുങ്ങൾക്ക് പെണ്ണുങ്ങളോടും പെണ്ണുങ്ങൾക്ക് ആണുങ്ങളോടും തോന്നുന്നത്.

💢 ഹോമോ സെക്ഷ്വൽ (Homosexual ) വൈകാരികമായും ശാരീരികമായും ലൈംഗികമായും ആകർഷണം സ്വന്തം ജെൻഡറിനോട് മാത്രം തോന്നുന്നത്.

💢 എസെക്ഷ്വൽ ( Asexual ) ശാരീരികമായും ലൈംഗികമായും ആരോടും ആകർഷണം തോന്നാത്തവർ.

💢 എജൻഡർ (Agender) — ആണോ പെണ്ണോ ആയി സ്വയം തോന്നാത്തവർ.

❓️ എന്താണ് ഇപ്പോൾ പ്രശ്നമായിട്ടുള്ളത് ❓️

✴️ സെക്ഷ്വൽ റീ അസൈൻമെന്റ് സർജറി ( Sexual reassignment surgery) അഥവാ സിമ്പിൾ ആയി പറഞ്ഞാൽ ലിംഗ മാറ്റ ശസ്ത്രക്രിയ ആണ് പ്രശ്നമായിട്ടുള്ളത്.
ഓർക്കുക, 100% ഉറപ്പോടെ ചെയ്യാവുന്ന ഒരു ചികിത്സയും മോഡേൺ മെഡിസിനിൽ ഇല്ല . മാത്രമല്ല 100% ഫലപ്രാപ്തി ഉറപ്പ് പറഞ്ഞ് ചികിത്സിക്കുന്നത് അടിസ്ഥാന മെഡിക്കൽ എത്തിക്സിന് വിരുദ്ധവുമാണ്. ഇങ്ങനെ 100 % ഫലപ്രാപ്തി എന്നത് മോഹനൻ നായരും ജേക്കബ് വടക്കാഞ്ചേരിമാരെയും പോലുള്ള ഉഡായിപ്പന്മാർ പയറ്റുന്നതാണ്.

അത് കൊണ്ട് തന്നെ ലിംഗ മാറ്റ ശസ്ത്രക്രിയയിലും ‘100 % ഫലപ്രാപ്തി’ എന്നൊന്നില്ല.
100% ഫലപ്രാപ്തി ഓപ്പറേഷന് മുൻപ് ഗ്യാരന്റി നൽകുക എന്നത് ഒരു സാധാരണ ഒപി പ്രോസജിയർ ആയ ഹെർണിയ സർജറിക്ക് പോലും സാധ്യമല്ല. അപ്പോൾ പിന്നെ പിന്നെങ്ങനെയാണ് ഇത്തരം കോംപ്ലക്സ് ആയിട്ടുള്ള ലിംഗ മാറ്റ ശസ്ത്രക്രിയകൾക്ക് അത് പറ്റുക?
ഓർക്കുക, ലിംഗ മാറ്റ ശസ്ത്രക്രിയ എന്നത് ഒരു മൾട്ടി ഡിസിപ്ലിനറി സർജറിയാണ് — ഉദര രോഗ ശസ്ത്രക്രിയ വിദഗ്ധൻ, യൂറോളജിസ്റ്റ്, പ്ലാസ്റ്റിക് സർജൻ തുടങ്ങി ഒരു കൂട്ടം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒരു ടീം ആണ് ഇത് സാധാരണ ചെയ്യുന്നത്.

മാത്രമല്ല ഒരാൾക്ക് ലിംഗ മാറ്റ ശസ്ത്രക്രിയ വഴി കിട്ടിയ മോർഫോളജിക്കൽ ലുക്ക് വേറൊരാൾക്ക് സർജറി ചെയ്യുമ്പോൾ കിട്ടണം എന്നില്ല.
ഈ ശസ്ത്രക്രിയകൊണ്ട് കാഴ്ചയിൽ മാറ്റം വരുത്താമെന്നല്ലാതെ അവയവങ്ങളുടെ സ്വാഭാവിക പ്രവർത്തനം ഒരിക്കലും ഉണ്ടാവുന്നില്ല.

✴️ ഇന്റർസെക്സിന് അല്ലാതെ ട്രാൻസ് ജെൻഡറിന് ലിംഗ മാറ്റ ശസ്ത്രക്രിയ ചെയ്യുമ്പോൾ ആണ് കൂടുതൽ പ്രശ്നങ്ങൾ കണ്ടു വരുന്നത്.

❓️ട്രാൻസ് ജെൻഡറുകളെ സമൂഹം അങ്ങനെ തന്നെ അംഗീകരിക്കുകയല്ലേ വേണ്ടത്❓️

❓️ അതല്ലേ ശരി❓️

❓️സമൂഹത്തിന്റെ ശരികൾ ( ആണും പെണ്ണും മാത്രമേ ഉള്ളൂ എന്നുള്ള തെറ്റായ ചിന്തകൾ) അവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ അല്ലെ മിക്കവാറും ട്രാൻസ് ജെൻഡറുകൾ ലിംഗ മാറ്റ ശസ്ത്രക്രിയക്ക് പോകുന്നത് ❓️

✴️ ഓർക്കുക, ഈ സർജറിയോട് കൂടി എല്ലാം തീരുന്നില്ല. ഇതിന് മുൻപും ശേഷവും ഹോർമോൺ ചികിത്സയും സപ്പോർട്ടീവ് ചികിത്സയും ആവശ്യമാണ്, മിക്കവാറും ജീവിതകാലം മുഴുവനും. അതിന് നല്ല ചിലവുമുണ്ട്.

✴️ ഇപ്പോൾ ആത്മഹത്യ ചെയ്ത അനന്യ കുമാരി അലക്സിന് ചെയ്ത ശസ്ത്രക്രിയ മനസ്സിലായടത്തോളം colovaginoplasty ആണ്.
ആദ്യം പുരുഷ ലൈംഗിക അവയവം നീക്കം ചെയ്യന്നു. ശേഷം വൻ കുടലിന്റെ അറ്റത്തെ ഭാഗം ഒരു കുഴൽ പോലെ രക്തയോട്ടം നഷ്ടപ്പെടാതെ മുറിച്ചെടുക്കുന്നു. പിന്നീട് ഇത് ഉപയോഗിച്ച് കൃത്രിമമായി യോനി അഥവാ വജൈന നിർമിക്കുന്നു.

വൻ കുടൽ മുറിക്കുക എന്നത് വളരെ കോംപ്ലികേഷൻസ് ഉള്ള ഓപ്പറേഷൻ ആണ്. മുറിച്ച ഭാഗത്ത് ചിലപ്പോൾ ലീക്ക് വരാം, ഇൻഫെക്ഷൻ വരാം, ചിലപ്പോൾ അടവ് വരാം. ചിലപ്പോൾ മരണം തന്നെ സംഭവിച്ചേക്കാം.
ഇനി വൻകുടലിന്റെ രക്തയോട്ടം നഷ്ടപ്പെടാതെ മുറിച്ചെടുത്ത ഭാഗം കൊണ്ട് യോനി അഥവാ വജൈന ഉണ്ടാക്കുമ്പോഴും കോംപ്ലികേഷൻസ് വരാം. ചിലപ്പോൾ ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന പാർശ്വഫലങ്ങൾ വരാം.

നമ്മൾ കഴിക്കുന്ന ആഹാരം ദഹിച്ചതിന് ശേഷം മലദ്വാരത്തിൽ എത്തിക്കുന്ന ജോലിയാണ് വൻ കുടലിന്. ഇതിന് വേണ്ടി മ്യൂകസ് ( mucus ) എന്ന ഒരു കൊഴുത്ത ദ്രാവകം കുടലിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട് . അത് കൊണ്ട് ഈ കുടൽ ഭാഗം മുറിച്ച് മാറ്റി ഉണ്ടാക്കിയ യോനിയിലും ഈ ദ്രാവകം ഉത്പാദിപ്പിക്കപ്പെടാം . അത് നിരന്തരം നീക്കം ചെയ്യണം. വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ഈ മ്യൂക്കസ് അവിടെ അടിഞ്ഞുകൂടി ദുർഗന്ധവും ഇൻഫെക്ഷനും മറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്.

✴️ അതായത് ഇത്തരം ശസ്ത്രക്രിയകൾ എടുപിടി എന്ന് ചെയ്യാതെ, വേണ്ടത്ര മാനസിക തയ്യാറെടുപ്പ് രോഗിക്ക് ഉണ്ടെന്ന് ഉറപ്പാക്കി, അതിന് വേണ്ട കൗൺസലിംഗ് രോഗിക്ക് നൽകി, അതിന്റെ വരുംവരായികകൾ പറഞ്ഞു മനസ്സിലാക്കി മാത്രമേ ചെയ്യാവൂ.

✴️ അവയവ മാറ്റ ശസ്ത്രക്രിയകൾക്ക് (organ transplantation ) ഉള്ളത് പോലെ സെക്ഷ്വൽ റീ അസൈൻമെന്റ് സർജറി ( Sexual reassignment surgery) അഥവാ ലിംഗ മാറ്റ ശസ്ത്രക്രിയകൾക്കും നിയന്ത്രണങ്ങളും ഗൈഡ് ലൈൻസും സർക്കാർ ഇടപെട്ട് കൊണ്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

✅️ പറഞ്ഞു വന്നത് ഒരു വര വരച്ചു തരം തിരിക്കാൻ പറ്റുന്ന ഒന്നല്ല ജൻഡറും സെക്ഷ്വൽ ഒറിയന്റെഷനും . അത് വളരെ വളരെ സങ്കീർണ്ണവും വിപുലവുമായ ഒരു ബാസ്കറ്റ് ആണ്. തീർത്തും വൈവിദ്ധ്യം നിറഞ്ഞ ഒരു സ്‌പെക്ട്രമാണിത്. ആണ് എന്നതും പെണ്ണ് എന്നതും ഈ സ്‌പെക്ട്രത്തിന്റെ രണ്ട് അറ്റത്തുള്ള രണ്ട് കാര്യങ്ങൾ മാത്രമാണ് .

ഓർക്കുക, ട്രാൻസ് എന്ന വാക്ക് മാത്രം മതിയായിരുന്നു. പക്ഷേ അങ്ങനെ ഉപയോഗിക്കുമ്പോൾ ഇക്കൂട്ടർക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടെന്ന് പബ്ലിക് കരുതിയാലോ എന്ന് വിചാരിച്ചാണ് സിസ് എന്ന പദം പോലും കൊണ്ട് വന്നത്. അത്ര മേൽ ശ്രദ്ധയാണ് ഇക്കൂട്ടരോട് മെഡിക്കൽ കമ്മ്യൂണിറ്റി കാണിക്കുന്നത്.
ആണ്, പെണ്ണ് ഒഴിച്ച് ബാക്കിയുള്ളതിനെയെല്ലാം അറിവില്ലായ്‌മ കാരണം നമ്മുടെ സമൂഹം നിഷേധിക്കുകയാണ് ചെയ്യുന്നത് . ഇതിനെ കുറിച്ച് മനസ്സിലാക്കാത്ത സമൂഹം അവരോട് ചെയ്‌തു കൂട്ടുന്ന ദ്രോഹവും ചില്ലറയൊന്നുമല്ല.

ഒന്നൂടെ പറയാം സ്വവർഗ്ഗാനുരാഗം പോലുള്ളവയൊന്നും ഒരു രോഗമല്ല, മറിച്ച് അവ ലൈംഗികതയുടെ വ്യത്യസ്‌ത നിറങ്ങൾ മാത്രമാണ്, മഴവില്ലിന്റെ നിറങ്ങൾ പോലെ.
LGBTQ കമ്മ്യൂണിറ്റിയും മനുഷ്യരാണ്. അവർക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ട്, എന്നെയും നിങ്ങളെയും പോലെ.